മാണ്ഡവ്യൻ

മഹാഭാരതത്തിൽ സംഭവപർവ്വത്തിൽ പരാമർശിക്കുന്ന പുരാണേതിഹാസ പ്രസിദ്ധനായ മഹർഷിയാണ് അണിമാണ്ഡവ്യൻ. [1][2]യമധർമ്മൻ ഇദ്ദേഹത്തിന്റെ ശാപത്താൽ മനുഷ്യനായി ദാസഗർഭത്തിൽ ജനിച്ചു. യമന്റെ മനുഷ്യ ജന്മമാണ് വിദുരർ. അണിമാണ്ഡവ്യമുനിയുടെ ശരിക്കുള്ള പേർ മാണ്ഡവ്യൻ എന്നായിരുന്നു. തന്റെ ശരീരത്തിനുള്ളിൽ ഒരു ഇരുമ്പാണി തറയ്ക്കുകയും അത് പിന്നീട് എടുത്തുമാറ്റാൻ കഴിയാതെ വന്നതുകാരണം അദ്ദേഹം പിന്നീട് ആണിമാണ്ഡവ്യൻ (അണിമാണ്ഡവ്യൻ) എന്നപേരിൽ അറിയപ്പെട്ടു.[3][4]

മഹാഭാരതത്തിൽ വിദുരോല്പത്തിയിലാണ് ഈ കഥ വിശകലനം ചെയ്യുന്നത്. [5] ഒരിക്കൽ മാണ്ഢവ്യൻ മൗനിയായി തപസ് ചെയ്തിരുന്നവസരത്തിൽ കുറെ കള്ളന്മാർ രാജധാനിയിൽ നിന്ന് അപഹരിച്ച ധനവുമായി അതുവഴിവരികയും പിന്തുടർന്നു വന്ന രാജകിങ്കരന്മാരിൽ നിന്നും രക്ഷനേടാൻ മാണ്ഡവ്യമഹർഷിയുടെ ആശ്രമത്തിൽ ഒളിപ്പിക്കുകയും ചെയ്തു. പക്ഷേ ധനവും, കള്ളന്മാരെയും കണ്ടുപിടിച്ച രാജസൈന്യം ഇവരെ രാജാവിന്റെ മുൻപിൽ ഹാജരാക്കി. കള്ളന്മാർക്ക് രക്ഷപെടാനുള്ള തന്ത്രമൂലം ഇത് അവരു ചെയ്തത് മാണ്ഢവ്യമഹർഷി പറഞ്ഞിട്ടാന്ന് രാജാവിനെ തെറ്റിധരിപ്പിച്ചു. രാജാവ് മഹർഷിയെ കൂട്ടിക്കൊണ്ടുവന്നെങ്കിലും അദ്ദേഹം തന്റെ മൗനവ്രതം മൂലം ചോദ്യങ്ങൾക്കൊന്നും പ്രതികരിച്ചില്ല. മൗനം സമ്മതമായി കരുതി മഹർഷിയുൾപ്പെടെ ഏവരെയും കുന്തത്തിൽ തറയ്ക്കാൻ ശിക്ഷ വിധിച്ചു.[6]

മുനിയുടെ വിചാരണ കൂടാതെ തന്നെ എല്ലാവരേയും ശൂലത്തിൽ കയറ്റി. യാതൊരു എതിർപ്പും മഹർഷി കാണിച്ചില്ല. കള്ളന്മാരോടൊപ്പം മാണ്ഢവ്യനും ശൂലത്തിൽ ദിവസങ്ങളോളം കിടന്നു. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ചോരവാർന്ന് കള്ളന്മാർ എല്ലാവരും മരിച്ചെങ്കിലും മാണ്ഢവ്യനു ഒന്നും സംഭവിച്ചില്ല. പരമശിവന്റെ അനുഗ്രഹത്താൽ ദീർഘായുസ്സു ലഭിച്ചിരുന്നു മാണ്ഢവ്യനു ഇതിനോടകം. ശൂലം തറച്ചിട്ടും മരിക്കാത്ത ഈ കഥ രാജാവ് അറിഞ്ഞു. അദ്ദേഹം കളവൊന്നും ചെയ്തിട്ടില്ലെന്നു പൂർണ്ണ ബോധ്യംവന്ന രാജാവ് ദിവ്യനായ മഹർഷിയോടു താൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചു. പിന്നീട് ശൂലം വലിച്ചൂരാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവിൽ ശൂലം അറുത്തെടുത്തു, പക്ഷേ ശൂലാഗ്രം ശരീരത്തിൽ അവശേഷിച്ചിരുന്നു. ഈ ശൂലത്തിന്റെ ഒരു ഭാഗം ശരീരത്തിൽ വെച്ചുകൊണ്ടാണ് മുനി ശിഷ്ടകാലം കഴിച്ചത്, അതിനാൽ അദ്ദേഹം അണിമാണ്ഢവ്യനായി അറിയപ്പെട്ടു.

