ആരാധനക്രമ വർഷം |
---|
റോമൻ ആചാരക്രമം |
കൽദായ ആചാരക്രമം |
പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമവർഷം അനുസരിച്ച് [1] ഈസ്റ്റർ ഞായർ മുതൽ പെന്തക്കോസ്താ ഞായർ വരെയുള്ള അൻപത് ദിവസങ്ങളാണ് ഉയിർപ്പുകാലമായി ആചരിക്കുന്നത്. ഉയിർപ്പുകാലത്തിലെ ഓരോ ഞായറാഴ്ചയും ഉയിർപ്പുഞായർ ആയിട്ടാണ് കരുതുന്നത്. ഇതനുസരിച്ച് ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ചകളെ ഉയിർപ്പുകാലം രണ്ടാം ഞായർ, ഉയിർപ്പുകാലംമൂന്നാം ഞായർ എന്നിങ്ങനെ വിളിക്കുന്നു. 1969 ലെ ആരാധനക്രമ പുനർനവീകരിക്കുന്നതിന് മുൻപ് ഉയിർപ്പിന് ശേഷമുള്ള രണ്ടാം ഞായർ, ഉയിർപ്പിന് ശേഷമുള്ളമൂന്നാം ഞായർ എന്നിങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്.
ഉയിർപ്പുകാലത്തിലെ ആദ്യ എട്ടുദിവസങ്ങളെയാണ് ഈസ്റ്റർ ഒക്ടേവ് എന്ന് പറയുന്നത്. ഈ ദിവസങ്ങൾ എല്ലാം തന്നെ തിരുനാൾ ദിനങ്ങളാണ്.
ഈസ്റ്ററിന് ശേഷം വരുന്ന ആദ്യ ഞായറാഴ്ച ദൈവിക കാരുണ്യ ഞായറായി ക്രൈസ്തവസഭ ആചരിക്കുന്നു. [2].യേശു വി. ഫൗസ്റ്റീനയുമായി നടത്തി എന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ദൈവിക കാരുണ്യ ഞായർ ആചരിക്കുന്നത് ഫൗസ്റ്റീനയുടെ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് [3] കുമ്പസാരിച്ച് ഈ ദിവസം കുർബാന സ്വീകരിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും.
ഉയിർപ്പുകാലം നാല്പതാം ദിവസമാണ് യേശുവിന്റെ സ്വർഗാരോഹണ തിരുനാൾ ആഘോഷിക്കുന്നത്. [4][5] യേശു ഉയിർത്ത് നാല്പതാം ദിവസം ശിഷ്യന്മാർ കണ്ടു കൊണ്ട് നിൽക്കെ സ്വർഗാരോഹണം ചെയ്തു എന്ന ബൈബിൾ വിവരണമാണ് ഈ തിരുനാളിന് അടിസ്ഥാനം. സാധാരണ ഗതിയിൽ വ്യാഴാഴ്ചയാണ് ഈ തിരുനാൾ വരുന്നത്. എന്നാൽ ഈ ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കാത്ത രാജ്യങ്ങളിൽ ഉയിർപ്പ് കഴിഞ്ഞ് നാല്പത് ദിവസം കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് സ്വർഗാരോഹണ തിരുനാൾ ആഘോഷിക്കുന്നത്.
ഉയിർപ്പുകാലം അവസാനിക്കുന്നത് പെന്തക്കോസ്താ തിരുനാളോട് കൂടിയാണ്. [6] അപ്പസ്തോലന്മാരുടെ മേൽ പരിശുദ്ധാത്മാവ് എഴുന്നുള്ളിയ സംഭവമാണ് ഈ ദിവസം ക്രൈസ്തവസഭ സ്മരിക്കുന്നത്. അൻപതാമത്തെ ദിവസം എന്നർത്ഥം വരുന്ന പെന്തെക്കൊസ്തെ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. ഉയിർപ്പുകാലം അൻപതാം ദിവസമാണ് പെന്തക്കോസ്താതിരുനാൾ ആഘോഷിക്കുന്നത്. [7]പരിശുദ്ധാത്മാവിന്റെ ആഗമനത്താൽ പ്രചോദിതരായി അപ്പോസ്തോലന്മാർ ഈ ദിനം തന്നെ സുവിശേഷ പ്രഘോഷണം ആരംഭിച്ചതിനാൽ [8]പെന്തക്കൊസ്താദിനം ക്രൈസ്തവ സഭയുടെ സ്ഥാപകദിനമായി കരുതപ്പെടുന്നു.