ബാന്ദ്ര-വർളി കടൽപാലം | |
---|---|
![]() മേയ് 2008 ൽ നിർമ്മാണത്തിൽ | |
Coordinates | 19°02′11″N 72°49′02″E / 19.0365°N 72.8173°E |
Carries | 8 വരി പാത, ഇരുവശത്തും കൂടി, രണ്ട് വരി ബസ്സുകൾക്ക് മാത്രം. |
Crosses | മാഹിം ബേ |
Locale | മുംബൈ |
സവിശേഷതകൾ | |
Design | കേബിൾ ഉപയോഗിച്ചുള്ളത്. |
മൊത്തം നീളം | 5.6 കിലോമീറ്ററുകൾ (3 മൈ.) |
ചരിത്രം | |
തുറന്നത് | 24th June, 2009[1] |
ഇന്ത്യയിലെ പ്രമുഖ മെട്രൊ നഗരമായ മുംബയിലെ ബാന്ദ്രയും വർളിയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിലൂടെ പണിതിരിക്കുന്ന ഒരു 8 വരി പാലമാണ് ബാന്ദ്ര വർളി കടൽപാലം എന്നറിയപ്പെടുന്നത്. ഇത് കേബിൾ ഉപയോഗിച്ച് വലിച്ചു കെട്ടിയിട്ടുള്ളതും കോൺക്രീറ്റ് കൊണ്ട് അടിത്തറയും പണിത രീതിയിലുള്ള മനോഹരമായ ഒരു പാലമാണ്. 5.6 കിലോമീറ്ററുകൾ (3 മൈ.) നീളമുള്ള ഈ പാലം ബാന്ദ്ര, വർളി, നരിമാൻ പോയിന്റ് എന്നിവയുമായി ബന്ധിപ്പിക്കുന്നു. 1600 കോടി രൂപ ചെലവുള്ള ഈ പാലം പദ്ധതി മഹാരാഷ്ട്ര സംസ്ഥാന റോഡ് ഡെവലപ്മെന്റ് കോർപ്പറേഷനു വേണ്ടി ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മിച്ചത്. ഇതിന്റെ രൂപകൽപ്പനയും മറ്റ് പദ്ധതി മേൽനോട്ടവും ദാർ കൺസൽട്ടന്റ് ( DAR Consultants) ആണ്. ഇത് ഡിസംബർ 2008 ന് തീരുമെന്ന് പ്രതീക്ഷിച്ചെങ്കിലും രൂപകല്പനയിൽ മാറ്റം വരുത്തേണ്ടിവന്നതിനാൽ പിന്നീട് ഇത് ജൂൺ 2009 വരെ നീണ്ടു. [1] പിന്നീട് ഒരു ദിവസത്തേയ്ക്ക് ഉദ്ഘാടനം മാറ്റിവയ്ക്കേണ്ടി വന്നു. ജൂലൈ 1-ആം തിയതി കോൺഗ്രസ്സ് അധ്യക്ഷയായ സോണിയ ഗാന്ധി ഈ പാലം ഉദ്ഘാടനം ചെയ്തു. ഈ പാലത്തിന്റെ പണി പൂർത്തിയായതോടെ മുംബയിലെ തിരക്കേറിയ സ്ഥലങ്ങളായ ബാന്ദ്ര വർളി എന്നിവിടങ്ങൾക്കിടയിലുള്ള യാത്ര എളുപ്പമായിത്തീർന്നു. [2]
പടിഞ്ഞാറു നിന്ന് മുംബൈയിലേയ്ക്കുള്ള യാത്രയ്ക്ക് ആദ്യം മാഹിം കോസ്വേ വഴിയുള്ള റോഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാരണം കൊണ്ട് ഈ വഴിയിൽ സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുമായിരുന്നു. ഈ വഴിയിൽ മറ്റൊരു ഗതാഗതമാർഗ്ഗമെന്ന നിലയ്ക്കാണ് ബാന്ദ്ര വേർളി സീ ലിങ്ക് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
ഈ പാലത്തിൽ പ്രവേശിക്കാൻ വാഹങ്ങൾ ടോൾ കൊടുക്കേണ്ടതായിട്ടുണ്ട്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആദ്യ നാലു ദിനങ്ങളിലുള്ള യാത്ര സൗജന്യമായിരുന്നു.
