മദ്ധ്യകാലമലയാളഭാഷയിൽ രചിക്കപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാമുഖ്യമവകാശപ്പെടാവുന്ന ഒരു ഗണിതശാസ്ത്രഗ്രന്ഥമാണു് യുക്തിഭാഷ ("Rationale in the Malayalam/Sanskrit language"[1]), അഥവാ 'ഗണിതന്യായസംഗ്രഹ'[1]. ക്രിവ. 1530-ൽ കേരള സരണിയിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ജ്യേഷ്ഠദേവൻ രചിച്ച ഗ്രന്ഥമാണിതു്.[1]
കേരളത്തിലെ ജ്യോതിശാസ്ത്ര-ഗണിത പണ്ഡിതന്മാരായിരുന്ന മാധവൻ, പരമേശ്വരൻ, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവൻ എന്നിവരുടെ കണ്ടുപിടിത്തങ്ങളുടെ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മലയാളഭാഷയിൽ രചിക്കപ്പെട്ട ആദ്യ ഗണിതശാസ്ത്രഗ്രന്ഥമാണിത്. ജ്യേഷ്ഠദേവന്റെ കാലത്ത് കേരളീയരായ ഗ്രന്ഥകർത്താക്കൾ പൊതുവേ സംസ്കൃതത്തിൽ രചന നടത്തിയപ്പോൾ മലയാളത്തിൽ ഇദ്ദേഹം ശാസ്ത്രം കൈകാര്യം ചെയ്തുവെന്നത് ശ്രദ്ധേയമാണ്.
ബ്രഹ്മദത്തൻ എന്നൊരാളാണു് 1750ൽ ഈ ഗ്രന്ഥം രചിച്ചതു് എന്ന വിശ്വാസം പലരും പുലർത്തിപ്പോരുന്നുണ്ടു്. ഈ ധാരണയ്ക്കു് അടിസ്ഥാനം ഇക്കാര്യം പരാമർശിച്ചുകാണുന്ന ഉള്ളൂരിന്റെ സാഹിത്യചരിത്രമായിരിക്കണം. (ഭാഗം III അദ്ധ്യായം:38 താൾ:469;1948ലെ മംഗളോദയം പതിപ്പ്). എന്നാൽ പിൽക്കാലത്തെ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നതു് ബ്രഹ്മദത്തൻ മൂലകൃതി പുനർലേഖനം ചെയ്യുക മാത്രമാണുണ്ടായതു് എന്നാണു്.[1]
മദ്ധ്യകാലമലയാളത്തിലെ ഗദ്യഭാഷയിലെഴുതിയ ഒരു വിജ്ഞാനഗ്രന്ഥമെന്ന നിലയിൽ യുക്തിഭാഷ പ്രത്യേകം ശ്രദ്ധേയമാണു്. പൊതുവേ സാഹിത്യകൃതികളും അതിൽ തന്നെ പദ്യരൂപത്തിലുള്ളവയുമാണു് മദ്ധ്യകാലമലയാളത്തിനു യോജിച്ചിരുന്നതു് എന്ന ധാരണയെ യുക്തിഭാഷ മാറ്റിമറിക്കുന്നു. മറ്റു പണ്ഡിതരെല്ലാം ഗൗരവരൂപത്തിലുള്ള വിജ്ഞാനകൃതികൾക്കു് സംസ്കൃതം തെരഞ്ഞെടുത്തപ്പോൾ ജ്യേഷ്ഠദേവൻ ഈ ഗ്രന്ഥമെഴുതിയതു് മലയാളത്തിലാണു് എന്നതു് കൗതുകകരമാണു്.
ആവിഷ്കരിച്ചെടുക്കുന്ന കണ്ടുപിടിത്തങ്ങൾക്കും സിദ്ധാന്തങ്ങൾക്കും വ്യക്തവും കൃത്യവുമായ തെളിവുകൾ അവതരിപ്പിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്ന ശീലം പൊതുവേ ഭാരതീയശാസ്ത്രജ്ഞന്മാർക്കു് ഉണ്ടായിരുന്നില്ല. എന്നാൽ യുക്തിഭാഷയിൽ വിവരിക്കുന്ന പല സിദ്ധാന്തങ്ങൾക്കും അതോടൊപ്പം തന്നെ അവ ഉരുത്തിരിയുന്ന (derivations) വിധവും തെളിവുകളും കാണാം.
യുക്തിഭാഷയുടെ പ്രധാന ആധാരം നീലകണ്ഠൻ സംസ്കൃതത്തിൽ എഴുതിയ തന്ത്രസംഗ്രഹം എന്ന ഗ്രന്ഥമാണ്. [2]ഇത് കലനത്തിന് ആധാരമായ പല കാര്യങ്ങൾ ആദ്യമായി വിവരിക്കുന്ന ഒരു ഗ്രന്ഥമായി കരുതപ്പെടുന്നു. ജെയിംസ് ഗ്രെഗോറിയെ (James Gregory) പോലെയുള്ള യൂറോപ്യൻ ഗണിതജ്ഞന്മാർ ആധുനികകലനശാസ്ത്രം അവതരിപ്പിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പു തന്നെ ഈ ഗ്രന്ഥം രചിക്കപ്പെട്ടു.[3][4][5][6]
മലയാളത്തിൽ എഴുതിയ ഗ്രന്ഥം ആയതിനാൽ കേരളത്തിനു പുറത്ത് ഇത് അറിയപെട്ടിരുന്നില്ല. എന്നാൽ യൂറോപ്പിൽ ഈ കണ്ടുപിടിത്തങ്ങൾ എത്തിച്ചേരാൻ സാധ്യത ഉണ്ടെന്നു ചിലർ അഭിപ്രായം പ്രകടിപ്പിച്ചുണ്ട് ( കേരളീയഗണിതം#കേരള സരണിയുടെ കണ്ടുപിടിത്തങ്ങൾ യൂറോപ്പിൽ എത്തിച്ചേരാനുള്ള സാധ്യത കാണുക).
രാമവർമ്മ(മരു)ത്തമ്പുരാനും ഏ.ആർ.അഖിലേശ്വരയ്യരും ചേർന്ന് വ്യാഖ്യാനമെഴുതി 1950 ൽ മംഗളോദയം ഒരു പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.