ബെർത്ത വാൻ ഹൂസെൻ (ജീവിതകാലം: മാർച്ച് 26, 1863 - ജൂൺ 7, 1952) സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്കും സഹ വനിതാ സർജന്മാരുടെ പുരോഗതിക്കും വേണ്ടി സ്വയം സമർപ്പിച്ച ഒരു അമേരിക്കൻ സർജനായിരുന്നു. അവർ 1915-ൽ അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റും സ്ഥാപകയും ഒരു സഹവിദ്യാഭ്യാസ സർവ്വകലാശാലയിലെ മെഡിക്കൽ ഡിവിഷന്റെ തലപ്പത്തെത്തിയ ആദ്യത്തെ വനിതയും ആയിരുന്നു.[1] വൈദ്യശാസ്ത്രത്തിലെ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ വിശദമാക്കുന്ന ഒരു ആത്മകഥ പെറ്റിക്കോട്ട് സർജൻ എന്ന പേരിൽ അവർ പ്രസിദ്ധീകരിച്ചു.[2]
1863-ൽ മിഷിഗണിലെ സ്റ്റോണി ക്രീക്കിൽ കർഷകനായ ജോഷ്വ വാൻ ഹൂസന്റെയും അധ്യാപികയായ സാറാ ആൻ ടെയ്‌ലറിന്റെയും മകളായി ബെർത്ത വാൻ ഹൂസൻ ജനിച്ചു.[3] മാതാപിതാക്കളുടെ കൃഷിയിടത്തിൽ ബാല്യകാലം കഴിച്ചുകൂട്ടിയ അവൾ മിഷിഗണിലെ പോണ്ടിയാക്കിലെ ഹൈസ്‌കൂളിൽ ചേർന്ന് 17 വയസുള്ളപ്പോൾ ബിരുദം നേടി.[4][5] അക്കാലത്തെ യാത്രാ സൌകര്യങ്ങളുടെ അഭാവത്താൽ ഹൈസ്‌കൂളിൽ ചേരുന്നതിനായി, വാൻ ഹൂസന്റെ പിതാവ് അവളെ തിങ്കളാഴ്ച രാവിലെ കുതിരവണ്ടിയിൽ കയറ്റിവിടുകയും, വിദ്യാലയത്തിൻറെ വാരാന്ത്യത്തിൽ വെള്ളിയാഴ്ച രാത്രി അവളെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.[6]
ബിരുദം നേടിയ ഉടൻ തന്നെ വാൻ ഹൂസെൻ മിഷിഗൺ സർവകലാശാലയിൽ ഉപരി പഠനത്തിന് ചേർന്നു. ബിരുദ വിദ്യാഭ്യാസ കാലത്ത് വൈദ്യശാസ്ത്ര പഠനത്തിലേക്ക് ആകർഷിക്കപ്പെട്ട അവർക്ക് ജീവിതകാലം മുഴുവൻ പഠിക്കാനും മുന്നേറാനുമുള്ള അഭിവാഞ്ജയുണ്ടായി.[7] 1884-ൽ മിഷിഗൺ സർവകലാശാലയുടെ സാഹിത്യപഠനത്തിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടിയ ശേഷം, വാൻ ഹൂസൻ മിഷിഗൺ സർവകലാശാലയിലെ മെഡിക്കൽ വിഭാഗത്തിൽ ചേർന്നു.[8][9][10]
വാൻ ഹൂസണിന് വൈദ്യശാസ്ത്ര വിദ്യാഭ്യാസം നേടുന്നതിന് യാതൊരു പിന്തുണയും ലഭിച്ചില്ല. കരിയർ തിരഞ്ഞെടുപ്പിനോട് അവളുടെ മാതാപിതാക്കൾ അനുഭാവം കാണിക്കാതിരുന്നതിനാൽ പഠനത്തിന് ധനസഹായം ലഭിക്കാതിരുന്നതിനാൽ, ഒബ്‌സ്റ്റെട്രിക്കൽ നഴ്‌സ്, അനാട്ടമി ഡെമോൺസ്‌ട്രേറ്റർ, സ്‌കൂൾ ടീച്ചർ എന്നീ നിലകളിൽ ജോലി ചെയ്തുകൊണ്ട് അവർ സ്വന്തം ട്യൂഷൻ ഫീസ് അടയ്ക്കാനുള്ള തുക കണ്ടെത്തി.[11][12]
ഈ വെല്ലുവിളികൾക്കിടയിലും, വിദ്യാർത്ഥികളിൽ നിന്ന് അടിക്കടിയുള്ള പീഡനങ്ങൾ സഹിച്ചുകൊണ്ടും[13] വാൻ ഹൂസെൻ 1888-ൽ തൻറെ വൈദ്യശാസത്ര ബിരുദം നേടി.[14] മൂന്ന് റെസിഡൻസികളുടെ ഒരു പരമ്പര സ്വീകരിച്ച അവർ ആദ്യം ഡിട്രോയിറ്റിലെ വിമൻസ് ഹോസ്പിറ്റലിലും പിന്നീട് മിഷിഗണിലെ കലമാസുവിലെ സ്റ്റേറ്റ് ഹോസ്പിറ്റൽ ഫോർ ദി സെയ്നിലും, ഒടുവിൽ ബോസ്റ്റണിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ന്യൂ ഇംഗ്ലണ്ട് ഹോസ്പിറ്റലിലുമായി ആകെ നാല് വർഷത്തെ അധിക പരിശീലനം നേടി.[15]
