മസൂദ് അസർ | |
---|---|
Born | ബഹാവൽപൂർ, പാകിസ്താൻ | ജൂലൈ 10, 1968
Allegiance | ഹർക്കത് ഉൽ അൻസാർ, ഹർക്കത് ഉൽ മുജാഹിദ്ദീൻ, ജെയ്‌ഷെ മുഹമ്മദ് |
പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കാശ്മീരിലെ ഒരു ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ (Masood Azhar). (Urdu: محمد مسعود اظہر) [1]2016 -ലെ പഠാൻകോട്ട് ആക്രമണത്തെത്തുടർന്ന് പാകിസ്താൻ അധികാരികൾ ഇയാളെ തടങ്കലിൽ ആക്കിയിട്ടുണ്ട്.[2] ഇന്ത്യക്കെതിരെയുള്ള ഇയാളുടെ ഭീകരാക്രമണ ചരിത്രങ്ങൾ കരണം ഇന്ത്യയിലെ ഏറ്റവും ആവശ്യമുള്ള കുറ്റവാളികളുടെ പട്ടികയിൽ ഉള്ള ആൾക്കാരിൽ ഒരാളാണ് മസൂദ് അസർ.[3][4]
പാകിസ്താനിലെ പഞ്ചാബിൽ 1968 ജൂലൈ 10 -ന് ജനിച്ച അസർ കറാച്ചിയിൽ പഠനം നടത്തിയശേഷം ഹർക്കത് ഉൽ അൻസറുമായി ബന്ധപ്പെട്ടു. പിന്നീട് ഇതിന്റെ നേതാവായ അസർ ആളെക്കൂട്ടുവാനും പണം ശേഖരിക്കുവാനും സാംബിയ, അബുദാബി, സൈദി അറേബിയ, മംഗോളിയ, ഇംഗ്ലണ്ട്, അൽബേനിയ എന്നിവിടങ്ങളിൽ എല്ലാം സന്ദർശനം നടത്തി.[5] 2019 -ലെ ഫുൽവാമ ആക്രമണത്തിന്റെയും പിന്നിൽ ജെയ്‌ഷെ മുഹമ്മദാണ്. തുടർന്ന് മസൂദ് പാകിസ്താനിൽ തന്നെയുണ്ടെന്നും വൃക്കകൾ തകരാറിലായി ആരോഗ്യപരമായി അയാൾ തീരെ അവശനാണെന്നും നിത്യവും ഡയാലസിസ് ചെയ്തു പാകിസ്താന്റെ സൈനിക ആശുപത്രിയിൽ ചികിൽസയിലാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.[6]
1993 - കെനിയയിലെ നൈറോബിയിലേക്ക് അൽ ക്വെയ്ദയുമായി ബന്ധമുള്ള സൊമാലി സംഘമായ അൽ ഇതിഹാദ് അൽ ഇസ്ലാമിയയുടേ നേതാക്കളെ കാണാനായി പോയതായി അസർ സമ്മതിച്ചിട്ടുണ്ട്. അവർ ഹർക്കത് ഉൾ മുജാഹിദ്ദീനോട് ആളും അർത്ഥവും അഭ്യർത്ഥിച്ചിരുന്നു. കുറഞ്ഞത് മൂന്നുതവണയെങ്കിലും അസർ സോമാലിയയിലേക്ക് യാത്ര ചെയ്തെന്നും യമനിലെ തീവ്രവാദികലെ സൊമാലിയയിലേക്ക് കടത്താൻ അസർ സഹായിച്ചെന്നും ഇന്ത്യൻ ഇന്റെലിജൻസ് വിശ്വസിക്കുന്നുണ്ട്.[7] സംഘടനയിലേക്ക് ആളെക്കൂട്ടാനും പണം ശേഖരിക്കാനും പ്രസംഗങ്ങൾ നടത്താനും അസർ 1993 ആഗസ്തിൽ ഇംഗ്ലണ്ടിൽ ചെന്നു. ബ്രിട്ടനിലെ പല ഉയർന്ന ഇസ്ലാമിക് സ്ഥാപനങ്ങളിലും ജിഹാദിന്റെ സന്ദേശത്തെപ്പറ്റി അയാൾ സംസാരിക്കുകയുണ്ടായി. "അള്ളായ്ക്കുവേണ്ടി കൊല്ലുക" എന്ന് കാര്യത്തിനായാണ് കുറാന്റെ വലിയൊരു ഭാഗം ഉപയോഗിച്ചിരിക്കുന്നതെന്ന് അസർ അവിടെ പ്രസംഗിച്ചു. പല പരിപാടികൾക്കും പരിശീലങ്ങൾക്കും പിന്തുണ അസറിന് അവിടുന്ന് ലഭിക്കുകയുണ്ടായി.[8]
1994 ആദ്യം, വിവിധ സംഘടനകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ശ്രീനഗറിൽ എത്തിയ അസറിനെ ആ സംഘടനകൾ ഉൾപ്പെട്ട ഭീകരകൃത്യങ്ങൾക്ക് ഇന്ത്യ തടവിലാക്കി.[7] 1995 -ൽ ജമ്മു കാശ്മീരിൽ വിദേശീയരായ ടൂറിസ്റ്റുകളെ അൽ ഫറാൻ എന്ന ഒരു സംഘടന തട്ടിക്കൊണ്ടുപോവുകയും അസറിനെ മോചിപ്പിക്കുന്നത് ഉൾപ്പെടെ പല ആവശ്യങ്ങളും ഉന്നയിക്കുകയുണ്ടായി.[5] ഒരു ടൂറിസ്റ്റ് രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവർ കൊല്ലപ്പെട്ടു.
