മിതൻ ജെംഷെഡ് ലാം | |
---|---|
ജനനം | മഹാരാഷ്ട്ര, ഇന്ത്യ | 2 മാർച്ച് 1898
മരണം | 1981 |
തൊഴിൽ(s) | അഭിഭാഷക സാമൂഹ്യ പ്രവർത്തക |
സജീവ കാലം | 1919–1981 |
അറിയപ്പെടുന്നത് | Women's rights |
ജീവിതപങ്കാളി | Jamshed Sorabsha Lam |
കുട്ടികൾ | Sorab Jamshed Sorabsha Lam |
മാതാപിതാക്കൾ | Ardeshir Tata Herabai Tata |
അവാർഡുകൾ | പത്മഭൂഷൻ കോബ്ഡൻ ക്ലബ് മെഡൽ |
ഒരു ഇന്ത്യൻ അഭിഭാഷകയും സാമൂഹിക പ്രവർത്തകയും മുംബൈയിലെ ഷെരീഫുമായിരുന്നു മിതൻ ജംഷെഡ് ലാം (1898-1981).[1] ബോംബെ ഹൈക്കോടതിയിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ബാരിസ്റ്ററും ആദ്യത്തെ ഇന്ത്യൻ വനിതാ അഭിഭാഷകയുമായിരുന്നു അവർ.[2] ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിൽ അംഗമായിരുന്ന അവർ 1961-62 ൽ അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.[3] സമൂഹത്തിനുള്ള അവരുടെ സംഭാവനകൾക്ക് 1962-ൽ ഇന്ത്യാ ഗവൺമെന്റ് മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു].[4]
മിഥൻ ജംഷെഡ് ലാം അല്ലെങ്കിൽ മിതൻ ടാറ്റ, 1898 മാർച്ച് 2 ന്[5] പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഒരു പാഴ്‌സി സൊരാസ്ട്രിയൻ കുടുംബത്തിൽ[6] ഒരു ടെക്‌സ്‌റ്റൈൽ മിൽ ജീവനക്കാരനായ അർദേശിർ ടാറ്റയുടെയും വനിതാ അവകാശ പ്രവർത്തകയായ ഹീരാബായ് ടാറ്റടെയും മകളായി ജനിച്ചു.[7] അവരുടെ ബാല്യവും ആദ്യകാല വിദ്യാഭ്യാസവും പൂനെ ജില്ലയിലെ ഫുൽഗാവിലായിരുന്നു, അവിടെ പിതാവ് ഒരു പ്രാദേശിക ടെക്സ്റ്റൈൽ മില്ലിൽ ജോലി ചെയ്തിരുന്നു. എന്നാൽ പിന്നീട്, അച്ഛൻ്റെ ജോലി മാറിയപ്പോൾ അവർ അഹമ്മദാബാദിലേക്ക് മാറി.[2] താമസിയാതെ, അവർ മുംബൈയിലെത്തി, അവിടെ ഫ്രെരെ ഫ്ലെച്ചർ സ്കൂളിൽ (ഇന്നത്തെ ജെബി പെറ്റിറ്റ് ഹൈസ്കൂൾ ഫോർ ഗേൾസ്) ചേർന്നു. അവരുടെ ബിരുദ പഠനം മുംബൈയിലെ എൽഫിൻസ്റ്റൺ കോളേജിലായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള കോബ്ഡൻ ക്ലബ് മെഡൽ നേടി അവർ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.[2] ഈ സമയത്താണ്, ഒന്നാം ബാരൺ സൗത്ത്ബറോയിലെ ഫ്രാൻസിസ് ഹോപ്‌വുഡിന്റെ നേതൃത്വത്തിലുള്ള സൗത്ത്ബറോ ഫ്രാഞ്ചൈസി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ അവർ അമ്മയോടൊപ്പം ലണ്ടനിലേക്ക് പോയത്.[7] സന്ദർശന വേളയിൽ, ഹൗസ് ഓഫ് കോമൺസിലെ അംഗങ്ങളുമായി ഇന്ത്യയിലെ സ്ത്രീ വോട്ടവകാശം എന്ന വിഷയം ചർച്ച ചെയ്യാനും അവർക്ക് അവസരം ലഭിച്ചു. ഇംഗ്ലണ്ടിൽ തുടരാൻ തീരുമാനിച്ച അവർ, ബിരുദാനന്തര ബിരുദം വിജയകരമായി പൂർത്തിയാക്കാൻ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്നു, 1919-ൽ ലിങ്കൺസ് ഇന്നിന്റെ ബാരിസ്റ്റർ-അറ്റ്-ലോ ആയി യോഗ്യത നേടുന്നതിനായി നിയമം പഠിച്ച്[8] ആദ്യത്തെ വനിതാ ബാരിസ്റ്റർമാരിൽ ഒരാളായി.