മുസ്ലിം പണ്ഡിതൻ മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ | |
---|---|
പൂർണ്ണ നാമം | മലബാർ കലാപകാലത്തെ പ്രമുഖ മുസ്ലിം പണ്ഡിതൻ |
മരണം | തുർക്കി |
Madh'hab | അശ്അരി , ശാഫിഈ |
പ്രധാന താല്പര്യങ്ങൾ | സൂഫിസം,തത്ത്വ ചിന്ത, രാഷ്ട്രീയ ഇസ്ലാം |
സ്വാധീനിച്ചവർ |
കേരളത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഒരു പ്രധാന പങ്ക് വഹിച്ച മത പണ്ഡിതനായിരുന്നു[1] സയ്യിദ് ഫസൽ തങ്ങൾ[2]. മുഴുവൻ പേര് മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. മമ്പുറം തങ്ങൾ രണ്ടാമൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബ്രിട്ടീഷുകാരുടെ ചൂഷണം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും, പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭത്തിലും മലബാറിൽ കർഷക കലാപങ്ങൾ ഉയർന്നു വന്നത്. മലബാറിലെ മുസ്ലിം പണ്ഡിതന്മാരിൽ ഒരു വിഭാഗം ചൂഷണം ചെയ്യപ്പെട്ട ജനവിഭാഗങ്ങളെ പ്രതികരണശേഷിയുള്ളവരാക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.[3] ചൂഷണവും, മർദ്ദനവും എതിർക്കുന്നതിനുവേണ്ടിയുള്ള ആശയരൂപീകരണത്തിനു സയ്യിദ് ഫസൽ പൂക്കോയ തങ്ങളേപ്പോലുള്ളവർ നിർണ്ണായക പങ്കു വഹിച്ചിരുന്നു.
സയ്യിദ് അലവി തങ്ങളുടേയും ഫാത്തിമയുടേയും മകനായി 1824 ൽ സയ്യിദ് ഫസൽ തങ്ങൾ ജനിച്ചു.[4] പിതാവ് മമ്പുറം തങ്ങൾ ഒന്നാമൻ എന്നറിയപ്പെട്ടിരുന്ന സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ അറിയപ്പെടുന്ന സൂഫി യോഗിയും , മതപണ്ഡിതനുമായിരുന്നു. പ്രാഥമിക പഠനം ചാലിലകത്ത് ഖുസ്സയ് ഹാജിയിൽ നിന്നും തുടർ പഠനം ഔക്കോയ മുസ്ലിയാർ, ബൈത്താൻ മുഹമ്മദ് മുസ്ലിയാർ,ഖാളി മുഹ്യുദ്ദീൻ കോഴിക്കോട് എന്നിവരിലൂടെയും കരസ്ഥമാക്കിയ ഫസൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസ്സവുഫ് എന്നീ വിജ്ഞാനങ്ങളിൽ അവഗാഹം നേടുകയും, ഖാദിരിയ്യ ബാ അലവിയ്യ ആത്മീയ സരണി കരസ്ഥമാക്കുകയും ചെയ്തു.[5] ഖാദിരിയ്യ ബാ അലവിയ്യ സരണിയിൽ പിതാവായ സയ്യിദ് അലവി, ഖുസ്സയ് ഹാജി, അബുകോയ മുസ്ലിയാർ, ഉമർ ഖാളി എന്നിവരൊക്കെയും മുർഷിദ് മുറബ്ബിമാരാണ്. [6] തുടർന്ന് മക്കയിലും യമനിലും ഉപരിപഠനം നടത്തി ഹള്റൽ മൗത്തിലെ ശൈഖ് സയ്യിദ് അബ്ദുല്ല ബിൻ ഉമർ എന്ന സന്യാസി വര്യനിൽ നിന്നും ഇജാസിയ്യത്തുകൾ കരസ്ഥമാക്കുകയും ചെയ്തു. [7] 1844ൽ പിതാവ് അന്തരിച്ചപ്പോഴേക്കും സയ്യിദ് ഫസൽ പേരെടുത്ത ഒരു മതപണ്ഡിതനും,ആത്മീയ ജ്ഞാനിയും, ബ്രിട്ടീഷ് വിരോധിയും ആയി തീർന്നിരുന്നു[8].സയ്യിദ് അലവി മരണപ്പെടുമ്പോൾ ഫസൽ പൂക്കോയക്ക് ഇരുപത് വയസായിരുന്നു പ്രായം. പിതാവിൻറെ മരണാനന്തരം മക്ക- മദീന തീർത്ഥ യാത്ര നടത്തിയ ഫസൽ പൂക്കോയ അഞ്ചു വർഷത്തിലേറെ അവിടെ താമസിച്ചു പ്രശസ്ത അധ്യാപകരിൽ നിന്നും വിജ്ഞാനം ആർജ്ജിച്ച് 1849 ഇൽ നാട്ടിലേക്ക് തിരിച്ചെത്തി.
