ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികമായ സമ്പർക്കത്തെ അഥവാ അതിക്രമത്തെയാണ് ബലാത്സംഗം എന്ന് പറയുന്നത്. ലൈംഗിക ആസ്വാദനത്തേക്കാൾ ഉപരി കീഴടക്കലിന്റെ അധികാരമാണ് പലപ്പോഴും ബലാത്സംഗത്തിൽ നടക്കാറുള്ളത്. വിവാഹബന്ധത്തിൽ പോലും ധാരാളമായി ബലാത്സംഗം നടക്കാറുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. ചുണ്ടുകൾ, മാറിടം മറ്റു ശരീരഭാഗങ്ങൾ തുടങ്ങിയവ കടിച്ചു പൊട്ടിക്കുക, മാറിടത്തിൽ ഇടിക്കുക, സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിക്കുക തുടങ്ങി പല രീതിയിൽ ഉള്ള ക്രൂരമായ കൊലപാതകങ്ങൾ ബലാത്സംഗത്തിന് ഇരയാകുന്ന വ്യക്തി അനുഭവിക്കേണ്ടി വരാറുണ്ട്. അതിക്രമത്തിനിടക്ക് ചിലപ്പോൾ ഇരയ്ക്ക് മരണം പോലും സംഭവിക്കാം. ഇന്ത്യയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഏറ്റവും സാർവ്വജനീനമായ കുറ്റകൃത്യമാണ് ബലാത്സംഗം എന്ന് രാധാകുമാർ അഭിപ്രായപ്പെടുന്നു[1]. തോംസൺ റൊയിട്ടേഴ്സ് അഭിപ്രായസർവ്വേപ്രകാരം സ്ത്രീകൾക്ക് ഏറ്റവും മോശം ജീവിതസാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇരയായ സ്ത്രീകളോട് സമൂഹം വച്ചുപുലർത്തുന്ന അവഹേളനങ്ങളും പരിഹാസവും ഇന്ത്യയിൽ സാധാരണമാണ്. രാജ്യത്ത് നിലനിൽക്കുന്ന പുരുഷാധിപത്യമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു[2]. എൻ.സി.ആർ.ബിയുടെ കണക്കുകൾ പ്രകാരം 24,206 ബലാത്സംഗ കേസുകളാണ് 2011-ൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.[3] സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 25,000 ത്തോളം കേസുകളും, 38,000 മാനഭംഗ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു[4]. എന്നാൽ, റിപ്പോർട്ട് ചെയ്യപ്പെടാത്ത സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ വളരെയധികമുണ്ടെന്നും, വളരെ കുറച്ച് സംഭവങ്ങൾ മാത്രമേ പുറംലോകം അറിയുന്നുള്ളുവെന്നും വിവിധ സ്ത്രീസംഘടനകൾ ആരോപിക്കുന്നു. 2008-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകൾ 1990-ലെതിന്റെ രണ്ടിരട്ടിയാണ്.[5] 1980 വരെയും, ഇന്ത്യൻ നിയമപ്രകാരം ഭർത്തൃപീഡനം ബലാത്സംഗത്തിന്റെ പരിധിയിൽ വരുമായിരുന്നില്ല. 1983-ൽ ഇന്ത്യൻ ശിക്ഷാനിയമം തിരുത്തുകയും, ഭർത്തൃപീഡനത്തെ ബലാത്സംഗത്തിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്തെങ്കിലും ഇന്നും വൈവാഹിക ബലാത്സംഗം ഇന്നും ഇന്ത്യയിൽ വ്യാപകമാണ്. ഇത് സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ പരിക്കുകൾ പറ്റാൻ ഇടയാക്കുകയും അവരെ ഭയത്തിലേക്കും ലൈംഗിക വിരക്തിയിലേക്കും നയിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ പല വിവാഹബന്ധങ്ങളുടെയും തകർച്ചക്ക് ഭർത്തൃബലാത്സംഗം ഒരു പ്രധാന കാരണം തന്നെയാണ്.[6]
