ബെഹ്ദാദ് എസ്ഫബൊദ് ഒരു പേർഷ്യൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണു്. ഭാഷകളുടെ കമ്പ്യൂട്ടറിലെ ചിത്രീകരണത്തിനു വ്യാപകമായുപയോഗിക്കുന്ന ഹാർഫ്ബസ്, പാംഗോ, കെയ്‌റോ, ഫോണ്ട്‌കോൺഫിഗ് തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രൊജക്ടുകളാണു്. ഗൂഗിൾ ക്രോം, ലിബ്രെഓഫീസ്, ടെക്ക്, ആൻഡ്രോയ്‌ഡ് തുടങ്ങിയവയിലെല്ലാം മലയാളം ചിത്രീകരണം സാധ്യമാകുന്നതു് മേൽപ്പറഞ്ഞ പ്രൊജക്ടുകളുടെ ഫലമായാണു്. ഹാർഫ്ബസ്സ് പ്രൊജക്ടിന്റെ പേരിൽ 2013 ൽ ഇദ്ദേഹത്തിനു് ഓറെയ്ലി ഓപ്പൺസോഴ്സ് അവാർഡ് ലഭിക്കുകയുണ്ടായി[1]. അന്താരാഷ്ട്ര ഇൻഫർമാറ്റിക്സ് ഒളിമ്പ്യാഡിൽ 1999ൽ വെള്ളി മെഡലും 2000 ത്തിൽ സ്വർണ്ണമെഡലും ഇദ്ദേഹം നേടി[2].