യമനോടുള്ള വാഗ്വാദം

[തിരുത്തുക]

മാണ്ഡവ്യമഹർഷി തനിക്ക് ഇത്രയും പാപശിക്ഷകൾ ഭൂമിയിൽ വെച്ചു കിട്ടിയതിനു കാരണം മനസ്സിലാക്കാൻ യമധർമ്മ ദേവനെ തന്നെ കാണാൻ തീരുമാനിച്ചു യമപുരിയിൽ എത്തി. അദ്ദേഹം യമനോട് തനിക്കു ശൂലദന്ധനം ഏല്ക്കാനുള്ള കാരണം ആരാഞ്ഞു. യമൻ തന്റെ ജീവിതകണക്കുകൾ എഴുതുന്ന പുസ്തകമായ അഗ്രസന്ധാനിയിൽ നോക്കി അദ്ദേഹം ബാലനായിരുന്നപ്പോൾ തുമ്പിയെ പുല്ക്കൊടിയിൽ കോർത്ത് കളിക്കാറുണ്ടായിരുന്നു. അതിന്റെ ശിക്ഷയാണ് ഇതെന്ന് മറുപടി കിട്ടി. ഇത് കേട്ട അണിമാണ്ടവ്യൻ കോപിഷ്ഠനായി. താൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ചെയ്തകാര്യങ്ങൾ, എങ്ങനെ പാപങ്ങളാവും. തിരിച്ചറിവില്ലാത്ത സമയത്തു ചെയ്യുന്ന കാര്യങ്ങൾ പാപ-പുണ്യകണക്കു പുസ്തകത്തിൽ എഴുതുന്ന യമൻ നീതിമാനല്ല. യമധർമ്മനെ ശപിച്ചു.[7]

പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന പാപങ്ങൾക്ക് ശിക്ഷയില്ലെന്നൊരു ശാസ്ത്രവിധിയുണ്ട്. ശാസ്ത്രവിധി തെറ്റിച്ച് ബ്രാഹ്മണനായ എന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന നീ മനുഷ്യ ജാതിയിൽ അധമനായ ശൂദ്രനായി പിറക്കട്ടെ

അഷ്ടദിക്പാലരിൽ ദക്ഷിണദിക്കിനു ദേവനായ യമനെയാണ് ശപിച്ചിരിക്കുന്നത്. തപസ്വിയായ അദ്ദേഹത്തിന്റെ ശാപം മൂലം യമൻ വിദുരരായി വ്യാസഭഗവാന്റെ പുത്രനായി ശുദ്രസ്ത്രീയിൽ ജനിച്ചു. ഇതാണ് വിദുരരുടെ ജനനത്തിനു വഴിയൊരുക്കിയത്.[8][9]

അവലംബം

[തിരുത്തുക]
  1. മഹാഭാരതം -- സംഭവപർവ്വം -- അണിമണ്ഡവ്യകഥ -- തുഞ്ചത്ത് എഴുത്തച്ഛൻ -- കറന്റ് ബുക്സ്
  2. മഹാഭാരതം -- സംഭവപർവ്വം -- ഡോ.പി.എസ്.നായർ -- മലയാളവിവർത്തനം -- വിദ്യാരംഭം പബ്ലിഷേഴ്സ്
  3. മഹാഭാരതം -- സംഭവപർവ്വം -- അണിമണ്ഡവ്യകഥ -- തുഞ്ചത്ത് എഴുത്തച്ഛൻ -- കറന്റ് ബുക്സ്
  4. മഹാഭാരതം -- സംഭവപർവ്വം -- ഡോ.പി.എസ്.നായർ -- മലയാളവിവർത്തനം -- വിദ്യാരംഭം പബ്ലിഷേഴ്സ്
  5. "വിദുരരുടെ കഥ -- Mahabharat Chapter 5 - Story of Vidura". Archived from the original on 2011-08-15. Retrieved 2011-08-19.
  6. മാണ്ഡവ്യ കഥ -- Mandavya
  7. സംഭവപർവ്വം -- ഡോ.പി.എസ്.നായർ -- മഹാഭാരതം മലയാളവിവർത്തനം -- വിദ്യാരംഭം പബ്ലിഷേഴ്സ്
  8. "വിദുരരുടെ കഥ -- Mahabharat Chapter 5 - Story of Vidura". Archived from the original on 2011-08-15. Retrieved 2011-08-19.
  9. സംഭവപർവ്വം -- മഹാഭാരതം, അണിമണ്ഡവ്യകഥ -- തുഞ്ചത്ത് എഴുത്തച്ഛൻ -- കറന്റ് ബുക്സ്