ഇന്ത്യാ വിഭജന കാലഘട്ടത്തിൽ ഒരു ലക്ഷത്തോളം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികപീഡനത്തിനു വിധേയരാക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്.[7][8] ഇന്ത്യയുടെ 1971-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ലൈംഗികപീഡനം 700 ശതമാനത്തിലേറെയാണ് വർദ്ധിച്ചത്. എൻ.സി.ആർ.ബി റിപ്പോർട്ട് പ്രകാരം 53 ലൈംഗികപീഡനങ്ങളാണ് ദിവസവും ഇന്ത്യയിൽ നടക്കുന്നത്. ഇന്ത്യയിൽ ഓരോ 34 മിനിറ്റുകൾക്കുള്ളിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു.[9] ഇന്ത്യൻ പുരുഷന്മാരിൽ നാലിൽ ഒരാൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗിക അതിക്രമം നടത്തിയവരാണ് എന്ന് അന്തർദേശീയ സ്ത്രീപുരുഷ തുല്യതാ സർവ്വെയുടെ ഫലങ്ങൾ പറയുന്നു. അഞ്ചിൽ ഒന്ന് പുരുഷന്മാരും തങ്ങളുടെ ഭാര്യയേയോ ലൈംഗിക പങ്കാളിയെയോ ലൈംഗിക ബന്ധത്തിനു വേണ്ടി നിർബന്ധിക്കുന്നു എന്നും ഈ പഠനം സൂചിപ്പിക്കുന്നു.[10] ഇന്ത്യയിൽ ലൈംഗിക തൃഷ്ണ അടിച്ചമർത്തപ്പെടുന്നതുകൊണ്ടും, സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി മാത്രം കാണുന്നതുകൊണ്ടുമാണ് ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നത് എന്ന് ചില സ്ത്രീപക്ഷ ചിന്തകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ലിംഗ അസമത്വം, താഴ്ന്ന ജീവിത നിലവാരം, ലൈംഗികതയെ പറ്റിയുള്ള വികലമായ ധാരണകൾ, ബലം പ്രയോഗിച്ചോ ഭയപ്പെടുത്തിയോ ഉള്ള ലൈംഗികതയെ അനുകൂലിക്കുന്ന കാഴ്ചപ്പാട്, പ്രതികാര മനോഭാവം, സാംസ്കാരികമായ കാഴ്ചപ്പാടുകൾ എന്നിവയൊക്കെ ഇതിന് കാരണമാകാം.[10] 2006-ൽ 7,618 സ്ത്രീകൾ സ്ത്രീധനപീഡനങ്ങൾക്കിരയായി കൊല്ലപ്പെട്ടു. ഇത്, 2005-ലെ കണക്കുകളെക്കാൾ 12 ശതമാനം അധികമാണ്. ഇന്ത്യയുടെ ലൈംഗികാതിക്രമ തലസ്ഥാനം എന്ന് കുപ്രസിദ്ധി നേടിയ ഡെൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 414 കേസുകളിൽ 34.6 ശതമാനത്തിൽ മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.[11] 2011-ൽ 26,000 ലൈംഗിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്തു.[12] ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 256,329 അക്രമങ്ങളിൽ 228,650 എണ്ണവും സ്ത്രീകൾക്കെതിരായുള്ളതായിരുന്നു.[13]
ഐ.പി.സി സെക്ഷൻ 375 പ്രകാരം ഒരു പുരുഷനും പതിനാറു വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീയും തമ്മിൽ, സ്ത്രീയുടെ സമ്മതമില്ലാതെയോ, അവരുടെ താല്പര്യങ്ങൾക്കെതിരായോ, അല്ലെങ്കിൽ, ബലപ്രയോഗത്തിലൂടെയോ, ഭീഷണിയിലൂടെയോ, ചതിയിലൂടെയോ അവരുടെ സമ്മതം നേടിയെടുത്തോ, നടത്തുന്ന നിയമപരമായല്ലാത്ത ലൈംഗികബന്ധത്തിനെയാണ് ബലാത്സംഗം എന്ന് നിർവചിച്ചിരിക്കുന്നത്. മാനസികരോഗമുള്ള സ്ത്രീയുമായോ, ലഹരിപദാർഥങ്ങളുടെ സ്വാധീനത്തിലുള്ള സ്ത്രീയുമായോ സമ്മതത്തോടുകൂടിയോ, അല്ലാതെയോ നടത്തുന്ന ലൈംഗികബന്ധങ്ങളും ഈ സെക്ഷൻ പ്രകാരം ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നു. ഇതേ സെക്ഷൻ പ്രകാരം പതിനഞ്ച് വയസ്സിൽ താഴെയല്ലാത്ത ഭാര്യയുമായി ഭർത്താവ് നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നില്ല.
