പ്രഫുല്ല ചാക്കി | |
---|---|
প্রফুল্ল চাকী | |
![]() പ്രഫുല്ല ചാക്കി | |
ജനനം | |
മരണം | മേയ് 2, 1908 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | Freedom fighters of India |
അറിയപ്പെടുന്നത് | Role in Indian freedom struggle |
പ്രസ്ഥാനം | Indian independence movement |
പ്രഫുല്ല ചന്ദ്ര ചാക്കി // ⓘ (ബംഗാളി: প্রফুল্ল চাকী Profullo Chaki) (ജീവിതകാലം: 10 ഡിസംബർ 1888 മുതൽ 2 മേയ് 1908 വരെ), ഇന്ത്യൻ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുയെന്ന ഉദ്യമത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥർക്കെതിരായി കൊലപാതകങ്ങൾ നടത്തിയ ജുഗന്തർ വിപ്ലവകാരികളുമായി ബന്ധപ്പെട്ട ഒരു ബംഗാളി വിപ്ലവകാരിയായിരുന്നു അദ്ദേഹം. പ്രഫുല്ല ചന്ദ്ര, ഖുദീറാം എന്നിവർചേർന്ന് ജില്ലാ ജഡ്ജിയായിരുന്ന മിസ്റ്റർ കിംഗ്സ് ഫോഡ്സിനെ വധിക്കുവാനായി അദ്ദേഹം സഞ്ചരിച്ചിക്കുന്നതിന് ഉദ്ദേശിച്ചിരുന്ന വാഹനത്തിനു നേരേ ബോംബെറിയുകയും വാഹനം തകർത്തു കളയുകയും ചെയ്തു. എന്നാൽ കിംഗ്സ് ഫോർഡ് ഈ വാഹനത്തിലല്ലായിരുന്നു യാത്രചെയ്തത്. പകരം വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ടു ബ്രിട്ടീഷ് വനിതകളാണ് കൊല്ലപ്പെട്ടത്. പോലീസുകാർ അറസ്റ്റുചെയ്യുമെന്ന ഘട്ടത്തിൽ പ്രഫുല്ല ആത്മഹത്യ ചെയ്തു. രണ്ടു വനിതകളുടെ കൊലപാതകത്തിന് ഉത്തരവാദിയായി ബുദിറാം അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണയ്ക്കു ശേഷം വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു.[1][2] മഹാത്മാ ഗാന്ധി ഈ അക്രമങ്ങളെ അപലപിക്കുകയും രണ്ടു നിഷ്കളങ്കരായ വനിതകളുടെ മരണത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. "ഇത്തരം രീതികളിലൂടെ ഇന്ത്യൻ ജനങ്ങൾക്കു സ്വാതന്ത്ര്യം നേടാൻ സാധിക്കില്ല" എന്ന് അദ്ദേഹം പ്രസ്താവിച്ചു.[3] [4][5][6]
1888 ഡിസംബർ പത്തിന് ഇപ്പോൾ ബംഗ്ലാദേശിൽ ഉൾപ്പെടുന്ന ബംഗാൾ പ്രസിഡൻസിയിലെ ബോഗ്ര ജില്ലയിലെ ഒരു ബീഹാറി ഗ്രാമത്തിൽ പ്രഫുല്ല ചന്ദ്ര ചാക്കി ജനിച്ചു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും അത് ഈസ്റ്റ് ബംഗാൾ നിയമത്തെനെതിരായി കണക്കാക്കപ്പെട്ടതിനാൽ റംഗ്പുർ സില്ലാ സ്കൂളിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. പിന്നീട് അദ്ദേഹം രംഗ്പുർ നാഷണൽ സ്കൂൾസിൽ ചേരുകയും വിപ്ലവ തത്ത്വശാസ്ത്രങ്ങളിൽ വിശ്വസിക്കുകയും അതു പ്രാവർത്തികമാക്കുന്നതിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തു.
