ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ദിവാനായിരുന്നു മഹാരാജാ നന്ദകുമാർ (1705? - ഓഗസ്റ്റ് 5, 1775). ഭദ്രാപൂരിലാണ് നന്ദകുമാർ ജനിച്ചത്. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. വാറൻ ഹേസ്റ്റിംഗിനെ ഈ സ്ഥാനത്ത് നിന്ന് നീക്കിയതിനെത്തുടർന്ന് 1764 ൽ ബർദ്വാൻ, നാദിയ, ഹൂഗ്ലി എന്നിവയുടെ ദിവാനായി നന്ദകുമാറിനെ ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമിച്ചു.[1] 1764-ൽ ഷാ ആലം രണ്ടാമൻ ചക്രവർത്തി “മഹാരാജ” എന്ന പദവി നൽകി. ബംഗാളിലെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നവാബുമാരുടെ ഭരണകാലത്ത് അവരുടെ ഉദ്യോഗസ്ഥരിൽ പ്രമുഖനുമായിരുന്നു നന്ദകുമാർ.
മഹാരാജ നന്ദകുമാറിന്റെ വിചാരണയും വധശിക്ഷയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ ആദ്യ നാളുകളിലെ ഏറ്റവും കുപ്രസിദ്ധമായ സംഭവങ്ങളിലൊന്നാണ്. ബംഗാളിലെ നവാബായിരുന്ന മിർ ജാഫറിന്റെ വിധവയായ മാഹിബീഗത്തിൽ നിന്നും വാറൻ ഹേസ്റ്റിങ്സ് കൈക്കൂലി വാങ്ങി. ഒരു കുടുംബകാര്യം സാധിച്ചുകൊടുക്കുന്നതിനായിരുന്നു ഇത്. ഇതിനെതിരെ നന്ദകുമാർ തെളിവുമായി കോടതിയിൽ പരാതി നൽകി. കോടതി ഇടപെടലിലൂടെ ഹേസ്റ്റിങ്‌സിൽ നിന്നും ആ തുക തിരികെ വാങ്ങി മിർജാഫറുടെ വിധവയ്ക്ക് തിരികെ നൽകി. വാറന്റെ പദവിയും ഇതോടെ നഷ്ടമായി. തനിക്കെതിരെ പരാതി നൽകിയ നന്ദകമാറിനെതിരെ വാറൻഹേസ്റ്റിങ്‌സ് അഞ്ച് വർഷം മുൻപ് കള്ളപ്രമാണമുണ്ടാക്കിയെന്ന പേരിൽ ഒരു കള്ളക്കേസ് നൽകി.
ന്യായാധിപന്മാർ ഇംഗ്ലീഷുകരായിരുന്ന സുപ്രിം കോടതിയിൽ കേസെത്തി. ഇന്ത്യയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസും വാറൻ ഹേസ്റ്റിങ്‌സിന്റെ സുഹൃത്തുമായിരുന്നു ചീഫ് ജസ്റ്റിസ് സർ എലിജാ ഇമ്പി. സാധാരണയിൽ നിന്നും വ്യത്യസ്തമായി ചീഫ് ജസ്റ്റിസ് തന്നെ സാക്ഷികളെ വിചാരണ ചെയ്തു. എന്നാൽ നന്ദകുമാറിനെ കാര്യമായി വിചാരണ ചെയ്തതുമില്ല. കേവലം ആറുദിവസം കൊണ്ട് വിചാരണയും വിധിയും പൂർത്തിയാക്കി. നന്ദകുമാറിനു വധശിക്ഷ വിധിക്കപ്പെട്ടു.[2] 1775 ഓഗസ്റ്റ് 5 ന് കൽക്കട്ടയിൽ നന്ദകുമാറിനെ തൂക്കിലേറ്റി. ഈ സംഭവത്തെ ജുഡിഷ്യൽ കൊലപാതകമെന്ന് പത്രങ്ങൾ വിശേഷിപ്പിച്ചു.[3]
വാറൻ ഹേസ്റ്റിങ്‌സിനെ നന്ദകുമാറിന്റെതടക്കം ബംഗാളിലെ നിരവധി സംഭവങ്ങളുടെ പേരിൽ കുറ്റവിചാരണ ചെയ്തു. പിന്നീട് ഹേസ്റ്റിംഗ്സിനെ ബ്രിട്ടീഷ് പാർലമെന്റ് കുറ്റവിമുക്തനാക്കി. കേസ് ഏഴു വർഷം നീണ്ടു നിന്നു. ബ്രിട്ടീഷ് അധിനിവേശ പ്രദേശങ്ങളിലെ ഏറ്റവും പ്രസിദ്ധവും ദൈർഘ്യമേറിയതുമായ രാഷ്ട്രീയ വിചാരണയായി ഇതിനെ വിശേഷിപ്പിക്കുന്നു.[4]
നന്ദകുമാറിന്റെ വധശിക്ഷയ്ക്കായി പ്രത്യേകമായി കുഴിച്ച കിണർ വിദ്യാസാഗർ സേതുവിന് സമീപമുള്ള ഹേസ്റ്റിംഗ്സിലാണ്. പ്രദേശത്തിനു ചുറ്റും ഒരു മതിൽ ഉണ്ട് എന്നാൽ സ്മാരകമോ ഫലകമോ ഇല്ല.
{{cite encyclopedia}}
: Invalid |ref=harv
(help)