യുയുത്സു

ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് യുയുത്സു (സംസ്കൃതം: युयुत्सू). കുരുക്ഷേത്രയുദ്ധത്തിൽ ജീവനോടെ ശേഷിച്ച ഏക ധൃതരാഷ്ട്രപുത്രനാണ് ഇദ്ദേഹം.

കൗരവരുടെ അച്ഛനായ ധൃതരാഷ്ട്രർക്ക്‍ ഒരു വൈശ്യസ്ത്രീയായ സുഗതയിൽ ( ഗാന്ധാരിയുടെ തോഴിയാണ് സുഗത )ജനിച്ച പുത്രനാണ് യുയുത്സു. അതിനാൽ ഇദ്ദേഹത്തെ നൂറ്റുവരിൽ ഉൾപ്പെടുത്തിയിട്ടില്ല. യുയുത്സുവിന് കരണൻ എന്ന മറ്റൊരു പേരുംകൂടി മഹാഭാരത്തിൽ പറയുന്നുണ്ട്.

പാണ്ഡവരോടുള്ള ആഭിമുഖ്യം

[തിരുത്തുക]

ധൃതരാഷ്ട്രപുത്രനായിരുന്നെങ്കിലും മഹാഭാരതയുദ്ധത്തിൽ യുയുത്സു പാണ്ഡവപക്ഷത്തുനിന്നാണ് പോരാടിയത്. ഇദ്ദേഹം ശ്രേഷ്ഠനായ യോദ്ധാവും വീരനും സത്യസന്ധനും ബലശാലിയും ആയിരുന്നുവെന്നും യുദ്ധത്തിൽ സുബാഹുവിന്റെ രണ്ടു കരങ്ങളും ഛേദിച്ചുകളയുകയും ചെയ്തതായി മഹാഭാരത്തിൽ പറയുന്നു.[1] കൗരവരിലെ 11 അതിരഥികളിൽ ഒരാളായിരുന്നു യുയുത്സു.

മഹാഭാരതയുദ്ധത്തിനുശേഷം തങ്ങളെ സഹായിച്ചതിനു പ്രതിഫലമായി പാണ്ഡവജ്യേഷ്ഠനായ യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥത്തിന്റെ രാജാധികാരം യുയുത്സുവിന് നൽകി.

അവലംബം

[തിരുത്തുക]
  1. പുരാണിക് എൻസൈക്ലോപീഡിയ - വെട്ടം മാണി.