പാണ്ഡുരംഗ് സദാശിവ് സാനെ | |
---|---|
ജനനം | പാണ്ഡുരംഗ് സദാശിവ് സാനെ 24 ഡിസംബർ 1899 പാൽഗഡ്, ബോംബെ സ്റ്റേറ്റ്, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ രത്നഗിരി, മഹാരാഷ്ട്ര, ഇന്ത്യ) |
മരണം | 11 ജൂൺ 1950 (50 വയസ്) |
തൊഴിൽ | എഴുത്തുകാരൻ, അധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ, സ്വാതന്ത്ര്യസമര സേനാനി |
ദേശീയത | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | “ശ്യാംചി ആയി” |
മഹാരാഷ്ട്രയിൽ നിന്നുള്ള എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനും, സ്വാതന്ത്ര്യ സമര സേനാനിയുമാണ് പാണ്ഡുരംഗ് സദാശിവ് സാനെ (മറാഠി: पांडुरंग सदाशिव साने); മറാഠി ഉച്ചാരണം: [paɳɖurəŋɡə səd̪aʃiwə sane]; 24 ഡിസംബർ 1899 - 11 ജൂൺ 1950), വിദ്യാർത്ഥികളും അനുയായികളും അദ്ദേഹത്തെ ബഹുമാനപുരസ്സരം ‘സാനെ ഗുരുജി’ എന്ന് വിശേഷിപ്പിച്ചു[1].
സദാശിവ്റാവു സാനെ, യശോദബായ് സാനെ[2] എന്നിവരുടെ മകനായി1899 ഡിസംബർ 24-ന് ജനിച്ചു. ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ സംസ്ഥാനത്തെ (ഇന്ന് കൊങ്കൺ മേഖലയിലെ രത്നഗിരി ജില്ലയിൽ) ദാപോലി പട്ടണത്തിനടുത്തുള്ള പാൽഗഡ് ഗ്രാമത്തിലായിരുന്നു ജനനം. മാതാപിതാക്കളുടെ മൂന്നാമത്തെ കുട്ടിയും, ആണ്മക്കളിൽ രണ്ടാമനുമായിരുന്നു പാണ്ഡുരംഗ്. ഗവൺമെൻറിനു വേണ്ടി ഗ്രാമീണ വിളകൾ പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തിരുന്ന റവന്യൂ കളക്ടർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഈ ശേഖരത്തിന്റെ ഇരുപത്തഞ്ചു ശതമാനം തന്റെ സ്വന്തം ഓഹരിയായി നിലനിർത്താൻ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നു. ബാല്യകാലത്തിൽ വളരെ നന്നായിയിരുന്ന അവരുടെ സാമ്പത്തിക സ്ഥിതി പിന്നീട് മോശമായി. ഇവരുടെ ഭവനം സർക്കാർ അധികൃതർ പിടിച്ചെടുത്തു. ഈ വിഷമത്തിൽ, 1917-ൽ സാനെയുടെ അമ്മ യശോദബായ് മരിച്ചു. ചികിൽസ കിട്ടാതെയുള്ള അമ്മയുടെ മരണവും മരണവേളയിൽ താൻ അരികെയില്ലായിരുന്നു എന്ന ദു:ഖവും സാനെ ഗുരുജിയെ തന്റെ ജീവിതകാലം മുഴുവൻ വേട്ടയാടി.
