അനേകം കഥകളും ഉപകഥകളും ഉൾക്കൊള്ളിച്ച് പൈശാചി ഭാഷയിൽ ഗുണാഢ്യനാൽ രചിക്കപ്പെട്ടതാണ് ബൃഹദ്‌കഥ.[1] ഏഴുഭാഗങ്ങളിലായി ഏഴുലക്ഷം ശ്ലോകങ്ങളിലൂടെയാണ് ഇതിന്റെ മൂല രചന നടത്തിയിട്ടുള്ളതെങ്കിലും, ഏഴാം ഖണ്ഡം മാത്രം ബാക്കിയാവുകയും ബാക്കി ഭാഗങ്ങൾ ഗ്രന്ഥകാരനാൽത്തന്നെ നശിപ്പിക്കപ്പെടുകയുമാണുണ്ടായത്.[2]
സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ഇദ്ദേഹം ശതവാഹനരാജാവിന്റെ സദസ്യനായിരുന്നു. ഒരു തർക്കത്തിന്റെ പേരിൽ താൻ പഠിച്ച സംസ്കൃത-പ്രാകൃത-ദേശഭാഷകളെല്ലാം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടതായി വന്നു. മൗനവ്രതം ആചരിച്ച് തപസ്സു ചെയ്ത ഇദ്ദേഹത്തിന് വനവാസികളായ പുളിന്ദന്മാർ അവരുടെ ഭാഷ വശമാക്കിക്കൊടുത്തു. ശേഷം ഗ്രന്ഥരചന നടന്നു. പ്രചരണാർത്ഥം രാജാവിനെ സമീപിച്ചെങ്കിലും ഹീനഭാഷയായ പൈശാചിയിൽ എഴുതിയതിനാലും, കാട്ടിൽ വെച്ച് എഴുതിയതിനാൽ എഴുതുവാനുള്ള മഷി ലഭിയ്ക്കാത്തതിനാൽ സ്വന്തം രക്തത്താൽ എഴുതപ്പെട്ടതിനാലും രാജാവ് ഗ്രന്ഥത്തെ തിരസ്കരിച്ചു. ഇതിൽ മനം നൊന്ത് ഗുണാഢ്യൻ തന്റെ രചന ശിഷ്യന്മാർക്കും പക്ഷിമൃഗാദികൾക്കും വായിച്ചുകൊടുക്കുകയും പിന്നീട് അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ പ്രവൃത്തിയിൽ വിഷണ്ണനായ രാജാവ് ഗുണാഢ്യനെ സമീപിക്കുകയും ബാക്കിയായ ഒരു ലക്ഷം ശ്ലോകങ്ങളെ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയുമാണുണ്ടായത്.[3]
ക്രിസ്തുവർഷത്തിന്റെ ആദ്യശതകത്തിലോ അതിനു മുൻപോ ആണ് ഇദ്ദേഹത്തിന്റെ ജീവിതകാലം എന്ന് അനുമാനിക്കപ്പെടുന്നു. ഈ കാലത്ത് പഞ്ചാബ് ഭരിച്ചിരുന്ന മേനന്ദർ ആണ് സാതവാഹനൻ എന്നും ഗുണാഢ്യൻ എന്നത് തൂലികാനാമമാണെന്നും ഗ്രന്ഥരചയിതാവിന്റെ യഥാർത്ഥനാമം നാഗഭിക്ഷു അഥവാ നാഗാർജ്ജുനൻ ആണെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[4]
ഈ ഗ്രന്ഥം പിൽക്കാലത്ത് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഇന്ത്യയിലുണ്ടായ ഏതൊരു മികച്ച ഇതിഹാസ കൃതിയോടും കിടപിടിക്കുന്ന ബൃഹത് കഥ, പിന്നീട് വിവിധ പേരുകളിൽ സംസ്കൃതത്തിലേക്കും തുടർന്ന് ലോകത്തിലെ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതിൽ പ്രമുഖമായത്, കാശ്മീരി കവികളായ ക്ഷേമേന്ദ്രന്റെ ബൃഹത്കഥാ മഞ്ജരിയും സോമദേവഭട്ടന്റെ കഥാസരിത്സാഗരവും നേപ്പാളി കവിയായ ബുദ്ധസ്വാമിയുടെ ബൃഹദ്‌കഥാശ്ലോകസംഗ്രഹവുമാണ് [5] അനന്തരം വന്ന ഭാസൻ, കാളിദാസൻ തുടങ്ങിയവരുടെ കൃതികളിൽ ഈ സ്വാധീനം കാണാം. കൂടാതെ ദക്ഷിണഭാരതത്തിൽ പെരുംകതൈ, നരവാണൻ തുടങ്ങിയ ഗ്രന്ഥങ്ങളും ഇവയിൽ ചിലതാണ്.
http://www.teluguuniversity.ac.in/museum/pages/gunadya%20brihatkatha.html Archived 2011-08-26 at the Wayback Machine