ഭ്രമരി

Bhramari
Goddess of Bees
Goddess of Black Bees
പദവിAvatar of Parvati
ആയുധങ്ങൾTrident, Mace, Sword, Shield, Chakra
ജീവിത പങ്കാളിShiva

ഹിന്ദു മതത്തിൽ അരുണാസുരൻ എന്ന അസുരനെ വധിക്കാനായി ജന്മം കൊണ്ട പാർവ്വതി ദേവിയുടെ അവതാരമായി ആരാധിക്കപ്പെടുന്ന ഒരു ദേവിയാണ് ഭ്രമരി. ഭ്രമരം എന്നാൽ തേനീച്ച എന്നാണ് അർഥം. ഭ്രമരി എന്നാൽ 'തേനീച്ചയുടെ ദേവി' അല്ലെങ്കിൽ 'കറുത്ത തേനീച്ചയുടെ ദേവി' എന്നാണ് അർഥമാക്കുന്നത്. കൈയ്യിൽ ഒരു ദണ്ഡ്, ത്രിശൂലം, വാൾ, പരിച എന്നിവയുള്ള തരത്തിലാണ് ദേവിയുടെ രൂപം.

ദേവി ഭാഗവതപുരാണത്തിലെ പത്താമത്തെ പുസ്തകത്തിലെ പതിമൂന്നാം അധ്യായത്തിൽ ഭ്രമരി ദേവിയുടെ കഥ വിശദമായി രേഖപ്പെടുത്തുന്നു.[1] ദേവി മഹാത്മ്യത്തിലും ഭ്രമരിയെ സംക്ഷിപ്തമായി പരാമർശിക്കപ്പെടുന്നു.[2] അരുണസുരനെന്ന രാക്ഷസനെ ദേവി കൊന്നതെങ്ങനെയെന്ന് ദേവി ഭാഗവത പുരാണം വിവരിക്കുന്നു. ആന്ധ്രയിലെ ശ്രീശൈലം, മല്ലികാർജ്ജുന ക്ഷേത്രത്തിൽ ശിവനുമായി ചേർന്ന് ദേവിയെ ഭ്രംബരാംബയായി ആരാധിക്കുന്നു. പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണിത്. ദേവിയുടെ കഴുത്ത് വീഴുന്ന 18 ശക്തിപീഠങ്ങളിലൊന്നാണിത്.

ശ്രീ ഭ്രമരി ഗംഗാദേവി, അസിംവിത്ത് ആശ്രമം

അസുരലോകത്ത് ദേവൻമാരെ പരാജയപ്പെടുത്താൻ ആഗ്രഹിച്ചിരുന്ന അരുണസുരൻ എന്ന ശക്തനായ ഒരു അസുരൻ ഉണ്ടായിരുന്നു. ദേവൻമാരെ ജയിക്കാൻ അവൻ ഹിമാലയത്തിലെ ഗംഗയുടെ തീരത്ത് പോയി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ ഗായത്രി മന്ത്രം ഉരുവിട്ട് കഠിന തപസ്സ് നടത്തി. തപസ്സിൻ്റെ ആദ്യത്തെ പതിനായിരം വർഷക്കാലം, ഉണങ്ങിയ ഇലകൾ മാത്രം കഴിച്ചാണ് അദ്ദേഹം ജീവിച്ചത്; രണ്ടാമത്തെ പതിനായിരം വർഷം ഓരോ തുള്ളി വെള്ളം മാത്രം കുടിച്ചാണ് അദ്ദേഹം ജീവിച്ചത്; മൂന്നാമത്തേതിൽ വായു മാത്രം ശ്വസിച്ചുകൊണ്ട് ജീവിച്ചു. നാലാം പതിനായിരം വർഷക്കാലം ഒന്നും കഴിക്കാതെ തപസ്സനുഷ്ഠിച്ചു. നാലാം പതിനായിരം വർഷത്തിനുശേഷം വയറു വറ്റി, ശരീരം ഒട്ടി ഞരമ്പുകൾ ഏതാണ്ട് ദൃശ്യമായി. ഈ ഘട്ടത്തിൽ അരുണാസുരൻ്റെ ശരീരം തീയിൽ ജ്വലിക്കുന്ന പോലെ കാണപ്പെട്ടു.

