ഇമ്യൂണോളജിയിലും സാംക്രമിക രോഗ ഗവേഷണത്തിലും വൈദഗ്ദ്യമുള്ള ബംഗ്ലാദേശ് ശാസ്ത്രജ്ഞയാണ് ഫിർദൗസി ഖദ്രി (ജനനം മാർച്ച് 31, 1951). 25 വർഷത്തിലേറെ കോളറയ്ക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചിട്ടുള്ള അവർക്ക്[1] അത് കൂടാതെ മറ്റ് പകർച്ചവ്യാധികളായ ഇടിഇസി, ടൈഫോയ്ഡ്,ഹെലിക്കോബാക്റ്റർ പൈലോറി, റോട്ടവൈറസ് മുതലായവയിലും വൈദഗ്ധ്യമുണ്ട്. നിലവിൽ അവർ ബംഗ്ലാദേശിലെ ഡയേറിയൽ ഡിസീസ് ആൻഡ് റിസർച്ചിന്റെ ഇന്റർനാഷണൽ സെന്റർ ഫോർ വാക്സിൻ സയൻസസിന്റെ ഡയറക്ടറായി ജോലി ചെയ്യുന്ന ഡോ ഖദ്രി ശാസ്ത്ര -ആരോഗ്യ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണായും പ്രവർത്തിക്കുന്നു.[2] അവരുടെ ശാസ്ത്രീയ നേട്ടങ്ങൾ പ്രധാനമായും കടുത്ത വയറിളക്കത്തിന്റെ പ്രധാന കാരണങ്ങൾ ആയ എന്ററിക് അണുബാധകളിലും വിബ്രിയോ കോളറയും എന്ററോടോക്സിജെനിക് എസ്‌ചെറിചിയ കോളിയും ഉൾപ്പെടെയുള്ളവയ്ക്കുള്ള വാക്സിനുകളുടെ ഗവേഷണങ്ങളിലാണ്. ബംഗ്ലാദേശിലെ എച്ച്. പൈലോറി രോഗബാധിതരിൽ രോഗപ്രതിരോധ ശേഷി പഠിക്കുന്നതിലും ടൈഫോയ്ഡ് പനിയുടെയും വാക്സിനുകളുടെയും പ്രതികരണങ്ങൾ പഠിക്കുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു.[1] വായിലൂടെ നൽകാനാകുന്ന ചെലവ് കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ് വാക്സിനും വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ച ഡോ. ഖദ്രിയുടെ പ്രധാന പ്രവർത്തനമേഖല വികസ്വര രാജ്യങ്ങളിലെ ചേരിപ്രദേശങ്ങളാണ്.[3]
ഡോ.ഖദ്രിക്ക് ധാക്ക സർവകലാശാലയിൽ നിന്ന് യഥാക്രമം 1975 ലും 1977 ലും ബയോകെമിസ്ട്രിയിലും മോളിക്യുലർ ബയോളജിയിലും ബിഎസ്‌സി, എംഎസ്‌സി ബിരുദം ലഭിച്ചു. 1980 -ൽ അവർ ലിവർപൂൾ സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രി/ഇമ്മ്യൂണോളജിയിൽ പിഎച്ച്ഡി ബിരുദം നേടി. ഐസിഡിഡിആറിൽ നിന്ന് ഇമ്യൂണോളജിയിൽ പോസ്റ്റ്ഡോക്ക് പൂർത്തിയാക്കിയ ശേഷം, 1988 ൽ അതേ സ്ഥാപനത്തിൽ അസോസിയേറ്റ് സയന്റിസ്റ്റായി ചേർന്നു. നിലവിൽ, സീനിയർ സയന്റിസ്റ്റും ഐസിഡിഡിആറിലെ സെന്റർ ഫോർ വാക്സിൻ സയൻസ് ഡയറക്ടറുമാണ് അവർ.
