ബസേലിയോസ് യൽദോ

1678 മുതൽ 1684 വരെ സുറിയാനി ഓർത്തഡോക്സ് സഭയിലെ കിഴക്കിന്റെ മഫ്രിയോനോ ആയിരുന്നു മോർ ബസേലിയോസ്‌ യൽദോ അഥവാ യൽദോ മാർ ബസേലിയോസ്. 1685ൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം മലബാറിൽ പുത്തങ്കൂർ മാർത്തോമാ നസ്രാണി വിഭാഗത്തിന്റെ അന്ത്യോഖ്യൻ സഭാ ബന്ധം ശക്തമാകുന്നതിന് കാരണമായി.[1] സുറിയാനി ഓർത്തഡോക്സ് സഭയിലും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലും ഇദ്ദേഹത്തെ ഒരു വിശുദ്ധനായി വണങ്ങിവരുന്നു.[2][3]

മോർ ബസേലിയോസ്‌ യൽദോ
കിഴക്കിന്റെ മഫ്രിയോനോ
നിയമനം1678ൽ ഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 1ാമൻ
സ്ഥാനാരോഹണം1678
ഭരണം അവസാനിച്ചത്1684
മുൻഗാമിബസേലിയോസ് ഹബീബ്
പിൻഗാമിബസേലിയോസ് ഗീവർഗ്ഗീസ്
വ്യക്തി വിവരങ്ങൾ
ജനനം1593
കൂദേദ് (കാരഖോഷ്)
മരണം1685 സെപ്റ്റംബർ 29
കോതമംഗലം
കബറിടംകോതമംഗലം ചെറിയപള്ളി
വിശുദ്ധപദവി
തിരുനാൾ ദിനംകന്നി 20
വണങ്ങുന്നത്സുറിയാനി ഓർത്തഡോക്സ് സഭയിലും,
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലും
വിശുദ്ധപദവി പ്രഖ്യാപനം1947 നവംബർ 7ന് ബസേലിയോസ്‌ ഗീവർഗ്ഗീസ് ദ്വിതീയൻ
1987 നവംബർ 20ന് ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ഇവാസ്
തീർത്ഥാടനകേന്ദ്രംകോതമംഗലം ചെറിയപള്ളി

പ്രാഥമിക വിവരങ്ങൾ

[തിരുത്തുക]
മോർ ബഹ്നാം ദയറോ

1593നടുത്ത് ആധുനിക ഇറാഖിലെ മൊസൂളിന് അടുത്തുള്ള ബഹുദയ്ദ (കാരഖോഷ്) എന്ന പ്രദേശത്താണ് യൽദോ ജനിച്ചത്. അദ്ദേഹം ജനിച്ച ഗ്രാമം കൂദേദ് എന്നാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്പത്തിൽ തന്നെ സഭാ പ്രവർത്തനത്തിലും ആത്മീയ കാര്യങ്ങളിലും ആകൃഷ്ടനായ അദ്ദേഹം സമീപത്തുള്ള മോർ ബഹ്നാം ദയറോയിൽ ചേർന്ന് റമ്പാനായി. 1678ൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 1ാമൻ ഇദ്ദേഹത്തെ മഫ്രിയോനോ ആയി വാഴിച്ചു. തുടർന്ന് ബസേലിയോസ്‌ യൽദോ എന്ന് അദ്ദേഹം പേര് സ്വീകരിച്ചു.[4]

മലബാറിലെ സാഹചര്യം

[തിരുത്തുക]

