ബാബുസർ ചുരം അഥവാ ബാബുസർ മേഖല (ഉറുദു: درہ بابوسر) സമുദ്രനിരപ്പിൽനിന്ന് ഏകദേശം 4,173 മീറ്റർ അല്ലെങ്കിൽ 13,691 അടി ഉയരത്തിൽ,)[1] പാകിസ്ഥാനിലെ 150 കിലോമീറ്റർ (93 മൈൽ) നീളമുള്ള കഗാൻ താഴ്‌വരയുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പർവത ചുരമാണ്. കാരക്കോറം ഹൈവേയിൽ (KKH) ഇത് തക് നാല വഴി ചിലാസുമായി ബന്ധിപ്പിക്കപ്പെടുന്നു. കഗാൻ താഴ്‌വരയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ബാബുസർ ടോപ്പിലേയ്ക്ക് കാറുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.
ബാബുസർ ചുരം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയെ പാക്കിസ്താൻ അധിനിവേശ മേഖലയായ ഗിൽജിത്-ബാൾട്ടിസ്ഥാനുമായി ബന്ധിപ്പിക്കുന്നു.[2] പാക്കിസ്ഥാനിലെ ഏറ്റവും അപകടകരമായ റൂട്ടുകളിലൊന്നായി ഇത് അറിയപ്പെടുന്നു. ഓരോ വർഷവും ഈ പർവതപ്രദേശത്ത് നിന്ന് റോഡപകടങ്ങളിൽ നിരവധി മരണങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പരിചയക്കുറവ് മൂലം കുത്തനെയുള്ള ഈ ഭൂപ്രകൃതിയിൽ വാഹനങ്ങളുടെ ബ്രേക്ക് തകരുന്നതാണ് അപകടങ്ങളുടെ ഏറ്റവും സാധാരണമായ കാരണം.[3] പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ മുഗൾ ചക്രവർത്തിയായ ബാബർ ഈ പ്രദേശത്തുകൂടി കടന്നുപോയതിൽ നിന്നാണ് ബാബുസർ ടോപ്പ് എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. എന്നിരുന്നാലും, ഇപ്പോൾ ഇതിനെ സാധാരണയായി ബാബുസർ ടോപ്പ് എന്നാണ് വിളിക്കുന്നത്.[4]
മെയ് മുതൽ സെപ്തംബർ വരെ വേനൽക്കാലം അനുഭവപ്പെുന്ന കഗാൻ താഴ്‌വരയിൽ സാധാരണയായി മെയ് മാസത്തിൽ അനുഭവപ്പെടാറുള്ള പരമാവധി താപനില 11°C (52°F) യും, കുറഞ്ഞ താപനില 3°C (37°F) ഉം ആണ്. ജൂലൈ പകുതി മുതൽ സെപ്തംബർ അവസാനം വരെ, നരാൻ പട്ടണത്തിനു വടക്കുഭാഗത്തുള്ള പാതയിലൂടെ ബാബുസാർ ചുരത്തിലേക്കുള്ള എല്ലാ വഴികളിലും പ്രവേശിക്കാവുന്നതാണ്. എന്നിരുന്നാലും, മഴക്കാലത്തും ശൈത്യകാലത്തും ഇതുവഴിയുള്ള സഞ്ചാരം പരിമിതപ്പെടുത്തിയിരിക്കുന്നു. കഗാൻ പ്രദേശം പാക്കിസ്താനിലെ ഇസ്ലാമാബാദിലേക്കും പെഷവാറിലേക്കും റോഡ് മാർഗം നന്നായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
ശൈത്യകാലത്ത്, കനത്ത മഞ്ഞുവീഴ്ചയും കഠിനമായ അവസ്ഥയും കാരണം ഈ ചുരം പലപ്പോഴും അടയ്ക്കുന്നു. പകരം, യാത്രക്കാർ സാധാരണയായി രാജ്യത്തിൻ്റെ വടക്കൻ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ കാരക്കോറം ഹൈവേയാണ് ഉപയോഗിക്കുന്നത്.
കാശ്മീരിൽ നിന്ന് പാക്കിസ്താനിലെ മൻസെഹ്‌റ ജില്ലയിലേക്ക് പ്രവേശിക്കുന്ന ഈ പർവതനിരകൾ മഹത്തായ ഹിമാലയൻ പർവ്വതനിരയുടെ ശാഖകളാണ്. കഗാൻ താഴ്‌വരയിൽ, ബാബുസാർ ടോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന പർവതവ്യവസ്ഥയാണുള്ളത്. കുൻഹാർ നദിയുടെ വലത് കരയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ ശ്രേണിയിൽ ഏകദേശം 17,000 അടിയിലധികം ഉയരവും[5] താഴ്‌വരയിലെ ഏറ്റവും ഉയരം കൂടിയതുമായ മാലിക പർബത്ത് എന്ന കൊടുമുടി അടങ്ങിയിരിക്കുന്നു.[6]
മലനിരകളിൽ, ഗുജ്ജാറുകളും മറ്റ് നാടോടി വിഭാഗങ്ങളും വേനൽക്കാലത്ത് തങ്ങളുടെ ചെമ്മരിയാടുകൾ, ആട്, മറ്റ് മൃഗങ്ങൾ എന്നിവയെ മേയ്ക്കാനായി കുടിയേറുന്ന പുൽമേടുകളാണ്. വടക്കുഭാഗത്ത്, കഗാൻ പർവതനിരകളുടെ അതേ പർവതവ്യവസ്ഥയുടെ വിപുലീകരണങ്ങളായ പർവതങ്ങൾ സ്ഥിതിചെയ്യുന്നു. ഏകദേശം 13,500 അടി ഉയരത്തിലുള്ള മൂസ കാ മുസല്ല എന്ന കൊടുമുടിയുടെ കിഴക്ക് ഭാഗത്ത് നിന്ന് വ്യതിചലിക്കുന്ന ഈ ശ്രേണി, ഭോഗർമാങ്, കോൻഷ് താഴ്‌വരകളുടെ വടക്കേ അറ്റത്ത് വ്യാപിക്കുകയും രണ്ടിനെയും വിഭജിക്കുന്നതായ ഒരു വരമ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെയും, പ്രത്യേകിച്ച് ഉയർന്ന ചരിവുകളിൽ കഗാൻ താഴ്വരയിലേപ്പോലെ ഇടതൂർന്ന വനങ്ങൾ സ്വാഭാവികമായി കാണപ്പെടുന്നു. എന്നിരുന്നാലും, വ്യാപകമായ വനനശീകരണം കാരണം, കട്ടിയുള്ള വനങ്ങൾ ഇപ്പോൾ സാധാരണയായി മനുഷ്യ സാമീപ്യമില്ലാത്ത പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്.