[9] ഇംഗ്ലണ്ടിലെ അവരുടെ താമസം, ഇന്ത്യയിലെ സ്ത്രീകളുടെ വോട്ടവകാശത്തിനായി വാദിക്കാൻ രാജ്യത്തുണ്ടായിരുന്ന സരോജിനി നായിഡു, ആനി ബസന്റ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വനിതാ നേതാക്കളുമായി ഇടപഴകാനുള്ള അവസരവും അവർക്ക് നൽകി. ഈ നേതാക്കൾക്കൊപ്പം അവർ സ്കോട്ട്ലൻഡ് സന്ദർശിച്ചു, കൂടാതെ ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്തു. ഇന്ത്യൻ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നതിന് ഈ ശ്രമങ്ങൾ സഹായിച്ചട്ടുണ്ട്.[2]
1923[7] ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ലാം, മുംബൈ ഹൈക്കോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ അഭിഭാഷകയായി ചേർന്നു, പ്രമുഖ അഭിഭാഷകനും സ്വാതന്ത്ര്യ സമര പ്രവർത്തകയുമായ ഭൂഭായ് ദേശായിയുടെ സഹകാരിയായി പ്രാക്ടീസ് ആരംഭിച്ചു.[10] മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷം, അവർ ജസ്റ്റിസായും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും 1865-ലെ പാഴ്സി വിവാഹ നിയമം സംബന്ധിച്ച കമ്മിറ്റി അംഗമായും നിയമിക്കപ്പെട്ടു, ഇത് 1936-ലെ പാഴ്സി വിവാഹ, വിവാഹമോചന നിയമ ഭേദഗതിക്ക് സംഭാവന നൽകാൻ അവരെ സഹായിച്ചു.[11] 1947-ൽ മുംബൈയിലെ ഷെരീഫായി നിയമിതയായ അവർ ആ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയാണ്.[11] ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ (AIWC)[12] പ്രവർത്തനങ്ങളിലും അവർ പങ്കാളിയായിരുന്നു, കൂടാതെ 1961-62 കാലയളവിൽ അതിന്റെ പ്രസിഡന്റായും മിതൻ സേവനമനുഷ്ഠിച്ചു.[3] അവർ അഞ്ച് വർഷക്കാലം ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ ഔദ്യോഗിക ജേണലായ സ്ത്രീ ധർമ്മയുടെ എഡിറ്ററായിരുന്നു[7] കൂടാതെ അവർ യുണൈറ്റഡ് നേഷൻസ് അഫയേഴ്‌സ് ഓർഗനൈസേഷന്റെ നിയുക്ത അംഗമായും സേവനമനുഷ്ഠിച്ചു.[2] എഐഡബ്ല്യുസിക്ക് രണ്ട് വർഷം മുമ്പ് 1925ൽ സ്ഥാപിതമായ നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യൻ വുമണിലും അവർ സജീവമായിരുന്നു, കൂടാതെ അതിന്റെ ലെജിസ്ലേറ്റീവ്, ലേബർ, പ്രസ് കമ്മിറ്റികളിലും അംഗമായിരുന്നു അവർ.[13]