ഇക്കാലഘട്ടത്തിലാണ് മലബാറിലെ പുത്തങ്കൂർ നസ്രാണികളുടെ നേതാവായ തോമ 2ാമൻ മെത്രാന്മാരെയും മല്പാന്മാരെയും തേടിക്കൊണ്ട് സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിന് കത്തയക്കുന്നത്. കത്ത് ലഭിച്ച അബ്ദൽമസിഹ് പാത്രിയർക്കീസ് ഈ വിഷയം മഫ്രിയോനോ യൽദോയുമായി കൂടിയാലോചിച്ചു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മിഷനറിമാർ നസ്രാണികളുടെ സഭാഭരണം നിയന്ത്രിക്കാൻ തുടങ്ങിയിരുന്നു. നസ്രാണികൾക്ക് പേർഷ്യയിലെ കിഴക്കിന്റെ സഭയുമായും അതിൽ നിന്ന് രൂപപ്പെട്ട കൽദായ കത്തോലിക്കാ സഭയുമായും ഉള്ള ബന്ധം അവസാനിപ്പിച്ച് റോമൻ കത്തോലിക്കാ സഭയുടെ നേരിട്ടുള്ള ഭാഗമാക്കാൻ മിഷനറിമാർ ശ്രമിച്ചു. ഇതിനെതിരെയുള്ള നസ്രാണികളുടെ ചെറുത്തുനിൽപ്പ് 1653ലെ കൂനൻ കുരിശ് സത്യത്തിൽ കലാശിച്ചു. ഈ സംഭവത്തിലൂടെ പോർച്ചുഗീസ് മിഷനറിമാരുമായുള്ള ബന്ധം അവസാനിപ്പിച്ച നസ്രാണികൾ എന്നാൽ അധികം വൈകാതെ ആഭ്യന്തരമായ ഭിന്നതയിൽ എത്തിച്ചേർന്നു. കത്തോലിക്കാ സഭയുടെ നേതൃത്വം അയച്ച കർമ്മലിത്ത മിഷണറിമാരുടെ നേതൃത്വത്തിലുള്ള പുതിയ പുതിയ ദൗത്യ സംഘത്തോടും അവർ വാഴിച്ച തദ്ദേശീയ നസ്രാണി മെത്രാനോടും കൂറു പുലർത്തി റോമൻ കത്തോലിക്കാ ബന്ധം തുടർന്നവർ പഴയകൂറ്റുകാർ എന്നറിയപ്പെട്ടു. മറുവിഭാഗം കുരിശു സത്യത്തിന്റെ നേതാവായ അർക്കദിയാക്കോൻ തോമായുടെ നേതൃത്വത്തിൽ സ്വതന്ത്രരായി തുടരുകയും പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇവർ പുത്തങ്കൂറ്റുകാർ എന്ന് അറിയപ്പെട്ടു. 1665ൽ മലബാറിൽ എത്തിയ ഗ്രിഗോറിയോസ് അബ്ദൽ ജലീൽ ആണ് ഈ ബന്ധത്തിന് തുടക്കമിട്ടത്. ഇതിന്റെ തുടർച്ചയായാണ് തോമാ 2ാമൻ പുതിയ മെത്രാന്മാരെ തേടിയത്.

ഇന്ത്യയിലേക്കുള്ള പ്രയാണം

[തിരുത്തുക]
മോർ മത്തായി ദയറോ

ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ സവിശേഷ സാഹചര്യവും പേർഷ്യൻ സഭയുമായി നിലനിന്നിരുന്ന ബന്ധവും കണക്കിലെടുത്ത മഫ്രിയോനോ സ്വയം മലബാറിലേക്ക് പോകാൻ തീരുമാനിച്ചു. അപ്പോൾ 90 വയസ്സ് പിന്നിട്ടിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിൻറെ പ്രായാധിക്യം ചൂണ്ടിക്കാണിച്ചു പലരും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഈ ഉദ്യമം സ്വയം ഏറ്റെടുക്കാൻ ഉള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. മൊസൂളിന് സമീപമുള്ള മോർ മത്തായി ആശ്രമത്തിൽ വെച്ച് കർദ് ദ്വീപിൽ നിന്നുള്ള ദിയസ്കോറസ് മെത്രാപ്പോലീത്തയെ തന്റെ പിൻഗാമിയായി അദ്ദേഹം തിരഞ്ഞെടുത്തു. തുടർന്ന് ഇന്ത്യയിലേക്ക് അദ്ദേഹം യാത്ര പുറപ്പെട്ടു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പായി അദ്ദേഹം എപ്പിസ്കോപ്പയായി അഭിഷേകം ചെയ്ത ഇവാനിയോസ് ഹിദായത്തുള്ളയും അദ്ദേഹത്തെ അനുഗമിച്ചു. ഇതിനുപുറമേ മോർ യൽദോയുടെ സ്വന്തം സഹോദരനായ ജമ്മായും മോർ മത്തായി, മോർ ബഹ്നാം ദയറാകളിൽ നിന്നുള്ളവരായ യോവെയ്, മൊത്തായി എന്നീ രണ്ട് റമ്പാന്മാരും അദ്ദേഹത്തിന് ഒപ്പം യാത്രതിരിച്ചു. മൊസൂളിൽ നിന്ന് യാത്രചെയ്ത് ബസ്ര തുറമുഖത്ത് എത്തിയ അവർ ഇന്ത്യയിലേക്ക് കപ്പൽ കയറി.[4][5]

