![]() മസ്ഗൗഫ് | |
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | തെക്കൻ മെസൊപ്പൊട്ടേമിയ (ഇന്നത്തെ ഇറാഖ്) |
പ്രദേശം/രാജ്യം | ബാഗ്ദാദ് കൂടാതെ ടൈഗ്രിസ് നദി |
വിഭവത്തിന്റെ വിവരണം | |
Course | പ്രധാന കോഴ്സ് |
Serving temperature | ചൂടോടെ |
വ്യതിയാനങ്ങൾ | വടക്കൻ ഇറാഖി വ്യതിയാനം, തന്തൂർ/കളിമൺ അടുപ്പിൽ പാകം ചെയ്തത് |
മസ്‌ഗൗഫ് ( അറബിക് : المسكوف), താളിച്ചതും വറുത്തതുമായ ശുദ്ധജല മത്സ്യമായ കാർപ്പ് മത്സ്യം അടങ്ങിയ ഒരു മെസൊപ്പൊട്ടേമിയൻ വിഭവമാണ്. ഇത് പലപ്പോഴും ഇറാഖിന്റെ ദേശീയ വിഭവമായി കണക്കാക്കപ്പെടുന്നു. അറബി ഭാഷയിൽ "മഗൂഫ്" എന്ന വാക്കിന്റെ അർത്ഥം "മൂടി" എന്നാണ്, അതിനാൽ ഈ പാചകക്കുറിപ്പ് യഥാർത്ഥത്തിൽ അതിന്റെ പേരിന് അനുസൃതമാണ്. പുതിയ കാർപ്പ് മത്സ്യം വൃത്തിയാക്കി രണ്ടായി പിളർന്ന് , രുചികരമായ മസാലകളുള്ള തക്കാളി സോസിൽ ചുട്ടുപഴുപ്പിച്ച് ചൂടുള്ള കൽക്കരിയിൽ പാകം ചെയ്യുന്നു.
ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദ്, ടൈഗ്രിസ് നദിയുടെ തീരത്തുള്ള അബു നവാസ് ജില്ലയിൽ ഉള്ളവർ (ഈ വിഭവത്തിന് "സമർപ്പണം" ചെയ്ത സ്ഥലം എന്നാണ് അവിടം അറിയപ്പെടുന്നത് ) ഏറ്റവും മികച്ച മസ്ഗൗഫ് ഉണ്ടാക്കുന്നതിൽ അഭിമാനിക്കുന്നു. എന്നിരുന്നാലും, ഇറാഖിലുടനീളം, പ്രത്യേകിച്ച് ടൈഗ്രിസ്-യൂഫ്രട്ടീസ് തടത്തിന് സമീപം മസ്ഗൗഫ് ലഭിക്കും.
ഇറാഖിന് പുറത്ത്, സിറിയയുടെ കിഴക്കൻ ഭാഗങ്ങളിൽ, പ്രത്യേകിച്ച് യൂഫ്രട്ടീസ് നദി മുറിച്ചുകടക്കുന്ന റാഖ ഗവർണറേറ്റ് പോലെയുള്ള ഇറാഖിന്റെ അതിർത്തി പ്രദേശങ്ങളിൽ, മസ്ഗഫ് ഏറെക്കുറെ ജനപ്രിയമായ ഭക്ഷ്യവിഭവമാണ്. ഇറാഖി അതിർത്തിയിൽ ഉള്ള നുസൈബിൻ, സിസർ തുടങ്ങിയ ഇടങ്ങളിലും തുർക്കിയിലും ഇത് പാകം ചെയ്യപ്പെടുന്നു.
