റബൈ മെയർ

തിബേരിയസിൽ റബൈ മെയറുടെ കബറിടത്തിന്റെ പഴയ ചിത്രം
മെയറുടെ ശവകുടീരത്തിന്റെ ആധുനിക ചിത്രം

മിഷ്ന യുഗത്തിൽ ജീവിച്ചിരുന്ന ഒരു യഹൂദമനീഷിയാണ് റബൈ മെയർ. നാലാം തലമുറയിലെ (പൊതുവർഷം 139-163) ഏറ്റവും പ്രധാനപ്പെട്ട തന്നായിമാരിൽ ഒരുവനായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. റോമൻ ചക്രവർത്തി നീറോയുടെ പരമ്പരയിൽ പെട്ടിരുന്ന അദ്ദേഹത്തിന്റെ പിതാവ് യഹൂദമതത്തിലേക്കു പരിവർത്തിതനായി എന്നു താൽമുദ് പറയുന്നു. താൽമുദിൽ, മിഷ്നായെ തുടർന്നുവരുന്ന രണ്ടാം ഖണ്ഡമായ ഗമാറകളിൽ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ചുരുക്കം സ്ത്രീകളിൽ ഒരാളാണ് മെയറുടെ പത്നി ബ്രുറയാ. മിഷ്നയിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന മൂന്നു റബൈമാരിൽ ഒരാളാണദ്ദേഹം.[1]

മിഷ്നായിൽ പേരുപറയാതെ ചേർത്തിട്ടുള്ള നിരൂപണങ്ങളൊക്കെ റബൈ മെയറുടേതായി കണക്കാക്കണമെന്നു ബാബിലോണിയൻ താൽമുദ് നിർദ്ദേശിക്കുന്നു. സെൻഹിദ്രിൻ തലവൻ റബൈ ശിമയോൻ ബെൻ ഗമാലിയേലിനെ ബലം പ്രയോഗിച്ചു നീക്കം ചെയ്യാൻ റബൈ മെയർ മുൻകൈയ്യെടുത്തു നടത്തിയ ഒരു ശ്രമത്തിന്റെ പരാജയത്തിനു ശേഷം, റബൈ മെയറുടെ നിരീക്ഷണങ്ങൾ മിഷ്നയിൽ രേഖപ്പെടുത്തപ്പെട്ടെങ്കിലും "മറ്റുള്ളവരുടെ അഭിപ്രായം...." എന്ന മട്ടിൽ ചേർത്തു എന്നതാണ് ഈ നിർദ്ദേശത്തിനാധാരം.[2]

'മെയർ' എന്നത്, അദ്ദേഹത്തിന്റെ ബഹുമാനപ്പേരാകാം. യഥാർത്ഥ നാമം നഹോറി എന്നൊ മിഷാ എന്നോ ആയിരുന്നിരിക്കാം. വെളിച്ചം വീശുന്നവൻ എന്നർത്ഥമുള്ള 'മെയർ' എന്ന പേര്, തോറയുടെ പഠനത്തിൽ, പണ്ഡിതന്മാർക്കും വിദ്യാർത്ഥികൾക്കു വെളിച്ചം പകർന്നവൻ എന്ന അർത്ഥത്തിൽ നൽകപ്പെട്ടതാകാം.[3]

അവലംബം

[തിരുത്തുക]
  1. Drew Kaplan, "Rabbinic Popularity in the Mishnah VII: Top Ten Overall [Final Tally] Drew Kaplan's Blog (5 July 2011).
  2. Babylonian Talmud Tractate Horayot 13b-14a
  3. http://www.jewishbless.com/pages/rabbi.html