പോത്തൻ ജോസഫ് | |
---|---|
![]() | |
ജനനം | മാർച്ച് 15, 1892 |
മരണം | നവംബർ 2, 1972 | (പ്രായം 80)
ദേശീയത | ![]() |
തൊഴിൽ | പത്രപ്രവർത്തകൻ |
അറിയപ്പെടുന്നത് | ഓവർ എ കപ്പ് ഓഫ് ടീ |
ജീവിതപങ്കാളി | അന്ന |
മാതാപിതാക്കൾ | സി.ഐ. ജോസഫ്, സാറാമ്മ |
ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ അതികായരിലൊരാൾ ആയിരുന്നു പോത്തൻ ജോസഫ് (1892 മാർച്ച് 15 - 1972 നവംബർ 2). ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ ജനനം[1]. 'വോയ്സ് ഓഫ് ഇന്ത്യയിൽ' തുടങ്ങിയ പ്രശസ്തമായ പംക്തി "ഓവർ എ കപ്പ് ഓഫ് ടീ" വിവിധ പത്രങ്ങളിലായി നാൽപതുവർഷത്തിലധികം തുടർന്നു. മുഹമ്മദലി ജിന്ന 1947ൽ ഡൽഹിയിൽ വാരികയായി ആരംഭിച്ച ഡാണിന്റെ ആദ്യ പത്രാധിപരായിരുന്നു പോത്തൻ ജോസഫ്. അദ്ദേഹത്തിന്റെ സഹോദരൻ ബാരിസ്റ്റർ ജോർജ് ജോസഫ് സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. പോത്തൻ ജോസഫ് 1972-ൽ മരണമടഞ്ഞു.
1973-ൽ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പത്മഭൂഷൺ നൽകി[2].
ചെങ്ങന്നൂരിലെ ഊരിയിൽ കുടുംബത്തിൽ 1892 മാർച്ച് 15-ന് പോത്തൻ ജോസഫ് ജനിച്ചു. ചെങ്ങന്നൂർ ഹൈസ്കൂൾ, സി.എം.എസ്. കോളേജ്, കോട്ടയം, ചെന്നൈ പ്രസിഡൻസി കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. 1909-ൽ പതിനേഴാം വയസിൽ വിവാഹം, വധു - കണ്ടത്തിൽ കുടുംബാഗമായ 12 വയസുകാരി അന്ന. ബി.എ. ബിരുദം നേടിയതിനു ശേഷം കോട്ടയം എം.ഡി. സെമിനാരി സ്കൂളി അധ്യാപകനായി.
ബ്രിട്ടീഷുകാരനായ മുൻകേണൽ ആർ.എച്ച്. കാമറൂണിന്റെ ഹൈദരാബാദ് ബുള്ളറ്റിനിൽ കുറിപ്പുകളെഴുതി പത്രപ്രവർത്തന ജീവിതം ആരംഭിച്ചു. കോളത്തിനു മൂന്നു രൂപയായിരുന്നു പ്രതിഫലം[1]. തുടർന്ന് ഫിറോസ് ഷാ മേത്ത ആരംഭിച്ച ദ ബോംബെ ക്രോണിക്കിളിൽ 1917-ൽ സബ് എഡിറ്ററായി ചേർന്നു. കൊൽകത്തയിലെ ക്യാപിറ്റൽ (1920-24), മുംബൈയിലെ ദ വോയ്സ് ഓഫ് ഇന്ത്യ (1924), ഒരു വർഷത്തിനു ശേഷം തിരികെ ബോംബെ ക്രോണിക്കിളിൽ ജോയിന്റ് എഡിറ്ററായി. പിന്നീട് മോത്തിലാൽ നെഹ്രുവിന്റെ ഇന്ത്യൻ ഡെയ്‌ലി ടെലിഗ്രാഫ് (1926/ലക്നൗ), സരോജിനി നായിഡുവിന്റെ ഇന്ത്യൻ നാഷണൽ ഹെറാൾഡ് എന്നീ പത്രങ്ങളിലും പോത്തൻ ജോലി ചെയ്തു. ദ ഇന്ത്യൻ ഡെയ്‌ലി മെയിൽ (1931/ബൊംബെ) പത്രാധിപർ - 'ഓവർ എ കപ്പ് ഓഫ് ടീ' എന്ന പംക്തി തുടങ്ങി[1].
