കർണ്ണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങളായി കണക്കാക്കുന്ന രാഗങ്ങളാണ് മേളകർത്താരാഗങ്ങൾ അഥവാ ജനകരാഗങ്ങൾ എന്നു അറിയപ്പെടുന്നത്. രാഗാംഗരാഗങ്ങൾ എന്നും ഇതിനെ പറയാറുണ്ട്. ജനകരാഗങ്ങളുടെ എണ്ണം ക്ലിപ്തമാണ്. എന്നാൽ ജന്യരാഗങ്ങളുടെ എണ്ണം എത്രയും ആകാം. കനകാംഗി, രത്നാംഗി എന്നിങ്ങനെ തുടങ്ങുന്ന രാഗങ്ങളാണ് കർണ്ണാടകസംഗീതത്തിലെ അടിസ്ഥാനരാഗങ്ങൾ. ഇവയാണ് ജനകരാഗങ്ങൾ. ഇവയിൽ നിന്നും ജനിച്ചവ എന്ന അർത്ഥത്തിൽ മറ്റുള്ള രാഗങ്ങളെ ജന്യരാഗങ്ങൾ എന്നാണു വിളിക്കുന്നത്. ആരോഹണത്തിലും അവരോഹണത്തിലും 7 സ്വരങ്ങളും ഉണ്ട് എന്നതിനാൽ മേളകർത്താരാഗങ്ങൾ സമ്പൂർണ്ണരാഗങ്ങൾ എന്നും അറിയപ്പെടുന്നു. കാരണം അവയുടെ ആരോഹണാവരോഹണങ്ങൾ സമ്പൂർണ്ണങ്ങളായിരിക്കും. അതു ക്രമസമ്പൂർണ്ണങ്ങളുമായിരിക്കും. ആരോഹണത്തിൽ വരുന്ന അതേ സ്വരസ്ഥാനങ്ങൾ തന്നെയാണ് അവരോഹണത്തിലും വരുന്നത്. ഇവയിൽ ശുദ്ധമധ്യമം ഉപയോഗിക്കുന്ന 36 രാഗങ്ങളെ ശുദ്ധമധ്യമരാഗങ്ങൾ എന്നും പ്രതിമധ്യമം ഉപയോഗിക്കുന്ന ബാക്കി 36 രാഗങ്ങളെ പ്രതിമധ്യമരാഗങ്ങൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു.
സാമവേദത്തിൽ നിന്നുമാണ് സംഗീതം രൂപംകൊള്ളുന്നത്. യാജ്ഞവൽക്യസംഹിത ഇപ്രകാരം അഭിപ്രായപ്പെടുന്നു എന്തെന്നാൽ യാതൊരുവൻ വീണവായന, ശ്രുതി,ജതികൾ,താളം ഇവയെക്കുറിച്ച് അറിവുള്ളവനാണോ അവന് മുക്തി ലഭിക്കും. നിലവിൽ പിന്തുടർന്നുപോരുന്ന കർണാടകസംഗീതത്തിന്റെ ഘടന മേളകർത്താരാഗങ്ങളിൽ അധിഷ്ഠിതമാണ്. മേളകർത്താരാഗപദ്ധതി ആദ്യം വെങ്കടമഖിയും(എ.ഡി 17) ശേഷം ഗോവിന്ദാചാര്യനും ക്രമപ്പെടുത്തി. വെങ്കടമഖിയുടെ സമ്പ്രദായത്തിൽ അസമ്പൂർണ്ണരാഗങ്ങൾ അതായത് സ്വരാഷ്ടകങ്ങളൾക്ക് പരിപൂരകം ഇല്ലാത്ത രാഗങ്ങൾ ഉണ്ടായിരുന്നു
രാഗങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിക്കാഞ്ഞതിനാൽ ആദ്യ കാലത്ത് പലപ്പോഴും പലതായിരുന്നു മേളകർത്താരാഗങ്ങളുടെ എണ്ണം. വെങ്കിടമഖിയുടെ ചതുർദണ്ഡീപ്രകാശികയിലാണു ആദ്യമായി ഇന്നു പരക്കെ പ്രചാരത്തിൽ ഇരിക്കുന്ന 72 മേളകർത്താരാഗങ്ങൾ ആവിഷ്ക്കരിച്ചത്. സപ്തസ്വരങ്ങളെ പതിനാറായി വിഭജിച്ച് അവയെ പന്ത്രണ്ടു സ്വരസ്ഥാനങ്ങളിലായി നിവേശിപ്പിച്ച് അവയുടെ പരസ്പരമേളനം നിമിത്തം എഴുപത്തിരണ്ട് മേളകർത്താ രാഗങ്ങളെ കെട്ടിയുണ്ടാക്കി ആധുനിക മേളകർത്താജന്യരാഗപദ്ധതി ആസൂത്രണം ചെയ്യുകയാണ് വെങ്കടമഖി ചതുർദണ്ഡീപ്രകാശികയിലൂടെ ചെയതത്.
