മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു നയതന്ത്രജ്ഞനും സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും ആയിരുന്നു രംഗോ ബാപ്പുജി ഗുപ്തെ(മറാത്തി: रंगो बापूजी गुप्ते) (??? - ജൂലൈ 5, 1857 കാണാതായി). മറാത്ത സാമ്രാജ്യത്തിന്റെ അവസാനത്തെ സ്വതന്ത്ര ശാഖകളിൽ ഒന്നായിരുന്നു സത്താറയിലെ ഭരണാധികാരികൾ. 1839 ൽ ബ്രിട്ടീഷുകാർ പിരിച്ചുവിട്ടതിനെത്തുടർന്ന്, ബ്രിട്ടീഷ് പാർലമെന്റിൽ തന്റെ ഭരണത്തെ പ്രതിരോധിക്കാൻ സത്താറയിലെ ഛത്രപതി പ്രതാപ് സിംഗ് തന്റെ പ്രതിനിധിയായി രംഗോ ബാപ്പുജി ഗുപ്തെയെ ഇംഗ്ലണ്ടിലേക്ക് അയച്ചു. അനായാസം ഇംഗ്ലീഷ് സംസാരിച്ചിരുന്ന ഗുപ്തെ അവിടെ 14 വർഷക്കാലം താമസിച്ച് അദ്ദേഹം അതിന് ശ്രമിച്ചുവെങ്കിലും വിജയം കണ്ടില്ല[1]. ഇതേ കാര്യത്തിന് നാനാ സാഹിബ് അയച്ചിരുന്ന അസീമുള്ള ഖാനെ അദ്ദേഹം ഇംഗ്ലണ്ടിൽ വച്ച് കണ്ടുമുട്ടി.
ഇന്ത്യയിലേക്ക് തിരിച്ച് വന്നതിനു ശേഷം അദ്ദേഹം ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെട്ട 1857 ലെ വിപ്ലവത്തിനു പിന്നിലെ മുഖ്യസൂത്രധാരകരിൽ ഒരാളായി[2]. ഇതിനായി നാനാ സാഹിബ്, താന്തിയാ തോപ്പി തുടങ്ങിയവരെ സന്ദർശിച്ചു. സത്താറ, കോലാപൂർ, സാംഗ്ലി, ബെൽഗാവ് എന്നിവിടങ്ങളിൽ അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരായി സായുധ സംഘങ്ങളെ സംഘടിപ്പിക്കുവാൻ തുടങ്ങി[3]. എന്നിരുന്നാലും, ആ പദ്ധതി പുറത്തായതോടെ അദ്ദേഹം നിയോഗിച്ച് പോരാളികളിൽ പലരും കൊല്ലപ്പെട്ടു. അതോടെ അദ്ദേഹം ഒളിവിൽ പോയി[4].
1857 ൽ തന്റെ ബന്ധുവായ പ്രഭാകർ വിത്തൽ ഗുപ്തെയുടെ താനെയിലെ ജാംഭാലി നാക്കയ്ക്കടുത്തുള്ള വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയി. അവിടെ വച്ച് ബ്രിട്ടീഷുകാർ അറസ്റ്റു ചെയ്യാൻ വന്നപ്പോൾ, ഒരു വയസ്സായ സ്ത്രീയുടെ വേഷത്തിൽ അദ്ദേഹം രക്ഷപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ യാതൊരു വിവരവും ലഭിച്ചില്ല. അദ്ദേഹത്തിന്റെ സ്മരണയിൽ ജാംഭാലി നാക്കയുടെ പേര് റാംഗോ ബാപ്പുജി ചൗക്ക് എന്നാക്കി മാറ്റി[5].
യവത്മാൾ ജില്ലയിലെ ദാർവാ പട്ടണത്തിൽ അദ്ദേഹം ഒളിവിൽ ജീവിച്ചതായി പറയപ്പെടുന്നു. സത്താറയിലെ 'ചാർഭിന്തി' എന്ന സ്മാരകം രാംഗോ ബാപ്പുജി ഗുപ്തെയുടെ സ്മരണയ്ക്കായി നിലകൊള്ളുന്നു[6] [7].
{{cite journal}}
: Cite has empty unknown parameter: |coauthors=
(help)
{{cite book}}
: Cite has empty unknown parameter: |coauthors=
(help)
{{cite book}}
: Cite has empty unknown parameter: |coauthors=
(help)[പ്രവർത്തിക്കാത്ത കണ്ണി]