പോത്തൻ എത്തുമ്പോൾ ദ ഹിന്ദുസ്ഥാൻ ടൈംസ് (1931-36/ഡൽഹി) ഒരു ചെറുപത്രം മാത്രമായിരുന്നു. അഞ്ച് വർഷം അവിടെ തുടർന്നു. 'ഓവർ എ കപ്പ് ഓഫ് ടീ'യിൽ വായനക്കാർ ആകൃഷ്ടരായി. മുംബൈയിൽ ഒരു കപ്പൽക്കമ്പനിയിൽ ഗുമസ്തനായിരുന്ന കാർട്ടൂണിസ്റ്റ് ശങ്കറിനെ (കെ. ശങ്കരപ്പിള്ള) 'കണ്ടുപിടിച്ച്' ഹിന്ദുസ്ഥാൻ ടൈംസിലേക്ക് കൊണ്ടുവന്നതും പോത്തനാണ്[1]. അങ്ങനെ ഇന്ത്യയിൽ രാഷ്ട്രീയ കാർട്ടൂൺ പിറക്കുകയും ചെയ്തു. 1936-ൽ ബിർള ഏറ്റെടുത്തതിനെ തുടർന്ന് മാനേജുമെന്റുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തിൽ പോത്തൻ ടൈംസ് വിട്ടു.
“ | ഷെയ്ക്സ്പിയറുടെ കൃതികൾ ഷെയ്ക്സ്പിയർ എഴുതിയതായിരിക്കില്ല. മിക്കവാറും അവ മറ്റാരോ രചിച്ചതാകാം. അയാളുടെ പേര് വില്യം ഷെയ്ക്സ്പിയർ എന്നാകാനാണ് സാധ്യത[2]. | ” |
1937-ൽ ഇന്ത്യൻ എക്സ്പ്രസിൽ (ചെന്നൈ) പത്രാധിപരായി. സ്വതന്ത്രതിരുവിതാംകൂറിനെതിരായി നിന്ന ദിവാൻ സി.പി രാമസ്വാമി അയ്യരെ വിമർശിച്ചതിനെ തുടർന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു. സി.പി.യുടെ സമ്മർദ്ദങ്ങളെ തുടർന്ന് പോത്തൻ ജോസഫിന് പത്രാധിപത്യം ഒഴിയേണ്ടിവരികയും ചെയ്തു. പിന്നീട് സ്റ്റാർ ഓഫ് ഇന്ത്യ (1941), ജിന്നയുടെ ഡാൺ എന്നിവയിൽ. 1944-ൽ ഡാൺ വിട്ട് വൈസ്രോയ് ആർച്ചി ബാൾഡ്‌വേവലിനു കീഴിൽ ബ്രിട്ടീഷിന്ത്യാ സർക്കാരിന്റെ പ്രിൻസിപ്പൽ ഓഫീസർ ആയി. 1947-ൽ വീണ്ടും ഇന്ത്യൻ എക്സ്പ്രസിൽ എത്തി. 1948-ൽ ബാംഗ്ലൂരിലെ ഡെക്കാൺ ഹെറാൾഡ് പത്രത്തിൽ, പക്ഷേ, പത്ത് വർഷത്തിനു ശേഷം മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കിയതിനെ തുടർന്ന് പത്രപ്രവർത്തനമവസാനിപ്പിച്ചു[1].
1972 നവംബർ 2-ന് അന്തരിച്ചു.
മാധ്യമനിഘണ്ടു-ഡി സി വിജ്ഞാകോശ നിഘണ്ടു പരമ്പര ഗ്രന്ഥകർഥാക്കൾ:പി.കെ. രാജശേഖരൻ,എസ്.എൻ. ജയപ്രകാശ്. പ്രസാധന വർഷം:സെപ്‌റ്റമ്പർ 2003