ഒരു മതപണ്ഡിതൻ എന്നതിലുപരി ചുറ്റുപാടിനോടും, സമകാലീന സംഭവങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാൻ ഒട്ടും മടികാട്ടിയിരുന്നില്ല ഫസൽ തങ്ങൾ. ഫസലിൻറെ രാഷ്ട്രീയ വീക്ഷണത്തിൽ ജമാലുദ്ദീൻ അഫ്ഘാനിയുടെ പാൻ ഇസ്ലാമിസത്തിൻറെ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ചരിത്ര പണ്ഡിതനായ സ്റ്റീഫൻ.എഫ്.ഡെയിൽ അഭിപ്രായപ്പെടുന്നു. 1852 ൽ അറേബ്യയിലെത്തിയതിനുശേഷമുള്ള ഫസലിൻറെ പ്രവർത്തനങ്ങൾ ഇതിന് അടിവരയിടുന്നുവെന്നും ഡെയിൽ സമർത്ഥിക്കുന്നു.[9]നജ്ദിലെ ഇസ്ലാമിക പണ്ഡിതൻ ഇബ്നു വഹാബും ഫസലിനെ സ്വാധീനിച്ചിരിക്കാമെന്ന് പാശ്ചാത്യ നിരൂപകർ കരുതുന്നു. ഖുർആനും, പ്രവാചക ചര്യയുമാണ് താൻ മാതൃക ആക്കുന്നത് എന്ന ഫസലിന്റെ പ്രഖ്യാപനവും ഇസ്ലാമിക ഖിലാഫത്തിനായി പ്രയത്നിച്ചതും ജലാലുദ്ദീൻ അഫ്ഗാനി , ഇബ്നു വഹാബ് എന്നിവരുടെ സ്വാധീനത്തിനു തെളിവാണെന്ന് അവർ കരുതുന്നു.[10]
എന്നാൽ പാരമ്പര്യ മുസ്ലിങ്ങളും, സൂഫികളും ഇത്തരം കണ്ടെത്തലുകളെ നഖ ശികാന്തം നിരാകരിക്കുന്നു. ആദ്യകാലം മുതൽക്കേ സൂഫികൾ രാഷ്ട്രീയത്തിലും, ഖിലാഫത്തിലും ഇടപെടുന്നവരാണെന്നും ബ്രിട്ടീഷ് വിരുദ്ധ സൂഫി ഓട്ടോമൻ ഭരണത്തിന് വേണ്ടി പ്രവർത്തിച്ച ഫസലിനേയും ഓട്ടോമൻ വിരുദ്ധ ചേരിയിയിലായിരുന്ന ഇബ്നു വഹാബിനേയും ഒരുമിച്ചു കെട്ടുന്നത് അബദ്ധമാണെന്നും , സൂഫികളുടെ അടക്കമുള്ള എല്ലാ മുസ്ലിങ്ങളുടെയും അടിസ്ഥാനം ഖുർആനും, പ്രവാചക ചര്യയുമാണെന്നിരിക്കെ അത് ഇബ്നു വഹാബിന്റെ മാത്രം അടിസ്ഥാനമായി കരുതുന്നത് ഈ വിഷയത്തിൽ ചരിത്രകാരന്മാർക്കു പറ്റിയ തെറ്റാണെന്നും അവർ കരുതുന്നു.[11][12]സയ്യിദ് ഫസൽ നടത്തി വന്ന റാത്തീബ്, മൗലൂദ്, നേർച്ച സദസ്സുകളൊക്കെ ഇബ്നു വഹാബിൻറെ ചിന്താഗതികളുമായി യോജിക്കാത്തതാണെന്ന് ചില ചരിത്രകാരന്മാരും സമർത്ഥിക്കുന്നു. [13]
മെക്കയിലെ പഠന ശേഷം മലബാറിലേക്ക് തിരിച്ചു വന്ന മമ്പുറം ഫസൽ പിതാവിൻറെ കർമ്മ ഭൂമിയായ മമ്പുറം കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ചു.ലളിത ജീവിതമായിരുന്നു സയ്യിദ് ഫസൽ നയിച്ചിരുന്നത്. മമ്പുറത്തുള്ള സാംബ്രി (ചെറിയ പള്ളി) ജുമുഅത്ത് പള്ളിയായി വികസിപ്പിച്ചത് ഇദ്ദേഹമാണ്.മാപ്പിളമാരിലും കീഴാള വിഭാഗങ്ങളിലും അടിയുറച്ച സ്വാധീനമായിരുന്നു സയ്യിദ് ഫസലിന്. അദ്ദേഹം കറാമത്ത് എന്ന അത്ഭുതങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ളവനാണെന്നും പുണ്യാളനാണെന്നും സർവ്വജനങ്ങളും വിശ്വസിച്ചിരുന്നു. ഹിന്ദു- മുസ്ലിം- കീഴാള വ്യത്യാസമില്ലാതെ അദ്ദേഹത്തിൻറെ അനുഗ്രഹം തേടി സന്ദർശക പ്രവാഹം പതിവായിരുന്നു.[14] സയ്യിദ് ഫസലിൻറെ കാൽപാദം പതിഞ്ഞ മണൽ വരെ സൂക്ഷിക്കുമാറുള്ള സ്നേഹവും, ആദരവും ജനം നല്കിയിരുന്നുവെന്നാണ് വില്യം ലോഗൻ പറയുന്നത്. [15] ഇസ്ലാമിലേക്കുള്ള മതമാറ്റം ഇദ്ദേഹത്തിൻറെ കാലത്ത് വ്യാപകമായിരുന്നു.[16] അടിസ്ഥാന വിഭാഗങ്ങളായിരുന്നു അതിലേറെയും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു വരുന്ന കീഴാള ജനവിഭാഗങ്ങളിൽ പെട്ടവരോട് ഉയർന്ന ജാതിക്കാരുടെ ഉച്ചിഷ്ടം ഭക്ഷിക്കാൻ പാടില്ലെന്നും, അവരെ കാണുമ്പോൾ മുൻ ആചാരമനുസരിച്ചു കുമ്പിടുകയോ, കമിഴ്ന്നു കിടക്കുകയോ ചെയ്യരുതെന്നും, പൂർണ്ണമായി നാണം മറച്ച് വസ്ത്രം ധരിക്കണം എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ ഫസൽ പൂക്കോയ നൽകിയിരുന്നു. ഇത്തരം നിർദ്ദേശങ്ങൾ ജന്മി കുടിയാൻ സംഘർഷങ്ങൾ പെരുകാനാണ് ഇടയാക്കിയത്. മലബാർ ജില്ലയിൽ നടന്ന ലഹളകളുടെയൊക്കെ പിറകിൽ ഇത്തരം നിർദ്ദേശങ്ങൾ എല്ലാം തന്നെ സ്വാധീനം ചെലുത്തിയിരുന്നു എന്നാണ് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചിരുന്നു.[17] ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിച്ചതും , ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തു കൊണ്ട് കൈ എഴുത്തു പ്രതികൾ മലബാറിലെ പള്ളികൾ കേന്ദ്രീകരിച്ചു വിതരണം ചെയ്തതും ബ്രിട്ടീഷ് സർക്കാരിനെ പ്രകോപിപ്പിക്കുന്നവയായിരുന്നു. വെള്ള പടയുമായി ഏറ്റുമുട്ടി മരണപ്പെട്ട ചേരൂർ രക്ത സാക്ഷികളെ പുണ്യാളന്മാരായി ചിത്രീകരിച്ചു അവരുടെ കല്ലറകളിൽ സയ്യിദ് ഫസൽ ആരംഭിച്ച ചേരൂർ നേർച്ച സർക്കാരിനെതിരെയുള്ള കലാപ മുന്നറിയിപ്പായിട്ടാണ് കളക്ടർ കനോലി വിലയിരുത്തിയത്.[18]
പത്തൊമ്പതാം നൂറ്റാണ്ടിൻറെ മധ്യത്തിൽ മലബാറിൽ നടന്ന കലാപങ്ങളിൽ സയ്യിദ് ഫസലിന് പങ്കുണ്ടായിരുന്നുവെന്ന് കളക്ടറായിരുന്ന കനോലി മേലധികാരികൾക്കയച്ച റിപ്പോർട്ടിൽ പറയുന്നു.തറമ്മൽ ജാറം, മമ്പുറം പള്ളി എന്നിവ കേന്ദ്രീകരിച്ചു സയ്യിദ് ഫസൽ നടത്തുന്ന റാത്തീബ് ആചാരത്തിൽ ബ്രിട്ടീഷ് വിരുദ്ധ പോരാളികൾ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. [19] ലഹളകൾക്ക് ഇറങ്ങും മുൻപ് തറമ്മൽ ജാറം,തിരൂരങ്ങാടി നടുവിൽ ജാറം എന്നിവ സന്ദർശിച്ചു ബർക്കത്തെടുക്കുകയും സയ്യിദ് ഫസലിൻറെ അനുഗ്രഹം വാങ്ങുകയും ചെയ്യുക ലഹളക്കാരുടെ പതിവായിരുന്നു. മഞ്ചേരി പട, കൊളത്തൂർ യുദ്ധം , മട്ടന്നൂർ യുദ്ധം എന്നീ കലാപങ്ങൾക്ക് മുന്നോടിയായി കാലാപകാരികൾ സയ്യിദ് ഫസലിനെയും, മമ്പുറം സയ്യിദ് അലവിയുടെ ശവ കൂടീരവും സന്ദർശിക്കുകയും അനുഗ്രഹം നേടുകയും ചെയ്തിട്ടുണ്ടെന്നും കലാപകാരികൾക്കു മന്ത്രണം ചെയ്ത ചരടും , തകിടും നൽകിയ സയ്യിദ് ഫസൽ രക്ത സാക്ഷികളാവാൻ അവരെ അനുഗ്രഹിച്ചെന്നും കനോലി വിവരിക്കുന്നുണ്ട്.[20]എന്നാൽ ഈ കലാപങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് തയ്യാറാക്കിയ റോബിൻസൺ, ഒരിക്കൽ മാത്രമേ സയ്യിദ് ഫസലിന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളു.[21] കലാപകാരികളിൽ ചിലർ മമ്പുറം മഖാം സന്ദർശിച്ചതിനെ തെളിവാക്കി കാണിച്ച് സയ്യിദ് ഫസലിനെ അറസ്റ്റ് ചെയ്യണമെന്ന് റോബിൻസൺ ആവശ്യപ്പെട്ടു. കലാപത്തിന് സഹായിക്കാൻ എന്ന പേരിൽ രചിച്ചിട്ടുള്ള കൃതികളെല്ലാം തന്നെ നേർച്ചയാക്കിയിട്ടുള്ളത് (സമർപ്പിച്ചിട്ടുള്ളത്) മമ്പുറം തങ്ങൾക്കാണെന്നും റിപ്പോർട്ട് പറയുന്നു. മമ്പുറം തങ്ങന്മാരുടെ ബ്രിട്ടീഷ് വിരോധവും റോബിൻസന്റെ റിപ്പോർട്ടിനെ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ ജന്മിത്തത്തിനും, സവർണ്ണരുടെ അനാചാരങ്ങൾക്കുമെതിരേ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയ ഒരാളായിരുന്നു സയ്യിദ് ഫസൽ. അക്രമിക്കാനോ, കുടിയൊഴിപ്പിക്കാനോ വരുന്ന ജന്മികളെ വധിക്കുന്നത് പുണ്യമാണ് എന്നാണ് അദ്ദേഹം അനുയായികളെ പഠിപ്പിച്ചിരുന്നത്.[22] കലാപങ്ങളുടെ കാരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച സ്പെഷൽ കമ്മീഷ്ണർ ടി എൽ സ്‌ട്രേഞ്ചിൻറെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല. കലാപങ്ങളുടെ എല്ലാം ഉത്തരവാദി കുപ്രസിദ്ധനായ സയ്യിദ് ഫസലാണെന്നും അയാൾ ദൈവികതയുടെ ഒരു ഭാഗം ആവാഹിച്ച പുണ്യവാളനാണെന്ന് മാപ്പിളമാർ വിശ്വസിക്കുന്നുണ്ടെന്നും . അദ്ദേഹത്തിൻറെ അമാനുഷികതയെക്കുറിച്ച് അവർ അത്ഭുതകഥകൾ പ്രചരിപ്പിക്കുകയും , അനുഗ്രഹത്തിന് അപാരവില നല്കുകയും ചെയ്യുന്നുണ്ട് എന്നെല്ലാമായിരുന്നു സ്ട്രേഞ്ചിനൻറെ കണ്ടെത്തലുകൾ.[23]