ഈ അവസ്ഥ ഗോവിന്ദാചാര്യൻ സ്വരാഷ്ടകങ്ങൾ മാത്രം ഉൾക്കൊള്ളുന്ന സമ്പ്രദായമാക്കി പരിഹരിച്ചു. ലോകത്തിലെ ഏത് സംഗീതസമ്പ്രദായവും 7സ്വരങ്ങളുള്ള സ്വരാഷ്ടകമാണ് ഉപയോഗിച്ചുവരുന്നത്.
ഈ പദ്ധതിപ്രകാരം സ,പ എന്നിവ സ്ഥിരസ്വരങ്ങളായും മ എന്ന സ്വരത്തിന് രണ്ട് ഭേദങ്ങളും ബാക്കി വരുന്ന രി,ഗ,ധ,നി ഇവക്ക് 3 ഭേദങ്ങളും കല്പിക്കുന്നു.ഇപ്രകരം 72 മേളകർത്താരാഗങ്ങൾ ഉണ്ടായി. ഒന്നോ രണ്ടോ സ്വരങ്ങളുടെ ആരോഹണത്തിലോ അവരോഹണത്തിലോ രണ്ടിലുമോ ഉള്ള ഉപേക്ഷയാണ് ജന്യരാഗങ്ങളായി മാറുന്നത്.
മേളകർത്താരാഗങ്ങളോ ജന്യരാഗങ്ങളോ ഉപയോഗിച്ച് നിരവധി ഗീതം, വർണം, കീർത്തനം, പദം, പല്ലവി, തില്ലാന ഇവ രചിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സൃഷ്ടികളിൽ വിശദമായ ആലാപനസാദ്ധ്യതയും രാഗവിസ്താരവും തൽക്ഷണാലാപനവും (improvization) സാദ്ധ്യമാണ്. മറ്റൊരു പ്രധാനപ്പെട്ട സൃഷ്ടിയാണ് രാഗമാലിക. ഒന്നിൽക്കൂടുതൽ രാഗങ്ങൾ ഒരേ കൃതിയിൽ തന്നെ ഉൾക്കൊള്ളിക്കുന്ന സമ്പ്രദായമാണിത്.
വെങ്കടമഖിയുടെ ചതുർദണ്ഡീപ്രകാശികയിൽ ഇന്നയിന്ന രാഗങ്ങൾ അടിസ്ഥാനരാഗങ്ങളാണെന്നും അവയുടെ ക്രമസംഖ്യ ഇന്നിന്നതാണെന്നും വ്യവസ്ഥ ചെയ്യുക മാത്രമേ ചെയ്തുള്ളൂ. ചതുർദണ്ഡീപ്രകാശികയിൽ 72 മേളങ്ങൾക്കു പേരു കൊടുത്തിട്ടില്ല. പിന്നീടുള്ള കാലത്താണു ഈ മേളങ്ങൾക്കെല്ലാം പേരുകൾ വന്നത് . പിന്നീടുള്ള കാലത്ത് ഈ മേളങ്ങൾക്ക് രണ്ട് സമ്പ്രദായത്തിൽ പേരുകൾ നിലവിൽ വന്നു.
