1635-ൽ നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്ന റെംബ്രാന്റ് വാങ് റേയ്ൻ വരച്ച എണ്ണച്ചായാചിത്രമാണ് മിനർവ. ഒരു കനേഡിയൻ സ്വകാര്യ ശേഖരത്തിലാണ് ഈ ചിത്രം നിലവിൽ കാണപ്പെടുന്നത്. രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് ഈ ചിത്രത്തിൻറെ ആദ്യകാല ഉടമ എഡ്വിൻബർഗിലെ ദ ഡ്രം ഉടമസ്ഥൻ 12-ആം സോമർവില്ലേ പ്രഭു ജെയിംസ് സോമർവില്ലേ, (1674-1709) ആയിരുന്നു. 1923-ൽ ലൂയിസ ഹരിയറ്റ് സോമെർവില്ലേയുടെ മരണം വരെ മിനർവ സോമർവില്ലേ കുടുംബത്തിന്റെ കൈവശമായിരുന്നു. 1924 നവംബർ 21 ന് ഈ ചിത്രം ന്യൂയോർക്കിലെ ആർട്ട് ഡീലർ ലൂയിസ് സിമ്മൺസ് അല്ലെങ്കിൽ മിസ്റ്റർ സ്മിത്ത് ലണ്ടനിൽ ക്രിസ്റ്റീസിൽ ലേലം ചെയ്തു. പിന്നീട് ഇത് ഡുവീൻ ബ്രദേഴ്സിന്റെയും 1929-ൽ ജൂൾസ് ബാഷെയുടെയും ഉടമസ്ഥതയിൽ ആയിരുന്നു. പിന്നീട് ഹംഗേറിയൻ കളക്ടറായ മാർസെൽ നെമെസ് മ്യൂണിക്കിൽ നിന്നും ഈ ചിത്രം വാങ്ങിയിരുന്നു. 1931 ജൂൺ 16 നും 19 നും ഇടയ്ക്ക് അദ്ദേഹത്തിന്റെ ശേഖരം മ്യൂണിക്കിലെ ഹെൽബിൻ ലേലം ചെയ്യുകയുണ്ടായി.