മോർ യൽദോയും സംഘവും യാത്ര ചെയ്ത കപ്പൽ 1685ന്റെ മദ്ധ്യത്തിൽ ഗുജറാത്തിലെ സൂറത്ത് തുറമുഖത്ത് നങ്കൂരമിട്ടു. അവിടെനിന്നും വടക്കൻ മലബാറിലെ തലശ്ശേരി തുറമുഖത്ത് അവർ എത്തിച്ചേർന്നു. മോർ യൽദോയും ഇവാനിയോസ് എപ്പിസ്കോപ്പയും മൊത്തായി റമ്പാനും മാത്രമേ സംഘത്തിൽ അപ്പോൾ അവശേഷിച്ചിരുന്നു.[6] സിറിയയിൽ നിന്നുള്ള ബിഷപ്പുമാരെ തടയാൻ പോർച്ചുഗീസുകാർ അക്കാലത്ത് പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. അതിനാൽ വേഷപ്രച്ഛന്നരായാണ് അവർ മലബാറിൽ എത്തിച്ചേർന്നത്. തുടർന്ന് പോർച്ചുഗീസുകാരുടെയും കൊള്ളക്കാരുടെയും ഭീഷണി ഒഴിവാക്കാൻ അവർ കിഴക്കോട്ട് യാത്ര ചെയ്യുകയും ചുരം കയറി തമിഴ്നാട് പ്രദേശങ്ങളിലേക്ക് കടക്കുകയും ചെയ്തു. ഇതിനിടെ വന്യജീവികളുടെയും മറ്റും ആക്രമണങ്ങൾ അവർക്ക് നേരെയുണ്ടായി എങ്കിലും അത്ഭുതകരമായി അവയിൽ രക്ഷപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. തുടർന്ന് പശ്ചിമഘട്ട മലനിരകളിലെ മലമ്പാതകളിലൂടെ യാത്രചെയ്ത് മൂന്നാറിന് അടുത്തുള്ള ഒരു മലയോര വാണിജ്യ കേന്ദ്രത്തിൽ എത്തിച്ചേർന്നു. കൊള്ളക്കാരുടെ സാന്നിധ്യം ഉണ്ടാകും എന്ന് വിലയിരുത്തി അവിടെയുള്ള താൽക്കാലികസത്രങ്ങളിൽ കഴിയാതെ മലമുകളിൽ ചെന്ന് അവർ രാത്രി ചെലവാക്കി. അപ്പോൾ ഭീകരമായ മഴയുണ്ടാവുകയും തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വെള്ളപ്പൊക്കത്തിലും താഴ്വരയിലെ വ്യാപാര കേന്ദ്രവും സത്രങ്ങളും നശിക്കുകയും അതിൽ താമസിച്ചിരുന്ന കുറേ ആളുകൾ മരണപ്പെടുകയും ചെയ്തു. രാവിലെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ മഫ്രിയോനോ യൽദോയും സംഘവും മരണപ്പെട്ടവർക്ക് വേണ്ടി കുർബാന അർപ്പിച്ച് പ്രാർത്ഥനകൾ നടത്തി. അവിടെ അധിവസിച്ചിരുന്ന ഗോത്രവർഗ്ഗക്കാർ അദ്ദേഹത്തെ ബഹുമാനിച്ചു. ഈ സംഭവത്തെ തുടർന്നാണ് ആ സ്ഥലത്തിന് പള്ളിവാസൽ എന്ന പേര് വന്നത് എന്ന് ചില പാരമ്പര്യങ്ങൾ ഉണ്ട്.[4]