പാൽഗഡ് ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാൽഗാഡിൽ നിന്ന് ആറ് മൈൽ അകലെയുള്ള ദാപോലിയിലെ ഒരു മിഷനറി സ്കൂളിൽ താമസിച്ചു പഠനം തുടർന്നു. അവിടെ, അദ്ദേഹം നല്ല ബുദ്ധിയുള്ള ഒരു ബുദ്ധിമാനായ വിദ്യാർത്ഥിയായി വേഗത്തിൽ അംഗീകരിക്കപ്പെട്ടു. മറാഠി, സംസ്കൃതഭാഷകളിൽ പ്രാവീണ്യം നേടിയ സാനെയ്ക്ക് കവിതയിലും താല്പര്യം ഉണ്ടായിരുന്നു. സാമ്പത്തിക വിഷമങ്ങൾക്കിടയിലും കുടുംബത്തിന്റെ പിന്തുണയോടെ അദ്ദേഹം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൌജന്യ വിദ്യാഭ്യാസവും ഭക്ഷണവും നൽകിയിരുന്ന ഔന്ഥ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു വിദ്യാഭ്യാസം തുടർന്നു. എന്നാൽ, ഔന്ഥിൽ ബ്യൂബോണിക് പ്ലേഗ് എന്ന പകർച്ചവ്യാധി പടർന്നതോടെ എല്ലാ വിദ്യാർത്ഥികളെയും വീട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട് പൂനെയിലെ നൂതൻ മറാഠി വിദ്യാലയയിൽ നിന്നും 1918-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസ്സായി [3]. തുടർന്ന് ന്യൂ പൂന കോളേജിൽ നിന്നും മറാഠി, സംസ്കൃതം എന്നിവയിൽ ബി.എ., എം.എ. ബിരുദങ്ങൾ നേടി [4].
1930 ൽ മഹാത്മാ ഗാന്ധി ദണ്ഡി യാത്ര ആരംഭിച്ചപ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ചേരാൻ തന്റെ സ്കൂൾ ജോലിയിൽ നിന്ന് രാജിവെച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് അധികാരികൾ അദ്ദേഹത്തെ ധുലെ ജയിലിൽ പതിനഞ്ചുമാസക്കാലം ജയിലിൽ അടച്ചു. 1930 മുതൽ 1947 കാലഘട്ടത്തിൽ സാനെ ഗുരുജി വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് എട്ട് അവസരങ്ങളിൽ അറസ്റ്റ് വരിച്ചു. ധൂലെ, തൃച്ചിനാപ്പള്ളി, നാസിക്, യെർവാഡ, ജൽഗാവ് എന്നിവിടങ്ങളിലെ ജയിലുകളിൽ പല സമയത്തായി ആറു വർഷവും ഏഴു മാസവും കഴിഞ്ഞു. തൃച്ചിനാപ്പള്ളി ജയിലിൽ രണ്ടാം തവണ അടയ്ക്കപ്പെട്ട കാലത്ത് സാനെ ഗുരുജി തമിഴ്, ബംഗാളി എന്നീ ഭാഷകൾ പഠിക്കുകയും തിരുവള്ളുവറിന്റെ പ്രശസ്തമായ കൃതി തിരുക്കുറളിനെ മറാഠിയിലേയ്ക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ഗ്രാമീണ പ്രദേശങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാന്നിധ്യം വളർത്തുന്നതിൽ സാനെ സജീവ പങ്കുവഹിച്ചു. കോൺഗ്രസിന്റെ ഫൈസ്പൂർ സമ്മേളനത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. 1936 ലെ ബോംബെ പ്രവിശ്യാ തെരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും അദ്ദേഹം പങ്കെടുത്തു[5][6]. 1942 ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത് അദ്ദേഹം 15 മാസത്തോളം ജയിൽവാസം അനുഭവിച്ചു. ഈ കാലയളവിൽ മധു ലിമായെ തുടങ്ങിയ കോൺഗ്രസ് സോഷ്യലിസ്റ്റുകളുമായി അടുത്ത ബന്ധം പുലർത്തി.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഇന്ത്യൻ സമൂഹത്തിൽ അസമത്വം ഇല്ലാതാക്കാനുള്ള സാദ്ധ്യതയിൽ അദ്ദേഹത്തിന് പ്രതീക്ഷ നശിച്ചു. മഹാത്മാഗാന്ധിയുടെ വധം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. ഈ ദുരന്തത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം 21 ദിവസത്തെ ഉപവാസമായിരുന്നു[5] . സ്വാതന്ത്ര്യത്തിനു ശേഷം നിരവധി കാരണങ്ങളാൽ സാനെ ഗുരുജി വളരെ അസ്വസ്ഥനായിരുന്നു. 1950 ജൂൺ 11 ന് ഉറക്കഗുളിക അമിതമായി കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു[7][4].
{{cite journal}}
: CS1 maint: extra punctuation (link)