ഭായി മാധവ്റാവു ബാഗൽ | |
---|---|
ജനനം | 28 മേയ് 1895 |
മരണം | 1986 കോലാപ്പൂർ, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | ചിത്രകാരൻ, എഴുത്തുകാരൻ, സ്വാതന്ത്ര്യസമരസേനാനി, രാഷ്ട്രീയ പ്രവർത്തകൻ |
അറിയപ്പെടുന്നത് | സ്വാതന്ത്ര്യസമരസേനാനി, സാമൂഹിക പരിഷ്കർത്താവ്, രാഷ്ട്രീയ പ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, ഗാന്ധിയൻ |
എഴുത്തുകാരൻ, കലാകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ്, രാഷ്ട്രീയ പ്രവർത്തകൻ, പ്രസംഗകൻ, സ്വാതന്ത്ര്യസമര സേനാനി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു മാധവറാവു ഖാണ്ഡേറാവു ബാഗൽ (28 മേയ് 1895 - 1986)[1].
1895 മേയ് 28-ന് കോലപ്പൂരിൽ ജനിച്ചു [2][3] .
അദ്ദേഹത്തിന്റെ പിതാവ് ഖാണ്ഡേറാവു ബാഗൽ പ്രശസ്തനായ ഒരു അഭിഭാഷകനും തഹസിൽദാരും സാമൂഹ്യ പരിഷ്കർത്താവും ആയിരുന്നു. ഖാണ്ഡേറാവു സത്യശോധക് സമാജ് എന്ന സംഘടനയുടെ ഒരു നേതാവായിരുന്നു [4]. "ഹണ്ടർ" എന്ന പേരിൽ ഒരു പത്രത്തിന്റെ പത്രാധിപരായിരുന്നതിനാൽ "ഹണ്ടർകർ" എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടു [5].
കോലാപൂരിലെ രാജാറാം ഹൈസ്കൂളിൽ ആയിരുന്നു ആദ്യകാലവിദ്യാഭ്യാസം. ബോംബെയിലെ ജെ. ജെ. സ്കൂൾ ഓഫ് ആർട്ടിൽ നിന്നുള്ള ചിത്രകല, മോഡലിംഗ്, ചുവർചിത്രകല എന്നിവയിൽ പഠനം പൂർത്തിയാക്കി [6][3].
ചിത്രകലയിൽ ബാഗൽ നിറങ്ങളുടെ മിതമായ പ്രയോഗത്തിലൂടെ സ്വന്തമായ ഒരു ശൈലി സൃഷ്ടിച്ചു. സുന്ദരമായ പശ്ചാത്തലം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ആർട്ടിസ്റ്റ്സ് ഓഫ് കോലാപ്പൂർ, ആർട്ട്സ് ആൻഡ് ആർട്ടിസ്റ്റ്സ് എന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് [7].
ഒരു സാമൂഹ്യപരിഷ്കർത്താവ് എന്ന നിലയിൽ, അദ്ദേഹം ദലിതരുടെ ഉയർച്ചയ്ക്കായി പ്രവർത്തിച്ചു [1]. ദളിതർക്ക് ക്ഷേത്രസന്ദർശനവും മറ്റു ജാതിക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ അവസരവും അനുവദിക്കണമെന്ന് വാദിച്ചു. പിതാവിന്റെ സത്യശോധക് പാരമ്പര്യം മാധവറാവുവും പിന്തുടർന്നു. 1927 ൽ അദ്ദേഹം സത്യശോധക് പ്രവർത്തകർ സോഷ്യലിസ്റ്റുകൾ ആയിരിക്കണമെന്ന് പ്രഖ്യാപിച്ചു [8].
1939 ൽ ബാഗൽ കോലാപൂർ രാജ്യത്ത് പ്രജാ പരിഷദ് സ്ഥാപിച്ചു. കോലാപ്പൂരിലെ കർഷകർക്ക് വേണ്ടി രത്‌നാപ്പ കുംഭാർ തുടങ്ങിയവരുമായി യോജിച്ച് പ്രക്ഷോഭങ്ങൾ നടത്തി [9]. 1941 ൽ കോലാപ്പൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ചപ്പോൾ മാധവറാവു ബാഗൽ, രത്‌നാപ്പ കുംഭാർ, ഗോവിന്ദ്റാവു കൊർഗാവങ്കർ എന്നിവരായിരുന്നു കോലാപ്പൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണ ബോർഡ് അംഗങ്ങൾ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ മുൻ നിര നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. കോലാപ്പൂർ നാട്ടുരാജ്യം യൂണിയൻ ഓഫ് ഇന്ത്യയിൽ ലയിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. രത്നാപ്പ കുംഭാർ, ദിനകർ ദേശായി, നാനസാഹിബ് ജഗദലെ, ആർ ഡി. മിൻചെ തുടങ്ങിയവരുൾപ്പെടെ നിരവധി സഹപ്രവർത്തകരോടൊപ്പം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1930 കളുടെ മധ്യത്തിൽ ഇന്ത്യൻ ദേശീയ കോൺഗ്രസ്സിൽ ചേർന്നു. 1940-47 കാലഘട്ടത്തിൽ മഹാത്മാഗാന്ധി, വല്ലഭായി പട്ടേൽ, ജവഹർലാൽ നെഹ്രു തുടങ്ങിയ നേതാക്കളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.