ബ്ലാത്തൂർ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഉപജില്ല | ഇരിട്ടി |
ഏറ്റവും അടുത്ത നഗരം | ഇരിക്കൂർ (8.5 കി.മീ) |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | മട്ടന്നൂർ |
സിവിക് ഏജൻസി | പടിയൂർ - കല്യാട് ഗ്രാമപഞ്ചായത്ത് |
സാക്ഷരത | 96% |
ഭാഷ(കൾ) | മലയാളം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 169 m (554 ft) |
11°59′20″N 75°34′54″E / 11.98889°N 75.58167°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ബ്ലാത്തൂർ. കണ്ണൂർ നഗരത്തിൽനിന്നും 38 കിലോ മീറ്റർ റോഡ് മാർഗ്ഗം കിഴക്കോട്ട് സഞ്ചരിച്ചാൽ ഇവിടെ എത്താം. കണ്ണൂരിൽ നിന്നും ചാലോട്, ഇരിക്കൂർ വഴിയും, തളിപ്പറമ്പ് നിന്നും ശ്രീകണ്ഠാപുരം വഴിയും, തലശ്ശേരിയിൽ നിന്നും അഞ്ചരക്കണ്ടി-ചാലോട് വഴിയും, ഏകദേശം ഒരേ ദൂരം സഞ്ചരിച്ചാൽ ബ്ലാത്തൂരിൽ എത്താം. ഏറ്റവും അടുത്ത പട്ടണം 8.5 കി.മീ അകലെയുള്ള ഇരിക്കൂർ ആണ്. പടിയൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം ഇരിട്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും169 മീറ്റർ ഉയരത്തിൽ പരന്നുകിടക്കുന്ന ഭൂപ്രദേശമാണ്. ബ്ലാത്തൂരും സമീപ സ്ഥലങ്ങളും പൊതുവെ ലാറ്ററൈറ്റ് എന്ന ചെങ്കല്ല് നിറഞ്ഞ പ്രദേശമാണ്.ചെങ്കല്ല് ഖനനത്തിന് ഇവിടം പ്രശസ്തമാണ്. മലബാറിലും കുടക് പ്രദേശത്തും കെട്ടിട ആവശ്യങ്ങൾക്കായി ചെങ്കല്ല് ഏറ്റവും അധികം കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. ഏകദേശം 700 ഹെക്ടർ പ്രദേശത്ത് ചെങ്കൽ ഖനനം നടക്കുന്നുണ്ട്.
1946 ഡിസംബർ 30ന് നടന്ന കാവുമ്പായി കാർഷിക കലാപത്തിൽ ബ്ലാത്തൂരിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. ബ്ലാത്തൂർ കൂടാതെ ചേറ്റുവട്ടി, തിരൂർ, കല്ല്യാട്, ഊരത്തൂർ എന്നീ ദേശങ്ങൾ കൂടി കല്ല്യാട് അംശത്തിൽ ഉൾപ്പെടുന്നു.1962 -ൽ ശ്രീകണ്ഠാപുരം പുഴയ്ക്ക് പാലം വരുന്നതുവരെ തളിപ്പറമ്പിൽനിന്നും യാത്രാസൗകര്യം ഇല്ലായിരുന്നു. ബ്ലാത്തൂരിലേക്കുള്ള യാത്ര എളുപ്പമല്ലാത്തതിനാൽ കണ്ണൂർ ജില്ലയിൽ ബ്ലാ എന്നു പറയുമ്പോൾ ബ്ലാത്തൂരെത്തുമോ എന്ന ചൊല്ല് അനാവശ്യ തിടുക്കം കാട്ടുന്നവരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. 1972 -ൽ ഇരിക്കൂർ പുഴയ്ക്ക് കുറുകെ പാലം വന്നതിനുശേഷം കണ്ണൂരുമായി റോഡുമാർഗ്ഗം വാഹനഗതാഗതം തുടങ്ങി.1952 -ൽ ഇരിക്കൂറിൽ ആരംഭിച്ച ധർമ്മാശുപത്രിയാണ് പഴയകാലത്ത് ചികിത്സക്കുണ്ടായിരുന്ന ഏക ആശ്രയം. കല്യാട് താഴത്ത് വീട് ജന്മിമാരായിരുന്നു ഈ പ്രദേശത്തിന്റെ അധികാരി. വയലിൽ കുറച്ച് സ്ഥലം മാത്രം കരക്കാട്ടിടം നായനാരുടെ വക ആയിരുന്നു. ബക്കളം -കടമ്പേരി ക്ഷേത്രത്തിനു കീഴിലായിരുന്നു അതിന്റെ പാട്ടം പിരിച്ചിരുന്നത്.
'പ്ലാത്ത്' അല്ലെങ്കിൽ 'ഞാവൽ' മരങ്ങൾ സമൃദ്ധമായി വളർന്നിരുന്ന ഈ പ്രദേശത്തെ 'പ്ലാത്ത് ഊര് ' എന്നു വിളിച്ചിരുന്നത് പിന്നീട് പ്ലാത്തൂർ എന്നും ബ്ലാത്തൂർ എന്നും ആയി മാറി എന്നു വിശ്വസിക്കപ്പെടുന്നു. വേറൊരു വിശ്വാസം സംസ്കൃത ഭാഷയിൽ ദ്വാരം എന്നർത്ഥമുള്ള 'വില'ത്തിൽ നിന്നാണു 'വിലത്തൂരും' പിന്നീട് 'ബ്ലാത്തൂരും' ഉണ്ടായതെന്നാണ്. നാലുപുറവും ഉയർന്നു നിൽക്കുന്ന വയലിലെ വെള്ളം മഴക്കാലത്ത് പുറത്തേക്ക് ഒഴുകിയിരുന്നത് കരുവാൽ ഓവ് എന്ന ദ്വാരത്തിലൂടെ ആയിരുന്നു.