ഇതിൽ ആദ്യത്തെ സമ്പ്രദായമാണു (കനകാംഗി, രത്നാംഗി നാമകരണ സമ്പ്രദായം) ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
മേളകർത്താരാഗങ്ങളുടെ നാമകരണത്തിനു കടപയാദി അല്ലെങ്കിൽ പരൽപ്പേരു എന്നറിയപ്പെടുന്ന സംവിധാനമാണു സാധാരണ ഉപയോഗിക്കുന്നത്. ഈ സംവിധാനം അക്ഷരമാലയിലെ വ്യഞ്ജനാക്ഷരങ്ങളേയും അക്കങ്ങളേയും ബന്ധിപ്പിക്കുന്നു. രാഗത്തിന്റെ പേരിന്റെ ആദ്യരണ്ട് വ്യഞ്ജനാക്ഷരങ്ങളെ സൂചിപ്പിക്കുന്ന അക്കങ്ങൾ വിപരീതരീതിയിലെഴുതിയാണ് മേളകർത്താരാഗത്തിന്റെ ക്രമം നിർണ്ണയിക്കുന്നത്.
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 0 |
ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ |
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന |
പ | ഫ | ബ | ഭ | മ | |||||
യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ, റ |
ഉദാഹരണത്തിന് ഹരികാംബോജി എന്ന രാഗത്തിന്റെ ആദ്യരണ്ട് വ്യഞ്ജനാക്ഷരങ്ങൾ ഹ,രി ഇവയാണ്.ഇപ്രകാരം കടപയാദി സംഖ്യ ഉപയോഗിച്ചാൽ ഹ എന്ന അക്ഷരത്തിന് 8ഉം രി എന്നതിന് 2ഉം ആണ്.ഇപ്രകാരം 82എന്നത് തിരിച്ചിട്ടാൽ 28 എന്ന് കാണാം.അതായത് ഹരികാംബോജി എന്ന രാഗം 28ആം മേളകർത്താരാഗമാണ്. ഈ വിധമാണു ഓരോ മേളകർത്താരാഗത്തേയും നാമകരണം ചെയ്തിരിക്കുന്നത്.
മേളകർത്താരാഗത്തിന്റെ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞാൽ ചക്രം എന്ന ആശയമുപയോഗിച്ച് സ്വരങ്ങൾ കണ്ടെത്താം. ഉദാഹരണത്തിന് ഷണ്മുഖപ്രിയ എന്ന രാഗം പരിഗണിക്കുക. ഈ രാഗം 56 ആം മേളകർത്താരാഗമാണ്. ആദ്യവ്യഞ്ജനങ്ങൾ ഷ, മ ഇവയാണ്. ഷ=6 ഉം മ=5 ഉം ആണ്. 56 എന്ന സംഖ്യയെ 6 കൊണ്ട് ഹരിച്ചാൽ ഹരണഫലം 9 ഉം ശിഷ്ടം 2 ഉം ആണെന്ന് കാണാം. എതു ചക്രമെന്ന് കണ്ടെത്താൻ ഹരണഫലത്തോട് 1 കൂട്ടുന്നു.ഇപ്രകാരം ഷണ്മുഖപ്രിയ രാഗം 10 ആം ചക്രത്തിലെ രണ്ടാമത്തെ രാഗമാണെന്ന് ലഭിക്കുന്നു. ഷണ്മുഖപ്രിയയിലെ സ്വരങ്ങൾ പൂർവാംഗം,ഉത്തരാംഗം എന്നീ പട്ടികകളിൽ നിന്നും കണ്ടെത്താം.
