ബോംബെ സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രി (പ്രീമിയർ) ആയിരുന്നു ബാലസാഹെബ് ഗംഗാധർ ഖേർ (24 ഓഗസ്റ്റ് 1888 - 8 മാർച്ച് 1957[1][2]).
ബാലാസാഹെബ് ഗംഗാധർ ഖേർ 1888 ഓഗസ്റ്റ് 24-ന് രത്നഗിരിയിലെ ഒരു കർഹാഡേ ബ്രാഹ്മണ [3][3] കുടുംബത്തിൽ ജനിച്ചു. ജാംഖണ്ഡിയിലെ കുണ്ഡ്ഗോൾ എന്ന സ്ഥലത്ത് ബാല്യകാലം ചെലവഴിച്ചു. പിന്നീട് അദ്ദേഹം പുനെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു. വിൽസൺ കോളേജിൽ നിന്നും 1908 ൽ ബി.എ. ബിരുദം നേടി. സംസ്കൃതത്തിൽ ഒന്നാമനായി ഭാവു ദാജി ലാഡ് പുരസ്ക്കാരവും നേടി [4].
1918 ജൂൺ 7-ന് മണിലാൽ നാനാവതിയും ഖേറും ചേർന്ന് മണിലാൽ ഖേർ & കോ. എന്ന നിയമ സ്ഥാപനം ആരംഭിച്ചു. പ്രശസ്തനായ ജസ്റ്റിസ് സർ ഫ്രാങ്ക് സി.ഓ. ബീമാൻ ഉദ്ഘാടനം ചെയ്ത ഏക സ്ഥാപനമായിരുന്നു ഇത്. പിന്നീട് കമ്പനിയുടെ പേര് മണിലാൽ ഖേർ അംബാലാൽ ആൻഡ് കമ്പനി എന്നായി [5].
1922 ൽ ഖേറിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സ്വരാജ് പാർട്ടിയുടെ ബോംബെ ബ്രാഞ്ചിന്റെ സെക്രട്ടറിതിരഞ്ഞെടുക്കപ്പെട്ടു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും എട്ട് മാസത്തെ കഠിനതടവിനു ശിക്ഷിക്കുകയും ചെയ്തു. 1930 ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും 1932 ൽ രണ്ട് വർഷത്തെ കഠിനതടവവും പിഴയും ശിക്ഷയായി അനുഭവിക്കുകയും ചെയ്തു. 1937 ൽ ബോംബെ പ്രവിശ്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി. 1939 ഒക്ടോബർ വരെ ആ പദവിയിൽ തുടർന്നു. 1940 ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും ആഗസ്റ്റ് 1942 ൽ തടവിലാക്കപ്പെടുകയും ചെയ്തു.
പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ 1957 മാർച്ച് 8-ന് അന്തരിച്ചു.