കോതമംഗലത്ത്

[തിരുത്തുക]
മാർത്തൊമ്മാ ചെറിയ പള്ളി, കോതമംഗലം

ഇതിനുശേഷം അവർ കോതമംഗലത്തിന് അടുത്തുള്ള കോഴിപ്പള്ളി എന്ന ഗ്രാമത്തിൽ എത്തി. ചക്കാലക്കുടി എന്ന സ്ഥലത്ത് വെച്ച് ഒരു നായർ യുവാവിനെ കണ്ടുമുട്ടിയ മോർ യൽദോ അദ്ദേഹത്തിൻറെ സഹായത്തോടെ കോതമംഗലം ചെറിയ പള്ളിയിൽ എത്തി. ഇതുമായി ബന്ധപ്പെട്ട് ചില അത്ഭുതങ്ങൾ പറയപ്പെടുന്നു. പശുക്കളെയും നെയ്ച്ചു കൊണ്ടിരുന്ന ആ നായർ യുവാവ് തുടക്കത്തിൽ അദ്ദേഹത്തോടൊപ്പം വരാൻ കൂട്ടാക്കിയിരുന്നില്ല പകരം പള്ളിയിലേക്ക് ഉള്ള വഴി കാണിച്ചുകൊടുത്തു. തുടർന്ന് മോർ യൽദോ തന്റെ ഊന്നുവടി കൊണ്ട് നിലത്ത് ഒരു വലിയ വൃത്തം വരയ്ക്കുകയും യുവാവിനോട് തന്റെ പശുക്കളെ അതിനുള്ളിൽ ആക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അപ്രകാരം ചെയ്ത യുവാവ് പശുക്കൾ വൃത്തത്തിൽ നിന്ന് പുറത്തു വരാതെ ഉള്ളിൽ തന്നെ നിൽക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. ആ യുവാവിന്റെ ഗർഭിണിയായ സഹോദരിയെ മോർ യൽദോ സുഖപ്പെടുത്തുകയും അന്ന് തന്നെ അവൾ ഒരാൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. തുടർന്ന് ആ യുവാവ് കൃതജ്ഞതയോടെ അദ്ദേഹത്തെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പുഴക്കരയിൽ കുളിച്ചു കൊണ്ടിരുന്ന കുറെ കുട്ടികളും അവരോടൊപ്പം ചേർന്നു. പള്ളിയിൽ എത്തിയവർക്ക് വളരെ ഊഷ്മളമായി സ്വീകരണം ആണ് കിട്ടിയത്. തങ്ങൾ ദീർഘനാളായി കാത്തിരുന്ന സുറിയാനി മെത്രാൻ എത്തിച്ചേർന്നു എന്ന് മനസ്സിലാക്കിയ അവർ പള്ളിയുടെ മണികൾ അടിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. കന്നിമാസം 11ാം തീയ്യതിയാണ് അദ്ദേഹം കോതമംഗലത്ത് എത്തിച്ചേർന്നത്. സുറിയാനിയിൽ നന്നായി അവഗാഹമുണ്ടായിരുന്ന മോർ യൽദോ അവിടുത്തെ വൈദികരുമായും സുറിയാനി അറിയാവുന്ന ആളുകളുമായും സംസാരിച്ചു. ഇതിൽ നിന്ന് തങ്ങൾ തലമുറകളായി സഭാ പരമാധ്യക്ഷനായി ബഹുമാനിച്ചിരുന്ന പേർഷ്യൻ പൗരസ്ത്യ കാതോലിക്കോസ് ആണ് തങ്ങളെ സന്ദർശിച്ചിരിക്കുന്നത് എന്ന് ധരിച്ച അവർ അദ്ദേഹത്തെ ആരാധ്യപുരുഷനായി ഗണിച്ചു. ഈ സംഭവത്തെക്കുറിച്ച് വിവിധ നസ്രാണി കേന്ദ്രങ്ങളിൽ ഉടനെ തന്നെ വാർത്തകൾ പടർന്നു. ദൂരെയുള്ള പള്ളികളിൽ നിന്ന് പോലും ആളുകൾ മോർ യൽദോയെ കാണാനും ഉപഹാരങ്ങൾ സമർപ്പിക്കാനും എത്തിച്ചേർന്നു തുടങ്ങി.

