പ്രാഗ് മഹൽ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | ഇറ്റാലിയൻ-ഗോഥിക് ശൈലി |
നഗരം | ഗുജറാത്ത് |
രാജ്യം | ഇന്ത്യ |
നിർദ്ദേശാങ്കം | 23°15′17″N 69°40′06″E / 23.25479°N 69.66833°E |
പദ്ധതി അവസാനിച്ച ദിവസം | 1879 |
ചിലവ് | ഏകദേശം 3.1 മില്യൺ രൂപ |
ഇടപാടുകാരൻ | മഹാരാജാവ് റാവു പ്രാഗ്മാജി ll |
സാങ്കേതിക വിവരങ്ങൾ | |
Structural system | രാജസ്ഥാനിൽ നിന്നുള്ള മാർബിളും മണൽക്കല്ലുകളും |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | കേണൽ ഹെന്റരി സെയിന്റ് വിൽക്കിൻസ് |
ഇറ്റാലിയൻ-ഗോഥിക് ശൈലിയിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഗുജറാത്തിലെ കൊട്ടാരമാണ് പ്രാഗ് മഹൽ. റാവു പ്രാഗ്മാൽജി ll എന്ന കച്ചിലെ രാജാവ് പണി കഴിപ്പിച്ചത് കൊണ്ടാണ് കൊട്ടാരത്തിന് ഈ പേര് വന്നത്.[1][2]
ഇറ്റാലിയൻ-ഗോഥിക് ശൈലിയിൽ കേണൽ ഹെന്റരി സെയിന്റ് വിൽക്കിൻസ് എന്ന വാസ്തു ശില്പി ആണ് ഈ കൊട്ടാരം രൂപകല്പ്ന ചെയ്തത്.[3] ഇറ്റലിയിൽ നിന്നു വരെ നിരവധി തച്ചന്മാരെ കൊണ്ട് വന്നു പണികഴിപ്പിച്ച പ്രാഗ് മഹൽ നിർമ്മിക്കാൻ സ്വർണ്ണനാണയങ്ങളായിരുന്നു അവർക്കു വേതനമായി നല്കിയിരുന്നത്.[4] തുടർന്ന് കൊട്ടാരനിർമ്മാണത്തിൽ ഏകദേശം 3.1 മില്യൺ രൂപ ചെലവായിട്ടുണ്ട്.[2] 1865 ൽ പണി തുടങ്ങിയെങ്കിലും 1879 ൽ പ്രാഗ്മാൽജി II ന്റെ മരണത്തെത്തുടർന്ന് ഖെൻഗാർജി മൂന്നാമൻറെ (പ്രാഗ്മാൽജി രണ്ടാമന്റെ മകൻ) ഭരണകാലത്താണ് ഇത് പൂർത്തിയായത്.[1][5][6] കേണൽ വിൽക്കിൻസിനൊപ്പം പ്രാഗ് മഹലിന്റെ നിർമ്മാണത്തിൽ പ്രാദേശിക കച്ചി ബിൽഡർ കമ്യൂണിറ്റിയും (മിച്ചൽസ് ഓഫ് കച്ച്) ഉൾപ്പെട്ടിരുന്നു.[7][8]
രാജസ്ഥാനിൽ നിന്നുള്ള മാർബിൾ, മണൽക്കല്ലുകൾ എന്നിവ ഉപയോഗിച്ചാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. മച്ചും ചുമരുകളും ഒക്കെ യൂറോപ്യൻ രീതിയിലാണ്. വിശാലമായ ദർബാർ ഹാൾ കച്ച് രാജവംശത്തിന്റെ പ്രതാപവും പ്രൗഢിയും വിളിച്ചോതുന്നു. റോമാക്കാരുടെ പോലുള്ള പ്രതിമകൾ, സ്റ്റഫ് ചെയ്ത മൃഗങ്ങൾ ഒക്കെ ഉപയോഗിച്ച് ഇവിടം അലങ്കരിച്ചിരിക്കുന്നു.[9] കൊട്ടാര മ്യൂസിയത്തിൽ പഴയ എണ്ണമറ്റ ഓയിൽ പെയിന്റിംഗുകളുമുണ്ട്.
പ്രാഗ് മഹലിലെ മറ്റൊരാകർഷണമാണ് ബിങ് ബാംഗ് ടവർ. 1865 ൽ കൊട്ടാരത്തോടുചേർന്ന് പണികഴിപ്പിച്ച ഈ ക്ലോക്കു ടവറിൻറെ ഉയരം 150 അടിയാണ്. ഇതിനുമുകളിൽ വരെ കയറുവാനുള്ള ഗോവണിയുണ്ട്. മുകളിൽ നിന്നും നോക്കിയാൽ ബുജ്ജ് പട്ടണത്തിൻറെ ഏരിയൽ ദൃശ്യം കാണാനാകും.[10] കൂടാതെ നഗരത്തിന്റെ നടുവിലാണ് ഈ ഉയരമുള്ള ഗോപുരം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ നഗരത്തിലെ ജനങ്ങൾക്ക് ഭീമൻ ടവർ ഘടികാരത്തിൽ സമയം കാണുവാനാകും.[11]
കൊട്ടാരത്തിനു പുറകിൽ വളരെ ആകർഷകമായി കല്ലിൽ കൊത്തിയെടുത്ത ഒരു ചെറിയ ഹിന്ദു ക്ഷേത്രമുണ്ട്.[12]
2001 ലെ ഗുജറാത്ത് ഭൂകമ്പം കൊട്ടാരത്തെയാകെ തകർത്തു.[13] തുടർന്ന് 2006 ൽ നടന്ന ഒരു കൊള്ളയും ഇവിടുത്തെ ഒട്ടേറെ വിലപിടിപ്പുള്ള വസ്തുക്കളെ നഷ്ടപ്പെടുത്തി. മോഷ്ടാക്കൾ ദശലക്ഷക്കണക്കിന് രൂപയുടെ ആന്റിക്കുകളും മറ്റു വസ്തുക്കളും കൊട്ടാരത്തിൽ നിന്ന് മോഷ്ടിച്ചു.[2] അതിനെതുടർന്ന് കൊട്ടാരം അതിൻറെ പ്രൗഡി ക്ഷയിച്ച് ഒറ്റപ്പെട്ടനിലയിലായിരുന്നു.[9] പിന്നീട് അമിതാഭ് ബച്ചൻ കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിന് താത്പര്യമെടുത്തതിനെ തുടർന്ന് കൊട്ടാരവും ഗോപുരവും പുനർനിർമ്മിക്കപ്പെട്ടു.[13] സന്ദർശകർക്ക് ഇപ്പോൾ പ്രധാന ഹാളും, ക്ലോക്ക് ടവറും കാണാൻ തുറന്നുകൊടുത്തിട്ടുണ്ട്.[1][3]
ബോളിവുഡ് ചിത്രങ്ങളായ ഹം ദിൽ ദേ ചുകേ സനം, ലഗാൻ തുടങ്ങി നിരവധി ഗുജറാത്തി ചിത്രങ്ങളടക്കം കൊട്ടാരത്തിൽ വെച്ച് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[2][9] നിലവിൽ, കൊട്ടാരം ഒരു മ്യൂസിയം ആയി പ്രവർത്തിക്കുന്നു.