1892-ൽ, അവളുടെ മുൻ ജോലികളിൽ നിന്ന് ലാഭിച്ച പണം ഉപയോഗിച്ച്, ഡോ. വാൻ ഹൂസെൻ ഇല്ലിനോയിയിലെ ഷിക്കാഗോയിൽ സ്വന്തം സ്വകാര്യ ക്ലിനിക്ക് തുറന്നു.[16] ക്ലിനിക്ക് വളർന്നപ്പോൾ, നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ വിമൻസ് മെഡിക്കൽ സ്‌കൂളിൽ ശരീരഘടനയും ഭ്രൂണശാസ്ത്രവും പഠിച്ച അവർ ഷിക്കാഗോയിലെ കൊളംബിയ ഡിസ്പെൻസറിയിൽ ക്ലിനിക്കൽ അസിസ്റ്റന്റ്ഷിപ്പ് എടുക്കുകയും അവിടെ ശസ്ത്രക്രിയ പ്രസവചികിത്സ എന്നിവയെക്കുറിച്ച് പഠിക്കുകയും ചെയ്തു.[17] അവളുടെ പ്രാക്ടീസ് അങ്ങനെ തഴച്ചുവളർന്നു.
1902-ൽ, പുരുഷ ഫാക്കൽറ്റിയുടെ എതിർപ്പ് അവഗണിച്ച് അവർ ഇല്ലിനോയിസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ ക്ലിനിക്കൽ ഗൈനക്കോളജി പ്രൊഫസറായി നിയമിക്കപ്പെട്ടു.[18]
1913-ൽ, ഡോ. വാൻ ഹൂസൻ ഷിക്കാഗോയിലെ കുക്ക് കൗണ്ടി ഹോസ്പിറ്റലിലെ ഗൈനക്കോളജിക്കൽ സ്റ്റാഫിന്റെ തലപ്പത്തെത്തുകയും ഒരു ഹോസ്പിറ്റലിൽ സിവിൽ സർവീസ് അപ്പോയിന്റ്മെന്റ് ലഭിക്കുന്ന ആദ്യ വനിതയെന്ന നിലയിൽ അറിയപ്പെടുകയും ചെയ്തു. അധികം താമസിയാതെ, 1918-ൽ, അവളുടെ ജോലി പുരുഷ സഹപ്രവർത്തകരുടെ ആദരവ് നേടുകയും ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ ആക്ടിംഗ് ഹെഡും ഒബ്‌സ്റ്റട്രിക്‌സ് പ്രൊഫസറുമായി സ്ഥാനക്കയറ്റം നേടുകയും ചെയ്തു.
നിരവധി ഷിക്കാഗോ ആശുപത്രികളിൽ അറ്റൻഡിംഗ് ഫിസിഷ്യനായി സേവനമനുഷ്ഠിക്കുന്നതിനിടയിൽത്തന്നെ വാൻ ഹൂസൻ തന്റെ സ്വകാര്യ പ്രാക്ടീസ് തുടർന്നു. ലൈംഗിക വിദ്യാഭ്യാസം പ്രേത്സാഹിപ്പിച്ച അവർ ഒരു മുലപ്പാൽ ബാങ്ക് സ്ഥാപിക്കുകയും പ്രസവത്തിനായി സ്കോപോലാമൈൻ-മോർഫിൻ അനസ്തേഷ്യയുടെ ഉപയോഗത്തിനായി വാദിക്കുകയും ചെയ്തു. സ്ത്രീകളോടുള്ള മെഡിക്കൽ സ്ഥാപനങ്ങളുടെ വിവേചനത്തിനെതിരെയും സംസാരിച്ച അവർ മരിയോൺ ക്രെയ്ഗ് പോട്ടറുമായി ചേർന്ന് 1915 ൽ അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ചു. തന്റെ കരിയറിലുടനീളം, വാൻ ഹൂസൻ "ബട്ടൺഹോൾ" അപ്പെൻഡെക്ടമി ശസ്ത്രക്രിയാ സാങ്കേതികത, അനസ്തെറ്റിക് ആയി സ്കോപോലാമൈൻ-മോർഫിൻ ഉപയോഗം, അണുബാധ തടയുന്നതിന് മെഡിക്കൽ ഉപകരണങ്ങളുടെ ശുചിത്വം എന്നിവ ഉൾപ്പെടെ നിരവധി മെഡിക്കൽ ടെക്നിക്കുകൾ വികസിപ്പിക്കുകയും ചിത്രീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.