തൃക്കാളൂർ ലഹളയിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ട മാപ്പിള പോരാളികളുടെ വാളിൽ ബർക്കത്തിനായി (പുണ്യത്തിനായി) മമ്പുറം ഫസൽ തങ്ങളുടെ പേര് ലേഖനം ചെയ്തിരുന്നു .[24] ഇത്തരം തെളിവുകളുടേയും, നിലപാടുകളുടേയും വെളിച്ചത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കലാപങ്ങളിൽ ഫസലിനും പങ്കുണ്ടാവാം എന്ന തീരുമാനത്തിലെത്തിച്ചേരാൻ ബ്രിട്ടീഷുകാർ തയ്യാറായത്.[25]
ഫസൽ തങ്ങളെ ഔപചാരികമായി വിചാരണക്ക് കൊണ്ടു വരണോ ഗവണ്മെന്റിന്റെ തടവുകാരനായി ശിക്ഷിക്കണോ ഒച്ചപ്പാടുണ്ടാക്കാതെ നാട് കടത്തണമോ എന്നതായിരുന്നു സർക്കാരിന് മുന്നിലെ വെല്ലു വിളി. ഫസൽ തങ്ങൾക്കെതിരെ ശക്തമായ ഒരു നടപടിയെടുക്കാൻ ബ്രിട്ടീഷ് അധികാരികൾക്ക് മടിയായിരുന്നു. ഫസൽ തങ്ങൾക്കെതിരേ എടുക്കുന്ന ഏതൊരു നടപടിയും മലബാറിൽ കലാപമുണ്ടാക്കുമെന്നും, അതിനെ തടയാൻ കണ്ണൂരിൽ നിന്നും, ബാംഗ്ലൂരിൽ നിന്നുപോലും പട്ടാളത്തെ കൊണ്ടു വരേണ്ടി വരുമെന്നും കളക്ടറായിരുന്ന കനോലി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
സയ്യിദ് ഫസൽ 1852ലാണ് തന്റെ ബന്ധുക്കളോടൊപ്പം അറേബ്യയിലേക്ക് പോകുന്നത്. 1852 ഫെബ്രുവരി 12 ന് മദ്രാസ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ഒരു ഉത്തരവു പ്രകാരം സയ്യിദ് ഫസൽ തങ്ങളെ നാടുകടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിന് സ്ഥിരം വെല്ലുവിളികൾ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയിലായിരുന്നു ഈ ഉത്തരവ് പുറത്തിറങ്ങിയത്.[26] സയ്യിദിന്റെ വർദ്ധിച്ച ജനപിന്തുണയും, സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കളക്ടറായിരുന്ന കനോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ അതിനെ എതിർത്താൽ അതിനെ അടിച്ചമർത്താൻ മൈസൂർ കുതിരപ്പടയുടെ സേവനം ആവശ്യപ്പെടുന്നതിനെക്കുറിച്ചും കളക്ടർ ആന്ന് ആലോചിച്ചിരുന്നു. സയ്യിദ് ഫസൽ തങ്ങൾ സർക്കാരിന് ഒരു തലവേദനയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.[27] സയ്യിദ് ഫസലിനെ സ്വമേധയാ എന്ന രീതിയിൽ എന്നാൽ നിർബന്ധപൂർവ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കനോലി സ്വീകരിച്ചു. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കളക്ടർ സമീപിച്ചു. ഏറനാട് തഹസീൽദാർ കുട്ടൂസ, ഡെപ്യൂട്ടി കളക്ടർ സി.