രവീന്ദ്ര ജെയിൻ | |
---|---|
![]() രവീന്ദ്ര ജെയിൻ വിഷ്ണു മിശ്രയോടൊപ്പം | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 28 ഫെബ്രുവരി 1944 |
മരണം | 9 ഒക്ടോബർ 2015 | (പ്രായം 71)
വിഭാഗങ്ങൾ | ചലച്ചിത്ര പിന്നണി ഗായകൻ |
തൊഴിൽ(കൾ) | സംഗീത സംവിധായകൻ, ഗാന രചയിതാവ് |
ഉപകരണ(ങ്ങൾ) | ഹാർമോണിയം |
വർഷങ്ങളായി സജീവം | 1974 – 2015 |
Spouse(s) | ദിവ്യ ജയിൻ |
സംഗീത സംവിധായകനും ഗാന രചയിതാവുമായിരുന്നു രവീന്ദ്ര ജെയിൻ. ജന്മനാ അന്ധനായിരുന്ന അദ്ദേഹം സ്വയം ഗാനങ്ങൾ രചിച്ച് ഈണം നൽകി. കലാ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
1944 ഫെബ്രുവരി 28-ന് ഉത്തർപ്രദേശിലെ അലിഗഢിൽ സംസ്കൃത വിദ്വാന്മാരും ആയുർവേദ വൈദ്യന്മാരുമുള്ള ഒരു ജൈനകുടുംബത്തിലാണ് ജനനം. പരേതരായ ഇന്ദ്രമണി ജെയിനും കിരൺ ജെയിനുമായിരുന്നു മാതാപിതാക്കൾ. മലയാളമുൾപ്പെടെ നിരവധി ഭാഷകളിലെ ചിത്രങ്ങൾക്ക് ഈണം പകർന്നു. 1973 ലെ ‘സൗദാഗർ’ എന്ന ഹിന്ദി ചിത്രത്തിൽ തുടങ്ങി ‘ജാനാ പെഹ്ചാനാ’ വരെയുള്ള നിരവധി സിനിമകളുടെ സംഗീതം നിർവഹിച്ചത് രവീന്ദ്ര ജെയിനാണ്.
സുജാത, സുഖം സുഖകരം, ആകാശത്തിൻെറ നിറം [1][2]എന്നീ മലയാള സിനിമകളുടെ സംഗീതവും ഇദ്ദേഹത്തിൻെറതാണ്. ജന്മനാ ഇദ്ദേഹത്തിന് കാഴ്ച ശേഷിയില്ല. ചിത്ചോർ എന്ന സിനിമയിലാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗാനങ്ങളുള്ളത്. ഈ സിനിമയിലെ ' ഗോരീ തേരാ' എന്ന ഗാനത്തിനു യേശുദാസിന് ദേശീയ പുരസ്ക്കാരം ലഭിച്ചു. യേശുദാസിന്റെ ഹിന്ദിഗാനങ്ങളിൽ ബഹുഭൂരിപക്ഷവും രവീന്ദ്ര ജെയിനിന്റെ കൃതികളാണ്. 'താൻസെൻ' എന്ന പുറത്തിറങ്ങാത്ത ചിത്രത്തിൽ 13 മിനിറ്റുള്ള ഒരു ഗാനം ഐ കൂട്ടുകെട്ടിൽ പിറന്നിരുന്നു. 'ഷഡജ്നേ പായാ' എന്ന് തുടങ്ങുന്ന ആ ഗാനം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. തരംഗിണിക്കു വേണ്ടി 'ആവണിപൂച്ചെണ്ട്' എന്ന ആൽബത്തിനും സംഗീതം നൽകി. യേശുദാസുമായി ജെയിനിനുണ്ടായിരുന്ന ആത്മബന്ധം വളരെ പ്രസിദ്ധമാണ്. എന്നെങ്കിലും കാഴ്ച കിട്ടിയാൽ താൻ ആദ്യം കാണാൻ ആഗ്രഹിയ്ക്കുന്നത് യേശുദാസിന്റെ രൂപമാണെന്ന് ഒരിയ്ക്കൽ അദ്ദേഹം പറഞ്ഞിരുന്നു. യേശുദാസിനെക്കൂടാതെ മുഹമ്മദ് റഫി, കിഷോർ കുമാർ, ലത മങ്കേഷ്കർ തുടങ്ങിയവരും ജെയിനിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആന് ‘റൂഹെ ഖുർആൻ’ (ഖുർആനിൻെറ ആത്മാവ്) എന്ന പേരിൽ ഹിന്ദിയിൽ കാവ്യാത്മക പരിഭാഷയൊരുക്കിയിട്ടുണ്ട്. പുസ്തകമായും ഓഡിയോ സീഡിയായും ഈ പരിഭാഷ ലഭ്യമാണ്. [3] ധാരാളം ജൈന-ഹിന്ദു ഭക്തിഗാനങ്ങളും ഇദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
അവസാനകാലത്ത് തീർത്തും അവശനായിരുന്ന രവീന്ദ്ര ജെയിനിന് 2015-ൽ പത്മശ്രീ ലഭിച്ചിരുന്നു. ഇത് വാങ്ങാനായി വീൽച്ചെയറിലാണ് അദ്ദേഹം വന്നത്. 2015 ഒക്ടോബറിൽ നാഗ്‌പൂരിൽ ഒരു സംഗീതപരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞുവീണ രവീന്ദ്രജെയിനിനെ ഉടനെ അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ മുംബൈയിലേയ്ക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. ഒടുവിൽ ഒക്ടോബർ 9-ന് 71-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. മൃതദേഹം പിറ്റേന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിൽ സംസ്കരിച്ചു. ദിവ്യയാണ് ഭാര്യ. ഒരു മകനുണ്ട്.