മണിപ്പൂർ സംസ്ഥാനത്തിൽ മാത്രം വിവാഹിതയായ സ്ത്രീക്ക് 13 ഉം, അവിവാഹിതയായ സ്ത്രീക്ക് 14 ഉം വയസ്സുണ്ടെങ്കിൽ ലൈംഗികബന്ധത്തിന് സമ്മതം നൽകാൻ കഴിയുന്നതും, സമ്മതത്തിന് നിയമസാധുത ഉണ്ടായിരിക്കുന്നതുമാണ്.
ബാലവിവാഹ നിരോധന നിയമപ്രകാരവും, ഹിന്ദു വിവാഹനിയമപ്രകാരവും സ്ത്രീക്ക് വിവാഹം കഴിക്കാവുന്ന കുറഞ്ഞ പ്രായം 18 വയസ്സാണ്. ഈ രണ്ട് നിയമങ്ങൾ പ്രകാരം 18 വയസ്സിനു താഴെയുള്ള സ്ത്രീയുമായി നടത്തിയ വിവാഹം നിയമസാധുതയില്ലാത്തതും, ലൈംഗികബന്ധം നടന്നാൽ ഭർത്താവ് ബലാത്സംഗത്തിന് കുറ്റക്കാരനാകുന്നതുമാണ്.
ഐ.പി.സി സെക്ഷൻ 376 ഉപസെക്ഷൻ (1) പ്രകാരം ബലാത്സംഗത്തിനുള്ള ശിക്ഷ കുറഞ്ഞത് ഏഴു കൊല്ലം തടവും, പിഴയുമാണ്.
ഐ.പി.സി സെക്ഷൻ 376 ഉപസെക്ഷൻ (2) പ്രകാരം പൊലീസ് അഥവാ ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിൽ വച്ചോ ബലാത്സംഗം നടത്തിയാലോ, ഗർഭിണിയെ ബലാത്സംഗം ചെയ്താലോ, കൂട്ടബലാത്സംഗം നടത്തിയാലോ, പന്ത്രണ്ട് വയസ്സിനു താഴെയുള്ള (പെൺ)കുട്ടിയെ ബലാത്സംഗം ചെയ്താലോ കുറഞ്ഞ ശിക്ഷ 10 വർഷം തടവും പിഴയുമാണ്.
ഐ.പി.സി സെക്ഷൻ 376-എ പ്രകാരം വിവാഹമോചന നടപടികൾ പുരോഗമിക്കവേ ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന ഭാര്യയുമായി ഭർത്താവ് ലൈംഗികബന്ധം നടത്തിയാൽ 2 വർഷം വരെ തടവ് ലഭിക്കാം.
ഐ.പി.സി സെക്ഷൻ 228-എ, ഉപസെക്ഷൻ (1), 376, 376A, 376B, 376C , 376D എന്നീ സെക്ഷനുകൾ പ്രകാരം വാദിയുടേ പേരോ, മേൽവിലാസമോ, തിരിച്ചറിയാൻ സഹായകരമായ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിക്കുകയോ ചെയ്തതായി തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം തടവു് ശിക്ഷയും പിഴയും ചുമത്തപ്പെടും.
ഐ.പി.സി സെക്ഷൻ 228-എ ഉപസെക്ഷൻ (2) പ്രകാരം മുകളിൽ പറഞ്ഞിരിക്കുന്ന നിയമം ബാധകമല്ലാത്ത അവസ്ഥകൾ:
സദുദ്ദേശത്തോടുകൂടെയും, കേസ് അന്വഷണത്തിന്റെ ഭാഗമായും ഉത്തരവാദിത്തപ്പെട്ട പോലീസ് ഒഫിസറിന്റെ രേഖാമൂലമുള്ള നിർദ്ദേശപ്രകാരമുള്ള വെളിപ്പെടുത്തലുകൾ.
വാദിയുടെ വെളിപ്പെടുത്തൽ അല്ലെങ്കിൽ വാദിയുടെ രേഖാമൂലമുള്ള അംഗീകാരത്തോടെയുള്ള വെളിപ്പെടുത്തൽ.
വാദി മരണപ്പെടുകയോ, വാദി പ്രായപൂർത്തി എത്തിയിട്ടില്ലാത്തതോ ആയ അവസ്ഥയിൽ, വാദിയുടേ അടുത്ത ബന്ധുവിന്റെ രേഖാമൂലമ്മുള്ള വെളിപ്പെടുത്തൽ.
