സ്ഥാനം | George Town, Penang, Malaysia |
---|---|
നിർദ്ദേശാങ്കം | 5°24′53″N 100°19′53″E / 5.4148°N 100.3314°E |
പ്രവർത്തനം ആരംഭിച്ചത് | 2001 |
ആകെ സ്ഥാപനങ്ങളും സേവനങ്ങളും | 150 |
ആകെ നിലകൾ | 6 |
വെബ്സൈറ്റ് | www |
മലേഷ്യയിലെ ജോർജ്ജ് ടൗൺ പെനാങ്ങിൽ സ്ഥിതിചെയ്യുന്ന ഒരു ഷോപ്പിംഗ് മാളാണ് പ്രാൻഗിൻ മാൾ. പ്രാൻഗിൻ റോഡിൽ (ഇപ്പോൾ ജലൻ ഡോ ലിം ച്വീ ലിയോങ്ങ്) കൊംടാർ ടവറിന് സമീപമാണ് ഈ ഷോപ്പിംഗ് മാൾ സ്ഥിതിചെയ്യുന്നത്. ഈ മാളിൽനിന്ന് കൊംടാർ ടവറിലേക്കും ഫസ്റ്റ് അവന്യൂ മാളിലേക്കും ആകാശ പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കോലാലം പൂരിലെ സുംഗി വാങ്ങ് പ്ലാസക്ക് സമാനമായ രീതിയിലാണ് പ്രാൻഗിൻ മാൾ പ്രവർത്തിക്കുന്നത്.
2001 ലാണ് പ്രാൻഗിൻ മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇത് കൊംടാർ പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് പണികഴിപ്പിച്ചത്. ഈ ഷോപ്പിംഗ് മാളിന് പുതിയതായി നിർമ്മിച്ച ഫസ്റ്റ് അവന്യൂ ഷോപ്പിംഗ് മാളിൽനിന്നും മത്സരം നേരിടുന്നുണ്ട്. താഴേക്കിടയിലുള്ള വരുമാനക്കാർക്കും മദ്ധ്യ വർഗ്ഗ വരുമാനക്കാർക്കും വേണ്ടിയാണ് പ്രധാനമായും പ്രാൻഗിൻ മാൾ പ്രവർത്തിക്കുന്നത്[1]. എന്നിരുന്നാലും മാളിന്റെ പ്രധാന ഷോപ്പായ പാർക്സൺ അവരുടെ വിൽപ്പനശാല മാളിൽത്തന്നെ നിലനിറുത്തിയിരിക്കുന്നു[2].
പ്രാൻഗിൻ മാളിന് ആകെ ആറ് നിലകളാണ് ഉള്ളത്. ഇതിൽ ഒരു ഭൂഗർഭനിലയും ഉൾപ്പെടുന്നു[3].
പ്രാൻഗിൻ മാളിലെ പ്രധാന വിൽപ്പനശാലയാണ് പാർക്സൺ. ഈ മാളിന്റെ ആദ്യത്തെ നാല് നിലകളിലായി പാർക്സണിന്റെ വിൽപ്പനശാലകൾ പ്രവർത്തിക്കുന്നു.
ജോർജ്ജ് ടൗണിലെ പ്രധാന ഇലക്ട്രോണിക് വിൽപ്പനശാലയായി പ്രാൻഗിൻ മാൾ മാറിയിരിക്കുന്നു. ഇവിടെ വിലക്കുറവുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ വിൽക്കുന്ന അനേകം കടകൾ പ്രവർത്തിക്കുന്നുണ്ട്[4][5]. നാലാം നിലയിൽ കമ്പ്യൂട്ടറുകൾക്കും ബന്ധപ്പെട്ട ഉപകരണങ്ങൾക്കും മാത്രമായി ഇ@പ്രാൻഗിൻ എന്ന പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്[6].
