Māder-e-Pakistan ബീഗം റാണ ലിയാഖത്ത് അലി ഖാൻ | |
---|---|
بیگم رعنا لياقت على خان | |
![]() ബീഗം റാണ ലിയാഖത്ത് അലി ഖാൻ 1961ൽ | |
സിന്ധിലെ 10ആമത്തെ ഗവർണ്ണർ | |
ഓഫീസിൽ 15 February 1973 – 28 February 1976 | |
രാഷ്ട്രപതി | ഫസൽ ഇലാഹി ചൌധരി |
മുൻഗാമി | മിർ റസൂൽ ബക്സ് താൽപർ |
പിൻഗാമി | മുഹമ്മദ് ദിലാവർ ഖാൻജി |
ഓഫീസിൽ 14 August 1947 – 16 October 1951 | |
President of All Pakistan Women's Association | |
ഓഫീസിൽ 14 August 1949 – 29 October 1951 | |
Pakistan Ambassador to the Netherlands | |
ഓഫീസിൽ 1954–1961 | |
Pakistan Ambassador to Italy and Tunisia | |
ഓഫീസിൽ 1965–1966 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഷീല ഐറീൻ പന്ത് 13 ഫെബ്രുവരി 1905 അൽമോറ, ആഗ്ര ആന്റോ ഔധ്, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 13 ജൂൺ 1990 കറാച്ചി, സിന്ധ്, പാക്കിസ്താൻ | (പ്രായം 85)
പൗരത്വം | ![]() ![]() |
ദേശീയത | പാക്കിസ്താനി |
പങ്കാളി | ലിയാഖത്ത് അലി ഖാൻ (m. 1932; d. 1951) |
വിദ്യാഭ്യാസം | മാസ്റ്റർ ഓഫ് സയൻസ് (MSc) |
അൽമ മേറ്റർ | ലഖ്നോ സർവ്വകലാശാല |
ജോലി | Stateswoman |
അവാർഡുകൾ | |
Military service | |
Allegiance | ![]() |
Branch/service | ![]() |
Years of service | 1947–1951 |
Rank | ![]() ![]() |
Unit | പാക്കിസ്താൻ ആർമി മെഡിക്കൽ കോർപ്സ് |
Commands | Naval Woman Reserves Corps Pakistan Woman National Guard Pakistan Army Medical Corps |
Battles/wars | ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947 |
ബീഗം റാണ ലിയാഖത്ത് അലി ഖാൻ (ഉർദു: رعنا لياقت على born, ജനനം ഷീല ഐറിൻ പന്ത്; ജീവിതകാലം: 13 ഫെബ്രുവരി 1905 - 13 ജൂൺ 1990)[2] 1947 മുതൽ 1951 വരെയുള്ള കാലഘട്ടത്തിൽ പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന്റെ പത്നിയും പാകിസ്താനിലെ പ്രഥമ വനിതയുമായിരുന്നു. ശീതയുദ്ധത്തിന്റെ ആരംഭം മുതൽ ശീതയുദ്ധത്തിന്റെ വീഴ്ചയും അവസാനവുംവരെ ഭർത്താവിനൊപ്പം പ്രവർത്തിച്ച അവർ ഒരു സാമ്പത്തിക വിദഗ്ധയും പാക്കിസ്ഥാൻ പ്രസ്ഥാനത്തിലെ മുൻനിര വനിതകളിൽ ഒരാളായിരുന്നു.[3] 1940 -കളിൽ കരിയർ ആരംഭിക്കുകയും പാകിസ്താനിലെ പ്രധാന സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത പ്രമുഖ വനിതാ രാഷ്ട്രീയ പ്രവർത്തകരിലൊരാളും രാജ്യവ്യാപകമായി ബഹുമാനിക്കപ്പെടുന്ന വനിതാ വ്യക്തിത്വങ്ങളിലൊരാളുമായിരുന്നു റാണ.[4] പാക്കിസ്ഥാൻ പ്രസ്ഥാനത്തിലെ ആദ്യകാല, മുൻനിര വനിതയായ അവർ മുഹമ്മദലി ജിന്നയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന പാക്കിസ്ഥാൻ പ്രസ്ഥാന സമിതിയുടെ എക്സിക്യൂട്ടീവ് അംഗമായി സേവനമനുഷ്ടിച്ചിരുന്നു.[5] ജിന്നയുടെ വിഘടനാ വാദി പ്രസ്ഥാനമായിരുന്ന പാക്കിസ്ഥാൻ പ്രസ്ഥാന സമിതിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച അവർ പിന്നീട് ഭർത്താവ് ലിയാഖത് ഖാൻ പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായപ്പോൾ പാക്കിസ്ഥാന്റെ പ്രഥമ വനിതയായിത്തീർന്നു.[1] പാക്കിസ്ഥാനിലെ പ്രഥമ വനിതയെന്ന നിലയിൽ, പുതുതായി സ്ഥാപിതമായ രാജ്യത്ത് വനിതകളുടെ ഉന്നമനത്തിനായി അവർ പരിപാടികൾ ആരംഭിച്ചു. പിന്നീട്, ഒരു പതിറ്റാണ്ടോളം അവർ ഒരു രാജ്യതന്ത്രജ്ഞയെന്ന നിലയിൽ തന്റെ ഔദ്യോഗിക ജീവിതം നയിച്ചു.[6]