2003 ഇറാഖ് അധിനിവേശത്തിനു ശേഷം അവിടെ താമസിച്ചിരുന്ന ഇറാഖികളുടെ എണ്ണം കൂടിയതു കാരണം മസ്‌ഗുഫ് ഇപ്പോൾ ഡമാസ്കസിലും കാണപ്പെടുന്നു. [1] ഏറ്റവും കൂടുതൽ ഇറാഖികൾ താമസിച്ചിരുന്ന ജെറേമാന ജില്ലയിൽ മാത്രം പത്തിലധികം മസ്‌ഗൂഫ് റെസ്റ്റോറന്റുകൾ ഉണ്ടായിരുന്നു. അവിടെ എല്ലാം ഇറാഖികൾ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഈ റെസ്റ്റോറന്റുകളിലേക്ക് സിറിയൻ യൂഫ്രട്ടീസിൽ നിന്ന് ദിവസവും മത്സ്യം കൊണ്ടുവരുന്നു. ആളുകൾ വിഭവം ഓർഡർ ചെയ്യുന്നതുവരെ മത്സ്യം ഒരു മത്സ്യക്കുളത്തിലോ വലിയ അക്വേറിയത്തിലോ ജീവനോടെ സൂക്ഷിക്കുന്നു.
മസ്ഗൗഫ് വളരെ ജനകീയമായ ഒരു വിഭവം ആണ്. [2] അത് പാകം ചെയ്യാൻ പ്രത്യേക പാചക പാത്രങ്ങളൊന്നും ആവശ്യമില്ല. ആകെ ശരിക്കും വേണ്ടത് കത്തിയും ചുള്ളിക്കമ്പുകളും തീയുമാണ്. ഇറാഖിലെ രണ്ട് നദികളായ ടൈഗ്രിസിന്റെയും യൂഫ്രട്ടീസിന്റെയും തീരത്തിരുന്ന് ആളുകൾ അവിടെത്തന്നെ മത്സ്യം പിടിച്ച് ചുട്ട് തിന്നും. ഈ സാധാരണ മത്സ്യത്തിന് ചാരനിറത്തിലുള്ള തവിട്ടുനിറമാണ്, അത് തീറ്റ തേടുന്ന ശുദ്ധജലത്തിൽ നിന്ന് അതിൻ്റെ നിറം വ്യത്യസ്തമല്ല. 4,500 വർഷത്തിലേറെയായി ഇത് ഇറാഖി പാചകരീതിയുടെ ഭാഗമാണ് എന്ന് ഗവേഷകർ പറയുന്നു. ഒരു സംയുക്ത ഇറ്റാലിയൻ-ഇറാഖി പുരാവസ്തു ദൗത്യം തെക്കൻ ഇറാഖിലെ ഊറിന്റെ പുരാതന അവശിഷ്ടങ്ങൾക്ക് സമീപം മസ്‌ഗൂഫ് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയതാണെന്ന് വിദഗ്ധർ പറഞ്ഞ ഒരു പ്ലേറ്റ് കണ്ടെത്തി.[2]
മത്സ്യത്തെ ജീവനോടെ പിടിച്ച് അതിൻ്റെ ഭാരം തൂക്കി നോക്കുന്നു . അതിനെ കൊന്നിട്ട് , ഭാഗികമായി ചെതുമ്പൽ കളഞ്ഞ് വൃത്തിയാക്കുന്നു. എന്നിട്ടതിനെ രണ്ടായി ഛേദിച്ചുകളയുന്നു. മത്സ്യത്തെ പിന്നിലേക്ക് നീളത്തിൽ പിളർന്ന് ഒരു പരന്ന കഷണമായി പരത്തുന്നു. എന്നിട്ടത് കഴുകുന്നു. ഇത് മത്സ്യത്തെ ഒരു വലിയ വൃത്തത്തിന്റെ ആകൃതിയിലേക്ക് ആക്കുന്നു. അതേസമയം അതിൻ്റെ വയറ് ഒന്നും ചെയ്യാതെ തന്നെ വയ്ക്കും. അതിനു ശേഷം , പാചകക്കാരൻ മത്സ്യത്തിന്റെ ഉള്ള് ഒലിവ് ഓയിൽ, കല്ല് ഉപ്പ്, പുളി, പൊടിച്ച മഞ്ഞൾ എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുന്നു. ചതച്ച തക്കാളിയും മല്ലിയും ചിലപ്പോൾ മാരിനേഡിൽ ചേർക്കുന്നു.
