മാരിയോ മിറാൻഡ | |
---|---|
![]() | |
ജനനം | മരിയോ ജോവോ കാർലോസ് ദോ റോസാരിയോ ഡെ ബ്രിട്ടോ മിറാൻഡ മെയ് 2 1926 |
മരണം | 11 ഡിസംബർ 2011 (പ്രായം 85) |
തൊഴിൽ | കാർട്ടൂണിസ്റ്റാണ് |
തൊഴിലുടമ | ടൈംസ് ഓഫ് ഇന്ത്യ |
ഇന്ത്യയിലെ ഗോവ സംസ്ഥാനത്തു നിന്നുള്ള ഒരു കാർട്ടൂണിസ്റ്റായിരുന്നു മാരിയോ മിറാൻഡ (Mario Miranda). അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കണോമിക്സ് ടൈംസ് എന്നീ മുൻനിര പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇല്ലസ്ട്രേറ്റഡ് വീക്‌ലി ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച കാർട്ടൂണുകളാണ് അദ്ദേഹത്തിനെ ശ്രദ്ധേയനാക്കിയത്.[1] 2002 ൽ അദ്ദേഹത്തിന് പത്മഭൂഷൻ പുരസ്കാരവും, 1988 ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[2]
ഒരു ഗോവൻ കത്തോലിക്കൻ ദമ്പതികൾക്ക് മകനായി മരിയോ ജോവോ കാർലോസ് ദോ റോസാരിയോ ഡെ ബ്രിട്ടോ മിറാൻഡ (Mario Joao Carlos do Rosario de Britto Miranda) ജനിച്ചത് ഇന്ത്യയിലെ ദാമൻ ജില്ലയിലായിരുന്നു.[3] ഇവരുടെ കുടുംബത്തിന്റെ ഉത്ഭവം ഒരു ബ്രാഹ്മണകുടുംബത്തിൽ നിന്നായിരുന്നു. അദ്ദേഹത്തിന്റെ മുൻ തലമുറ റോമൻ കത്തൊലിക്കൻ മതത്തിലേക്ക് 1750 കളിൽ മാറുകയായിരുന്നു.[4] അദ്ദേഹം പഠിച്ചത് ബാംഗളൂരിലെ സെ. ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു. പിന്നീട് മുംബൈയിലെ സെ. സേവിയാർ കോളേജിൽ നിന്നും ബി.എ. ബിരുദം നേടി.[5]
ഒരു പരസ്യ സ്ഥാപനത്തിലാണ് അദ്ദേഹം ആദ്യകാലത്ത് ജോലി നോക്കിയിരുന്നത്. പിന്നീട് കാർട്ടൂണിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഒരു മുഴു സമയ കാർട്ടൂണിസ്റ്റാവുകയായിരുന്നു. അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ശ്രദ്ധേയമായത് ഇല്ലസ്ട്രേറ്റഡ് വീക്‌ലി ഓഫ് ഇന്ത്യ എന്ന ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതിനു ശേഷമായിരുന്നു.[6] കറണ്ട് ( Current) എന്ന മാഗസിനിലും അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ സ്ഥിരമായി കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ അവസരൻ കിട്ടി. അദ്ദേഹം അഞ്ചു വർഷക്കാലം തന്റെ ജീവിതം ലണ്ടനിൽ ചിലവഴിച്ചിട്ടൂണ്ട്. അവിടെയും അദ്ദേഹം പല മാഗസിനുകളിലും കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് മുംബൈയിലേക്ക് തിരിച്ചു വന്ന് പ്രസിദ്ധ കാർട്ടൂണിസ്റ്റായ ആർ. കെ. ലക്ഷ്മണനോടൊപ്പം ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി നോക്കി.
1974 -ൽ അദ്ദേഹം അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും അവിടുത്തെ പ്രസിദ്ധ കാർട്ടൂണിസ്റ്റുകളും കലാകാരന്മാരുമായ ചാൾസ്, ഹെർബ്‌ലോക്ക് എന്നിവരോടൊത്ത് ജോലി നോക്കുകയും ചെയ്തു.
തന്റെ കാർട്ടൂണുകളുടെയും സൃഷ്ടികളുടെയും പ്രദർശനങ്ങൾ അദ്ദേഹം 22 ലധികം രാജ്യങ്ങളിൽനടത്തിയിട്ടുണ്ട്.[7]
ഗോവയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്. അദ്ദേഹത്തിന്റെ മൂത്തമകൻ രാഹുൽ ന്യൂയോർക്കിൽ ഒരു സലൂൺ നടത്തുന്നു. ഇളയ മകൻ റിഷാദ് ഒരു കാർട്ടൂണിസ്റ്റാണ്.
ഗോവയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന മാരിയോ മിറാൻഡ വാർദ്ധക്യസഹജമായ അസുഖത്താൽ 2011 ഡിസംബർ 11-ന് അന്തരിച്ചു[8].