മുംബൈ ലോ കോളേജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി ലാം സേവനമനുഷ്ഠിച്ചു.[2] ഹിന്ദു കോഡ് ബില്ലുകളുടെ ഡ്രാഫ്റ്റിംഗിലും അവരുടെ സംഭാവനകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[6][10] ഇന്ത്യൻ ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്‌സിന്റെ സ്ഥാപക-പ്രസിഡന്റ്, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്‌സിന്റെ (ഐഎഫ്‌ഡബ്ല്യുഎൽ) വൈസ് പ്രസിഡന്റ്, ഐഎഫ്‌ഡബ്ല്യുഎല്ലിന്റെ 13-ാമത് കൺവെൻഷന്റെ അധ്യക്ഷ എന്നിവ കൂടാതെ ഐക്യരാഷ്ട്രസഭയിൽ ഫെഡറേഷന്റെ പ്രതിനിധിയായും അവർ സേവനമനുഷ്ഠിച്ചു.[2] ബോംബെയിലെ വിമൻ ഗ്രാജുവേറ്റ്സ് യൂണിയന്റെ പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചു. വക്കീൽ പ്രാക്ടീസിൽ നിന്ന് വിരമിച്ച ശേഷം, മഹാരാഷ്ട്ര സ്റ്റേറ്റ് വിമൻസ് കൗൺസിലിൽ (എംഎസ്ഡബ്ല്യുസി) ചേർന്നു, ഒരു കാലഘട്ടത്തിൽ ലേബർ സബ് കമ്മിറ്റിയുടെ അധ്യക്ഷയായി, ഈ സമയത്ത്, ചേരിയിൽ പ്രാഥമിക മെഡിക്കൽ സെന്റർ, നഴ്സറി സ്കൂൾ, തൊഴിൽ പരിശീലന കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.[2] സംഘടനയുടെ പ്രസിഡന്റിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തപ്പോൾ, ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപിതമായ ഒരു ഏജൻസിയായ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളുടെ ദുരിതാശ്വാസ പുനരധിവാസത്തിനുള്ള വനിതാ കമ്മിറ്റിയിൽ ചെയർപേഴ്‌സണായി അവരെ ഉൾപ്പെടുത്തി. യുഎസിൽ നടന്ന കമ്മറ്റി ഓഫ് കറസ്‌പോണ്ടൻസിന്റെ ഏഷ്യൻ വർക്ക്‌ഷോപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ അവർ പങ്കെടുത്തു. 1962-ൽ ഇന്ത്യാ ഗവൺമെന്റ് അവർക്ക് പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.[4]
അഭിഭാഷകനും നോട്ടറി പബ്ലിക്കുമായ ജംഷദ് സൊറാബ് ലാമിനെയാണ് മിതൻ ലാം വിവാഹം കഴിച്ചത്, ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു.[2] മകൾ ചെറുപ്പത്തിലേ മരിച്ചു, 2010-ൽ അന്തരിച്ച സോളി എന്നറിയപ്പെടുന്ന സോറബ് ജംഷെദ് സൊരബ്ഷ ലാം ഒരു ഓർത്തോപീഡിക് സർജനും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെല്ലോയും ഫ്രാക്ചേഡ് നീക്യാപ്പ് ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടതിന് ഹണ്ടേറിയൻ സൊസൈറ്റി അവാർഡ് നേടിയിട്ടുള്ളവരും ആയിരുന്നു.[9] ജീവിതത്തിന്റെ പിന്നീടുള്ള കാലത്ത് അവർ അന്ധയായിത്തീർന്നു, 1981-ൽ 83-ആം വയസ്സിൽ അവർ അന്തരിച്ചു.[2] കെ ആർ കാമ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഓട്ടം ലീവ്സ് (ശരത്കാല ഇലകൾ) എന്ന അവരുടെ ആത്മകഥയിൽ അവർ തൻ്റെ ജീവിതകഥ രേഖപ്പെടുത്തിയിട്ടുണ്ട്.[14] എൻസൈക്ലോപീഡിയ ഓഫ് വിമൻ ബയോഗ്രഫി എന്ന വിജ്ഞാനകോശത്തിൽ അവരുടെ ജീവചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. [15]
Mithan J Lam (2009). Autumn Leaves. K.R. Cama Oriental Institute. p. 76. ISBN 9788190594325.