ഭൂമിശാസ്ത്രപരമായി ഒരു പീഠഭൂമിയുടെ സ്വഭാവമാണ് ബ്ലാത്തൂരിന്. നാലു ഭാഗത്തുനിന്നും ഇവിടെ എത്താൻ കുത്തനെയുള്ള കയറ്റം കയറണം. മുകളിൽ എത്തിയാൽ പരന്നു കിടക്കുന്ന വയലാണ്. വയലിനു ചുറ്റും വീടുകൾ ഉണ്ട്. വടക്കെ ഇന്ത്യൻ ഗ്രാമങ്ങളുടെ രീതിയിൽ അടുത്തടുത്ത് വീടുകൾ ഇവിടെയുണ്ട്. മഴവെള്ളം മാത്രമാണു കൃഷിക്ക് ആശ്രയം. വയലിൽ കെട്ടികിടക്കുന്ന വെള്ളം തെക്കുഭാഗത്തുള്ള 'കരുവാൽ ഓവ്' വഴി കുറേ ദൂരം ഭൂമിക്കടിയിലൂടെ കുന്നിൻ ചെരിവിലൂടെ പുറത്തേക്ക് ഒഴുകി പിന്നീട് തോടായി ഇരിക്കൂർ പുഴയിൽ എത്തുന്നു. ഇത്തരം ഒരു സ്വാഭാവികചാൽ ഇല്ലായിരുന്നുവെങ്കിൽ ബ്ലാത്തൂർ വയലിനുപകരം ഒരു തടാകം ആയിരുന്നു ഉണ്ടായിരിക്കുക. 6000 ഹെക്ടർ വിസ്താരത്തിൽ പരന്നുകിടക്കുന്ന ചെങ്കൽ പാറപ്പരപ്പുകളാണ് ഈ പ്രദേശത്തെജലസംഭരണിയായി പ്രവർത്തിക്കുന്നത്. 2000 മുതൽ ഈ പ്രദേശത്ത് നടക്കുന്ന വ്യാപകമായ ചെങ്കൽ ഖനനം വലിയ ജലക്ഷാമം ഈ പ്രദേശത്ത് ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. നിലവിൽ ഓരോ ദിവസവും ആയിരം ലോറി ചെങ്കല്ല് ഇവിടെനിന്ന് വടക്കൻ കേരളത്തിലും കർണാടകയിലെ കൂർഗ് പ്രദേശത്തേക്കുമായി കൊണ്ടുപോകുന്നുണ്ട്. അപൂർവ്വമായ നിരവധി സസ്യജാതികൾ ഈ പാറപ്പരപ്പുകളിലും പാറക്കുളങ്ങളിലും തിരിച്ചറിഞ്ഞിട്ടുണ്ട്. പലതും വംശനാശഭീഷണിയുടെ വക്കിൽ നിൽക്കുന്ന സസ്യങ്ങളാണ്. ഇവയൊക്കെയും എന്നേക്കുമായി നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്.
ബ്ലാത്തൂരും സമീപ പ്രദേശങ്ങളായ കല്യാട്, ഊരത്തൂർ എന്നീ പ്രദേശങ്ങളും ഒരു പീഠഭൂമിയുടെ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ചെങ്കൽ പാറപ്പരപ്പുകളാണ് ഭൂരിഭാഗം സ്ഥലങ്ങളും. വടക്കെ മലബാറിലെ പ്രത്യേകതയായ ഇത്തരം ലാറ്ററൈറ്റ് പാറപ്പരപ്പുകൾ അപൂർവ്വ സസ്യ -ജന്തു വൈവിധ്യം കൊണ്ട് സമ്പന്നമാണ്. സീക്ക്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, വിക്കിപീഡിയ പ്രവർത്തകരുടെ കൂട്ടായ്മ - വർഷങ്ങളിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ സർവേകളിൽ നിരവധി അപൂർവ്വ സസ്യങ്ങളും , ചിത്രശലഭങ്ങളും ഉഭയജീവികളും ഇവിടെ നിന്നു റിപ്പോർട്ട് ചെയ്തു.[1]
കേരളത്തിൽ ചെങ്കൽ കുന്നുകൾ കാണപ്പെടുന്നത് പ്രധാനമായും ഉത്തരകേരളത്തിലാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 16 നദികളിൽ ഷിറിയ, ചന്ദ്രഗിരി, കാര്യങ്കോട്, കുപ്പം, വളപട്ടണം പുഴകൾ ഒഴികെയുള്ള പുഴകളെല്ലാം ഉത്ഭവിക്കുന്നത് ഇടനാടൻ ചെങ്കൽക്കുന്നുകളിൽ നിന്നാണ്. മേൽ സൂചിപ്പിച്ച 5 പുഴകളേയും പോഷിപ്പിക്കുന്ന പ്രധാന നീർച്ചാലുകളുടെ പ്രഭവ കേന്ദ്രങ്ങളും ചെങ്കൽ കുന്നുകൾ തന്നെയാണ്. ഒരു കാലത്ത് നിത്യഹരിത സസ്യ സമൂഹങ്ങൾ നിറഞ്ഞു നിന്നിരുന്ന ഇടനാടൻ കുന്നുകൾ മനുഷ്യന്റെ നിരന്തരമായ ഇടപെടൽ മൂലം മുൾപ്പെന്തകളും (scrub jungle) പുൽമേടുകളും ആയിത്തീർന്നു. മുങ്കാലങ്ങളിൽ കുന്നിൻപ്രദേശങ്ങളിൽ ജീവിച്ചിരുന്ന കുറുക്കൻ (Indian Fox-Vulpus bengalensis) ഇന്ന് നാമാവശേഷമായിരിക്കുന്നു. ഇടനാടൻ ചെങ്കൽ കുന്നുകൾ ജൈവ വൈവിധ്യത്തിന്റെ കലവറകൾ എന്നതിലുപരി ശുദ്ധജലത്തിന്റെ അപാരസ്രോതസ്സുകളുമാണ്.