മാക്സിം റോഡിൻസൺ | |
---|---|
![]() മാക്സിം റോഡിൻസൺ | |
ജനനം | 1915 ജനുവരി 26 |
മരണം | 2004 മേയ് 24 |
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | മാർക്സിസ്റ്റ് ചരിത്രകാരൻ, സാമൂഹിക ശാസ്ത്രജ്ഞൻ, ഓറിയന്റലിസ്റ്റ് |
ഫ്രാൻസിലെ പ്രമുഖ മാർക്സിസ്റ്റ് ചരിത്രകാരൻ, സാമൂഹിക ശാസ്ത്രജ്ഞൻ, ഓറിയന്റലിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് മാക്സിം റോഡിൻസൺ (26 ജനുവരി 1915 - 23 മേയ് 2004). പൗരസ്ത്യ ഭാഷാ പഠനത്തിന് ശേഷം ഫ്രാൻസിലെ ഇ.പി.എച്ച്.ഇ യൂണിവേഴ്സിറ്റിയിൽ എത്യോപ്യൻ (അമാരിക്) പ്രൊഫസ്സർ ആയി ചുമതലയേറ്റ അദ്ദേഹം, മുഹമ്മദ് എന്ന മുഹമ്മദ് നബിയുടെ ജീവചരിത്രമടക്കം ഒരുപാട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. റോഡിൻസൺ തന്റെ ഇസ്രയേൽ വിമർശനങ്ങളുടെ പേരിൽ പ്രസിദ്ധനാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രാൻസിലേക്ക് കുടിയേറിയ റഷ്യൻ-പോളിഷ് ദമ്പതികളുടെ മകനാണ് റോഡിൻസൺ. പിതാവ് വസ്ത്ര വ്യാപാരിയായിരുന്നു. പിതാവിന്റെ സാമുഹ്യപ്രവർത്തന പാരമ്പര്യം റോഡിൻസണിലും സാമൂഹ്യപ്രവർത്തന താൽപര്യം വളർത്തി. പാരീസിലെ പ്ലെറ്റ്സെൽ എന്ന പ്രദേശത്താണ് അവർ വസിച്ചിരുന്നത്.[1]
കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം മോശമായതിയനാൽ, 13-ാം വയസ്സിൽ തന്നെ പഠനം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും, പുസ്തകങ്ങൾ കടം വാങ്ങിയും അദ്ധ്യാപകന്മാരുടെ സഹായമപേക്ഷിച്ചും സ്വയം പഠനം തുടർന്നു. പിന്നീട് പൗരസ്ത്യഭാഷ പഠനം ആരംഭിച്ചു. 1932-ൽ അക്കാദമിക് വിദ്യാഭ്യാസമില്ലാത്തവർക്കും എഴുതാവുന്ന എൻട്രൻസ് പരീക്ഷ വഴി പൗരസ്ത്യ ഭാഷാ പഠനകേന്ദ്രത്തിൽ പ്രവേശനം ലഭിക്കുകയും, ഒപ്പം തന്നെ ഉന്നത പരിഭാഷകനായി ജോലി ആരംഭിക്കുകയും ചെയ്തു. അറബി ഭാഷ പഠിച്ച അദ്ദേഹം, പിന്നീട് തന്റെ സെമിറ്റിക് താരതമ്യ പഠനത്തിനായി ഹീബ്രു ഭാഷയും പഠിക്കുകയുണ്ടായി.[2]
1937-ൽ ദേശീയ ഗവേഷണ കേന്ദ്രത്തിൽ പ്രവേശിച്ച അദ്ദേഹം ഇസ്‌ലാമിനെ സംബന്ധിച്ച ഗവേഷണത്തിൽ വ്യാപൃതനായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ദമാസ്കസിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നതിനാൽ ഫ്രാൻസിൽ നടന്ന ജൂത വിരുദ്ധ കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ടു. 1943-ൽ അദ്ദേഹത്തിന്റെ മതാപിതാക്കൾ ഓഷ്‌വിറ്റ്സ് എന്ന കോൺസേൻട്രേഷൻ ക്യാമ്പിൽ ദാരുണമായി കൊല ചെയ്യപ്പെട്ടു[3]. ദമാസ്കസിൽ തന്റെ ഇസ്‌ലാം പഠനം തുടർന്നുകൊണ്ടിരുന്നു. പിന്നീട് ലബനാനിൽ ഏഴ് വർഷം ചെലവഴിച്ചു.
