ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര അവശിഷ്ട സമുച്ചയമാണ് പെനതരനൻ അല്ലെങ്കിൽ പനാതരൻ ( Indonesian: Candi Penataran ).[1] ഇത് ബിൽടാറിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതിചെയ്യുന്ന മെലങ്ങ് നഗരം കുറേക്കൂടി ദൂരെയാണ്. കിഴക്കേ ജാവയിലെ കെലൂഡ് പർവ്വതത്തിന്റെ താഴ്വാരത്തായായണ് ഈ ക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നത്. ഒരു കൂട്ടം ക്ഷേത്രങ്ങൾ ചേർന്ന ഒരു ക്ഷേത്രസമുച്ചയമാണ് പെനാതരൻ. കെലൂഡ് പർവ്വതത്തിന്റെ ദേവന്റെ അനുഗ്രഹത്തിനായാണ് ഈ ക്ഷേത്രസമുച്ചയം നിർമ്മിച്ചത് എന്നാണ് പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നത്.[2] പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മാണം തുടങ്ങുകയും പതിനഞ്ചാം നൂറ്റാണ്ടിൽ ഇതിന്റെ പണിപൂർത്തിയാവുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം മജപഹിത് രാജവംശ കാലത്ത്, പ്രത്യേകിച്ച് ഹയാം വുരുക് രാജാവിന്റെ കാലത്തുള്ള ഒരു പ്രധാന ക്ഷേത്ര സമുച്ചയമായിരുന്നു.[3] ഹയാം വുരുക് ഈ ക്ഷേത്രം അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രമായി കണക്കാക്കിയിരുന്നു.[4] :241
കേദിരി കാലഘട്ടത്തിലാണ് പെനതാരൻ ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചതെന്ന് ഇതിന്റെ കാലപ്പഴക്ക നിർണ്ണയം വെളിവാക്കുന്നു. കേദിരി രാജവംശത്തിന്റെ അസ്തമനത്തിനുശേഷം ഉയർന്നുവന്ന വിവിധ ജാവനീസ് രാജവംശങ്ങൾ പെനാതരൻ ക്ഷേത്രസമുച്ചയത്തിൽ വിവിധ തരത്തിലുള്ള നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്. കാൻഡി നാഗ അഥവാ നാഗക്ഷേത്രം സിങ്ഹസാരി രാജവംശത്തിലെ അവസാന രാജാവായ കെടനെഗരയുടെ കാലത്ത് നിർമ്മിച്ചതാണ്. കാൻഡി കാന്ദ്ര സെങ്കാല മജപഹിത് രാജവംശകാലത്ത് നിർമ്മിച്ചതാണ്. ഇപ്പോൾ കാണപ്പെടുന്ന ഭൂരിഭാഗം ക്ഷേത്രങ്ങളും മജപഹിത് രാജവംശകാലത്താണ് നിർമ്മിക്കപ്പെട്ടത് എന്നും വിശ്വസിക്കപ്പെടുന്നു.[5] കേദിരി രാജവംശവും മജപഹിത് രാജവംശവും ഈ ക്ഷേത്രസമുച്ചയം അവരുടെ അധീനതയിൽ സൂക്ഷിച്ചിരുന്നു.
മജപഹിത് രാജവംശത്തിന്റെ അസ്തമനത്തിനുശേഷം ജാവയിൽ ഇസ്ലാമിക് രാജാക്കന്മാരുടെ ഭരണം ഉണ്ടാവുകയും പെനതരൻ ക്ഷേത്ര സമുച്ചയം ഒരു ആരാധനാലയമല്ലതായി തീരുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ജാവയിൽ ഭരണം നടത്തിയിരുന്ന ലെഫ്റ്റനന്റ് സ്റ്റാംഫോർഡ് റാഫ്ലെസ് ഇവിടെയുള്ള വിവിധ നിർമ്മിതികൾ കണ്ടെത്തുകയും അവയുടെ കാറ്റലോഗ് "ദ ഹിസ്റ്ററി ഓഫ് ജാവ" എന്ന പുസ്തകത്തിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.[6]
കാൻഡി പെനതരൻ ഒരു ശിവ ക്ഷേത്രമാണ്. ഹിന്ദുദേവനായ വിഷ്ണുവിന്റെ വിവിധ അവതാര കഥകളിലെ വിവിധ സന്ദർഭങ്ങൾ പരാമർശിക്കുന്ന അനേകം പ്രതിമാചിത്രങ്ങളുടെ ഏറ്റവും വലിയ ശേഖരം ഈ ക്ഷേത്ര സമുച്ചയത്തിൽ കാണപ്പെടുന്നു. ഇതാണ് ഈ ക്ഷേത്ര സമുച്ചയത്തിന്റെ പ്രാധാന്യം. രാമായണത്തിന്റെ ജാവനീസ് പതിപ്പിലെ രാമ കഥയും ത്രിഗുണന്റെ കൃഷ്ണായണ ഇതിഹാസകാവ്യത്തെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച കൃഷ്ണ കഥയും ഈ പ്രതിമാചിത്രങ്ങളിൽ ഉൾപ്പെടുന്നു. [7] [8] [4] :158 പെനതാരൻ ക്ഷേത്രം, യോഗകാർത്തയിൽ സ്ഥിതിചെയ്യുന്ന പ്രംബാനൻ ക്ഷേത്രം എന്നീ രണ്ടു ക്ഷേത്ര സമുച്ചയങ്ങളിലെയും ഹിന്ദു ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട പ്രതിമാചിത്രങ്ങളുടെ താരതമ്യ പഠനങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ ആകർഷിച്ചു. [9]
ഈ ക്ഷേത്ര സമുച്ചയം 1995 ഒക്ടോബർ 19 ന് യുനെസ്കോയുടെ ലോക പൈതൃക താൽക്കാലിക പട്ടികയിൽ സാംസ്കാരിക വിഭാഗത്തിൽ ഇടം പിടിച്ചു. നഗരക്രെതാഗാമയിലെ പലഹ് ക്ഷേത്രമായാണ് ഈ ക്ഷേത്രം ആദ്യം അടയാളപ്പെടുത്തപ്പെട്ടത്. ഹയമ് വുരുക് രാജാവിന്റെ കിഴക്കൻ ജാവയിലെ പര്യടനത്തിനിടയിൽ അദ്ദേഹം ഈ ക്ഷേത്രം സന്ദർശിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. "മികച്ച സാർവത്രിക മൂല്യം നൽകുന്ന" ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഈ സൈറ്റ് പരിഗണിക്കപ്പെടുന്നു. [10] എന്നിരുന്നാലും, 2015 ൽ മറ്റ് 11 സൈറ്റുകൾക്കൊപ്പം താൽക്കാലിക പട്ടികയിൽ നിന്ന് ഈ സൈറ്റ് പിൻവലിച്ചു.