ചെങ്കൽകുന്നുകളുടെ നാശം നമ്മുടെ നാടിനെ കടുത്ത ജലദൗർലഭ്യത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തര കേരളത്തിലെ നൂറുകണക്കിനു കുന്നുകൾ ഇല്ലാതായിക്കഴിഞ്ഞു. അവശേഷിക്കുന്ന കുന്നുകളും – ക്വാറി- മണ്ണെടുപ്പ് ഭീഷണിയിലുമാണ്. മാടായിപ്പാറ, കാനായി കുന്നുകളെക്കുറിച്ചുള്ള പഠനങ്ങൾ ഇതിനകം പുറത്ത് വന്ന് കഴിഞ്ഞു.ഇടനാടൻ ചെങ്കൽ കുന്നുകളെക്കുറിച്ചുള്ള ആദ്യത്തെ പഠനം നടത്തിയത് സീക്ക് (SEEK) ആയിരുന്നു. ഈ പഠനം പുസ്തകരൂപത്തിൽ ലഭ്യമാണ്.(ഇടനാടൻ ചെങ്കൽകുന്നുകൾ-ഒരു പാരിസ്ഥിതിക പഠനം)
ഉയർന്ന പാറപ്പരപ്പുകൾ ജൈവ വൈവിധ്യത്താൽ സമ്പന്നമായ ആവാസവ്യവസ്ഥകളാണ്. നിത്യ ഹരിത വനങ്ങളുടെ ശേഷിപ്പുകൾ, കാവുകൾ, പുൽമേടുകൾ, താത്കാലിക നീർക്കെട്ടുകൾ(Temporary pools) എന്നിവയുടെ സാന്നിദ്ധ്യമാണ് ഇത്രമാത്രം ജൈവവൈവിധ്യത്തിനു കാരണം. ബ്ലാത്തൂരിലേയും സമീപത്തുള്ള കല്ല്യാട്, ഊരത്തൂർ പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്ന നൂറുകണക്കിനു ഹെക്ടർ വിസ്താരമുള്ള പാറപ്പരപ്പുകളിലും മറ്റുമായി നടത്തിയ പഠനങ്ങൾ ബ്ലാത്തൂരിന്റെ ജൈവവൈവിധ്യ സമ്പന്നത വെളിപ്പെടുത്തുന്നതാണ്. 450 ൽ അധികം സപുഷ്പി സസ്യങ്ങളെ ഈ പഠനത്തിൽ കണ്ടെത്തുകയുണ്ടായി. പശ്ചിമഘട്ടത്തിലെ സ്ഥാനികവും വംശനാശ ഭീഷണി നേരിടുന്നതുമായ നായുരിപ്പ് (Hopea parviflora), കൂനൻ പാല (Tabernaemenans alternifolia) ,ലോഹിനപ്പൂ (Neonatis rheadei), മുർഡാനിയപ്പുല്ല് (Murdania crocea) എന്നിവയെ ഇവിടെ കണ്ടെത്താൻ കഴിഞ്ഞു. പുൽവർഗ്ഗസസ്യങ്ങളോട് രൂപസാദൃശ്യമുള്ളതും മൂന്നു നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചതുമായ ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രശസ്ത സസ്യപഠന പുസ്തകത്തിൽ “നീർമുറി” എന്നു പേരുനൽകീട്ടുള്ളതുമായ (Alysicarpus bupleurifolius)എന്ന സസ്യവും ഇവിടെ ധാരാളമായി വളരുന്നുണ്ട്. കാസർകോട്-കണ്ണൂർ ജില്ലകളിലെ ചെങ്കൽ പാറക്കുളങ്ങളിൽ മാത്രം കണ്ടു വരുന്ന കുഞ്ഞു നെയ്തൽ (Nymphoides parvifolia.) എന്ന ചെറു സസ്യവും ഇവിടെ കണ്ടെത്തി. പശ്ചിമഘട്ട പ്രദേശങ്ങളിൽ മാത്രം വളരുന്ന ചേര് (Holigarna arnottiana) [[ചിറ്റിലപ്ലാവ് (Pterospermum rubiginosum) മരോട്ടി (Hydnocarpus pentandra) , മലയിലഞ്ഞി (Chiyonanthes mala elanji), ജടാമജ്ജി (Dalbergia horrida), ഏകനായകം (Salacia fruticosa), വള്ളിക്കാഞ്ഞിരം (Strychnos vanprukii) എന്നിവയും ഈ പ്രദേശങ്ങളിൽ കണ്ടുവരുന്നു.