ബരിൻ ഘോഷ് പ്രഫുല്ല ചാക്കിയെ കൊൽക്കത്തയിലേക്ക് കൊണ്ടു വരികയും ജുഗാന്തർ പാർട്ടിയിൽ ചേർന്നു പ്രവർത്തിവാൻ പ്രേരിപ്പിക്കുകയും ചെയ്തു. കിഴക്കൻ ബംഗാൾ, അസം തുടങ്ങിയ പുതിയ പ്രവിശ്യകളുടെ ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണർ ആയിരുന്ന സർ ജോസഫ് ബാംഫീൽഡെ ഫുള്ളറെ (1854-1935) വധിക്കുകയെന്നതായിരുന്നു ആദ്യ കർത്തവ്യം. എന്നിരുന്നാലും ഈ പദ്ധതി നടപ്പിലായില്ല.
അടുത്തതായി, ഖുദിറാം ബോസിനോടൊപ്പം ചേർന്ന് ബിഹാറിലെ മുസാഫർപുർ മജിസ്ട്രേട്ടായിരുന്ന കിംഗ്സ്ഫോർഡിനെ വധിക്കുവാനുള്ള പ്രവർത്തിനത്തിനു പ്രഫുല്ല ചാക്കി തെരഞ്ഞെടുക്കപ്പെട്ടു. കിംഗ്സ്ഫോർഡ്, കൽക്കത്ത പ്രസിഡൻസിയുടെ മുഖ്യ മജസ്ട്രേട്ടായുള്ള അദ്ദേഹത്തിന്റെ മുൻ ഭരണകാലത്ത് ബംഗാളിലെ യുവ രാഷ്ട്രീയ പ്രവർത്തകരിലെ ക്രൂരവും പരുഷവുമായ വിചാരണകളാൽ ജനങ്ങളുടെ അപ്രീതിയ്ക്കു പാത്രമായിരുന്നു. അത്തരം പ്രവർത്തകർക്ക് ശാരീരിക ദണ്ഡനങ്ങൾ നൽകാറുണ്ടെന്നതും ജനങ്ങളടുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് അയാളുടെ വധം ആസൂത്രണം ചെയ്യുന്നതിലേയ്ക്കും ഇതിലേയ്ക്ക് പ്രഫുല്ല ചാക്കി, ഖുദിറാം ബോസ് എന്നിവരെ തെരഞ്ഞെടുത്ത് മുസാഫർപൂരിലേക്ക് അയക്കുന്നതിലേയ്ക്കു നയിക്കുകയും ചെയ്തു.[7] ഈ പ്രവർത്തനത്തിൽ 'ദിനേഷ് ചന്ദ്ര റോയ്' എന്ന വ്യാജപ്പേരിലാണ് ഫ്രഫുല്ല ചാക്കി പങ്കെടുത്തത്.[8]
ഖുദിരാമും പ്രഫുല്ലയും കിംഗ്സ്ഫോർഡിന്റെ സാധാരണയായുള്ള നീക്കങ്ങൾ ശ്രദ്ധിച്ച് അദ്ദേഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഒരു പദ്ധതി തയ്യാറാക്കി. 1908 ഏപ്രിൽ 30 ആം തീയതിയിലെ ഒരു വൈകുന്നേരം രണ്ടുപേരും കിങ്സ്ഫോർഡ് വാഹനത്തിൽ പുറത്തു വരാനുള്ള യൂറോപ്യൻ ക്ലബ്ബിന്റെ കവാടത്തിനു മുമ്പിൽ കാത്തിരുന്നു. ഒരു വാഹനം പുറത്തേക്കു വന്നതും വാഹനത്തിലേയ്ക്കു ഒരു ബോംബ് എറിയപ്പെട്ടു. വധിക്കേണ്ടയാളെ തിരിച്ചറിയുന്നതിൽ തെറ്റു സംഭവിക്കുകയും കിങ്സ്ഫോർഡിനു പകരം വാഹനത്തിലുണ്ടായിരുന്നത് മുസഫർപുർ ബാറിലെ മുഖ്യ അഭിഭാഷകനായിരുന്ന മിസ്റ്റർ പ്രിൻഗിൽ കെന്നഡിയുടെ പത്നിയും മകളുമായിരുന്നു. ഈ ആക്രമണത്തിൽ മകൾ ഉടൻ മരിക്കുകയും പത്നിയ്ക്കു പരിക്കേൽക്കുകയും പിന്നീടു മരണം സംഭവിക്കുകയും ചെയ്തു.[9] വിപ്ലവകാരികൾ ഉടനടി സ്ഥലത്തുനിന്നു പലായനം ചെയ്തു.
