പ്രമുഖനായ ഒരു ഭാരതീയ ശിൽപിയും ചിത്രകാരനും ഫോട്ടോഗ്രാഫറും ഗവേഷകനുമാണ് ബാലൻ നമ്പ്യാർ.[1] കേന്ദ്ര ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനായി (2012 -) പ്രവർത്തിച്ചു. 2014 ലെ രാജാരവിവർമ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1937-ൽ കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ജനിച്ച ബാലൻ നമ്പ്യാർ 1971-ൽ ചെന്നെയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി.കളിമണ്ണിൽ ശില്പനിർമ്മാണം ആരംഭിച്ച അദ്ദേഹം പിന്നീട് കോൺക്രീറ്റിലും കല്ലിലും ഇരുമ്പ്, വെങ്കലം, സ്റ്റെയിലൻസ് സ്റ്റീൽ തുടങ്ങിയ ലോഹങ്ങളിലും ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്.[2] ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ശിൽപങ്ങൾ തലയുയർത്തി നിൽക്കുന്നു. ഡൽഹി സാദിഖ് നഗറിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ സമുച്ചയത്തിൽ 'സ്കൈ ഇസ് നോട്ട് ദ് ലിമിറ്റ് ' എന്ന 21 അടി ഉയരമുള്ള സ്റ്റീൽ ശിൽപം, ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ 17 അടി ഉയരമുള്ള ശിൽപം, ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുള്ള വലംപിരി ശംഖിന്റെ സ്റ്റീൽ ശിൽപം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ കരവിരുതിന്റെ തെളിവുകളാണ്. സ്റ്റീൽ ശിൽപ നിർമ്മാണത്തിലെ പ്രാഗല്ഭ്യം അദ്ദേഹത്തെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും എത്തിച്ചു.[3] ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ക്ഷേത്രകലകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] ഇതിനു പുറമേ പെയിന്റിങ്ങിലും ഫോട്ടോഗ്രാഫിയിലും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്.തെയ്യം, തെയ്യത്തിന്റെ മുഖത്തെഴുത്ത്, മുഖമൂടി, കളമ്പാട്ട് എന്നിവയുമായി ബന്ധപ്പെട്ട് നാടുചുറ്റിയെടുത്ത പന്ത്രണ്ടായിരം ഫോട്ടോകൾ നമ്പ്യാരുടെ ശേഖരത്തിലുണ്ട്.[4] തെയ്യത്തെക്കുറിച്ചും ഇരുപത്തിയാറ് ക്ഷേത്രകലകളെക്കുറിച്ചും നടത്തിയ പഠനങ്ങൾ പുസ്തകങ്ങളായിട്ടുണ്ട്. ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിരതാമസം.
ആണവ ശാസ്ത്രജ്ഞയായ ഇറ്റലിക്കാരി ഡോ. എവ്ലിനാണു ഭാര്യ. ദിവ്യശ്രീ, നന്ദിനി എന്നിവരാണ് മക്കൾ
{{cite news}}
: Check date values in: |date=
(help)