മാടായിപ്പാറയിൽ നിന്ന് കണ്ടെത്തിയ പുതിയ സപുഷ്പി സസ്യങ്ങളായ റൊട്ടാല മലബാറിക്ക, ജസ്റ്റിഷ്യ ഏക കുസുമ, ലൊപിഡാഗാത്തിസ് കേരളൻസിസ് , യൂഫോർബിയ കത്രാജൻസിസ് വെറൈറ്റി കാസർകോഡെൻസിസ് എന്നിവയും പഠനസമയത്ത് ബ്ലാത്തൂരിൽ നിരീക്ഷിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം കാസർകോട് ജില്ലയിലെ സീതാംഗോളിയിൽ നിന്ന് കണ്ടെത്തിയ കാൻസ്കോറ ഭട്ടിയാന യും ഈ വർഷം മാടായിപ്പാറയിൽ നിന്ന് കണ്ടെത്തിയ പാറസൊപ്പൂബിയ ഹോഫ്മാനിയ വറൈറ്റി ആൽബിഫ്ലോറ (Parasopubia hofmannii var. albiflora.)എന്നീ സസ്യങ്ങളും ബ്ലാത്തൂർ-ഊരത്തൂർ പാറയിൽ കാണപ്പെടുന്നുണ്ട് എന്നത് ഈ പ്രദേശത്തിന്റെ സമ്പന്നമായ സസ്യ വൈവിധ്യത്തിന്റെ സൂചകങ്ങളാണ്.
2012 ൽ കേരളത്തിൽ നിന്ന് പുതുതായി കണ്ടെത്തിയ Purple spotted Flitter എന്ന അത്യപൂർവ ചിത്രശലഭത്തിന്റെ ലാർവകൾ ഭക്ഷണമാക്കുന്ന വേട്ടുവക്കുറ്റി (Aganope thyrsiflora var enalata) ഈ പ്രദേശത്ത് വളരുന്നുണ്ട്.
സസ്യ വൈവിധ്യം ശലഭവൈവിധ്യത്തിന്റെ സൂചന കൂടിയാണ്.അതിനാൽ നൂറിലധികം ഇനം ചിത്ര ശലഭങ്ങൾ ഈ പ്രദേശത്ത് കാണാൻ സാധ്യതയുണ്ട്.ഇപ്പോൾ നടത്തിയ പഠനത്തിൽ തന്നെ 50 ൽ അധികം ചിത്രശലഭജാതികളെ നിരീക്ഷിക്കാൻ കഴിഞ്ഞു.
വയൽ പ്രദേശങ്ങളും നീർച്ചാലുകളും തുമ്പികളുടെ പ്രജനനകേന്ദ്രങ്ങളാണല്ലൊ.ഒരു ദിവസത്തെ നിരീക്ഷണ പഠനത്തിൽ തന്നെ 20 ൽ അധികം തുമ്പി ഇനങ്ങളെ പഠനസംഘത്തിണ് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
ഇനിയും കൂടുതൽ നിരീക്ഷണ പഠനങ്ങൾ നടത്തേണ്ട ഒരു പ്രദേശമാണ് ബ്ലാത്തൂർ.എന്നാൽ മാത്രമേ ബ്ലാത്തൂരിന്റെ സമഗ്രമായ ജൈവവൈവിധ്യ സമ്പന്നത പൂർണ്ണമായും വെളിപ്പെടുകയുള്ളു.ഈ നാടിന്റെ ജലസംഭരണി എന്ന നിലയിലും ജൈവവൈവിധ്യത്തിന്റെ കേന്ദ്രം എന്ന നിലയിലും ബ്ലാത്തൂറിന്റെയും അനുബന്ധപ്രദേശങ്ങളായ കല്ല്യാട് ഊരത്തൂർ എന്നിവിടങ്ങളിലേയും പാറപ്പരപ്പുകൾ സംരക്ഷിച്ചേ മതിയാവൂ.ഇപ്പോൾ നടക്കുന്ന അനിയന്ത്രിത ചെങ്കൽ ഖനനം കർശനമായി പരിമിതപ്പെടുത്തുകയും വിശാലമായതും സർക്കാർ അധീനതയിലുള്ളതുമായ പാറ ഭൂമികൾ സ്വകാര്യ വ്യക്തികൾ കൈയേറി ചെങ്കൽ പണകളാക്കുന്നത് തടയുകയും ചെയ്താൽ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളു. ഇതിനായി ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പ്രകൃതിഅവബോധം വളർന്നുവരേണ്ടതുണ്ട്. പൊതുവെ ചെങ്കൽ പാറകളെ വെറും തരിശു നിലങ്ങളായി മാത്രമാണ് പലരും കണക്കാക്കുന്നത്. ഈ ധാരണകൾ മാറ്റുന്നതിനായി ജനകീയമായ ഒരു ബോധവത്കരണം ആവശ്യമാണ്.സീക്ക്- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, വിക്കിപീഡിയ പ്രവർത്തകർ ഉൾപ്പെടുന്ന സംഘമാണ് പ്രാഥമിക പഠനങ്ങൾ നടത്തിയത്. വി.സി.ബാലകൃഷ്ണൻ,പി.കെ.ഗിരീഷ്മോഹൻ, വിനയ രാജ്, വിജയകുമാർ ബ്ലാത്തൂർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. [2]
ഉത്തരമലബാറിലെ ചെങ്കൽപ്പാറകളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമയി സീക്കും,ശാസ്ത്രസാഹിത്യ പരിഷത്തും, വിക്കിപീഡിയ പ്രവർത്തകരും നടത്തുന്ന ബ്ലാത്തൂർ ജൈവവൈവിധ്യപഠനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. നേരത്തെ കണ്ടെത്തിയ 450 സപുഷ്പിസസ്യങ്ങൾക്കു പുറമെ 50 സസ്യങങൾ കൂടി ഇക്കഴിഞ്ഞ ദിവസം നടത്തിയ സർവേയിൽ കണ്ടെത്തി. ഹീമൊദൊരേസിയെ(Haemodoraceae) സസ്യകൂടും ബത്തിൽ ഉൾപ്പെടുന്ന ഓഫിയൊപോഗോൻ ജനുസ്സിൽപ്പെട്ട ഒരു പുതിയ ഇനത്തെക്കൂടി പുതിയ സർവെയിൽ കാണാൻ കഴിഞ്ഞു. ഏഴുവർഷത്തിൽ ഒരിക്കൽ പൂക്കുന്ന പൂമാലക്കുറിഞ്ഞി(Strobilanthes integrifolius) എന്ന സ്ഥാനികസസ്യത്തേയും കണ്ടെത്തി. ഈ മേഖലയിൽ അപൂർവമായതും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതുമായ (Endemic)കാട്ടുകിരിയാത്ത്(Andrographis atropurpurea),കാട്ടശോകം(Humboltia brunonis), തൻബെർജിയ മൈസൂറെൻസിസ്, തുടങ്ങിയ സസ്യങ്ങളെ കൂടി നിരീക്ഷിക്കാൻ കഴിഞ്ഞതാണു ഈ പ്രാവശ്യത്തെ സർവേയുടെ പ്രത്യേകത. കേരളത്തിൽ ചില സീസണിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള നിലനീലി(Blue Pansy) ശലഭവും ഇവിടെ നിരീക്ഷിക്കാൻ കഴിഞ്ഞു. ഇതുവരെ നടത്തിയ പഠനത്തിൽ 500 ൽ പരം സപുഷ്പിസസ്യങ്ങൾ, 20 ൽ അധികം ഉഭയജീവികൾ, 40 ഇനം തുമ്പികൾ, 95 ഇനം ചിത്രശലഭങ്ങൾ, 60 ഓളം പക്ഷികൾ, 40 ഇനം ചിലന്തികൾ, 23 ഇനം ഉരഗങ്ങൾ, നൂറിൽപരം വ്യത്യസ്ത ഇനം മറ്റു ഷഡ്പദങ്ങൾ എന്നിവയെ നിരീക്ഷിച്ചിട്ടുണ്ട്. മഴയുടെ കുറവ് തവളകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ പ്രജനനത്തെ കാര്യമായി ബാധിച്ചതായി കാണാൻ കഴിഞ്ഞു. ഇനിയും കൂടുതൽ നിരീക്ഷണ പഠനങ്ങൾ നടത്തേണ്ട ഒരു പ്രദേശമാണ് ബ്ലാത്തൂർ. എന്നാൽ മാത്രമേ ബ്ലാത്തൂരിന്റെ സമഗ്രമായ ജൈവവൈവിധ്യ സമ്പന്നത പൂർണ്ണമായും വെളിപ്പെടുകയുള്ളു. ഈ നാടിന്റെ ജലസംഭരണി എന്ന നിലയിലും ജൈവവൈവിധ്യത്തിന്റെ കേന്ദ്രം എന്ന നിലയിലും ബ്ലാത്തൂറിന്റെയും അനുബന്ധപ്രദേശങ്ങളായ കല്ല്യാട്, ഊരത്തൂർ എന്നിവിടങ്ങളിലേയും പാറപ്പരപ്പുകൾ സംരക്ഷിച്ചേ മതിയാവൂ. ഇപ്പോൾ നടക്കുന്ന അനിയന്ത്രിത ചെങ്കൽ ഖനനം കർശനമായി പരിമിതപ്പെടുത്തുകയും വിശാലമായതും സർക്കാർ അധീനതയിലുള്ളതുമായ പാറഭൂമികൾ സ്വകാര്യ വ്യക്തികൾ കൈയേറി ചെങ്കല്പ്പണകളാക്കുന്നത് തടയുകയും ചെയ്താൽ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളു. ഇതിനായി ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പ്രകൃതി അവബോധം വളർന്നുവരേണ്ടതുണ്ട്. ഇതിന്നായി പഞ്ചായത്തിന്റെയും റവന്യൂ അധികൃതരുടേയും ഇടപെടലുകൾ ആവശ്യമാണ് എന്ന് പഠനം കാണിക്കുന്നു. ജൈവവൈവിധ്യസമ്പന്നമായ ഈ പ്രദേശം ഒരു ചെങ്കൽപ്പാറജൈവവൈവിധ്യപൈതൃകപ്രദേശമായി(Laterite Biodiversity Heritage Site) മാറ്റണമെന്ന് പഠനസംഘം നിർദ്ദേശം നൽകുകയുണ്ടായി. ഒരുവർഷം നീണ്ടുനിൽക്കുന്ന പഠനത്തിന്റെ തുടർച്ചയായി ഓരോ മാസവും സർവേകളും പഠനക്കേമ്പുകളും നടത്തുന്നതാണു.പൊതുജനങ്ങൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സുകളും നടത്തും. വി.സി.ബാലകൃഷ്ണൻ, പി.കെ.ഗിരീഷ്മോഹൻ, വിനയരാജ്. വി. ആർ, വിജയകുമാർ ബ്ലാത്തൂർ, ടി.എം.രജേന്ദ്രൻ, ഡോ.ദീപാചന്ദ്രൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. [3] [4] [5]
