ഭാർഗ്ഗവീനിലയം | |
---|---|
സംവിധാനം | എ. വിൻസന്റ് |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | വൈക്കം മുഹമ്മദ് ബഷീർ |
തിരക്കഥ | വൈക്കം മുഹമ്മദ് ബഷീർ |
സംഭാഷണം | വൈക്കം മുഹമ്മദ് ബഷീർ |
അഭിനേതാക്കൾ | മധു പ്രേം നസീർ അടൂർ ഭാസി പി.ജെ. ആന്റണി വിജയ നിർമ്മല പി.എസ്. പാർവതി ബേബി ശാന്ത |
സംഗീതം | എം.എസ്. ബാബുരാജ് |
പശ്ചാത്തലസംഗീതം | കണ്ണൻ (രേവതി) |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | പി ഭാസ്കര റാവു |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | വിജയ, വാഹിനി |
ബാനർ | ചന്ദ്രതാര പ്രൊഡൿഷൻസ് |
പരസ്യം | എസ് എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 2hr 48min |
നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചുള്ള ഭാർഗ്ഗവീനിലയം എന്ന മലയാളചലച്ചിത്രം ഇറങ്ങിയത് 1964-ലാണ്. സംവിധായകൻ ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്[1]. വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 ഒക്ടോബർ 22-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ചു. മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം.[2][3]
മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം. പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ ഭവനങ്ങളെ ഭാർഗ്ഗവീനിലയങ്ങൾ എന്നു പേരിട്ട് വിളിക്കുവാൻ വരെ കാരണമായ നിലയിൽ കേരളീയരെ സ്വാധീനിച്ച ഒരു സിനിമയും ഇതായിരുന്നു. പ്രശസ്ത മലയാള നടനായിരുന്ന കുതിരവട്ടം പപ്പുവിന് ആ പേര് ലഭിക്കുന്നതും ഈ സിനിമയിലെ കഥാപാത്രത്തിൽ നിന്നാണ്. മലയാള സിനിമയിലെ പിൽക്കാല പ്രേതങ്ങൾക്ക് വെള്ള സാരിയും ഉടുപ്പുകളും മാത്രം ഉപയോഗിക്കുന്ന രീതിയും ഈ ചിത്രത്തിന്റെ സംഭാവനയായി ഗണിക്കുന്നു [4] . പില്ക്കാല മലയാള സിനിമാ പ്രേതങ്ങളുടെ പല മാനറിസങ്ങളും ഈ സിനിമയുടെ സംഭാവനയായാണ് കരുതപ്പെടുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമാ-പ്രേതസ്വഭാവങ്ങളിൽ ചിലത് കാല് നിലം തൊടാതെ സഞ്ചരിക്കുക, ചിലങ്ക കിലുക്കി നടക്കുക, നിശ്ശബ്ദതയിൽ ഓരിയിടുക, പെട്ടെന്ന് പൊട്ടിച്ചിരിക്കുക, എന്നിങ്ങനെയാണ്.[5][6]
ഭാവനാ സമ്പന്നനായ ഒരു സാഹിത്യകാരൻ (മധു) ഏകാന്തമായ ഒരു താമസസ്ഥലം അന്വേഷിച്ച് ഏറെക്കാലമായി നടന്നതിന്റെ ഫലമായി അനുയോജ്യമായ ഒരിടം കിട്ടി. ചുരുങ്ങിയ വാടകയ്ക്ക് നല്ലൊരു പാർപ്പിടം കിട്ടിയ സന്തോഷത്തിൽ തനിക്കായി കാത്തിരുന്ന യുവതിയെപ്പോലെ ആ മനോഹര ഭവനത്തിനു വന്ദനമേകിക്കൊണ്ട് അദ്ദേഹം അവിടെ താമസമാക്കി. എന്നാൽ പ്രേതബാധയുള്ള വീട് എന്ന നിലയിൽ ഭാർഗവീനിലയം എന്ന ആ വീട് പ്രസിദ്ധമായിരുന്നു. അപമൃതുവിനു ഇരയായ ആവീട്ടിലെ പെൺകുട്ടിയുടെ ആത്മാവ് അവിടെത്തന്നെ കഴിയുന്നുണ്ടെന്നു സങ്കല്പിച്ച് സാഹിത്യകാരൻ അദൃശ്യയായ ആ യുവസുന്ദരിയെ ഭാർഗ്ഗവിക്കുട്ടി എന്ന് സ്നേഹപൂർവം സംബോധന ചെയ്ത് ആ സഹവാസിനിയുടെ മൗനാനുവാദം ഓരോ കാര്യത്തിലും നേടി ദിനകൃത്യങ്ങൾ ചെയ്തു വന്നു. ഏകാന്തത തളം കെട്ടി നിൽക്കുന്ന പ്രസ്തുത മന്ദിരത്തിൽ ഒരു പ്രേതത്തിന്റെ ചലനങ്ങൾ അയാൾ അറിയുന്നു. ദൃശ്യമാകുന്നു. ജോലിക്കാരനായ ചെറിയ പരീക്കണ്ണിക്ക് (അടൂർഭാസി) അവളിൽ നിന്നും പ്രഹരങ്ങളും ഏൽക്കേണ്ടി വന്നു.