പാശ്ചാത്യ സുറിയാനി പാരമ്പര്യം നടപ്പിലാക്കാൻ ശ്രമിക്കുന്നു

[തിരുത്തുക]

പൗരസ്ത്യ സുറിയാനി പാരമ്പര്യം അനുസരിച്ച് സെപ്റ്റംബർ മാസം 13ാം തീയതിയാണ് വിശുദ്ധ കുരിശിന്റെ തിരുനാൾ ആയി മലബാറിൽ ആചരിച്ചിരുന്നത്. പരിശുദ്ധ സ്ലീവാ കണ്ടെത്തിയതിന്റെ തിരുനാൾ എന്നാണ് ആ ദിവസം അറിയപ്പെട്ടിരുന്നത്. മലബാറിലെ പ്രാദേശിക രീതി അനുസരിച്ച് കന്നിമാസം 13നാണ് ഈ ആചരണം കൊണ്ടാടിയിരുന്നത്. കോതമംഗലം പള്ളിയിലും അന്നേദിവസം വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നു. അതിൻറെ ഭാഗമായി പള്ളിയുടെ കൊടിമരത്തിൽ കൊടിയേറ്റാൻ മോർ യൽദോയെ പള്ളി വികാരി ക്ഷണിച്ചു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല. 13ാം തീയ്യതി അല്ല 14ാം തീയ്യതി ആണ് വിശുദ്ധ കുരിശിന്റെ തിരുനാൾ ആചരിക്കേണ്ടത് എന്ന് അദ്ദേഹം നിലപാട് എടുത്തു. പാശ്ചാത്യ സുറിയാനി പാരമ്പര്യം ഉൾപ്പെടെയുള്ള റോമൻ സഭാ പാരമ്പര്യങ്ങളിൽ സെപ്റ്റംബർ 14ാം തീയതിയാണ് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആചരിച്ചിരുന്നത്. ഇത് പ്രാദേശിക വൈദികരുടെയും വിശ്വാസികളുടെയും ഇടയിൽ ആശയക്കുഴപ്പമുണ്ടാക്കി.[3][4]

യൊവാന്നീസ് ഹിദായത്തല്ല മെത്രാപ്പോലീത്ത

[തിരുത്തുക]
യൊവാന്നീസ് ഹിദായത്തല്ല

മോർ യൽദോയുടെ നിർദ്ദേശപ്രകാരം കന്നിമാസം 14ന് ദിവസം കോതമംഗലം ചെറിയപള്ളിയിൽ വിശുദ്ധ കുരിശിന്റെ തിരുനാൾ ആചരിച്ചു. അന്നേദിവസം പള്ളിയിൽ വെച്ച് വിശുദ്ധ കുർബാനയ്ക്ക് മദ്ധ്യേ യൊവാന്നീസ് ഹിദായത്തല്ല (ഇവാനിയോസ് ഹിദായത്തുള്ള) എപ്പിസ്കോപ്പയെ മെത്രാപ്പോലീത്തയായി മോർ യൽദോ വാഴിച്ചു. ബഹുദയ്ദ സ്വദേശിയായ ഷമ്മായുടെ മകനായിരുന്നു ഹിദായത്തല്ല. മോർ യൽദോയുടെ മലങ്കര സഭയിലെ അന്ത്യോഖ്യൻവത്കരണ ദൗത്യം അദ്ദേഹത്തിനുശേഷം മുന്നോട്ടു കൊണ്ടുപോയത് ഇവാനിയോസ് ഹിദായത്തല്ല ആയിരുന്നു.[4][2]: 149-151 [1]

