പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടുജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1].
ബഹ്റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[2].
മുല്ലപ്പൂ നിറമുള്ള പകലുകൾ (സമീറ പർവീൻ എന്ന പെൺകുട്ടി എഴുതിയ "A spring without smell” എന്നതിന്റെ സ്വതന്ത്ര പരിഭാഷ ആണ് മുല്ലപ്പൂ നിറമുള്ള പകലുകൾ. ഓറഞ്ച് റേഡിയോയിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുന്ന പാകിസ്താനിൽ നിന്നും ഉള്ള കുടിയേറ്റക്കാരിയാണ് അവൾ. അവളുടെ ബാബയും മറ്റ് കുടുംബാംഗങ്ങളും അവിടെ ഉണ്ട്. ബാബ പോലിസിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണ്. സമീറ വളരെ സമർത്ഥയായ ആർ ജെ ആണ്. മുല്ലപ്പൂ വിപ്ലവ കാലത്ത് നടന്ന വംശീയമായ ഭീകരതയെ സമീറയുടെ അനുഭവങ്ങളിലൂടെ ഈ നോവൽ പറയുന്നു. ഷിയാ വിഭാഗക്കാർക്ക് തങ്ങളുടെ വംശം കാരണം തങ്ങൾ ജനിച്ചു വീണ രാജ്യത്ത് യാതൊരു വിധ അവകാശങ്ങളും ലഭിക്കുന്നില്ല. ഹിസ്സ് മജസ്റ്റിയുടെ ഭരണകൂടം അവരെ അടിച്ചമർത്തുന്നു. ജയിലിൽ പിടിച്ചു വെക്കുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പൂർണബോധ്യം ഉള്ള അവർ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നു. മുത്തുകളുടെ ചത്വരം എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തുവച്ച് അവർ ഒത്തുകൂടുന്നു. സമരം ചെയ്യുന്നു. ഭരണകൂടം അവരെ ചെറുത്തു നിർത്തുന്നു, ശക്തമായ രീതിയിൽ തന്നെ. നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നുണ്ട്. സമീറയുടെ ബാബ അതിൽ ഒരു ഇരയാണ്. അവസാനം സമരം പോലീസ് അവസാനിപ്പിക്കുന്നു. ഹിസ്സ് മജെസ്റ്റിക്ക് എതിരെ സമരം ചെയ്തവരെ അവർ നന്നായി ഉപദ്രവിക്കുന്നു. മനുഷ്യബന്ധങ്ങൾക്ക് വംശം എന്നത് എപ്രകാരമാണ് വിലങ്ങുതടിയാവുന്നത് എന്ന് ഈ നോവൽ കാണിച്ചു തരുന്നു. ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വേദനയും ഭീകരതയും ഈ നോവൽ നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്. സമീറയ്ക്ക് തന്റെ ബാബ നഷ്ടപ്പെട്ടതിൽ പിന്നെ വീട്ടുതടങ്കലിൽ കഴിയേണ്ടി വരുന്നുണ്ട്. തന്നോട് സ്നേഹം മാത്രം ഉണ്ടായിരുന്ന മറ്റ് കുടുംബക്കാർക്ക് ബാബയുടെ മരണശേഷം മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അവർ ബാബയുടെ മരണശേഷം ലഭിക്കുന്ന തുകയ്ക്കായി മുറവിളി കൂട്ടുന്നുണ്ട്. ഇത് ഒന്നും സമീറക്ക് അംഗീകരിക്കാൻ ആവുന്നില്ല. പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ കഴിയുന്ന സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല.