പ്രകാശ് കാരാട്ട് | |
---|---|
ജനറൽ സെക്രട്ടറി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർകിസ്റ്റ്) | |
മുൻഗാമി | ഹർകിഷൻ സിംഗ് സുർജിത് |
പിൻഗാമി | സീതാറാം യെച്ചൂരി |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | വൃന്ദ കാരാട്ട് |
വസതി | ന്യൂ ഡൽഹി |
വെബ്‌വിലാസം | www.cpim.org |
As of January 27, 2007 ഉറവിടം: [1] |
ഇന്ത്യയിൽ നിന്നുള്ള ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനാണ് പ്രകാശ് കാരാട്ട്. 56 വയസ്സുള്ള കാരാട്ട് 2005 ഏപ്രിൽ 11-ന് സി.പി.ഐ.എമ്മിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2008 ഏപ്രിൽ 3-ന് കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ട് വീണ്ടും ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു.[1][2][3]. നിലവിൽ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗമാണ്.
കേരളത്തിലെ പാലക്കാട് ജില്ലയിലെ എലപുള്ളിയിൽ കുടുംബവേരുള്ള[4] പ്രകാശ് കാരാട്ട് ജനിച്ചത് മ്യാൻമാറിലാണ്.[5]
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നായിരുന്നു പ്രകാശിന്റെ കലാലയ വിദ്യാഭ്യാസം. അവിടെ പഠിച്ചിരുന്ന കാലത്ത് മികച്ച വിദ്യാർത്ഥി എന്ന ബഹുമതി കാരാട്ട് നേടിയിരുന്നു. പിന്നീട് രാഷ്ട്രമീമാംസയിൽ ഉപരിപഠനത്തിനായി എഡിൻബർഗ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും പ്രകാശ് പുറത്താക്കപ്പെടുകയുണ്ടായി. പിന്നീട് സർവ്വകലാശാല അധികൃതർ പ്രകാശിനെ തിരിച്ചെടുത്തു.[6]
1970-ൽ കാരാട്ട് ഇന്ത്യയിലേക്ക് മടങ്ങുകയും സി.പി.ഐ.എമ്മിൽ ചേരുകയും ചെയ്തു. ആദ്യകാലങ്ങളിൽ അക്കാലത്ത് പാർട്ടി നേതാവായിരുന്ന എ.കെ. ഗോപാലന്റെ സഹായിയായിട്ടായിരുന്നു കാരാട്ട് പ്രവർത്തിച്ചിരുന്നത്, വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാരാട്ട് ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റുമായി. എസ്.എഫ്.ഐയുടെ ആദ്യ പ്രസിഡന്റ് എന്ന സ്ഥാനവും 1974 മുതൽ 1979 വരെ കാരാട്ട് വഹിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ പോവുകയും രണ്ടു തവണ അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്.
1985-ൽ സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് കാരാട്ട് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ പോളിറ്റ്ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന ഒരു സമിതിയാണ് പോളിറ്റ് ബ്യൂറോ. 2005-ൽ കാരാട്ട് സി.പി.ഐ.എമ്മിന്റെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തു. പിന്നീട് സിതാറാം യെച്ചൂരി പാർട്ടിയുടെ ജനറൽസെക്രട്ടറിയായതിനെ തുടർന്ന് അദ്ദേഹം പോളിറ്റ്ബ്യൂറോ അംഗമായി പ്രവർത്തിക്കുന്നു. പാർട്ടിയുടെ പുതിയ കാലഘട്ടത്തിന്റെ വക്താക്കളിലൊരാളായി കാരാട്ടിനെ കരുതുന്നു.[7]
1992 മുതൽ സി.പി.ഐ.എമ്മിന്റെ അക്കാദമിക് ജേർണൽ ആയ ദ മാർകിസ്റ്റിന്റെ എഡിറ്റോറിയൽ ബോർഡിൽ കാരാട്ട് അംഗമാണ്. അതുപോലെ ലെഫ്റ്റ്വേഡിന്റെ മാനേജിങ്ങ് ഡയരക്റ്റരും കാരാട്ടാണ്.