ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാളിൽ നടന്ന ഒരു ശൈശവവിവാഹത്തെ തുടർന്ന് നടന്ന നിർബന്ധിത ലൈംഗികബന്ധത്താൽ ഫൂൽമണി ദാസി എന്ന പതിനൊന്നുകാരി അരക്കെട്ട് തകർന്ന് മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഫൂൽമണി ദാസി കേസ്[1]. നിലവിലുണ്ടായിരുന്ന നിയമപ്രകാരം വിവാഹിതരുടെ ബലാത്സംഗം കുറ്റകരമല്ലാതിരുന്നതിനാൽ[2] ഭർത്താവ് ബലാത്സംഗകേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ കേസിനെ തുടർന്ന് വിവാഹിതർക്കും അവിവാഹിതർക്കും ബാധകമാക്കിക്കൊണ്ട് സമ്മതപ്രായം 12 ആയി ഉയർത്തുന്ന ഏജ് ഓഫ് കൺസെന്റ് ആക്റ്റ്, 1891 നിലവിൽ വന്നു. ശൈശവവിവാഹത്തിനെതിരെയും ശബ്ദങ്ങളുയരാൻ ഈ കേസ് കാരണമായി[3]. മനപൂർവ്വമല്ലാത്ത നരഹത്യക്ക് ഭർത്താവ് ശിക്ഷിക്കപ്പെടുകയും ചെയ്തു.
നിർബന്ധിതമായ ലൈംഗികബന്ധത്താലാണ് യോനിക്ക് പരിക്കേറ്റ് അമിത രക്തസ്രാവം മൂലം ഫൂൽമണി കൊല്ലപ്പെടുന്നത്. ഫൂൽമണിയുടെ പതിനൊന്നാം വയസ്സിലാണ് 35 വയസുകാരനായ ഹരിമോഹൻ മൈതി അവരെ പ്രാപിക്കാൻ ശ്രമിച്ചത്[1] [4] [5].
1890 ജൂലൈ 6 -ന് കൊൽക്കത്ത സെഷൻസ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചു[6]. പെൺകുട്ടിയുടെ അമ്മ ഭർത്താവിനെതിരെ മൊഴി നൽകിയെങ്കിലും[5] 1860-ലെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം വിവാഹിതരുടെ ലൈംഗികബന്ധം നിർബന്ധിതമാണെങ്കിൽ കൂടി ബലാത്സംഗത്തിന്റെ പരിധിയിൽ വരുമായിരുന്നില്ല[6] എന്നതിനാൽ ബലാത്സംഗകുറ്റം ഒഴിവാക്കപ്പെട്ടു. മനപൂർവ്വമല്ലാത്ത നരഹത്യയുടെ പേരിൽ ഒരുവർഷത്തെ ജയിൽ വാസമാണ് ഹരിമോഹന് കിട്ടിയ ശിക്ഷ[3][5]. ചക്രവർത്തിനി / ഹരിമോഹൻ മൈതി എന്നപേരിലാണ് കേസ് അറിയപ്പെട്ടത്[4].
ഏജ് ഓഫ് കൺസെന്റ് ആക്ട്, 1891 അഥവാ ആക്ട് X ഓഫ് 1891. നിലവിൽ വരാൻ ഈ സംഭവവും ഒരു കാരണമായി മാറി. ഈ നിയമപ്രകാരം വിവാഹിതരോ അവിവാഹിതരോ ആയ പെൺകുട്ടികളുടെ ലൈംഗികബന്ധത്തിനായുള്ള സമ്മതപ്രായം ചുരുങ്ങിയത് 10 വയസ് എന്നുണ്ടായിരുന്നത് 12 വയസായി ഉയർത്തി. മറിച്ചുള്ളവ ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്നും[7] ക്രിമിനൽ നിയമനടപടികൾക്ക് വിധേയമാകുമെന്നും നിയമം അനുശാസിച്ചു. നിലവിലുണ്ടായിരുന്ന 1882-ലെ സമാനനിയമമനുസരിച്ച് 10 വയസായിരുന്നു സമ്മതപ്രായം. ഈ നിയമത്തിന്റെ ഭേദഗതിയായി വന്ന പുതിയ ബിൽ നിയമമായി മാറുകയായിരുന്നു. നിയമം നിലവിൽ വന്നെങ്കിലും കണിശമായി നടപ്പാക്കപ്പെട്ടില്ല ഇത്.