ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മലയാളചലച്ചിത്ര സീരിയൽ നടനായിരുന്നു രവി വള്ളത്തോൾ (ജീവിതകാലം: 25 നവംബർ 1952 - 2020 ഏപ്രിൽ 25). പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവളായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.[2][3][4][5] മലയാളത്തിലെ ആദ്യത്തെ പരമ്പര ഉൾപ്പെടെ നിരവധി പ്രശസ്ത പരമ്പരകളിൽ അഭിനയിച്ചതിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു. ടിവി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചതോടൊപ്പം 25 ചെറുകഥകളും ഏതാനും നാടകങ്ങളും അദ്ദേഹം രചിച്ചിരുന്നു.
1996ൽ ദൂരദർശനിൽ അച്ഛൻ ടി.എൻ.ഗോപിനാഥൻ നായർ തന്നെ രചിച്ച് പ്രശസ്ത മലയാള കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത വൈതരണി എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്.[8][9] തുടർന്ന് നൂറിലേറെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു.[10]
ഗാനരചയിതാവായാണ് സിനിമാ രംഗത്തു തുടക്കം കുറിക്കുന്നത്. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി "താഴ്വരയിൽ മഞ്ഞുപെയ്തു" എന്ന ഗാനം എഴുതി രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങി.[11]ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാൾ എന്ന ചിത്രത്തിലെ ഗായകന്റെ വേഷത്തിലായിരുന്നു ചലച്ചിത്ര അഭിനയ രംഗത്തെ അരങ്ങേറ്റം. പിന്നീട് അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച രവി വള്ളത്തോൾ, സിബി മലയിലിന്റെ നീ വരുവോളം, സിദ്ധിഖ് ലാലിന്റെഗോഡ്ഫാദർ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.
ഇരുപത്തിയഞ്ചോളം ചെറുകഥകൾ രചിച്ചിട്ടുണ്ട്. ഇതിൽ ചില കഥകൾ ടെലിവിഷൻ പരമ്പരകളുമായിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് അതേ പേരിൽ സിനിമയാക്കിയിട്ടുണ്ട്.[12]
ഒന്നര പതിറ്റാണ്ടോളം അഭിനയ രംഗത്ത് സജീവമായിരുന്ന രവി വള്ളത്തോളിന് ‘അമേരിക്കൻ ഡ്രീംസ്' എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പാരിജാതം എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.[13]
കടുത്ത പ്രമേഹത്തെ തുടർന്ന് ഏറെക്കാലമായി അഭിനയത്തിൽ നിന്ന് വിട്ടുകയായിരുന്ന രവി വള്ളത്തോൾ അസുഖം മൂർച്ഛിച്ചതിനെ 2020 ഏപ്രിൽ 25-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[14][15][16]