1970 കളിൽ, സുൽഫിക്കർ അലി ഭൂട്ടോയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് കൈകോർത്ത അവർ, അക്കാലത്ത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സുൽഫിക്കർ അലി ഭൂട്ടോയുടെ സോഷ്യലിസ്റ്റ് സർക്കാരിൽ അംഗമായി ചേർന്നു. ഭൂട്ടോയുടെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും ഏറ്റവും വിശ്വസനീയവും അടുത്തതുമായ സാമ്പത്തിക ഉപദേഷ്ടാക്കളിൽ ഒരാളായിരുന്ന അവർ കൂടാതെ സുൽഫിക്കർ അലി ഭൂട്ടോ എടുത്ത പല സുപ്രധാന സാമ്പത്തിക തീരുമാനങ്ങളുടെമേലും സ്വാധീനം ചെലുത്തിയിരുന്നു.[7] സിന്ധ് പ്രവിശ്യയുടെ ഗവർണറായി റാണയെ നിയമിക്കാൻ സുൽഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വം തീരുമാനിച്ചതോടെ 1973 ഫെബ്രുവരി 15 ന് അവർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. സിന്ധിലെ ആദ്യ വനിതാ ഗവർണറും കറാച്ചി സർവകലാശാലയുടെ ആദ്യ ചാൻസലറുമായിരുന്നു റാണ.[8] 1977-ൽ റാണയോടൊപ്പം ഭൂട്ടോയും അദ്ദേഹത്തിന്റെ പാർട്ടിയും 1977 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും പാകിസ്ഥാൻ പട്ടാളത്തിന്റെ ജനറൽ സിയാ-ഉൾ-ഹഖ് ഏർപ്പെടുത്തിയ പട്ടാള നിയമം കാരണം സംസ്ഥാന ഗവർണർ സ്ഥാനം ഏറ്റെടുത്തില്ല.[9] പിന്നീട് 1990 ൽ തന്റെ മരണംവരെ പാക്കിസ്ഥാനിലെ വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ട് അവർ തന്റെ ജീവിതം സമർപ്പിച്ചു.[10]1990 ൽ ഹൃദയാഘാതം മൂലം അന്തരിച്ച അവർ പൂർണ്ണമായ രാഷ്ട്ര, സൈനിക ബഹുമതികളോടെ കറാച്ചിയിൽ സംസ്കരിക്കപ്പെട്ടു.[11] അവരുടെ വൈദ്യരംഗത്തും, വനിതാ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള സേവനങ്ങളും പരിശ്രമങ്ങളും കാരണം, റാണ സാധാരണയായി "മദർ-ഇ-പാകിസ്ഥാൻ" (മദർ ഓഫ് പാകിസ്ഥാൻ) എന്നാണ് അറിയപ്പെടുന്നത്.[12]
ഇപ്പോൾ കുമയോണിലുള്ള അൽമോറയിൽ ഒരു കുമയോൺ ഹൈന്ദവ കുടുംബത്തിലാണ് ഷൈല ഐറിൻ പന്ത് ജനിച്ചത്. അവർ "അൽമോറാക് ചയാലി" (അൽമോറയുടെ പുത്ര) എന്നും അറിയപ്പെടുന്നു. പിതാവായ ഡാനിയൽ പന്ത് യുണൈറ്റഡ് പ്രൊവിൻസസ് സെക്രട്ടേറിയറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു കുമയോണി പൈതൃകമുണ്ടായിരുന്ന പന്ത് കുടുംബം 1871 -ൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു.[13][14] ലക്നൗ സർവകലാശാലയിൽ ചേർന്നു പഠനം നടത്തിയ പന്തിന് അവിടെനിന്ന് 1927 -ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബി.എ. ബിരുദവും മതപഠനത്തിൽ ദൈവശാസ്ത്ര ബിരുദവും ലഭിച്ചു. 1929 -ൽ ഷൈല പന്ത് സാമ്പത്തികശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഇരട്ട എം.എസ്.സി. നേടി.[15] കൊൽക്കത്ത ഭദ്രാസന കോളേജിൽ നിന്ന് ടീച്ചേഴ്സ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ ശേഷം ഗോഖലെ മെമ്മോറിയൽ സ്കൂളിൽ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[16] 1931 -ൽ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ കോളേജിൽ സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ പ്രൊഫസറായി നിയമിതയായ ഷൈല പന്ത് അതേ വർഷം നിയമത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ അവിടെ എത്തിയ ലിയാഖത്ത് അലി ഖാനുമായി കണ്ടുമുട്ടി. 