Shri Guru Guru Ravidas Ji Ji maharaj | |
---|---|
![]() Guru Ravidas Ji | |
ജനനം | 1377[1][2] |
മരണം | 1528[1][2] |
ബഹുമതികൾ | Venerated as a Guru and having hymns included in the Guru Granth Sahib |
പതിനഞ്ചും പതിനാറും നൂറ്റാണ്ടുകൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഒരു ഉത്തരേന്ത്യൻ ഭക്തകവിയും യോഗിയുമായിരുന്നു സന്ത് രവിദാസ്. പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഒരു ഗുരുവായി മാനിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങൾ ഭക്തിപ്രസ്ഥാനത്തിനെ ഗണ്യമായി സ്വാധീനിച്ചു. അദ്ദേഹമൊരു യോഗി-കവിയും സാമൂഹിക പരിഷ്കർത്താവും ആത്മീയഗുരുവുമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സിഖ് മതത്തിൽ നിന്നും ഉത്ഭവിച്ച രവിദാസ്യ മതത്തിന്റെ സ്ഥാപകനായി അദ്ദേഹത്തെ കണക്കാക്കുന്നു.
രവിദാസിന്റെ ജീവചരിത്രം അവ്യക്തവും തർക്കവിഷയവുമാണ്. ചത്ത മൃഗങ്ങളുടെ തോലുരിച്ച് തുകലുൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ചമാർ ജാതിയിൽപ്പെട്ടൊരു കുടുംബത്തിൽ ഏതാണ്ട് സി.ഇ. 1450-ൽ രവിദാസ് ജനിച്ചു എന്നാണ് മിക്ക പണ്ഡിതരും കരുതുന്നത്. ബ്രാഹ്മണയോഗിയും ഭക്തകവിയുമായ രാമാനന്ദയുടെ ശിഷ്യരിലൊരാളാണ് രവിദാസ് എന്ന് ഐതിഹ്യവും മദ്ധ്യകാല എഴുത്തുകളും പറയുന്നു.
സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൽ രവിദാസിന്റെ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുമതത്തിലെ ദദ്ദുപന്തി വിഭാഗത്തിന്റെ പഞ്ച്‌വാണി ഗ്രന്ഥത്തിലും രവിദാസിന്റെ നിരവധി കവിതകളടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ സ്വതന്ത്രമായി കൈമാറി വന്ന വലിയൊരു കൂട്ടം ഗീതങ്ങൾ രവിദാസിന്റെ കൃതികളാണെന്ന് അവകാശവാദങ്ങളുണ്ട്. ജാതി, ലിംഗ അസമത്വങ്ങളുടെ ഉന്മൂലനവും ആത്മീയസ്വാതന്ത്ര്യങ്ങളുടെ അന്വേഷണത്തിനായുള്ള ഐക്യവും രവിദാസിന്റെ സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നു.
ഭഗത് എന്ന ബഹുമാനസൂചകത്തോടെയാണ് പലപ്പോഴും അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നത്. രവിദാസ്, റയിദാസ്, റൊഹിദാസ്, റുഹിദാസ് എന്നിങ്ങനെ പല രീതിയിൽ പേര് എഴുതിക്കാണാറുണ്ട്.
രവിദാസ്യ മതവും സിഖ് മതവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ഒണ്ടാറിയോയിലെ ശ്രീ ഗുരു രവിദാസ് ക്ഷേത്രം ഇങ്ങനെ പറയുന്നു:
നമ്മൾ രവിദാസ്യകൾക്ക് വ്യത്യസ്തമായ പാരമ്പര്യങ്ങളുണ്ട്. നമ്മൾ സിഖുകാരല്ല. ഗുരു ഗ്രന്ഥ് സാഹിബിനേയും പത്ത് ഗുരുക്കളേയും നാം അങ്ങേയറ്റം ആദരിക്കുന്നുണ്ടെങ്കിലും ഗുരു രവിദാസ് ജി ആണ് നമ്മുടെ പരമോന്നത ഗുരു. ഗുരു ഗ്രന്ഥ് സാഹിബിനു ശേഷം മറ്റു ഗുരുക്കളില്ലെന്നുള്ള പ്രഖ്യാപനം നമ്മൾ പിന്തുടരുന്നില്ല. നമ്മുടെ ഗുരുജിയുടെ വചനങ്ങളുള്ളതുകൊണ്ടും ജാതിവ്യവസ്ഥക്കെതിരായി നിലകൊള്ളുകയും നാം എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്ത മറ്റ് മതനേതാക്കളുടെ വചനങ്ങളുള്ളതുകൊണ്ടും നാം ഗുരു ഗ്രന്ഥ് സാഹിബിനെ മാനിക്കുന്നു. നമ്മുടെ പാരമ്പരമനുസരിച്ച് ഗുരു രവിദാസ് ജിയുടെ സന്ദേശം പ്രചരിപ്പിക്കുന്ന സമകാലീനരായ ഗുരുക്കളേയും നമ്മൾ അങ്ങേയറ്റം ആദരിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സിഖ് മതത്തിൽ നിന്നും പിളർന്ന് രവിദാസിന്റെ സന്ദേശം പിന്തുടരുന്നവർ സ്ഥാപിച്ചതാണ് രവിദാസ്യ മതം. 2009ൽ വിയന്നയിൽ വെച്ച് രവിദാസ്യ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായ രാമാനന്ദ് ദാസ് കൊല്ലപ്പെട്ടതിനെത്തുടർന്ന് അവർ തങ്ങൾ സിഖ് മതത്തിൽ നിന്നും പൂർണ്ണമായി വേർപിരിഞ്ഞ വ്യത്യസ്ത മതമാണെന്ന് പ്രഖ്യാപിച്ചു. രവിദാസ്യ മതക്കാർ അമൃത്ബാണി ഗുരു രവിദാസ് ജി എന്ന പേരിൽ പുതിയൊരു വിശുദ്ധഗ്രന്ഥം സമാഹരിച്ചു. പൂർണ്ണമായും രവിദാസിന്റെ കൃതികളെയും സന്ദേശങ്ങളെയും ആസ്പദമാക്കിയിട്ടുള്ള ഈ ഗ്രന്ഥത്തിൽ 240 ഗീതങ്ങളുണ്ട്.