1937-ൽ പാർട്ടി അംഗത്വം നേടിയ അദ്ദേഹം 1958-ൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയി. ഒരു മതം പോലെ ആചരിക്കേണ്ട ഒന്നായി പാർട്ടിയുടെ ഘടന മാറി എന്ന് അദ്ദേഹം ആരോപിച്ചു. പുറത്തുപോയെങ്കിലും കമ്മ്യൂണിസ്റ്റ് എന്ന നിലക്ക് തന്നെ അറിയപ്പെട്ടു.
1948-ൽ പാരീസ് നാഷനൽ ലൈബ്രറിയിലെ ഇസ്‌ലാമിക വിഭാഗത്തിൽ ലൈബ്രറേറിയൻ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച റോഡിൻസൺ 1959-ൽ ഇ.പി.എച്ച്.ഇ എന്ന സ്ഥാപനത്തിൽ എത്യോപ്യൻ ഭാഷയിൽ പ്രൊഫസർ ആയി.
റോഡിൻസൺ രചിച്ച "മുഹമ്മദ്" എന്ന പേരിലുള്ള മുഹമ്മദ് നബിയുടെ ജീവചരിത്രം ഒരു കമ്മ്യൂണിസ്റ്റ് വീക്ഷണ കോണിലുള്ള, രാഷ്ട്രീയ സാമൂഹിക ചരിത്രമാണ്. ഇസ്‌ലാമും മുതലാളിത്തവും, യൂറോപ്പും ഇസ്‌ലാമിക മിസ്റ്റിസിസവും തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.
1967-ൽ അദ്ദേഹത്തിന്റെ "ഇസ്‌റയേൽ, ഒരു സാമ്രാജ്യത്വ അധിനിവേശം" എന്ന ലേഖനം ജീൻ പോൾ സാർത്ത്ര് പ്രസിദ്ധീകരിക്കുന്ന "'ലെസ് ടെമ്പ്സ് മൊഡേൺസ്"' എന്ന പ്രസിദ്ധീകരണത്തിൽ വന്നു. ഒരു ജൂതവശജനായിരിക്കെ തന്നെ ഫലസ്ത്വീന് വേണ്ടി സംസാരിക്കാനുള്ള ആർജ്ജവം പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഇസ്‌റയേലിനെ അധിനിവേശ ശക്തിയായി തന്നെ അദ്ദേഹം പരിഗണിച്ചു.
"ഫലസ്ത്വീനിലെ അറബികൾക്ക് ഫലസ്ത്വീൻ പ്രവിശ്യകളിലുള്ള അവകാശം, ഫ്രാൻസുകാർക്ക് ഫ്രാൻസിലും ബ്രിട്ടീഷുകാർക്ക് ബ്രിട്ടനിലും അവകാശമുള്ളത് പോലെ ഉണ്ടായിരുന്നതാണ്. ഒരു പ്രകോപനവുമില്ലാതെ അവരുടെ അവകാശം ഹനിക്കപ്പെട്ടിരിക്കുന്നു. ഈ യാഥാർത്ഥ്യം ഒരിക്കലും മറക്കാൻ കഴിയില്ല"
മാർക്സിയൻ ചരിത്ര വീക്ഷണത്തിലൂന്നി നിന്ന് കൊണ്ട് ഇസ്‌ലാമിനെ പഠിക്കാൻ ശ്രമിച്ച അദ്ദേഹം പ്രധാനമായി ശ്രദ്ധിച്ചത് ഇസ്‌ലാമിന്റെ സാമ്പത്തിക സാമൂഹിക വശങ്ങളാണ്. മുതലാളിത്തത്തിന്റെ വളർച്ചയെ തടയാൻ കഴിയുക ഇസ്‌ലാമിനാണെന്നും, ഇസ്‌ലാമിക ലോകം പൊതുവെ സമത്വം അംഗീകരിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പഠനങ്ങൾ പൊതുവെ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളും മുസ്‌ലിം സമൂഹവും തമ്മിലുള്ള താരതമ്യങ്ങളാണ്.