ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലുള്ള പ്രശസ്തമായ വിനോദസഞ്ചാര പ്രദേശമാണ് പൂവാർ. തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാർ ഗ്രാമം, അതിൻറെ അടുത്തുള്ള പൊഴിയൂർ ഗ്രാമം കേരളത്തിൻറെ അവസാനമാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അതിമനോഹരമായ ബീച്ച് ഈ ഗ്രാമത്തിലുണ്ട്.
വിഴിഞ്ഞം എന്ന പ്രകൃതിപരമായ തുറമുഖത്തിൻറെ അടുത്തായാണ് പൂവാർ ഗ്രാമം സ്ഥിതിചെയ്യുന്നത്. വേലിയേറ്റ സമയത്ത് കടലുമായി ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. 56 കിലോമീറ്റർ ഉള്ള നെയ്യാർ പുഴ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നത് പൂവാറിനു സമീപമാണ്. [1] അതിൻറെ പ്രകൃതി ഭംഗി ഇവിടെ ഒരു വിനോദസഞ്ചാര മേഖലയാക്കുന്നു.
മരം, ചന്ദനം, ദന്തം, സുഗന്ധവ്യഞ്ജനം എന്നിവയുടെ വിപണന കേന്ദ്രമായിരുന്നു പൂവാർ. 1000 ബിസി-യിൽ ഇസ്രയേലിലെ സോളമൻ രാജാവിൻറെ കപ്പലുകൾ, ഇപ്പോൾ പൂവാർ ആണെന്ന് കരുതപ്പെടുന്ന, ഓഫിറിൽ വന്നിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. [2][3]
പൂവാർ എന്ന പേര് രണ്ട് മലയാള വാക്കുകൾ ചേർന്നു വന്നതാണ്. മാർത്താണ്ഡവർമ്മയാണ് ഈ സ്ഥലത്തിനു ഈ പേര് നൽകിയത് എന്ന കഥ പ്രശസ്തമാണ്. പൂവ് എന്ന മലയാള വാക്കും പുഴ എന്ന അർത്ഥം വരുന്ന ആറ് എന്ന വാക്കും ചേർന്നാണ് പൂവാർ എന്ന പേര് വന്നത്. [4]
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളമാണ് പൂവാർ ഗ്രാമത്തിനു സമീപമുള്ള വിമാനത്താവളം. 30 കിലോമീറ്റർ ദൂരമാണ് പൂവാർ ഗ്രാമത്തിൽനിന്നും തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനാണ് പൂവാർ ഗ്രാമത്തിനു സമീപമുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. 20 കിലോമീറ്റർ ദൂരമാണ് പൂവാർ ഗ്രാമത്തിൽനിന്നും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക്. പൂവാറിൽനിന്നും നേമം റെയിൽവേ സ്റ്റേഷനിലേക്ക് 20 കിലോമീറ്റർ ദൂരവും, നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിലേക്ക് 10 കിലോമീറ്റർ ദൂരവുമാണ് ഉള്ളത്.
വിഴിഞ്ഞം ഹാർബറാണ് പൂവാർ ഗ്രാമത്തിനു സമീപമുള്ള ഹാർബർ. 14 കിലോമീറ്റർ ദൂരമാണ് പൂവാർ ഗ്രാമത്തിൽനിന്നും വിഴിഞ്ഞം ഗ്രാമത്തിലേക്ക്.
ഏറ്റവും അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - 18 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ - 22 കിലോമീറ്റർ അകലെ. നേമം - 12 കിലോമീറ്റർ അകലെ.