എൻട്രിക് രോഗങ്ങൾ, പ്രത്യേകിച്ച് രോഗപ്രതിരോധം, ജനിതകശാസ്ത്രം, പ്രോട്ടോമിക് ടെക്നോളജി, ഡയഗ്നോസ്റ്റിക്സ്, വാക്സിൻ വികസനം എന്നീ മേഖലകളിൽ ആണ് ഡോ ഖദ്രി ഗവേഷണം നടത്തിയത്. ബംഗ്ലാദേശിൽ പാവപ്പെട്ട ആളുകൾക്ക് ആയി ചെലവേറിയ ഡുക്കോറലിന് പകരമായി ഒരു പുതിയ വിലകുറഞ്ഞ ഓറൽ കോളറ വാക്സിൻ അവതരിപ്പിക്കാൻ അവർ ശ്രമിച്ചു.[4][5] ധാക്കയിലെ ചേരി പ്രദേശങ്ങളിൽ ഷാഞ്ചോൾ വാക്സിൻ ഫലപ്രാപ്തി പഠിച്ച അവർ[6] അത് റോഹിങ്ക്യ അഭയാർഥികൾക്ക് ഉൾപ്പെടെ ബംഗ്ലാദേശികൾക്ക് മുഴുവനായും ഉപകാരപ്പെടുന്ന തരത്തിൽ പൊതു ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി മാറ്റുന്ന്തിനും പ്രവർത്തിച്ചു.[7][8]
2012 -ൽ, ഖദ്രിക്ക് സാംക്രമിക എൻട്രിക് രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഫാൻഡേഷൻ ക്രിസ്റ്റോഫ് എറ്റ് റോഡോൾഫ് മെറിയൂക്കിന്റെ വാർഷിക ശാസ്ത്രീയ 'ഗ്രാൻഡ് പ്രൈസ്' ആയ "ക്രിസ്റ്റോഫ് മെറിയക്സ് പ്രൈസ്" ലഭിച്ചു.[9][10] ഈ അവാർഡ് 2014 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്പിംഗ് സയൻസ് ആൻഡ് ഹെൽത്ത് ഇനിഷ്യേറ്റീവുകളുടെ (ideSHi) രൂപീകരണം സാധ്യമാക്കി.[11] 2014-ൽ, യുഎൻ മേധാവിയെ ഒരു നിർദ്ദിഷ്ട ടെക്നോളജി ബാങ്കിന്റെ ഓർഗനൈസേഷണൽ, പ്രവർത്തന വശങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ശാസ്ത്രം, സാങ്കേതികവിദ്യ, ഇന്നൊവേഷൻ സപ്പോർട്ടിംഗ് മെക്കാനിസം എന്നിവ ഏറ്റവും അവികസിത രാജ്യങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യുന്ന ഒരു ഉയർന്ന തലത്തിലുള്ള പാനലിലെ അംഗമായി അവർ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സയന്റിസ്റ്റ് മാഗസിൻ പ്രസിദ്ധീകരിച്ച മികച്ച 100 ഏഷ്യൻ ശാസ്ത്രജ്ഞരുടെ പട്ടികയിലും അവർ ഉൾപ്പെട്ടിട്ടുണ്ട്.[12]
ബംഗ്ലാദേശ് സൊസൈറ്റി ഓഫ് മൈക്രോബയോളജിസ്റ്റുകളുടെ സ്ഥാപകയും ബോർഡ് ഓഫ് അഡ്വൈസറി അംഗവുമാണ് ഖദ്രി.[14]അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജി ബംഗ്ലാദേശിന്റെ ഇന്റർനാഷണൽ അംബാസഡറും [15] 2008 മുതൽ ബംഗ്ലാദേശ് അക്കാദമി ഓഫ് സയൻസസിന്റെ ഫെലോയും ആണ് ഡോ ഖദ്രി.[16]
↑Qadri, Firdausi; Wierzba, Thomas F.; Ali, Mohammad; Chowdhury, Fahima; Khan, Ashraful I.; Saha, Amit; Khan, Iqbal A.; Asaduzzaman, Muhammad; Akter, Afroza (2016-05-04). "Efficacy of a Single-Dose, Inactivated Oral Cholera Vaccine in Bangladesh". New England Journal of Medicine (in ഇംഗ്ലീഷ്). 374 (18): 1723–1732. doi:10.1056/nejmoa1510330. PMID27144848.