ഒരു കർണാടകസംഗീത രചയിതാവായിരുന്നു അകുമാഡുഗുല മനമ്പുചവാടി വെങ്കടസുബ്ബയ്യർ (1803–1862). ത്യാഗരാജസ്വാമികളുടെ ബന്ധുവും ശിഷ്യനുമായിരുന്നു അദ്ദേഹം. തെലുങ്കിലും സംസ്കൃതത്തിലും പണ്ഡിതനായിരുന്നു. തെലുങ്ക് ഭാഷയിലാണ് അദ്ദേഹത്തിന്റെ രചനകൾ. ഹംസധ്വനി രാഗത്തിൽ അദ്ദേഹം രചിച്ച ജലജാക്ഷി എന്ന വർണം പ്രസിദ്ധമാണ്.[1][2][3][4][5]
തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ മനമ്പുചവാടി ഗ്രാമത്തിലാണ് വെങ്കടസുബ്ബയ്യർ ജനിച്ചത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മഹാനായ ത്യാഗരാജന്റെ കൂട്ടായ്മയിൽ ചെലവഴിച്ച അദ്ദേഹം ത്യാഗരാജസ്വാമികളുടെ പല രചനകളും സംരക്ഷിക്കാൻ സഹായിച്ചു.[6]
വെങ്കടസുബ്ബയ്യരുടെ വിദ്യാർത്ഥികളായ മഹാ വൈദ്യനാഥ അയ്യർ, പട്ടണം സുബ്രഹ്മണ്യ അയ്യർ, സാരഭ ശാസ്ത്രി, ത്യാഗരാജൻ (മഹാനായ സംഗീതജ്ഞൻ ത്യാഗരാജന്റെ ചെറുമകൻ), ഫിഡിൽ വെങ്കോബ റാവു എന്നിവർ പിന്നീട് പ്രശസ്ത സംഗീതജ്ഞരായി. ത്യാഗരാജന്റെ രചനകൾ ആന്ധ്രയിലേക്ക് കൊണ്ടുപോയ സുസർല ദക്ഷിണമൂർത്തി ശാസ്ത്രിയെയും അദ്ദേഹം പഠിപ്പിച്ചു. വെങ്കടസുബ്ബയ്യരുടെ രചനകളിൽ വെങ്കിടേശ എന്ന മുദ്ര ഉപയോഗിച്ചിരുന്നു.