പാറോ ചൂ | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | Chomo Lhari |
നദീമുഖം | Chhuzom |
നദീതട പ്രത്യേകതകൾ | |
River system | Wong Chhu |
പടിഞ്ഞാറൻ ഭൂട്ടാനിലെ ഒരു നദിയാണ് പാറോ ചൂ. വോങ് ചൂ നദിയുടെ ഒരു പോഷകനദിയാണിത്. താഴെ ഭാഗങ്ങളിൽ ഈ നദിയെ റൈഡക് എന്നാണ് വിളിക്കുന്നത്. ചാമോ ലാറി പർവ്വതത്തിൽ നിന്ന് ഉദ്ഭവിക്കുന്ന നദി വോങ് ചൂ എന്ന നദിയുമായി ചൂസോം എന്ന സംഗമപ്രദേശത്തുവച്ച് യോജിക്കുന്നു. ഇത് വോങ് ചൂ നദിയുടെ വൃഷ്ടിപ്രദേശത്തിന്റെ ഭാഗമാണ്. പാറോ പട്ടണത്തിന്റെയും പാറോ സോങ്ങിന്റെയും പാറോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും അരികിലൂടെയാന് ഈ നദി ഒഴുകുന്നത്. ഈ നദി കയാക്കിംഗ് വിനോദത്തിന് ഉപയോഗിക്കുന്നുണ്ട്.
ചോമോ ലാറി (ദേവതയുടെ പർവ്വതം) പർവ്വതത്തിന്റെ തെക്ക് ഭാഗത്തുനിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. ജിഗ്മേ ദോർജി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി പാറൊ താഴ്വാരത്തിലെത്തുന്നു.[1][2][3] നദിയുടെ മദ്ധ്യഭാഗത്തും അവസാന ഭാഗത്തും സബ് ആല്പൈൻ കാടുകൾക്കിടയിലൂടെയാണിതൊഴുകുന്നത്.[1] ട്രൗട്ട് മത്സ്യങ്ങൾ ധാരാളമുള്ള നദിയിൽ നിന്ന് നെൽവയലുകളിലേയ്ക്കും ആപ്പിൾ തോട്ടങ്ങളിലേയ്ക്കും ജലസേചനം നടക്കുന്നുണ്ട്.[3][4][5]
പാറൊ താഴ്വരയിലൂടെയാണ് ഈ നദി ഒഴുകുന്നത്. ഭൂട്ടാനിലെ പ്രധാന നഗരങ്ങളിലൊന്നാണ് പാറൊ. ധാരാളം സന്യാസമഠങ്ങൾ ഈ നഗരത്തിലുണ്ട്. തക്ത്സങ് പാറൊ സോങ് എന്നിവ ഉദാഹരണങ്ങളാണ്. പാറൊ നഗരത്തിന് ഉദ്ദേശം 15 കിലോമീറ്റർ വടക്കായി ഒരു മലഞ്ചരിവിലാണ് തക്ത്സങ് മൊണാസ്റ്ററി. ഭൂട്ടാനിലെ വാസ്തുകലയുടെ നല്ല രണ്ട് ഉദാഹരണങ്ങളാണ് തക്ത്സങും പാറൊ സോങ്ങും.[6][7] പാറൊ സോങ്ങിന് അടുത്തായി പരമ്പരാഗത മാതൃകയിൽ നിർമിച്ച ന്യാമി സാം എന്ന പാലം പാറൊ ചൂവിന് കുറുകേ സ്ഥാപിച്ചിരിക്കുന്നു. ആദ്യം സ്ഥാപിച്ച പാലം 1969-ൽ ഒരു വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഇപ്പോൾ നിലവിലുള്ളത് പുതുതായി നിർമിച്ച പാലമാണ്. സോങ് സംരക്ഷിക്കുവാനായി ഈ പാലം പലതവണ പൊളിക്കപ്പെട്ടിട്ടുണ്ട്. ബർണാഡോ ബർട്ടലൂച്ചിയുടെ ലിറ്റിൽ ബുദ്ധ എന്ന ചലച്ചിത്രത്തിൽ ഈ പാലം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[8] പാറോ ടൗണിന് താഴെ ഈ നദി പടിഞ്ഞാറേയ്ക്ക് തിരിഞ്ഞ് പാറോ അന്താരാഷ്ട്ര വിമാനത്താവലത്തിന് അടുത്തുകൂടി ഒഴുകുന്നു. വിമാനത്തിലേയ്ക്കുള്ള റോഡ് ഈ നദിയുടെ തീരത്തുകൂടിയാണ് കടന്നുപോകുന്നത്.
തുടക്കക്കാർക്ക് കയാക്കിംഗ് നടത്തുവാൻ നല്ല സ്ഥലമാണ് നദിയുടെ അവസാന ഭാഗത്തെ 7 കിലോമീറ്റർ. റാഫ്റ്റ് ഉപയോഗിക്കത്തക്ക വീതി ഇവിടെ നദിയിലില്ല. ഈ ഭാഗത്ത് പാറകളുള്ള ധാരാളം റാപ്പിഡുകൾ (വേഗത്തിൽ വെള്ളമൊഴുകുന്ന ഭാഗം) ഉണ്ട്. ഒരു ബോൾഡർ ചോക്ക് തുടക്കത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരെയായുണ്ട്. ഇതിനുശേഷം നദി ഒരു സുന്ദരമായ മലയിടുക്കിലേയ്ക്ക് പ്രവേശിക്കുന്നു. ചൂസോമിൽ ഈ ഭാഗം അവസാനിക്കുന്നു. വിദഗ്ദ്ധരായ കയാക്കർമാർക്ക് വോങ് ചൂവിലേയ്ക്ക് തുടരാവുന്നതാണ്.[9]
ചൂസോം (ചൂ എന്നാൽ നദി എന്നും സോം എന്നാൽ ചേരുക എന്നുമാണ് അർത്ഥം) എന്ന സ്ഥലത്താണ് പാറൊ ചൂ, വോങ് ചൂ എന്നീ നദികൾ സംഗമിക്കുന്നത്. പല ഭൂട്ടാൻ നിവാസികളും മാതൃ പിതൃ നദികളുടെ സംഗമമായാണ് ഇതിനെ കണക്കാക്കുന്നത്. പാറോ ചൂ പിതൃനദിയും വോങ് ചൂ മാതൃനദിയും ആയി കണക്കാക്കപ്പെടുന്നു. നദികൾ കൂടിച്ചേരുന്നത് അശുഭലക്ഷണമായാണ് പല ഭൂട്ടാൻ നിവാസികളും കണക്കാക്കുന്നത്. ഭൂട്ടാനീസ്, നേപ്പാളീസ്, ടിബറ്റൻ എന്നീ വ്യത്യസ്ത ശൈലികളിൽ നിർമിച്ച മുന്ന് ചോർട്ടനുകൾ ഈ സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.[10][6][11] ചൂസോമിന് മുകളിലായുള്ള വോങ് ചൂ നദിയെ തിംഫു ചൂ എന്നും വിളിക്കാറുണ്ട്.[12][13][14]