മേളകർത്താ ക്രമ സംഖ്യ |
കനകാംഗി നാമകരണ സമ്പ്രദായം |
കനകാംബരി നാമകരണ സമ്പ്രദായം |
---|---|---|
1 | കനകാംഗി | കനകാംബരി |
2 | രത്നാംഗി | ഫേനദ്വിതി |
3 | ഗാനമൂർത്തി | ഗാനസാമവരാളി |
4 | വനസ്പതി | ഭാനുമതി |
5 | മാനവതി | മനോരഞ്ജിനി |
6 | താനരൂപി | തനുകീർത്തി |
7 | സേനാവതി | സേനാഗ്രണി |
8 | ഹനുമത്തോടി | ജനത്തോടി |
9 | ധേനുക | ധുതിഭിന്നഷഡ്ജം |
10 | നാടകപ്രിയാ | നാടാഭരണം |
11 | കോകിലപ്രിയ | കോകിലാരവം |
12 | രൂപവതി | രൂപവതി |
13 | ഗായകപ്രിയ | ഗേയഹെജ്ജജി |
14 | വാകുളാഭരണം | വാടവസന്തഭൈരവി |
15 | മായാമാളവഗൗള | മായാമാളവഗൗള |
16 | ചക്രവാകം | തോയവേഗാവാഹിനി |
17 | സൂര്യകാന്തം | ഛായാപതി |
18 | ഹാടകാംബരി | ജയശുദ്ധമാളവി |
19 | ഝങ്കാരധ്വനി | ഝങ്കാരഭ്രംമരി |
20 | നഠഭൈരവി | നാരിരീതിഗൗള |
21 | കീരവാണി | കിരണാവലി |
22 | ഖരഹരപ്രിയ | ശ്രീരാഗം |
23 | ഗൗരിമനോഹരി | ഗൗരി |
24 | വരുണപ്രിയ | വീരവസന്തം |
25 | മാരരഞ്ജിനി | ശരാവരി |
26 | ചാരുകേശി | തരംഗിണി |
27 | സാരസാംഗി | സൗരസേന |
28 | ഹരികാംബോജി | ഹരികേദാരഗൗള |
29 | ധീരശങ്കരാഭരണം | ധീരശങ്കരാഭരണം |
30 | നാഗനന്ദിനി | നാഗാഭരണം |
31 | യാഗപ്രിയ | കലാവതി |
32 | രാഗവർദ്ധിനി | രാഗചൂഡാമണി |
33 | ഗാംഗേയഭൂഷണി | ഗംഗാതരംഗിണി |
34 | വാഗധീശ്വരി | ഭോഗഛായാനാട്ട |
35 | ശൂലിനി | ശൈലദേശാക്ഷി |
36 | ചലനാട്ട | ചലനാട്ട |
37 | സാലഗം | സൗഗന്ധിനി |
38 | ജലാർണ്ണവം | ജഗാന്മോഹനം |
39 | ഝാലവരാളി | ധാളിവരാളി |
40 | നവനീതം | നഭോമണി |
41 | പാവനി | കുംഭിനി |
42 | രഘുപ്രിയ | രവിക്രിയ |
43 | ഗവാംബോധി | ഗീർവാണി |
44 | ഭവപ്രിയ | ഭവാനി |
45 | ശുഭപന്തുവരാളി | ശൈവപന്തുവരാളി |
46 | ഷഡ്വിധമാർഗ്ഗിണി | സ്തവരാജം |
47 | സുവർണ്ണാംഗി | സൗവീര |
48 | ദിവ്യമണി | ജീവന്തികാ |
49 | ധവളാംബരി | ധവളാംഗം |
50 | നാമനാരായണി | നാമദേശി |
51 | കാമവർദ്ധിനി | കാശിരാമക്രിയ |
52 | രാമപ്രിയ | രാമമനോഹരി |
53 | ഗമനശ്രമ | ഗമകക്രിയ |
54 | വിശ്വംബരി | വംശവതി |
55 | ശ്യാമളാംഗി | ശാമളാ |
56 | ഷണ്മുഖപ്രിയ | ചാമരം |
