പർവ്വതവാസി നിഴൽത്തുമ്പി | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. monticola
|
Binomial name | |
Protosticta monticola Emiliyamma & Palot, 2016
|
നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പർവ്വതവാസി നിഴൽത്തുമ്പി അഥവാ മാമല നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta monticola).[1][2][3][4] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[2] മലമുകളിൽ വസിക്കുന്നത് എന്ന അർത്ഥമാണ് "മോൻടികോള" എന്ന ശാസ്ത്രീയനാമം കൊണ്ട് ഉദ്ദേശിക്കുന്നത്.[2][3][4]
ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പതിനഞ്ച് നിഴൽത്തുമ്പികളിൽ പന്ത്രണ്ടും പശ്ചിമഘട്ടത്തിൽ നിന്നുമാണ്.[5][6]
കറുത്ത അഗ്രത്തോടുകൂടിയ നീലകലർന്ന പച്ചനിറത്തിലുള്ള കണ്ണുകളും ഇരുണ്ട ഉടലുമുള്ള ഈ സൂചിത്തുമ്പിയുടെ ഉരസ്സിൽ മഞ്ഞ വരകൾ ഉണ്ട്. സുതാര്യമായ ചിറകുകളിലെ പൊട്ടുകൾക്ക് കടുത്ത തവിട്ടുനിറമാണ്. കറുപ്പുനിറത്തിലുള്ള ഉദരത്തിന്റെ ആദ്യ ഖണ്ഡങ്ങളുടെ വശങ്ങളിൽ മഞ്ഞനിറമുണ്ട്. 3 മുതൽ 8 വരെയുള്ള ഖണ്ഡങ്ങളുടെ തുടക്കത്തിൽ മഞ്ഞ വളയങ്ങളുണ്ട്. എട്ടാം ഖണ്ഡത്തിന്റെ വശങ്ങൾക്കും മഞ്ഞനിറമാണ്. ഒൻപതും പത്തും ഖണ്ഡങ്ങളും കുറുവാലുകളും കറുപ്പുനിറമാണ്. പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെതന്നെ ആണെങ്കിലും കുറുകിയ ശരീരപ്രകൃതമാണ്.[2]
ഉദരത്തിലെ മഞ്ഞ കലകളിൽ ഉള്ള വ്യത്യാസവും കണ്ണിന്റെ നിറവും ഇവയെ സമാന ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ചോല നിഴൽത്തുമ്പിയിൽനിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു. ചോല നിഴൽത്തുമ്പിയുടെ ഉദരത്തിന്റെ മുതുകുവശം എട്ടാം ഖണ്ഡത്തിൽ മഞ്ഞ നിറത്തിലാണ്. ഒൻപതാം ഖണ്ഡത്തിന്റെ ഇരു വശങ്ങളിലും ഓരോ മഞ്ഞ പൊട്ടുകൾ ഉണ്ട്. അവയുടെ കണ്ണുകൾ നീല നിരത്തിലുള്ളവയും ആണ്.[7]
കോഴിക്കോട് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരായ ഡോ. കെ. ജി. എമിലിയമ്മയും ഡോ. ജാഫർ പാലോട്ടും അടങ്ങുന്ന സംഘമാണ് ഈ കണ്ടുപിടിത്തത്തിന്റെ പിന്നിൽ. പശ്ചിമഘട്ട മലനിരയിൽ ഏകദേശം 1600 മീറ്റർ ഉയരത്തിലുള്ള ചോലക്കാടുകളിലാണ് ഇവയുടെ ആവാസസ്ഥലം. ഇടുക്കി ജില്ലയിൽ ആനമല മലനിരകളിൽ ആണ് 2014 ൽ ഇവയെ ആദ്യമായി കണ്ടത്. പിന്നീടുള്ള പഠനത്തിൽ ഇവയുടെ സാന്നിദ്ധ്യം മറയൂർ കമ്പിളിപ്പാറച്ചോലയിലും നാഗമലച്ചോലയിലും കണ്ടെത്തി.[8] ഇടുക്കി ജില്ലയിലെ മതികെട്ടാൻ ചോല ദേശിയോദ്യാനത്തിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.[2]
ആൺതുമ്പികളെ കാട്ടരുവികളിൽനിന്നും അകലെയായി ചോലക്കാടുകളിലാണ് കാണപ്പെടുന്നത്. പെൺതുമ്പികളെ ചോലക്കാടുകൾക്കടുത്തുള്ള കാട്ടരുവികളിലും. തെക്കൻ അരുവിയൻ, പഴനി മുളവാലൻ എന്നീ തുമ്പികളുടെയും കൂടെയാണ് ഇവയെ കണ്ടത്. ഉയരത്തിലുള്ള ചോലക്കാടുകളിൽ കണ്ടെത്തിയ ഏക നിഴൽത്തുമ്പിയാണിത്.[2]
ചെറു നിഴൽത്തുമ്പിയുടെ വലിപ്പമേ ഇവയ്ക്കുള്ളൂ. ഉദരത്തിന്റെ മുതുകുഭാഗത്തെ കറുപ്പുനിറവും ഏഴും എട്ടും ഖണ്ഡങ്ങളുടെ മുതുകുഭാഗത്തെ നീലയും മഞ്ഞയും നിറങ്ങളുടെ അഭാവവും കുറുവാലുകളുടെ പ്രത്യേക ആകൃതിയും ഇവയെ മറ്റു നിഴൽത്തുമ്പികളിൽനിന്നും തിരിച്ചറിയാൻ സഹായിക്കും.[2]
{{cite journal}}
: Unknown parameter |authors=
ignored (help) ഈ ലേഖനത്തിൽ ഈ ഉറവിടത്തിൽനിന്നും പകർത്തിയിട്ടുള്ള ഉദ്ധരണികൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 4.0 അന്താരാഷ്ട്ര അനുവാദപത്ര (CC BY-4.0) പ്രകാരം ലഭ്യമാണ്.
{{cite news}}
: CS1 maint: bot: original URL status unknown (link)