1999 -ഡിസംബറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയപ്പോൾ ബന്ധികളായവരെ മോചിപ്പിക്കാനായി ഇന്ത്യൻ ഗവണ്മെന്റ് മോചിപ്പിച്ചവരിൽ ഒരാൾ അസർ ആയിരുന്നു. മോചിതനായ അസർ സുരക്ഷിതരായി പാകിസ്താനിലേക്ക് പോയി. പാകിസ്താനിൽ അസറിനെതിരെ കേസുകൾ ഒന്നും ഇല്ലാത്തതിനാൽ അയാൾക്ക് തന്റെ വീട്ടിലേക്ക് പോകാമെന്നായിരുന്നു അവിടുത്തെ സർക്കാർ പറഞ്ഞത്. [9]
മോചനത്തിന് ശേഷം അടുത്തുതന്നെ കറാച്ചിയിൽ 10000 -ത്തോളം പേർ പങ്കെടുത്ത ഒരു യോഗത്തിൽ അസർ പറഞ്ഞത്, "ഞാൻ ഇവിടെ വന്നിരിക്കുന്നത്, ഇന്ത്യയെ നശിപ്പിക്കുന്നതുവരെ നമ്മൾ വിശ്രമിക്കരുത് എന്ന് നിങ്ങൾ മുസ്ലീമുകളോട് പറയാനുള്ള ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ്" എന്നാണ്. ഇന്ത്യൻ ഭരണത്തിൽ നിന്നും കാശ്മീരിനെ മോചിപ്പിക്കും എന്നും മസൂദ് അസർ അവിടെ പറയുകയുണ്ടായി.[9]
മസൂദ് അസറിന്റെ ജെയ്ഷെ മുഹമ്മദ് തുടർച്ചയായി ഇന്ത്യൻ താല്പര്യങ്ങളെ ആക്രമിച്ചുകൊണ്ടിരുന്നു. അതിൽ ഒന്നായിരുന്നു 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം. ഇതെത്തുടർന്ന് ഇന്ത്യയും പാകിസ്താനും ഒരു യുദ്ധത്തിന്റെ വക്കോളം എത്തിയിരുന്നു.[10] ഒരിക്കലും കുറ്റം ആരോപിക്കാതെയാണെങ്കിലും ഈ സംഭവത്തെ തുടർന്ന് അസറിനെ പാകിസ്താൻ ഒരു കൊല്ലത്തോളം തടവിൽ ആക്കിയിരുന്നു. 2002 ഡിസംബർ 14 -നെ അയാളെ മോചിപ്പിക്കാൻ ലാഹോർ കോടതി നൽകിയ ഉത്തരവ് ഇന്ത്യയെ പ്രകോപിപ്പിച്ചു.[3]
പഠാൻകോട്ട് ആക്രമണത്തെത്തുടർന്ന് അതിന്റെ സൂത്രധാരനെന്നു കരുതുന്ന അസറിനെതിരെ ഇന്ത്യയുടെ നാഷണൽ ഇന്വെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.[11] എന്നാൽ അസറിനെ ഒരു ഭീകരവാദിയായി പ്രഖ്യാപിക്കണം എന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടതിനെ ചൈന വീറ്റോ ചെയ്തു.[12][13]