കണാരൻ, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കൊണോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. സയ്യിദ് ഫസൽ ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും, പിന്നീട് തന്റെ മതത്തിനും, തന്നെ സ്നേഹിക്കുന്നവർക്കും കൂടി അപകടം വരുമെന്നായപ്പോൾ സ്വമേധയാ അറേബ്യയിലേക്കു പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സയ്യിദ് ഫസൽ അറേബ്യയിലേക്ക് പോകുന്നതറിഞ്ഞ് ഫെബ്രുവരി ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മുസ്ലിങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചിരുന്നു. സയ്യിദ് ഫസൽ വിചാരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടത്തിനു തന്നെ വേദിയാകുമായിരുന്നു തിരൂരങ്ങാടി, എന്നാൽ തന്റെ പേരിൽ മലബാറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരുന്ന സയ്യിദ് ഫസൽ അവരോടെല്ലാം സമാധാനപരമായി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.[28] 1852 മാർച്ച് 19ന് രണ്ട് പുത്രന്മാരും , സഹോദരിയും ഉൾപ്പെട്ട ബന്ധുക്കളുമായി 57 പേരെയും സർക്കാർ സയ്യിദ് ഫസലിനോടൊപ്പം മെക്കയിലേക്കു നാടുകടത്തി.1855 ഇൽ കളക്ടർ കനോലി ഉൾപ്പെടെയുള്ള ബ്രിട്ടീഷ് അധികാരികളെ വെട്ടിക്കൊന്നു മാപ്പിള കലാപകാരികൾ തങ്ങളെ നാടുകടത്തിയതിന് പകരം വീട്ടി.[29]
യമനിലെ ഹദ്റൽ മൗത്ത്, മസ്കറ്റ്, ഈജിപത്, ഇസ്‌താംബൂൾ എന്നിവിടങ്ങളിൽ മത- രാഷ്ട്രീയ- അദ്ധ്യാത്മ മേഖലകളിൽ പ്രവർത്തിച്ച ഇദ്ദേഹം, ആനത്തോളിയയിലിലെ ബാ അലവിയ്യ സൂഫി ധാരയുടെ ഖലീഫയും , ആചാര്യനുമായുള്ള ചുമതലകളും വഹിച്ചിരുന്നു. ഫസൽ തങ്ങൾ താമസിച്ചിരുന്ന ഇസ്താംബൂളിലെ സോഫിലാർ സൂഫി ആശ്രമത്തിലെ സന്യാസി ആചാര്യന്മാർ (24- 09- 1859 ന്) ഓട്ടോമൻ ചക്രവർത്തിക്ക് അയച്ച എഴുത്തിൽ ഫസൽ തങ്ങളെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ് “ഹിന്ദിലെ പ്രവാചക പരമ്പരയിൽ പ്രധാനിയായ സയ്യിദ് ഫസൽ ഖാദിരിയ്യ ത്വരീഖത്തിലെ മഹാനായ ഖലീഫമാരിലൊരാളാണ്. അദ്ദേഹം അബ്ദുൽ ഖാദിർ ജീലാനിയുടെ നിത്യ പിൻഗാമികളിൽ ഒരുവനും , പ്രാർത്ഥനക്കായി സമീപിക്കപ്പെടേണ്ട വ്യക്തിത്വവുമാണ്. ഇസ്‌താംബൂളിൽ നിന്നും മെക്കയിലെത്തിയ മമ്പുറം സയ്യിദ് ഫസൽ പതിനാറു വര്ഷം അവിടം കഴിച്ചു കൂട്ടി. ഈ സമയം ഓട്ടോമൻ ഖലീഫയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഹിജാസ് റെയിൽവേ അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കു പിന്നിലെ ചാലക ശക്തിയും ഫസലായിരുന്നു.