മത്സ്യത്തെ ഒന്നുകിൽ മൂർച്ചയുള്ള രണ്ട് ഇരുമ്പ് സ്പൈക്കുകളിൽ തൂക്കിയിടും, അല്ലെങ്കിൽ ഹാൻഡിൽ ഉള്ള, ലോക്കിംഗ് കെണി ഉപയോഗിച്ച് തുറക്കാവുന്ന, ഈ വിഭവം ഉണ്ടാക്കുന്നതിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു വലിയ ഇരുമ്പ്, ക്ലാംഷെൽ ഗ്രില്ലിൽ ഇത് വയ്ക്കും. [3]
മത്സ്യം, ഒന്നുകിൽ ഗ്രില്ലിൽ മുറുകെ പിടിപ്പിക്കുകയോ സ്പൈക്കുകളിൽ ഘടിപ്പിക്കുകയോ ചെയ്യുന്നു, തുടർന്ന് എല്ലാ മസ്‌ഗൂഫ് റെസ്റ്റോറന്റുകളിലും ഉള്ള "അഗ്നി ബലിപീഠത്തിൽ" തീയുടെ അടുത്തായി സ്ഥാപിക്കുന്നു. ഈ "ബലിപീഠം" സാധാരണയായി ഉയർന്നതും പോഡിയം പോലെയുള്ളതുമായ സാൻഡ്‌ബോക്‌സ് കേന്ദ്രീകരിച്ച് ഒരു വലിയ ഓപ്പൺ എയർ ഏരിയ ഉൾക്കൊള്ളുന്നു, അത് വൃത്താകൃതിയിലോ അഷ്ടഭുജാകൃതിയിലോ ചിലപ്പോൾ ചതുരാകൃതിയിലോ ആണ്, അതിന്റെ നടുവിൽ ആപ്രിക്കോട്ട് മരത്തടികളുടെ വലിയ തീയുണ്ട്.
മത്സ്യത്തിന്റെ കൊഴുപ്പിന്റെ ഭൂരിഭാഗവും കത്തുന്നത് വരെ പാചകം ചെയ്യും. സാധാരണയായി അത് ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ എടുക്കും, ഈ സമയത്ത് അതിഥികൾ അവരുടെ മെസ്സെകൾ തിരഞ്ഞെടുക്കും .
മത്സ്യം നന്നായി പാകം ചെയ്യുമ്പോൾ, അത് കൽക്കരിയിൽ, തൊലി വശം താഴേക്ക് കിടത്തുന്നു. ഇത് ചർമ്മത്തെ ചടുലമാക്കുകയും എളുപ്പത്തിൽ കഴിക്കുന്നതിനായി അതിൽ നിന്ന് മാംസം വിടാൻ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങ, ഉള്ളിയുടെ കഷ്ണങ്ങൾ, ഇറാഖി അച്ചാറുകൾ എന്നിവ കൊണ്ട് അലങ്കരിച്ച ഒരു വലിയ ട്രേയിലാണ് മുഴുവൻ മത്സ്യവും സാധാരണയായി വയ്ക്കുന്നത്. ചിലപ്പോൾ, ബാഗ്ദാദിൽ, ഒരു ചെറിയ മാങ്ങാ ചട്ണിയും ഉള്ളിൽ വിതറുന്നു. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് വിളമ്പുന്നത് വരെ അതിലെ വിഭവം ചൂടായി നിലനിർത്താൻ ട്രേയിൽ പിന്നീട് ഒരു ഒരു വലിയ ക്രിസ്പി ഫ്ലാറ്റ് ബ്രെഡ് കൊണ്ട് മൂടി അത് കളിമൺ ഓവനിൽ നിന്ന് വയ്ക്കുന്നു. [4]
വടക്കൻ ഇറാഖിലെ തുർക്ക്മെൻസ് സമാനമായ ഒരു വിഭവം തയ്യാറാക്കുന്നതായി അറിയപ്പെടുന്നു, പലപ്പോഴും ഒരു കളിമൺ അടുപ്പ് ഉപയോഗിക്കുന്നു.
