ഇന്തോനേഷ്യയിലെ ഗോത്രവർഗങ്ങൾക്കിടയിലെ ആഘോഷമാണ് യാദ്‌ന്യ കസാഡ. ഈ ആഘോഷത്തിന്റെ ഭാഗമായി മൗണ്ട് ബ്രോമോ അഗ്‌നിപർവതത്തിനു മുകളിലേക്ക് പഴങ്ങളും പച്ചക്കറികളും കന്നുകാലികളും ഉൾപ്പെടുന്ന കാഴ്ചദ്രവ്യങ്ങൾ തീർത്ഥാടകർ വലിച്ചെറിയും. ഇന്തോനേഷ്യയിലെ ടെൻഗർ ഗോത്രത്തിലെ വിശ്വാസികളുടെ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മജാപഹിത് രാജവംശത്തിലെ രാജകുമാരി റോറോ ആന്റെങ്ങും ഭർത്താവ്ജോക്കോ സെഗറുമായി ബന്ധപ്പെട്ടാണ് ഇതിന്റെ ഐതിഹ്യം. വർഷങ്ങൾ കാത്തിരുന്നിട്ടും കുട്ടികളുണ്ടാകാതിരുന്ന ദമ്പതികളുടെ പ്രാർഥന കേട്ട ദൈവം അവർക്ക് 25 കുട്ടികളെ നൽകാമെന്ന് വാഗ്ദാനം നൽകി. എന്നാൽ അവരുടെ ഇളയ കുട്ടിയെ മൗണ്ട് ബ്രോമോയ്ക്ക് നൽകണമെന്ന നിബന്ധനയും വെച്ചു. ടെൻഗർ ഗോത്രക്കാരുടെ അഭിവൃദ്ധിക്കായി ഇവരുടെ ഇളയ മകൻ സ്വയം അഗ്‌നിപർവതത്തിലേക്ക് ചാടി ജീവനൊടുക്കി. ഈ ത്യാഗത്തിന്റെ ഓർമ്മ പുതുക്കാനാണ് ടെൻഗർ ഗോത്രക്കാർ ഇന്നും മനുഷ്യർക്കു പകരം അവരുടെ വിളവുകളും കന്നുകാലികളെയും മൗണ്ട് ബ്രോമോയ്ക്ക് നൽകുന്നത്.[1] പ്രാദേശിക സർക്കാർ സഹായത്തോടെ മൗണ്ട് ബ്രോമോയിലെ ഈ ആഘോഷം ഇന്ന് ടൂറിസത്തിന്റെ ഭാഗമാണ്.[2]