അന്ത്യം

[തിരുത്തുക]
മോർ ബസേലിയോസ് യൽദോയുടെ കബറിടം

പ്രായാധിക്യവും ദീർഘവും ദുർഘടവുമായ യാത്രയും മോർ യൽദോയുടെ ആരോഗ്യം ക്ഷയിപ്പിച്ചിരുന്നു. എത്തുമ്പോൾ അദ്ദേഹത്തിന് 92 വയസ്സ് പ്രായം ഉണ്ടായിരുന്നു. കോതമംഗലം ചെറിയപള്ളിയിലെ തിരുനാളിനും മെത്രാഭിഷേകത്തിനും ശേഷം മൂന്നാം ദിവസം ആയപ്പോഴേക്കും അദ്ദേഹം അസുഖബാധിതനായി. തുടർന്ന് വൈദികർ അദ്ദേഹത്തിന് അന്ത്യ കൂദാശയും ഒടുവിലത്തെ ഒപ്രൂശ്മയും കൊടുത്തു. ഇതിനുശേഷം കന്നി 19ന് പള്ളിക്കുള്ളിൽ വച്ച് അദ്ദേഹം മരണപ്പെട്ടു. അന്ന് ശനിയാഴ്ചയായിരുന്നു. അദ്ദേഹത്തിൻറെ മരണത്തെ തുടർന്ന് മുമ്പേ പ്രവച്ചിരുന്നതുപോലെ പള്ളിയുടെ മുമ്പിലെ കൽക്കുരിശ് തിളങ്ങി എന്ന് വിശ്വസിക്കപ്പെടുന്നു. വലിയൊരു കൂട്ടം ആളുകൾ അവിടെ സമ്മേളിച്ചിരുന്നു. പിറ്റേദിവസം അദ്ദേഹത്തിൻറെ കബറടക്കം നടന്നു. കോതമംഗലം ചെറിയപള്ളിയുടെ മദ്ബഹയിലാണ് അദ്ദേഹത്തെ കബറടക്കിയത്.[4]

വിശുദ്ധ പദവി

[തിരുത്തുക]

യെൽദോ മാർ ബസേലിയോസ് ബാവായെ 1947 നവംബർ 5 നു പരിശുദ്ധനായി ബസേലിയോസ്സ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. അദേഹത്തിന്റേ ഓർമപ്പെരുന്നാൽ യാക്കോബായ സഭയിൽ ഒക്ടോബർ 2,3 എന്നീ തീയതികളിൽ ആചരിക്കപ്പെടുന്നു. കോതമംഗലത്തിന് സമീപമുള്ള യാക്കോബായ വിശ്വാസികൾക്കിടയിൽ അദ്ദേഹത്തിന്റെ ഓർമയ്ക്കായി കുട്ടികൾക്ക് “എൽദോ” എന്നോ “ബേസിൽ” എന്നോ പേരിടാറുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Perczel, Istvan (2009). "Classical Syriac as a Modern Lingua Franca in South India between 1600 and 2006". ARAM Periodical. 21: 311. doi:10.2143/ARAM.21.0.2047097.
  2. 2.0 2.1 Fenwick, John R. K. (2009). The Forgotten Bishops: The Malabar Independent Syrian Church and its Place in the Story of the St Thomas Christians of South India. Gorgias Press. pp. 145–147. ISBN 978-1-60724-619-0.
  3. 3.0 3.1 ബാബു പോൾ, ഡി. (1985). The Saint from Kooded.
  4. 4.0 4.1 4.2 4.3 4.4 4.5 "St. Baselios Yeldho". syriacchristianity.org. Archived from the original on 2023-12-05. Retrieved 2023-10-26.
  5. കണിയാമ്പറമ്പിൽ, കുര്യൻ (1989). The Syrian Orthodox Church in India and Its Apostolic Faith. pp. 102–103.
  6. 1720 സെപ്റ്റംബർ 25ന് തോമാ 4ാമൻ പാത്രിയാർക്കീസിന് അയച്ച കത്തിലെ വിവരണം