ബ്ലാത്തൂരിനു വടക്ക് 'ചേറ്റുവട്ടി' കിഴക്ക് "പാലൂൽ' പടിഞ്ഞാറ് 'കരിങ്കക്കുന്ന്' തെക്ക് 'കണ്ണങ്കോട്' എന്നിവിടങ്ങളിൽ നീരരുവികളും വളരെ പ്രാചീന ജനപഥങ്ങളൂടെ അവശിഷ്ടങ്ങളുമുണ്ട്. ചേറ്റുവട്ടിയിൽ പുരാതന ക്ഷേത്രങ്ങളുടെയും കുളങ്ങളുടെയും അവശിഷ്ടങ്ങളുണ്ട്.പാലൂൽ എന്ന സ്ഥലത്ത് മഹാവിഷ്ണുക്ഷേത്ര സമുച്ചയം കണ്ടെത്തി പുനരുദ്ദീകരിച്ചിട്ടുണ്ട്.ഇരിക്കൂറിൽ നിലനിൽക്കുന്ന മാമാനം മഹാദേവി ക്ഷേത്രം ആരൂഢസ്ഥാനമായ കണ്ണങ്കോട് എന്ന സ്ഥലത്ത് വളരെ പഴയ അമ്പല അവശീഷ്ടങ്ങൾ വർഷങ്ങൾക്ക് മുമ്പെതന്നെ കണ്ടെത്തിയിരുന്നുവെങ്കിലും പത്തു വർഷത്തിനു മുമ്പാണു മാമാനം ക്ഷേത്രക്കമ്മറ്റി അതേറ്റെടുത്ത് പുനരുദ്ധാരണം നടത്തിയത്.ബ്രാഹ്മണ ഗ്രാമങ്ങൾ നിലനിന്നിരുന്ന ഈ പ്രദേശത്ത് നിന്നും പൂർണ്ണമായും എല്ലാ കുടുംബങ്ങളും അപ്രത്യക്ഷമായതിനു കാരണം അറിയില്ല.ബ്രാഹ്മണ കുടുംബങ്ങളുടെ ഇല്ലപ്പേരുകൾ ബ്ലാത്തൂരിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുപോലെതന്നെ ഉയർന്ന ജാതിക്കാരായ നമ്പ്യാർ സമുദായം പരിപാലിച്ചു പോന്നിരുന്ന വേട്ടക്കൊരുമകൻ ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതിനും കാരണം വ്യക്തമല്ല. ഭൂമിശാസ്ത്രപരമായി വളരെ അനുയോജ്യമായ സമീപ പ്രദേശങ്ങളിലെ ജനജീവിതം എങ്ങനെ ഇല്ലാതായി എന്നും വെള്ളം ലഭിക്കാൻ വളരെ വിഷമമുള്ള ബ്ലാത്തൂരിൽ എങ്ങനെ ജനങ്ങൾ ജീവിതം ആരംഭിച്ചു എന്നതും വിശദീകരിക്കപ്പെട്ടിട്ടില്ല.
നൂറേക്കർ വിസ്താരമുള്ള ബ്ലാത്തൂർ വയലിൽ പ്രധാനമായും ഒരു വിള മാത്രമായിരുന്നു ചെയ്തിരുന്നത്. കുറച്ച് പ്രദേശത്ത് മാത്രം പുഞ്ചകൃഷി ചെയ്തിരുന്നു.കയമ,അയ്യാർ എട്ട്, ജയതുടങ്ങിയ ഇനം നെല് വിത്തുകളാണു ഇവിടെ കൃഷി ചെയ്തിരുന്നത്.വെള്ളരി,മത്തൻ,കുമ്പളം തുടങ്ങിയവ നട്ടിയായി കൃഷി ചെയ്യും .പ്രധാന പൊതു കുളങ്ങളായ പുതിയോട്ടും കുളം,പള്ളിക്കുളം,അമ്പലക്കുളം എന്നിവക്കടുത്ത് വയലിലാണു നാട്ടി നടുക. ഒരു വർഷത്തേക്ക് ആവശ്യമായ പച്ചക്കറികൾ ഇത്തരത്തിൽ കൃഷി ചെയ്യും. ഇവ വിൽക്കാറില്ലായിരുന്നു.വെള്ളരി, മത്തൻ തുടങ്ങിയവ വാഴനാരുകൊണ്ട് മെടഞ്ഞ് കെട്ടി ഉത്തരത്തിൽ തൂക്കി ഇടുക പതിവാണു.ഇപ്പോൾ പുതുതായി കുഴിച്ചിരിക്കുന്ന കുളങ്ങളിൽ നിന്നുള്ള വെള്ളമുപയോഗിച്ച് വ്യാപകമായി വിൽപ്പനക്കായി കൃഷി നടത്തുന്നു. ബ്ലാത്തൂർ വയലിനു ചുറ്റുമുള്ള വീടുകൾക്ക് പുറകിൽ ആൾതാമസം ഇല്ലാത്ത വിശാലമായ കശുവണ്ടി കാടുകളാണു ഉണ്ടായിരുന്നത്. നിരവധി ഹെക്ടർ കശുവണ്ടി കൃഷി ഉണ്ടായിരുന്നു.ശാസ്ത്രീയമായ രീതിയിലുള്ള കൃഷി ആയിരുന്നില്ല. ഇതു കൂടാതെ കുരുമുളക്, മരച്ചീനി എന്നിവയും കൃഷി ചെയ്തിരുന്നു. ഇപ്പോൾ വലിയ തോതിൽ റബ്ബർ കൃഷിക്ക് വേണ്ടി കശുവണ്ടി തോട്ടങ്ങളും, കുരുമുളക് തോട്ടങ്ങളും വെട്ടി മാറ്റിക്കഴിഞ്ഞു.മരച്ചീനി അപൂർവമായി മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. പഴയകാലത്ത് വറുതിസമയങ്ങളിൽ കേതക്ക എന്ന കാട്ടുകിഴങ്ങായിരുന്നു പ്രധാന ഭക്ഷണം
1939 ജനുവരി 18- ബ്ലാത്തൂർ വയലിൽ നടന്ന കാർഷിക സമ്മേളനത്തിൽ ചിറക്കൽ താലൂക്കില്പെട്ട പല സ്ഥലങ്ങളിൽനിന്നായി ഏഴായിരത്തോളം ആൾക്കാർ പങ്ക് എടുത്തു. പ്രസിദ്ധ സ്വാതന്ത്ര സമര സേനാനി എൻ.ജി. രങ്ക,വിഷ്ണു ഭാരതീയൻ, കേരളീയൻ,കെ.പി.ആർ. ഗോപാലൻ,പി.എം.ഗോപാലൻ,പാട്ടത്തിൽ പത്മനാഭൻ എന്നിവർ പങ്കുകൊണ്ടു.സമ്മേളനം അലങ്കോലപ്പെടുത്താൻ കല്ല്യാട് എശമാന്റെ ആൾക്കാർ ശ്രമിച്ചത്.