ബന്ധുക്കൾ വാദിയുടെ വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമ്മതം രേഖാമൂലം എഴുതി ഏതെങ്കിലും സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരമുള്ള ജനഃക്ഷേമ സംഘടനയുടെ സെക്രട്ടറിക്കോ, അദ്ധ്യക്ഷനോ കൈമാറേണ്ടതാണു്.
ഐ.പി.സി സെക്ഷൻ 228-എ ഉപസെക്ഷൻ (3) : സബ്സെക്ഷൻ ഒന്നു പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ കോടതി നടപടികളോ, നീക്കുപോക്കുകളോ കോടതിയുടെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ പ്രസിദ്ധപ്പെടുത്തിയതായി തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം തടവും പിഴയും ചുമത്തപ്പെടാം.
എന്നാൽ കോടതികൾ പ്രസിദ്ധീകരിക്കുന്ന രേഖകൾക്ക് ഈ നിയമം ബാധകമല്ല.
1996-ൽ ഇടുക്കിയിലെ സൂര്യനെല്ലിയിൽ വച്ച് 16 വയസ്സുള്ള പെൺകുട്ടിയെ 40 ദിവസങ്ങളോളം 42 ആളുകൾ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ മുഖ്യ പ്രതികൾ ശിക്ഷിക്കപ്പെട്ടു.[14]
1999-ൽ ഐ.എ.എസ് ഉദ്യോഗസ്ഥ നളിനി നെറ്റോയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് നീലലോഹിതദാസൻ നാടാർ എം.എൽ.എയെ കോടതി മൂന്നു മാസം തടവിനു വിധിച്ചു.[15]
2003-ൽ സീരിയലിൽ അഭിനയിപ്പിക്കാമെന്ന വ്യാജേന വിളിച്ചുവരുത്തി കിളിരൂർ സ്വദേശിനി ശാരി എന്ന പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങൾ മൂലം ഇവർ മരണമടഞ്ഞു.[16]
2004-ൽ കവിയൂർ സ്വദേശിനി അനഘ മരണത്തിനു ദിവസങ്ങൾക്കു മുൻപ് ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു എന്ന് സി.ബി.ഐ കണ്ടെത്തി.[17]
2005-ൽ കോട്ടയത്ത് നെഴ്സിങ് വിദ്യാർത്ഥിനിയെ റാഗിങ്ങിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ ലൈംഗിക പീഡനത്തിനു വിധേയയാക്കി.[18]
2008 ഫെബ്രുവരിയിൽ 18 വയസ്സുള്ള ബ്രിട്ടീഷ് സന്നദ്ധസേവകയെ രണ്ട് ടാക്സി ഡ്രൈവർമാർ ചേർന്ന് ഹിമാചൽ പ്രദേശിലെ പാലമ്പൂരിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു.[19]
2008 ഫെബ്രുവരിയിൽ സ്കാർലറ്റ് കീലിങ് എന്ന 15 വയസ്സുകാരി പെൺകുട്ടിയെ ഗോവയിലെ ഒരു വിനോദസഞ്ചാരകേന്ത്രത്തിൽ വച്ച് അനേകം വ്യക്തികൾ ലൈംഗികമായി പീഡിപ്പിക്കുകയും, വധിക്കുകയും ചെയ്തു.[20] 50 മുറിവുകളാണ് ഈ പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.[21][22]
2009 ഡിസംബറിൽ ശാന്തറാം നായിക് എന്ന ലോകസഭാംഗം തന്നെ പീഡിപ്പിച്ചതായി ഒരു റഷ്യൻ യുവതി ആരോപിച്ചു.[23]
2011-ൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സൗമ്യ എന്ന യുവതിയെ ഗോവിന്ദച്ചാമി എന്നയാൾ ലൈംഗികമായി പീഡിപ്പിക്കുകയും, മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ദിവസങ്ങൾക്കുശേഷം സൗമ്യ തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു.