മാഹിം കോസ്വേ വഴി വഴി വരുന്ന വാഹനങ്ങൾ എട്ട് കിലോമീറ്റർ ദൂരത്തിലുള്ള മാഹിം മുതൽ വേർളി വരെയുള്ള യാതയ്ക്ക് നാൽപത് മിനുട്ടുകളോളം എടുക്കാറുണ്ട്. ഒരു ദിവസം ഈ വഴിയിൽ 120,000 പാസഞ്ചർ കാർ ഇക്യുവലന്റ് (PCU) ആണ് കണക്ക്.
MSRDC, ഈ പാലത്തിന്റെ നിർമ്മാണം ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിക്കും ഈ കമ്പനിയുടെ വിദേശ പങ്കാളിയായ ചൈന ഹാർബർ എഞ്ചിനിയറിങ്ങ് കമ്പനിയ്ക്കും ആണ് കരാർ നൽകിയിരുന്നത്. പാലത്തിന്റെ ഉദ്ഘാടനത്തിനു ശേഷമുള്ള അഞ്ച് വർഷങ്ങൾക്ക് ഇതേ കമ്പനികൾക്ക് തന്നെയാണ് അറ്റകുറ്റപ്പണികൾക്കുള്ള ചുമതല.
ആദ്യം ഉണ്ടായിരുന്ന പാലത്തിന്റെ രൂപകല്പ്പനയിൽ പിന്നീട് പല മാറ്റങ്ങളും വരുത്തേണ്ടി വന്നു. ഒരു ടവറിനു പകരം രണ്ട് ഉണ്ടാക്കേണ്ടിവന്നതായിരുന്നു അതിൽ മുഖ്യം. കൂടാതെ ഈ പാലം 150 മീറ്ററോളം കടലിലേയ്ക്ക് മാറ്റിപണിയേണ്ടുന്നതായും വന്നു. വേർളി കോളിവാഡയിലുള്ള മുക്കുവരുടെ മത്സ്യബന്ധന കപ്പലുകൾക്ക് കടന്നുപോകാനുള്ള ഉയരം കിട്ടാൻ വേണ്ടി വേർളി ഭാഗത്ത് മറ്റൊരു കേബിൾ പാലവും ഉണ്ടാക്കേണ്ടതായി വന്നു. ഇത്തരം മാറ്റങ്ങൾ മൂലം പാലത്തിന്റെ നിർമ്മാണം വൈകുകയും നിർമ്മാണച്ചെലവ് ഉയരുകയും ചെയ്തു.
ബാന്ദ്ര ഭാഗത്ത് കേബിളുകൾ താങ്ങി നിർത്തുന്ന സെക്ഷന്റെ നീളം 600 മീറ്ററാണ്. ഇവിടെയുള്ള ടവറിന് 126 മീറ്ററാണ് ഉയരം. 43 നില കെട്ടിടത്തിന്റെ ഉയരമാണത്. ഈ ഭാഗത്തുള്ള കേബിളുകൾക്ക് 2250 കിലോമീറ്ററാണ് നീളം. ഈ കേബിളുകൾ 20,000 ടൺ ഭാരമുള്ള ഈ പാലത്തിനെ താങ്ങി നിർത്തുന്നു.
പത്ത് വർഷം മുൻപാണ് ഈ പാലം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ജനങ്ങളുടെ എതിർപ്പും മറ്റ് പ്രശ്നങ്ങളും മൂലം പാലത്തിന്റെ അനുമതി വൈകി അവസാനം 1999-ൽ ആണ് ഈ പാലത്തിൻ കല്ലിടുന്നത്. ശിവസേനയുടെ തലവൻ ബാൽ ഠാക്കറെ ആണ് ആ കർമ്മം നിർവഹിച്ചത്.
ബാന്ദ്ര-വേർളി സീ ലിങ്ക് കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി ബുധനാഴ്ച 2009 ജൂലൈ 1-ന് പുലർച്ചെ ഉദ്ഘാടനം ചെയ്തു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ട് ശരദ് പവാറും ചടങ്ങിൽ സംബന്ധിച്ചു. [3]. ഈ ചടങ്ങിൽ ഈ പാലത്തിന്, അന്തരിച്ച മുൻ-പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിടണമെന്ന് ശരത് പവാർ നിർദ്ദേശിച്ചു.