അസുരൻ്റെ തപസ്സിലും ദൃഢനിശ്ചയത്തിലും സംപ്രീതനായ ബ്രഹ്മാവ് അരുണാസുരന്, അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം രണ്ടോ നാലോ കാലുകളിലുള്ള എല്ലാ ജീവികളിൽ നിന്നും മരണം ഉണ്ടാകുയില്ല എന്ന വരം നൽകി അനുഗ്രഹിച്ചു. ഇതിന് ശേഷം അസുരന്മാർ അരുണാസുരനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു. അരുണാസുരൻ ദേവലോകം ആക്രമിക്കുമെന്ന വാർത്ത കേട്ടപ്പോൾ ഇന്ദ്രൻ ഭയന്ന് വിറച്ചു, തൽക്ഷണം മറ്റ് ദേവന്മാരോടൊപ്പം ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത ശേഷം അവർ വിഷ്ണുവിനെ കാണാൻ വൈകുണ്ഡത്തിൽ പോയി. അസുരനെ എങ്ങനെ കൊല്ലാം എന്നതിനെക്കുറിച്ച് അവിടെ എല്ലാവരും ഒരുമിച്ച് ചർച്ച നടത്തി.

ദേവന്മാർ വിഷ്ണുവുമായി ചർച്ച നടത്താൻ പോയ സമയം അരുണാസുരൻ തന്റെ തപസ്സുകളുടെ ശക്തി ഉപയോഗിച്ച് വിവിധ രൂപങ്ങൾ സ്വീകരിച്ച് ചന്ദ്രൻ, സൂര്യൻ, യമരാജൻ, അഗ്നി തുടങ്ങി മറ്റുള്ളവരുടെ സ്ഥാനം കൈവശപ്പെടുത്തി. സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട എല്ലാ ദേവന്മാരും കൈലാസത്തിൽ പോയി അവരുടെ അവസ്ഥ ശിവനെ അറിയിച്ചു. ശിവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവർ ആദി പരശക്തി പാർവതിയിലേക്ക് തിരിഞ്ഞു. അരുണാസുരന് ബ്രഹ്മാവിൽ നിന്ന് ലഭിച്ച അനുഗ്രഹത്തെക്കുറിച്ച് അറിയാമായിരുന്നു പാർവതി ആറ് കാലുകളുള്ള ജീവികളുടെ സഹായത്തോടെ അസുരനെ കൊല്ലാനുള്ള പദ്ധതി ആവിഷ്കരിച്ചു.

ദേവലോകം കീഴടക്കിയ ശേഷം കൈലാസം ആക്രമിക്കാൻ വന്ന അരുണാസുരനെ പരാജയപ്പെടുത്താൻ ശിവന് പോലും കഴിഞ്ഞില്ല. അരുണാസുരൻ ശിവനെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ശിവൻ പാർവതിയെ യുദ്ധക്കളത്തിൽ വിളിച്ചു. പാർവതി ശിവന്റെ പുറകിൽ പ്രത്യക്ഷപ്പെട്ട് ഒരു വലിയ രൂപത്തിലേക്ക് വളർന്നു. പാർവ്വതിയുടെ കൈയ്യിൽ ഒരു ദണ്ഡ്, ത്രിശൂലം, വാൾ, പരിച എന്നിവ ഉണ്ടായിരുന്നു. പാർവ്വതി, സൂര്യനെ പോലെ പ്രകാശിച്ച തൻ്റെ മൂന്നു കണ്ണുകൾ ഏകാഗ്രതയോടെ അടച്ചപ്പോൾ എണ്ണമറ്റ തേനീച്ചകൾ, കടന്നലുകൾ, ഈച്ചകൾ, കീടങ്ങൾ, കൊതുകുകൾ, ചിലന്തികൾ എന്നിവ ആകാശത്ത് നിന്ന് പാർവ്വതിയുടെ ശരീരത്തിൽ പറ്റിപ്പിടിക്കുകയും ചെയ്തു, പിന്നീട് ശരീരത്തിൽ ലയിച്ച് ഭ്രമരി ദേവിയുടെ ദിവ്യരൂപം കൈക്കൊണ്ടു.