അന്വേഷ്ണ കുതുകിയായ സാഹിത്യകാരൻ ചില പഴയ കത്തുകളിൽ നിന്നും കിട്ടിയ തെളിവുകളെ ആസ്പദമാക്കി കഥ എഴുതാൻ ആരംഭിക്കുന്നു. അയാൾ കിട്ടിയ തെളിവുകളും ഭാവനയും ചേർത്ത് അവളുടെ മരണസത്യം എഴുതുന്നത് എം. എൻ. എന്നറിയപ്പെടുന്ന നാണുക്കുട്ടനെ (പി.ജെ. ആൻ്റണി) ആ സാഹിത്യകാരന്റെ ശത്രുവാക്കി തീർക്കുന്നു. മരിച്ച ഭാർഗ്ഗവിക്കുട്ടിയുടെ അച്ഛന്റെ അനന്തിരവനായ നാണുക്കുട്ടനാണ് അവളുടെ ഘാതകരെന്ന് തെളിയുന്നു. എഴുതിയ കഥ അദൃശ്യയായ ഭാർഗ്ഗവിക്കുട്ടിയെ വായിച്ചു കേൾപ്പിക്കുന്ന രീതിയിൽ അവളുടെ പൂർവകാല പ്രേമകഥ ഫ്ലാഷ് ബാക്കിലൂടെ അവതരിപ്പിക്കുന്നുണ്ട്. ശശികുമാർ (പ്രേംനസീർ) എന്ന ഗായകനും സാഹിത്യകാരനുമായ തന്റെ കാമുകനുമായി ഭാർഗ്ഗവിക്കുട്ടി (വിജയ നിർമ്മല) പാടിയുല്ലസിച്ചു കഴിയുന്നതും, ശശിയും ഭാർഗ്ഗവിയും കൊല്ലപ്പെടുന്നതും അങ്ങനെ ഭാർഗ്ഗവീ നിലയമെന്ന സൗധം പ്രേതമന്ദിരമായി തീരുന്നതും വിവരിച്ചു കാണിക്കുന്നു. സാഹിത്യകാരൻ ഭാർഗ്ഗവിക്കുട്ടിയെ കഥ വായിച്ചു കേൾപ്പിക്കുന്നത് ശ്രദ്ധിച്ചു കേട്ടു കൊണ്ടു നിന്ന നാണുക്കുട്ടൻ ( എം എൻ ) കഠാരിയുമായി സാഹിത്യകാരനെ കൊല്ലുവാൻ അടുക്കുന്നു. അവർ തമ്മിലുള്ള മല്പ്പിടുത്തത്തിൽ നാണുക്കുട്ടൻ കിണറ്റിൽ വീണു മരിക്കുന്നു. അത് ഭാർഗ്ഗവിക്കുട്ടിയുടെ പ്രേതത്തിന്റെ പണിയായിരുന്നു. കിണറ്റിൽ വീഴാതെ സാഹിത്യകാരൻ രക്ഷപ്പെടുന്നതും ഭാർഗ്ഗവിയുടെ സഹായത്തോടു കൂടിയാണ് . ഭാർഗ്ഗവിക്കുട്ടി തന്റെ പ്രതികാരം നിർവഹിച്ചു കഴിയുന്നതോടെ കഥയവസാനിക്കുന്നു. [7]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | കഥാകൃത്ത് (വൈക്കം മുഹമ്മദ് ബഷീർ) |
2 | പ്രേം നസീർ | ശശികുമാർ |
3 | അടൂർ ഭാസി | ചെറിയപരീക്കണ്ണി |
4 | കുതിരവട്ടം പപ്പു | കുതിരവട്ടം പപ്പു |
5 | പി.ജെ. ആന്റണി | എം.എൻ/നാണുക്കുട്ടൻ |
6 | വിജയ നിർമ്മല | ഭാർഗ്ഗവിക്കുട്ടി |
7 | പി.എസ്. പാർവതി | ഭാർഗ്ഗവിക്കുട്ടിയുടെ അമ്മ |
8 | ബേബി ശാന്ത | |
9 | മാള ശാന്ത | |
10 | കെടാമംഗലം അലി | |
11 | കൃഷ്ണ ഗണേശ് | |
12 | കെ.ബി. പിള്ള | |
13 | നാരായണൻ നായർ |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അനുരാഗ മധുചഷകം | എസ്. ജാനകി | ഭീം പ്ലാസി |
2 | ഏകാന്തതയുടെ അപാരതീരം | കമുകറ പുരുഷോത്തമൻ | |
3 | അറബിക്കടലൊരു മണവാളൻ | യേശുദാസ്,സുശീല | മോഹനം |
4 | താമസമെന്തേ വരുവാൻ | യേശുദാസ് | |
5 | വാസന്ത പഞ്ചമിനാളിൽ | എസ്. ജാനകി | പഹാഡി |
6 | പൊട്ടിതകർന്ന കിനാവ് | എസ്. ജാനകി | |
7 | പൊട്ടാത്ത പൊന്നിൻ | എസ്. ജാനകി |
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)