ഖാദിരിയ്യ സൂഫി സരണിയിലെ ഉപ വിഭാഗമാണ് ബാ അലവിയ്യ സരണി. യെമനിലെ ഹള്‌റൽ മൗത്ത് നിവാസിയായിരുന്ന സൂഫി ആചാര്യൻ ഖുതുബ് സയ്യിദ് ഫഖീഹുൽ മുഖദ്ദം മുഹമ്മദ് ബിൻ ബാ അലവി വഴി ഖാദിരിയ്യ സരണി പ്രചരിച്ചതിനാൽ ഖാദിരിയ്യ ബാ അലവി എന്ന പേരിലുള്ള സാധക മാർഗ്ഗമായി ഇതറിയപ്പെടുകയായിരുന്നു.[1] . അലവിയ്യ എന്നത് പ്രവാചക പരമ്പരയിൽ പെട്ട ഒരു ഗോത്രമാണ്. ഹള്‌റമികൾ, ഹള്റമീ സാദാത്തുമാർ എന്ന പൊതുവായ പേരിലായിരുന്നു ഈ സാധക മാർഗ്ഗത്തിലെ സൂഫി സന്യാസികൾ ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. [2]
സാൻസിബാർ, കോമറോസ്, ഗുജറാത്ത്, കൊങ്കൺ തീരപ്രദേശങ്ങൾ, ഹൈദരാബാദ്, മലായ, അച്ചി, ജാവ, ഇന്തോനേഷ്യ, മലേഷ്യ, തിമോർ, മലബാർ എന്നീ പ്രദേശങ്ങളിലെല്ലാം ഇസ്‌ലാമിക പ്രചരാണാർത്ഥം ഈ മാർഗ്ഗത്തിലെ സന്യാസികൾ ദേശാടനം നടത്തിയിരുന്നു. [3]. ഇസ്‌ലാമിക കർമശാസ്ത്രം, തസവ്വുഫ്, തഫ്‌സീർ, ഹദീസ്, ഗോളശാസ്ത്രം, അൻസാബ് എന്നീ മേഖലകളിൽ ബാ അലവിയ്യ ആത്മീയാചാര്യന്മാർ പ്രശംസനീയമായ നിരവധി സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. [4]
ശൈഖ് അബൂമദ്‌യൻ ശുഐബ് എന്നിവരിൽ നിന്നാണ് സയ്യിദ് ഫഖീഹുൽ മുഖദ്ദം സരണി സ്വീകരിക്കുന്നത്.[5] അബൂബക്കർ ഹൈദ്രോസ് , ശൈഖ് ഹദ്ദാദ് , മുഹമ്മദ് അലവി മാലിക്കി എന്നിവർ ലോക പ്രശസ്തരായ ബാ അലവിയ്യ സൂഫികളാണ്. 1551 ഇൽ ഗുജറാത്തിൽ പ്രബോധനാവശ്യാർത്ഥം എത്തിയ സയ്യിദ് ശൈഖ് ബിൻ അബ്ദുല്ലാഹിൽ ഐദറൂസ് ആണ് ഇന്ത്യയിലെത്തിയ ആദ്യ ബാ അലവിയ്യ ആചാര്യൻ എന്ന് കരുതപ്പെടുന്നു കൊയിലാണ്ടിയിൽ വന്നു ചേർന്ന സയ്യിദ് ജലാലുദ്ധീൻ മുഹമ്മദ് അൽ വഹ്ഥ് എന്ന സൂഫി സന്യാസിയാണ് കേരളത്തിലെ ആദ്യ ബാ അലവി സൂഫിയെന്നും വിശ്വസിക്കപ്പെടുന്നു. [6] അബ്ദുർറഹ്മാൻ ഐദറൂസി,സയ്യിദ് ജിഫ്രി, ഹസ്സൻ ജിഫ്രി, മമ്പുറം സയ്യിദ് അലവി, മമ്പുറം ഫസൽ, ഖുസ്വയ്യ് ഹാജി ,വരക്കൽ മുല്ലക്കോയ എന്നിവർ പ്രശസ്തരായ കേരളീയ ബാ അലവിയ്യ ആത്മീയ ആചാര്യന്മാരാണ്
യമനിലെ ഹബീബ് ഉമർ, ഹബീബ് അലി ജിഫ്രി എന്നിവർ ബാ അലവിയാ സരണിയിലെ ആധുനിക യോഗികളായി അറിയപ്പെടുന്നു