തുടർന്നുണ്ടായ യുദ്ധത്തിൽ, ഭ്രമരി ദേവി സ്വന്തം പരിച ഉപയോഗിച്ച് അസുരന്മാരുടെ ആക്രമണം തടുക്കുകയും, അതേസമയം മറ്റ് കൈകളിലെ ആയുധങ്ങൾ ഉപയോഗിച്ച് അസുര സൈന്യത്തിന് നാശം വരുത്താനും തുടങ്ങി. അരുണാസുരൻ മാത്രം യുദ്ധഭൂമിയിൽ അവശേഷിച്ചപ്പോൾ ദേവി പിന്നോട്ട് പോയി അവനെ ആക്രമിക്കാൻ എല്ലാ പ്രാണികളെയും അയച്ചു. അവ അവന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും കടിച്ചു കീറി. അരുണാസുരൻ മരിച്ചതോടെ പ്രാണികൾ തിരികെ ദേവിയിലേക്ക് മടങ്ങി. അസുരന്മാരുടെ ആക്രമണം അവസാനിച്ചതോടെ എല്ലാ ദേവന്മാരും ദേവിയെ സ്തുതിച്ച് ദേവലോകത്തേക്ക് മടങ്ങി.

പ്രാണായാമം

[തിരുത്തുക]

പ്രാണായാമത്തിൽ, മൂക്കിലൂടെയുള്ള ഒരു തരം ശ്വസനത്തിന് ഭ്രമരി എന്ന പേര് നൽകിയിട്ടുണ്ട്. ഈ ശ്വസനം തേനീച്ചയുടെ ശബ്‌ദം പോലെയുള്ള ശബ്ദമുണ്ടാക്കുന്നതിനാലാണ് ഈ പേര് കിട്ടിയത്.[3][4]

ഇതും കാണുക

[തിരുത്തുക]
  • അഹ്-മുസെൻ-കാബ് - മായൻ വിശ്വാസത്തിൽ തേനീച്ചകളുടെ ദേവൻ.
  • അരിസ്റ്റീയസ് - പുരാതന ഗ്രീക്ക് വിശ്വാസത്തിലെ തേനീച്ചകളുടെ ദേവൻ.
  • ഓസ്റ്റജ - ലിത്വാനിയൻ വിശ്വാസത്തിലെ തേനീച്ചകളുടെ ദേവി.
  • ബുബിലാസ് - ലിത്വാനിയൻ വിശ്വാസത്തിലെ തേനീച്ചകളുടെ ദൈവം.
  • കോൾ കാബ് - മായൻ വിശ്വാസത്തിൽ തേനീച്ചകളുടെ ദേവി.
  • മെലിസ - പുരാതന ഗ്രീക്ക് / മിനോവാൻ വിശ്വാസത്തിലെ തേനീച്ചകളുടെ ദേവത.
  • മെലോന - റോമൻ വിശ്വാസത്തിലെ തേനീച്ചകളുടെ ദേവത.
  • ബീ (പുരാണം)

അവലംബം

[തിരുത്തുക]
  1. "The Devi Bhagavatam: The Tenth Book: Chapter 13". sacred-texts.com. Retrieved 2016-03-26.
  2. C. Mackenzie Brown. The Triumph of the Goddess: The Canonical Models and Theological Visions of the Devi-Bhagavata Purana. SUNY Press. p. 277. ISBN 978-0-7914-9777-7.
  3. "Types of Pranayama". YogaPoint. 2019. Retrieved 13 May 2019.
  4. "Mind Your Breathing: The Yogi's Handbook with 37 Pranayama Exercises". Notion Press. 2020. Retrieved 14 October 2020.