വളരെ കുറഞ്ഞവിലയിലുള്ള സാധനങ്ങൾ വിൽക്കുന്ന കടകളുടെ ആധിക്യം മൂലം വരുമാനം കുറഞ്ഞ മദ്ധ്യവർഗ്ഗവരുമാനമുള്ളവരുടെയും താഴ്ന്നവരുമാനമുള്ളവരുടെയും പ്രധാന വാങ്ങൽ കേന്ദ്രമായി ഈ മാൾ മാറിയിട്ടുണ്ട്[1][7]. ഇവിടെ പ്രധാന ഫാഷൻ ബ്രാന്റുകളായ ബോഡിഗ്ലോവ്, ഗിയോർഡാനോ, പഡിനി, തകഷിമായ എന്നിവയുടെയെല്ലാം ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്[1][5][7].
സ്റ്റാർബക്സ്, പിസ്സ ഹട്ട്, സബ്‍വേ, മക്ഡൊണാൾഡ് തുടങ്ങി വിവിധ ഭക്ഷണ ബ്രാൻഡുകളുടെ ഷോപ്പുകളും പ്രാൻഗിൻ മാളിലുണ്ട്[1][5].
ഒരു വലിയ സിനിമ തീയറ്ററും മറ്റ് പല വിനോദകേന്ദ്രങ്ങളും ഈ മാളിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായുള്ള കളിസ്ഥലം, ആർക്കേഡുകൾ, ബോളിംഗ് അലൈ എന്നിവ ഇവിടെയുണ്ട്[3][5].
ജോർജ്ജ് ടൗണിന്റെ മദ്ധ്യഭാഗത്തായി പ്രാൻഗിൻ റോഡിന് (ഇപ്പോൾ ജലൻ ഡോ ലിം ച്വീ ലിയോങ്ങ്) അരികിലായാണ് പ്രാൻഗിൻ മാൾ സ്ഥിതിചെയ്യുന്നത്. കൊംടാർ ടവറിന്റെയും ഫസ്റ്റ് അവന്യൂ മാളിന്റെയും ഇടയിലാണ് ഈ മാളിന്റെ സ്ഥാനം. ഒരു കാലത്ത് ഇവിടെയുണ്ടായിരുന്ന കനാലിന്റെ പേരായിരുന്നു പ്രാൻഗിൻ . ഈ പേരിൽനിന്നാണ് പ്രാൻഗിൻ റോഡിന്റെയും മാളിന്റെയും പേര് വന്നത്. പ്രാൻഗിൻ കനാൽ ഇപ്പോൾ നിലവിലില്ല[8].
ജോർജ്ജ് ടൗണിന്റെ മദ്ധ്യഭാഗത്ത് കൊംടാറിലെ റാപിഡ് പെനാങ്ങ് ബസ് ടെർമിനലിനടുത്തായിട്ടാണ് പ്രാൻഗിൻ മാൾ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഈ മാളിൽ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. ജോർജ്ജ് ടൗണിലെ യുനെസ്കോ ഹെറിറ്റേജ് സൈറ്റിൽനിന്നും പണം കൊടുക്കാതെ യാത്രചെയ്യാവുന്ന റാപ്പിഡ് പെനാങ്ങ് സിഎറ്റി ബസ്സിൽ കയറിയാൽ എളുപ്പത്തിൽ പ്രാൻഗിൻ മാളിൽ എത്താം. പെനാങ്ങ് ദ്വീപിലെ മിക്ക റാപ്പിഡ് പെനാങ്ങ് ബസ്സ് റൂട്ടുകളും കൊംടാർ ബസ്സ് ടെർമിനലിലൂടെയാണ് കടന്നു പോകുന്നത്. കൊംടാറിലേക്ക് പോകുന്ന ഏത് റാപ്പിഡ് പെനാങ്ങ് ബസ്സ് മുഖാന്തരവും എളുപ്പത്തിൽ പ്രാൻഗിൻ മാളിൽ എത്തിച്ചേരാൻ കഴിയും.
പ്രാൻഗിൻ മാൾ Archived 2016-12-02 at the Wayback Machine.