57 | സിംഹേന്ദ്രമധ്യമം | സുമദ്യുതി |
58 | ഹൈമവതി | ദേശിസിംഹാരവം |
59 | ധർമ്മവതി | ധാമവതി |
60 | നീതിമതി | നിഷാദം |
61 | കാന്താമണി | കുന്തള |
62 | ഋഷഭപ്രിയ | രതിപ്രിയ |
63 | ലതാംഗി | ഗീതപ്രിയ |
64 | വാചസ്പതി | ഭൂഷാവതി |
65 | മേചകല്യാണി | ശാന്തകല്യാണി |
66 | ചിത്രാംബരി | ചതുരംഗിണി |
67 | സുചരിത്ര | സന്താനമഞ്ജരി |
68 | ജ്യോതിസ്വരൂപിണി | ജ്യോതിരാഗ |
69 | ധാതുവർദ്ധിനി | ധൗതപഞ്ചമ |
70 | നാസികാഭൂഷണി | നാസാമണി |
71 | കോസലം | കുസുമാകര |
72 | രസികപ്രിയ | രസമഞ്ജരി |
“സരിഗമപധനി“യെ സപ്തസ്വരങ്ങൾ എന്നു പറയുന്നുവെങ്കിലും ദക്ഷിണേന്ത്യൻ സംഗീതത്തിൽ ശരിക്കും 16 സ്വരങ്ങൾ ഉണ്ട്. ‘സ’യും ‘പ’യും ഒഴികെയുള്ള അഞ്ച് സ്വരങ്ങൾക്കും ഒന്നിൽ കൂടുതൽ വകഭേദങ്ങൾ ഉണ്ട്:
ഈ വകഭേദങ്ങളെ താഴെ പറയുന്ന വിധം നാമകരണം ചെയ്തിരിക്കുന്നു:
ലോകത്തെങ്ങുമുള്ള മറ്റു സംഗീതവ്യവസ്ഥകളിൽ (ഹിന്ദുസ്താനി, പാശ്ചാത്യം) 12 സ്വരങ്ങൾ മാത്രമുള്ളപ്പോൾ ദക്ഷിണേന്ത്യൻ സംഗീതത്തിൽ മാത്രം 16 സ്വരങ്ങൾ വന്നതെങ്ങിനെയാണെന്നു നോക്കാം- താഴെ കൊടുത്തിരിക്കുന്ന സമവാക്യങ്ങളാണ് ഇതിനടിസ്ഥാനം:
അതായത് ഒരേ ശ്രുതിയിലുള്ള സ്വരസ്ഥാനങ്ങളെ ചിലപ്പോൾ ‘രി’ യെന്നോ മറ്റു ചിലപ്പോൾ ‘ഗ’ യെന്നോ പാടാവുന്നതാണ്. അതുപോലെ തന്നെ ‘ധ’ യുടേയും ‘നി’ യുടേയും കാര്യം. ദക്ഷിണേന്ത്യൻ സംഗീതത്തിനു മാത്രം അവകാശപ്പെട്ട രാഗവൈവിധ്യങ്ങളുടെ അടിസ്ഥാനമാണ് ഈ സവിശേഷത!
ഈ സമവാക്യങ്ങൾ ഉപയോഗിച്ച് നമുക്ക് മേൽപ്പറഞ്ഞ 16 സ്വരങ്ങളെ ശ്രുതിയുടെ ആരോഹണക്രമത്തിൽ താഴെക്കാണുന്ന വിധം 12 നിരപ്പുകളിലായി ക്രമത്തിപ്പെടുത്താം.
ഇതനുസരിച്ച് “രിഗ” എന്ന് ആരോഹണമായി (‘രി’ താഴ്ന്ന ശ്രുതിയിലും ‘ഗ’ ഉയർന്ന ശ്രുതിയിലും) എത്ര തരത്തിൽ പാടാം എന്നു നമുക്കു കണക്കു കൂട്ടാം:
അതായത് ‘രിഗ’ എന്ന് ആരോഹണമായി 6 തരത്തിൽ പാടാം. ഇതേ പോലെ വകഭേദങ്ങളുള്ള ‘ധനി’ യേയും ഇതുപോലെ 6 തരത്തിൽ പാടാം. ‘മ’ രണ്ടു തരം. ‘സ’ യും ‘പ’യും ഒരോ തരം മാത്രം. അങ്ങനെയാവുമ്പോൾ “സരിഗമപധനി“ എന്ന് ആരോഹണമായി 1*6*2*1*6 = 72 തരത്തിൽ വരാവുന്നതാണ്. ഇങ്ങനെയാണ് 72 മേളകർത്താ രാഗങ്ങളെ വെങ്കിടമഖി കണ്ടെടുത്തത്.