2012 ഏപ്രിൽ 9-ന് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലെ ഹിന്ദു നാഷണൽ കോളേജിനു സമീപമുള്ള റോഡിൽവച്ച് ഒരു സംഘം യുവതികൾ ഒരു പുരുഷനെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. യുവാവ് പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് എഫ്.ഐ.ആർ തയ്യാറാക്കുകയും ചെയ്തു. പോലീസ് ഭാഷ്യപ്രകാരം, വഴി ചോദിക്കാനെന്ന വ്യാജേന അടുത്തുവന്ന സ്ത്രീകൾ യുവാവിന്റെ മുഖത്തേയ്ക്ക് എന്തോ എറിഞ്ഞ് അയാളെ ബോധരഹിതനാക്കിയാണ് തട്ടിക്കൊണ്ടൂ പോയത്.[24][25]
2012 ഡിസംബർ 16-ന് സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്ന 23-വയസ്സുള്ള ജ്യോതി എന്ന യുവതിയെ ബസ്സ് ജീവനക്കാർ കൂട്ട ബലാത്സംഗം ചെയ്യുകയും വിവസ്ത്രയാക്കി റോഡരികിൽ തള്ളുകയും ചെയ്തു. മാരകമായ പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദിവസങ്ങൾക്കകം സിംഗപ്പൂർ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ച് ജ്യോതി മരണപ്പെട്ടു[26] ആറു പ്രതികൾ പൊലീസ് പിടിയിലായി. രാജ്യം മുഴുവൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.[27][28]
2012 ഡിസംബറിലെ ഡെൽഹി ലൈംഗികപീഡനക്കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ലൈംഗിക പീഡനത്തിനു നൽകാവുന്ന മാതൃകാപരമായ ശിക്ഷ വധശിക്ഷയാണെന്ന് അവർ അവകാശപ്പെട്ടു.[29] ഇതേ സംഭവത്തെ അപലപിച്ച എഴുത്തുകാരി അരുന്ധതി റോയ്, ദളിത് സ്ത്രീകൾക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ പ്രാധാന്യത്തോടു കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും, മധ്യവർഗ്ഗ കുടുംബത്തിൽ പെട്ട സ്ത്രീയായതിനാലാണ് ഡെൽഹി സംഭവത്തിന് പ്രാധാന്യം ലഭിച്ചതെന്നും പറഞ്ഞു. മണിപ്പൂരിൽ ഇന്ത്യൻ സൈന്യം ബലാത്സംഗത്തെ ആയുധമായാണ് കാണുന്നതെന്നും അവർ കുറ്റപ്പെടുത്തി.[30] ഡെൽഹിയിലെ പൊലിസ് ഉദ്യോഗസ്ഥർക്കിടയിൽ തെഹൽക നടത്തിയ പഠനത്തിൽ സ്ത്രീകൾ പ്രലോഭനപരമായ വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ടൂം, രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതുകൊണ്ടും ആണ് പീഡിപ്പിക്കപ്പെടുന്നതെന്ന് പല ഉദ്യോഗസ്ഥരും കരുതുന്നതായി വെളിപ്പെടുത്തി.[31] നടനും നിർമ്മാതാവുമായ കമലഹാസൻഡെൽഹി സംഭവത്തെ ഉദ്ധരിച്ചുകൊണ്ട്, ഒരു തെറ്റിനുള്ള ശിക്ഷ മറ്റൊരു തെറ്റല്ലെന്നും, കുറ്റവാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നതിനോട് യോജിക്കുന്നില്ലെന്നും പറഞ്ഞു.[32] രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജീത് മുഖർജി, "ബലാത്സംഗത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരിൽ ഭൂരിഭാഗവും "ചായമടിച്ച, വക്രതകൾ കാണിക്കുന്ന" സ്ത്രീകളാണെന്ന് അഭിപ്രായപ്പെടുകയും,[33] പിന്നീട് പ്രസ്താവന പിന്വലിക്കുകയും ചെയ്തു.[34][35][36] അഭിജീതിന്റെ സഹോദരി, ജ്യേഷ്ഠന്റെ നിലപാടുകൾ തന്റെ കുടുംബത്തിന്റെ നിലപാടല്ലെന്നും, സഹോദരന്റെ പ്രസ്താവനയിൽ ഖേദിക്കുന്നുവെന്നും, ഇന്ത്യയിലെ സ്ത്രീകളോട് അഭിജീതിനു വേണ്ടി മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞു.
↑Butalia, Urvashi. Harsh Dobhal (ed.). Writings on Human Rights, Law and Society in India: A Combat Law Anthology. Human Rights Law Network. p. 598. ISBN81-89479-78-4.