മുംബൈയിലെ മലബാർ ഹിൽ മേഖലയിലെ വാൾകേശ്വർ ക്ഷേത്രസമുച്ചയത്തിലെ ഒരു ജലസംഭരണിയാണ് ബാൺഗംഗ അഥവാ ബാൺഗംഗ ടാങ്ക്.
1127-ൽ സിൽഹാരാ രാജവംശത്തിന്റെ ഭരണകാലത്ത് ഒരു മന്ത്രിയായിരുന്ന ലക്ഷ്മൺ പഭു പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രവും കൂടെയുള്ള ബാൺഗംഗ ക്ഷേത്രക്കുളവും. ബാൺഗംഗ ക്ഷേത്രക്കുളത്തിനു ചുറ്റുമായി നിരവധി ചെറുക്ഷേത്രങ്ങൾ പിൽക്കാലത്ത് രൂപം കൊണ്ടു. 1860-കളോടെ ഈ ക്ഷേത്രം നിരവധി ഭക്തരെ ആകർഷിച്ചു തുടങ്ങിയതോടെ ബാൺഗംഗയുടെ പരിസരങ്ങളിലായി അമ്പതോളം ധർമ്മശാലകൾ പണികഴിക്കപ്പെട്ടു [1].
തദ്ദേശീയരുടെ വിശ്വാസമനുസരിച്ച് രാമായണകാലത്ത് ശ്രീരാമൻ സീതയെ അന്വേഷിച്ചു നടന്ന കാലത്ത് ഇവിടെ തങ്ങിയിരുന്നു. ക്ഷീണവും ദാഹവും മൂലം രാമൻ തൻറെ സഹോദരനായ ലക്ഷ്മണനോട് കുറച്ച് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ലക്ഷ്മണൻ തൽക്ഷണം ഒരു അമ്പു എടുത്തു ഭൂമിയിലേക്ക് എയ്തു. അപ്പോൾ ഗംഗയുടെ ഒരു കൈവഴി അവിടെ സൃഷ്ടിക്കപ്പെട്ടു. ബാണം (അമ്പ്) എയ്ത് ഗംഗാനദിയെ വരുത്തിയതിനാലാണ് ഈ കുളത്തിന് ബാൺഗംഗ എന്ന പേര് കൈവന്നത് [2].
ഗൗഡ സരസ്വത ബ്രാഹ്മണരുടെ ശ്രീ കാശി, ശ്രീ കൈവല്യ എന്നീ മഠങ്ങൾ ഇതിനരികിൽ സ്ഥിതിചെയ്യുന്നു [3]. ഇവിടെയുണ്ടായിരുന്ന ഹിന്ദു ശ്മശാനം 2003-നു ശേഷം ഒരു ഗ്യാസ് ശ്മശാനമായി നവീകരിക്കപ്പെട്ടു [4]. ശ്രീ സിദ്ധരാമേശ്വർ മഹാരാജും (1888-1936), അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ രഞ്ജിത് മഹാരാജും (1913-2000) ഉൾപ്പെടെ നിരവധി അദ്വൈത ഗുരുക്കളുടെ സമാധികൾ പഴയ ഹിന്ദു ശ്മശാനത്തിൽ ഇപ്പോഴും ഉണ്ട്.