സദ്ദാം ഹുസൈന്റെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു മസ്‌ഗൂഫ്. [2] ഇറാഖിലെ ഏറ്റവും പ്രശസ്തമായ വിഭവമായ മസ്‌ഗൂഫ്, ഇറാഖി രാഷ്ട്രതന്ത്രജ്ഞർ രാജ്യം സന്ദർശിക്കുന്ന വിദേശ പ്രതിനിധികൾക്ക് എല്ലായ്പ്പോഴും ഏറ്റവും മുൻപന്തിയിൽ വിളമ്പുന്ന ഒന്നാണ്. ഈ വിഭവത്തിന്റെ രണ്ട് ശ്രദ്ധേയരായ ആരാധകർ ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ജാക്വസ് ചിറാക്കും റഷ്യൻ ഡുമയുടെ മുൻ ചെയർമാനുമായ വ്‌ളാഡിമിർ ഷിരിനോവ്‌സ്‌കിയുമാണ് . [5] ഇറാഖ് സന്ദർശനത്തിനിടെ സദ്ദാം ഹുസൈൻ നൽകിയ ഔപചാരിക അത്താഴവിരുന്നിൽ വച്ച് മസ്ഗൂഫ് കഴിച്ച ചിറാക്കിന് അതിൻ്റെ രുചി ഇഷ്ടപ്പെട്ടു.
ബാഗ്ദാദിലെ പഴമക്കാർ ഇപ്പോഴും നദികളിൽ നിന്ന് പുതുതായി പിടിക്കുന്ന കാർപ്പ് രുചിക്കായെക്കുറിച്ച് കാവ്യാത്മകമായി സംസാരിക്കുന്നു . 2003 മുതൽ ഇറാക്കിലെ നദികളിലെ വെള്ളത്തിൽ നിന്ന് പിടിക്കുന്നവ കഴിക്കുന്നത് ആ ഇടയ്ക്ക് അത്ര അഭികാമ്യമായിട്ടല്ല കരുതിയിരുന്നത്: ഇറാഖിലെ ഭയാനകമായ വിഭാഗീയ രക്തച്ചൊരിച്ചിലിന് ഇരയായവരെ കൊണ്ട് തള്ളിയിരുന്നത് ഇറാക്കിലെ നദികളിൽ ആയിരുന്നു. ഇത്തരം കരിമീൻ കഴിക്കുന്നത് നിരോധിച്ചുകൊണ്ട് മുസ്ലീം പുരോഹിതന്മാർ ഫത്വ പുറപ്പെടുവിച്ചു. എന്നാൽ യുദ്ധം അവസാനിച്ചതോടെ, കാർപ്പ് മീൻ വീണ്ടും വിപണിയിൽ സമൃദ്ധമായി. ഇന്ന് ഭൂരിഭാഗം മസ്‌ഗൂഫ് പാകം ചെയ്യാൻ വേണ്ടുന്ന മത്സ്യങ്ങളെയും വളർത്തുന്നത് ഇറാഖി ഗ്രാമപ്രദേശങ്ങളിലെ കുളങ്ങളിലാണ് - മസ്‌ഗൂഫിന്റെ വിശപ്പകറ്റാൻ ഉത്സുകരായ ഒരു പുതിയ തലമുറ സംരംഭകരുടെ ഫാമുകളിൽ. [2]