കല്യാട് സർവീസ് സഹകരണ ബേങ്ക് സായാഹ്നശാഖ ബ്ലാത്തൂർ ടൗൺ
ബ്ലാത്തൂർ വയലിന്റെ പടിഞ്ഞാറെക്കരയിൽ ഉള്ള ഈ അമ്പലത്തിന്റെ ഭരണം ബ്ലാത്തൂർ മൂത്തേടം വെൽഫേർ സൊസൈറ്റിയുടെ കീഴിലാണ്.അഞ്ച് കാരണവന്മാരും മൂന്നു അനന്തരവന്മാരും ചേർന്ന സമിതിയും ഉണ്ട്. ബ്ലാത്തൂരിലെ ഭഗവതിക്കോട്ടം ,പള്ള്യത്ത് ഭൈരവൻ കോട്ടം എന്നിവയുടെ ഭരണവും ഈ ക്ഷേത്രത്തിനു കീഴിലാണ്. വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി തെയ്യം എന്നീ തെയ്യങ്ങൾ മാത്രമാണിവിടെ കെട്ടിയാടിക്കുന്നത്.ധനു 21 നാണ് എല്ലാ വർഷവും കളിയാട്ടം നടക്കുന്നത്
ബ്ലാത്തൂർ പടിഞ്ഞാറെ കരയിൽ പുതുതായി നരസിംഹമൂർത്തി ക്ഷേത്രം നിർമ്മാണം ആരംഭിച്ചു
തെക്കേ മൂലയിൽ സ്ഥിതിചെയ്യുന്ന ഈ കോട്ടത്ത് വലിയ തമ്പുരാട്ടി,ഭൈരവൻ,കരിയാത്തൻ,കൈക്കോളൻ,കരിവേടൻ എന്നീ തെയ്യങ്ങൾ കെട്ടിയാടിക്കപ്പെടുന്നു.ധനു 23 നാണിവിടെ കളിയാട്ടം
വടക്കേ മൂലയിലായി സ്ഥിതി ചെയ്യുന്ന ഈ കാവിൽ പ്രധാന മൂർത്തി പുതിയ ഭഗവതിയാണ്.കകൂടാതെ വീരൻ,വീരാളി,എന്നീ തെയ്യങ്ങളും ഇവിടെ കെട്ടിയാടിക്കുന്നു.മകരം 13 തീയതിയിലാണ് ഇവിടെ കളിയാട്ടം
കെളമ്പത്ത് കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വീട്ടിലെ സ്ഥാനത്ത് കെട്ടിയാടിക്കുന്ന പ്രധാന തെയ്യം മാഞ്ഞാൾ ഭഗവതിയാണ്
പുരാതനമായ വിഷ്ണു ക്ഷേത്രം,
ബ്ലാത്തൂർ സ്കൂളിനു സമീപം
ബ്ലാത്തൂർ ടൗണിനടുത്തുള്ള കോട്ടം. പൊട്ടൻ,ഗുളികൻ,ശാസ്തപ്പൻ, വസൂരിമാല തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിക്കുന്നു.
ബ്ലാത്തൂർ ടൗണിൽ ഉള്ള പള്ളി
ബ്ലാത്തൂർ-പയ്യാവൂർ രോഡിൽ അരയാൽ എന്ന സ്ഥലത്ത് ഉള്ള നിസ്കാരപ്പള്ളി
കുറത്തി പൊട്ടൻ തുടങ്ങിയ തെയ്യങ്ങൾ ഇവിടെ കെട്ടിയാടിക്കുന്നു.
ബ്ലാത്തൂർ കിഴക്കേക്കരയിൽ സ്ഥിതിചെയ്യുന്ന മുത്തപ്പൻ മടപ്പുര.