പൂർവാംഗം എന്നാൽ ആരോഹണത്തിലേയോ അവരോഹണത്തിലേയോ താഴേയുള്ള പകുതിയും സ,രി,ഗ,മ ഉത്തരാംഗം എന്നാൽ മുകളിലെ പകുതി പ,ധ,നി,സ എന്നുമാണ് അർത്ഥമാക്കുന്നത്.ഉത്തരാംഗങ്ങൾക്ക് 6 ഭേദങ്ങളുണ്ട്,പ,ശ്രി,ഗോ,ഭു,മ,ശ എന്നിങ്ങനെ.പൂർവാംഗങ്ങൽക്ക് 12 ഭേദങ്ങളാണുള്ളത്.ഈ 12 പൂർവാംഗങ്ങളേയാണ് ചക്രങ്ങൾ എന്നുവിശേഷിപ്പിക്കുന്നത്.12ചക്രങ്ങൾ ഇവയാണ്
ഇപ്രകാരം 12 പൂർവാംഗങ്ങളും 6 ഉത്തരാംഗങ്ങളും ചേർന്ന് 72 മേളകർത്താരാഗങ്ങളുണ്ടാവുന്നു.
ശുദ്ധ മദ്ധ്യമം | |
---|---|
ഇന്ദു ചക്ര (1-6) : കനകാംഗി • രത്നാംഗി • ഗാനമൂർത്തി • വനസ്പതി • മാനവതി • താനരൂപി നേത്ര ചക്ര (7-12) : സേനാവതി • ഹനുമതോടി • ധേനുക • നാടകപ്രിയാ • കോകിലപ്രിയ • രൂപവതി അഗ്നി ചക്ര (13-18) : ഗായകപ്രിയ • വാകുളാഭരണം • മായാമാളവഗൗള • ചക്രവാകം • സൂര്യകാന്തം • ഹാടകാംബരി വേദ ചക്ര (19-24) : ഝങ്കാരധ്വനി • നഠഭൈരവി • കീരവാണി • ഖരഹരപ്രിയ • ഗൗരിമനോഹരി • വരുണപ്രിയ ബാണ ചക്ര (25-30) : മാരരഞ്ജിനി • ചാരുകേശി • സാരസാംഗി • ഹരികാംബോജി • ധീരശങ്കരാഭരണം • നാഗനന്ദിനി ഋതു ചക്ര (31-36) : യാഗപ്രിയ • രാഗവർദ്ധിനി • ഗാംഗേയഭൂഷണി • വാഗധീശ്വരി • ശൂലിനി • ചലനാട്ട |
പ്രതി മദ്ധ്യമം | |
---|---|
ഋഷി ചക്ര (37-42) : സാലഗം • ജലാർണ്ണവം • ഝാലവരാളി • നവനീതം • പാവനി •. രഘുപ്രിയ വസു ചക്ര (43-48) : ഗവാംബോധി •. ഭവപ്രിയ • ശുഭപന്തുവരാളി • ഷഡ്വിധമാർഗ്ഗിണി • സുവർണ്ണാംഗി •. ദിവ്യമണി ബ്രഹ്മ ചക്ര (49-54) : ധവളാംബരി •. നാമനാരായണി •. പന്തുവരാളി •. രാമപ്രിയ •. ഗമനശ്രമ • വിശ്വംഭരി ദിശി ചക്ര (55-60) : ശ്യാമളാംഗി • ഷണ്മുഖപ്രിയ •. സിംഹേന്ദ്രമധ്യമം •. ഹേമവതി •. ധർമ്മവതി •. നീതിമതി രുദ്ര ചക്ര (61-66) : കാന്താമണി •. ഋഷഭപ്രിയ •. ലതാംഗി •. വാചസ്പതി •. മേചകല്യാണി •. ചിത്രാംബരി ആദിത്യ ചക്ര (67-72) : സുചരിത്ര •. ജ്യോതിസ്വരൂപിണി •. ധാതുവർദ്ധിനി •. നാസികാഭൂഷണി • കോസലം • രസികപ്രിയ |