പ്രഫുല്ല ചന്ദ്രയും ഖുദീരാം ബോസം വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടാൻ തീരുമാനിച്ചു. ഫ്രഫുല്ല ചാക്കി സമസ്തിപ്പൂരിലെത്തിച്ചേരുകയും അവിടെ ഒരു റെയിൽവേ സ്റ്റാഫായിരുന്ന ത്രിഗുണ ചരൺ ഘോഷിൽനിന്ന് വസ്ത്രവും താമസിക്കുന്നതിനുള്ള ഇടവും ലഭിച്ചു. മൊകാമയിലേയ്ക്ക് രാത്രി ട്രെയിനിൽ ഒരു ഇന്റർ ക്ലാസ് ടിക്കറ്റും ത്രിഗുണ ചരൺ ഘോഷ് അദ്ദേഹത്തിനു നൽകി.[10] സമസ്തിപൂർ റെയിൽവേ സ്റ്റേഷനിൽ അതേ കമ്പാർട്ട്മെന്റിൽ വച്ച് വീട്ടിൽ നിന്നും അവധി കഴിഞ്ഞു മടങ്ങിയിരുന്ന നന്ദലാൽ ബാനർജി എന്ന ഒരു പോലീസ് സബ് ഇൻസ്പെക്ടർ ഈ യാത്രക്കാരനെ സംശയിക്കുകയും മുസാഫർപൂരിലെ മജിസ്ട്രേട്ടായിരുന്ന ഉദ്മാന് ടെലഗ്രാഫ് സന്ദേശം അയച്ച് ഈ യാത്രക്കാരനെ അറസ്റ്റു ചെയ്യാനുള്ള അനുമതി സമ്പാദിക്കുകയും ചെയ്തു. മൊകാമയിൽ വച്ച് അസ്വാസ്ഥ്യങ്ങളുണ്ടാകുകയും ഒരു ചെറിയ പിന്തുടരൽ അനിവാര്യമായിത്തീരുകയും ചെയ്തു. ഫ്രഫുല്ല പോലീസിന്റെ പിടിയിലാവുകയും അറസ്റ്റു ചെയ്യപ്പെടാനുള്ള സാദ്ധ്യത ഒരുങ്ങുകയും ചെയ്തതോടെ അദ്ദേഹം സ്വന്തം ജീവൻ ബലി കൊടുക്കുവാൻ തീരുമാനിച്ചു. അദ്ദേഹം തലയ്ക്കു നേരേ രണ്ടു നിറയൊഴിക്കുകയും ജീവൻ വെടിയുകയും ചെയ്തു.[11] അദ്ദേഹത്തിന്റെ തല ഛേദിക്കപ്പെടുകയും കൂടുതൽ തിരിച്ചറിയലുകൾക്കായി, അപ്പോഴേയ്ക്കും അറസ്റ്റു ചെയ്യപ്പെട്ടിരുന്ന ഖുദിരാമിനെ ഉപയോഗിച്ച് തിരിച്ചറിയുവാനായി കൽക്കത്തയിലേയ്ക്ക് അയക്കുകയും ചെയ്തു.[12] ഖുദീരം പിന്നീട് വിചാരണയ്ക്കു ശേഷം തൂക്കിലേറ്റപ്പെടുകയും ചെയ്തു. പോലീസ് ഇൻസ്പെക്ടർ നന്ദലാൽ ബാനർജി രണ്ടു യുവ വിപ്ലവകാരികളായ ശ്രീഷ് പാൽ, രണൻ ഗാംഗുലി എന്നിവരാൽ പിന്നീട് വധിക്കപ്പെട്ടു[13]