ബ്ലാത്തൂരിലെ വിവിധ കോട്ടങ്ങളിലും ദൈവസ്ഥാനങ്ങളിലുമായി എല്ലാ വർഷവും കെട്ടിയാടിക്കപ്പെടുന്ന പ്രധാന തെയ്യങ്ങൾ
ഒന്നാം ലോക മഹായുദ്ധത്തിന്റെ ഫലമായി ഭക്ഷ്യക്ഷാമം രൂക്ഷമായതിനെത്തുടർന്ന് തരിശിട്ടിരിക്കുന്ന വയലുകൾ കയ്യേറി കൃഷിയിറക്കണമെന്ന് കർഷകസംഘം തീരുമാനിച്ചു. പട്ടിണിയും ഭക്ഷ്യക്ഷാമവും നേരിടാൻ ഗ്രാമങ്ങൾ തോറും പ്രൈമറി സഹകരണ സംഘങ്ങൾ (പി സി സി കൾ) സ്ഥാപിച്ചിരുന്നു. ഈ ബോർഡുകളെ തകർക്കാൻ വേണ്ടി ഈ പ്രദേശത്തെ ജന്മിമാർ ഗുണ്ടകളുടെ സഹായത്തോടെ ശ്രമങ്ങൾ നടത്തി. കാവുമ്പായി ഉൾപ്പെടുന്ന ഇരിക്കൂർ ഫർക്കയിലെ ഭൂമി മുഴുവൻ കല്ല്യാട്ടെശ്മാന്റെയും കരക്കാട്ടിടം നായനാരുടേതുമായിരുന്നു. പുനംകൃഷി ചെയ്യാനുള്ള അവകാശം നൽകണമെന്ന് കർഷകർ വർഷങ്ങളായി ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ജന്മിമാർ ചെവിക്കൊണ്ടിരുന്നില്ല. പുനം കൊത്തി കൃഷിചെയ്യാനുള്ള ശ്രമങ്ങൾ ഗുണ്ടകളും പൊലീസും പരാജയപ്പെടുത്തി. ഈ കാലത്താണ് കർഷകസംഘത്തിന്റെ പ്രവർത്തനം ഈ പ്രദേശങ്ങളിൽ സജീവമാകുന്നത്. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നിവേദനങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജന്മിമാർ കർഷകദ്രോഹം വർധിപ്പിച്ചു. ഈ സാഹചര്യത്തിൽ പുനം കയ്യേറി കൃഷിയിറക്കാൻ കർഷകർ തീരുമാനിക്കുകയായിരുന്നു.1946 ഒക്ടോബർ 23ന് ബ്ലാത്തൂരിലെ കർഷക നേതാവും ഇരിക്കൂർ പി സി സി ഡയരക്ടർ ബോർഡ് അംഗവുമായിരുന്ന പി നാരായണൻ നമ്പ്യാരുടെ ശവശരീരം ബ്ലാത്തൂർ ചമ്പകശേരി എന്ന വീട്ടിലെ കിണറിൽ കാണപ്പെട്ടു. യോഗശേഷം തനിയെ നടന്നുവരികയായിരുന്ന അദ്ദേഹത്തെ ജന്മിയുടെ സഹായികൾ കൊലപ്പെടുത്തി കിണറ്റിൽ കൊണ്ടുവന്നിട്ടതായി കരുതപ്പെടുന്നു. ഇത് കർഷകർക്കിടയിൽ അമർഷത്തിനും വൻ പ്രതിഷേധത്തിനും ഇടയാക്കി. ഇതേതുടർന്ന് ജന്മിയുടെ ആവശ്യപ്രകാരം കാവുമ്പായിയും പരിസരങ്ങളും മലബാർ സ്പെഷ്യൽ പോലീസിന്റെ ക്യാമ്പായി മാറി. ഈ രക്തസാക്ഷിയുടെ സ്മരണക്കായി ബ്ലാത്തൂരിൽ നാരായണൻ നമ്പ്യാർ സ്മാരക വായനശാലയും സാംസ്കാരിക നിലയവും പ്രവർത്തിക്കുന്നു.[അവലംബം ആവശ്യമാണ്]
പോലീസ് ഗ്രാമം എന്ന പേരിലും ബ്ലാത്തൂർ അറിയപ്പെടുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ പോലീസുകാരുള്ള ഗ്രാമമാണിത്.[അവലംബം ആവശ്യമാണ്] നാൽപ്പത്തിയഞ്ച് പേർ പോലീസ് സേനയിൽ സേവനം ചെയ്യുന്നു.എല്ലാവരും ബന്ധുക്കളും ആണെന്ന പ്രത്യേകതയും ഉണ്ട്.വളരെ കുറച്ച് അംഗസംഖ്യയുള്ള ഒരു കൊച്ചുപ്രദേശത്തുനിന്ന് ഇത്രയധികം പോലീസുകാർ ജോലി ചെയ്യുന്നത് കേരളത്തിൽ മറ്റെങ്ങുമില്ല.[അവലംബം ആവശ്യമാണ്]
മണിയാണി അല്ലെങ്കിൽ എരുമാൻ, യാദവ എന്ന ഹിന്ദു ജാതി വിഭാഗത്തിൽ പെട്ടവരാണു ബഹു ഭൂരിപക്ഷം ജനങ്ങളും. തീയ്യർ, ആശാരി, കണിശൻ, കൊല്ലൻ, പുലയർ എന്നീ ജാതിയിൽ പെട്ടവരും ഈ ഗ്രാമത്തിൽ ഉണ്ട്. മുസ്ലിം മതത്തിൽ പെട്ടവർ ഇരുപത് ശതമാനത്തോളം വരും. ക്രിസ്ത്യൻ മത വിഭാഗത്തിൽ പെട്ട ആരും ഗ്രാമത്തിൽ ഇല്ല.[അവലംബം ആവശ്യമാണ്] ഒരു നമ്പൂതിരി കുടുംബവും ഉണ്ട്.
കുട്ടമത്ത് കുന്നിയൂർ കുഞ്ഞികൃഷ്ണക്കുറുപ്പ് രചിച്ച ബാലഗോപാലൻ നാടകം ബ്ലാത്തൂരിൽ 1940 കാലത്ത് അവതരിപ്പിച്ചിരുന്നു. കെ. ദാമോദരന്റെ പാട്ടബാക്കി നാടകവും കർഷകസംഘസമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
താഴെപ്പറയുന്ന വ്യക്തികൾ ബ്ലാത്തൂർ സ്വദേശികളാണ്.