മിറ അഡെലെ ലോഗൻ (ജീവിതകാലം: 1908 - ജനുവരി 13, 1977) വിജയകരമായി ഹൃദയം തുറന്നുള്ള സർജറി നടത്തിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതാ വൈദ്യൻ, ശസ്ത്രക്രയാ വിദഗ്ദ്ധ, അനാട്ടമിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെടുന്ന വനിതയാണ്. ഈ നേട്ടങ്ങളേത്തുടർന്ന്, കുട്ടികളുടെ ഹൃദയശസ്ത്രക്രിയയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ലോഗൻ, ന്യൂയോർക്കിലെ ഹാർലെം ആശുപത്രിയിൽ അവളുടെ വൈദ്യപരിശീലനത്തിൽ ഭൂരിഭാഗവും ബാക്ടീരിയ, വൈറൽ, റിക്കറ്റ്സിയൽ രോഗങ്ങൾക്ക് ചികിത്സിക്കുന്ന രോഗാണുനാശിനിയായ ഓറിയോമൈസിൻ വികസിപ്പിക്കുന്നതിലാണ് ഏർപ്പെട്ടത്. പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിലാണ് ലോഗൻ വൈദ്യശാസ്ത്ര വിദ്യാലയത്തിൽ പഠനത്തിന് ചേർന്നത്. ഈ കാലയളവിലെ ഭൂരിഭാഗം കറുത്ത വർഗ്ഗക്കാരായ വനിതാ വൈദ്യന്മാർക്കും വെള്ളക്കാരായ വനിതകളിൽ നിന്ന് അകന്നതും വേറിട്ടതുമായ വിദ്യാലയത്തിൽ പഠനം നടത്തേണ്ടിവന്നു. ഈ കാലയളവിൽ ഒരു ആഫ്രിക്കൻ അമേരിക്കൻ വനിതയെന്ന നിലയിൽ വൈദ്യശാസ്ത്ര ബിരുദം നേടുകയെന്നത് അക്കാലത്തെ സാമൂഹ്യ കാഴ്ചപ്പാടിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു.
ഒരു മെഡിക്കൽ പ്രൊഫഷണലെന്ന നിലയിലുള്ള ജോലി കൂടാതെ, NAACP, പ്ലാൻഡ് പാരന്റ്ഹുഡ്, ന്യൂയോർക്ക് സ്റ്റേറ്റ് കമ്മീഷൻ ഓൺ ഡിസ്ക്രിമിനേഷൻ തുടങ്ങിയ സംഘടനകൾക്കുവേണ്ടിയും അഡേല ലോഗൻ തന്റെ സമയം സമർപ്പിച്ചിരുന്നു.[1]
1908-ൽ അലബാമയിലെ ടസ്‌കെഗീയിൽ വാറന്, അഡെല്ല ഹണ്ട് ലോഗൻ ദമ്പതികളുടെ മകളായി മൈറ അഡെലെ ലോഗൻ ജനിച്ചു. മാതാപിതാക്കളുടെ എട്ട് മക്കളിൽ ഇളയവളും ആർതർ ആർ. ലോഗന്റെ സഹോദരിയുമായിരുന്നു അവർ.[2] കോളേജ് വിദ്യാഭ്യാസം നേടിയിരുന്ന അവളുടെ മാതാവ്, വോട്ടവകാശ പ്രസ്ഥാനത്തിലും ആരോഗ്യ സംരക്ഷണ പ്രസ്ഥാനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. ടസ്കഗീ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രഷററും ട്രസ്റ്റിയുമായി സേവനമനുഷ്ടിച്ചിരുന്ന അവളുടെ പിതാവ് ബുക്കർ ടി. വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ടിൻറെ തിരഞ്ഞെടുത്ത ആദ്യത്തെ സ്റ്റാഫ് അംഗവുമായിരുന്നു.