വിദേശ വാസത്തിനിടയിലും മലയാള കരയുമായി ബന്ധം നില നിർത്താൻ ഫസൽ ശ്രദ്ധിച്ചിരുന്നു. നേർച്ചകളിൽ മുട്ടും വിളിയും പാടുണ്ടോ എന്ന മത വിധി ആരാഞ്ഞവർക്കു പാടില്ലെന്നും നേർച്ചകൾ വാദ്യ മേളങ്ങൾ ഇല്ലാതെ ഇസ്‌ലാമികമായി നടത്തണമെന്നും പറഞ്ഞു ഫസൽ വിധി അയച്ചു നൽകിയത് ഇതിന് തെളിവാണ്.തൻറെ വിദേശവാസത്തിനിടയിൽ സയ്യിദ് ഫസൽ മൂന്നു പ്രാവശ്യം ഇസ്താംബൂൾ സന്ദർശിച്ചു. സയ്യിദ് പിന്നീട് സുഫാറിലെ അമീറായി പ്രവർത്തിച്ചു. അമീറായുള്ള സയ്യിദ് ഫസലിൻറെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. തന്റെ അഭിനന്ദനം രാജ്ഞി ഫസലിനെ നേരിട്ടറിയിക്കുകയായിരുന്നു. പിന്നീട് സുഫാറിലെ ഗോത്രങ്ങളുടെ കലാപം കാരണം സയ്യിദിന് അവിടുത്തെ ഭരണം അവസാനിപ്പിക്കേണ്ടി വന്നു. ഫസലും കുടുംബവും തിരികെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ചുപോയി. ഖലീഫയുടെ മത ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു. സേവന പ്രവർത്തനങ്ങൾ മുൻനിർത്തി ഫദ്ൽ പാഷ എന്ന പട്ടം നൽകി ഓട്ടോമൻ ഖിലാഫത്ത് ഫസലിനെ ആദരിച്ചിരുന്നു. അല്ലാമ ആരിഫ് അഹ്മദ് അൽ-അതാസ്, അല്ലാമ ഷെയ്ക്ക് അബുബക്കർ അയ്ദറൂസി ഹൈദരാബാദ് , ഷെയ്ഖ് ഹുസൈൻ അൽ-ഹിബ്ശി , അലവി അബ്ദുറഹ്മാൻ അൽ-മശ്ഹൂർ, സാലിം അൽ-ബാർ, അഹമ്മദ് സുമയ്ത് എന്നിവർ സയ്യിദ് ഫസലിൻറെ ആത്മീയ ശിഷ്യന്മാരിൽ പ്രധാനികളാണ്.
1901 ജനുവരി ഒമ്പതിന് എഴുപത്തി എട്ടാം വയസ്സിൽ ഇസ്‌താംബൂളിൽ വെച്ച് ഇദ്ദേഹം അന്തരിച്ചു. സുൽത്താൻ മഹമൂദ് ഖാന്റെ കല്ലറയ്ക്കു സമീപം അന്ത്യ വിശ്രമമൊരുക്കി
മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 1 Archived 2019-07-12 at the Wayback Machine., ഭാഗം 2 Archived 2019-07-12 at the Wayback Machine., ഭാഗം 3 Archived 2019-07-12 at the Wayback Machine.
മമ്പുറം തങ്ങന്മാരുടെ കാലവും അകാലവും
സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ
{{cite book}}
: Check date values in: |year=
(help)CS1 maint: year (link)
പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപങ്ങളും മമ്പുറം തങ്ങന്മാരും