1932 -ൽ ഈ ദമ്പതികൾ വിവാഹിതരായി. ഈ സമയത്ത് അവർ ഇസ്ലാം മതം സ്വീകരിക്കുകയും ബീഗം റാണ ലിയാഖത് അലി ഖാൻ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു.[17] മുസ്ലീം ലീഗിന്റെ പുനഃസംഘടനയ്ക്ക് ശേഷം, ബീഗം റാണ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിലെ മുസ്ലീം വനിതാ സമൂഹത്തിൽ രാഷ്ട്രീയ ബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനായ സ്വയം സമർപ്പിച്ചു. ഈ സമയത്ത്, റാണ മുഹമ്മദ് അലി ജിന്നയുടെ പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായി നിയമിതയാകുകയും അവിടെ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1947 ൽ സ്വരാജ്യത്തിനെതിരേ മുസ്ലീങ്ങൾക്കായി പാക്കിസ്ഥാൻ എന്ന രാഷ്ട്രം രൂപീകരിക്കുന്നതുവരെ അവരുടെ വനിതാ വിമോചനത്തിനും പാക്കിസ്ഥാൻ രൂപീകരണത്തെ പിന്തുണയ്ക്കുന്നതുമായ പോരാട്ടം തുടർന്നു.[18]
ഭർത്താവിനൊപ്പംചേർന്ന് സൈമൺ കമ്മീഷനെ[19] റാണ ശക്തമായി എതിർത്തു. ഇക്കണോമിക്സ് വിഭാഗം പ്രൊഫസറായിരിക്കെ, റാണ തന്റെ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളെ ശക്തമായി അണിനിരത്തി, "സൈമൺ ഗോ ഹോം" എന്ന പ്ലക്കാർഡുകൾ വഹിച്ചുകൊണ്ട് ഭർത്താവിന്റെ സംവാദം ശ്രവിക്കുവാൻ നിയമസഭയിലേക്ക് പോയി.[20] ലിയാഖത്ത് അലി ഖാൻ സംവാദത്തിൽ വിജയിച്ചതോടെ, അവൾ സുഹൃത്തുക്കളോടൊപ്പം അവിടെ ഒരു തൽക്ഷണ നേതാവായി മാറി.[21] ബീഹാറിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരിക്കുന്നതിന് അവൾ പിന്നീട് ഒരു സ്റ്റേജ് ഷോയുടെ ടിക്കറ്റ് അദ്ദേഹത്തിന് വിറ്റു.[22] ലിയാഖത്ത് അലി ഖാന്റെ സന്തത സഹചാരിയും കൂട്ടാളിയുമാണ് താനെന്ന് റാണ തെളിയിച്ചു.[23] അവൾ ഭർത്താവിനോടൊപ്പം രാഷ്ട്രീയത്തിൽ ഇടപെടുകയും പാകിസ്ഥാൻ പ്രസ്ഥാനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.[24] 1933 മേയിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലേക്ക് ഭർത്താവിനൊപ്പം പോയപ്പോൾ അവൾ പാകിസ്താന്റെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമായി മാറി.[25] അവിടെ, അവരും ഖാനും ഹാംസ്റ്റെഡ് ഹീത്ത് വസതിയിൽ മുഹമ്മ്ദ അലി ജിന്നയുമായി കൂടിക്കാഴ്ച്ച നടത്തുകയും, ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിലേക്ക് മടങ്ങിവന്ന് ഓൾ ഇന്ത്യ മുസ്ലീം ലീഗിന്റെ നേതൃത്വം വീണ്ടും ഏറ്റെടുക്കുവാൻ ജിന്നയെ വിജയകരമായി ബോധ്യപ്പെടുത്തുകയും ചെയ്തു.[26] ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ജിന്ന, റാണയെ മുസ്ലീം ലീഗിന്റെ എക്സിക്യൂട്ടീവ് അംഗമായും പാർട്ടിയുടെ സാമ്പത്തിക കാര്യ വിഭാഗത്തിന്റെ അധ്യക്ഷയായും നിയമിച്ചു.[27] 1942 -ൽ, ജപ്പാൻ സാമ്രാജ്യം ഇന്ത്യയെ ആക്രമിക്കാനൊരുങ്ങുകയാണെന്ന് വ്യക്തമായപ്പോൾ, ജിന്ന റാണയോട് പറഞ്ഞു, "സ്ത്രീകളെ പരിശീലിപ്പിക്കാൻ തയ്യാറാകൂ. സ്ത്രീകൾ മൌനികളായിരിക്കാനും ഒരിക്കലും ശുദ്ധവായു ശ്വസിക്കാതെയിരിക്കുവാനും ഇസ്ലാം ആഗ്രഹിക്കുന്നില്ല".[28] ഈ ദൗത്യം ഏറ്റെടുക്കാനായി, അതേ വർഷം തന്നെ റാണ മുസ്ലീം വനിതകളെ സംഘടിപ്പിച്ചുകൊണ്ട് ഡൽഹിയിൽ നഴ്സിംഗിനും പ്രഥമശുശ്രൂഷയ്ക്കുമായി ഒരു ചെറിയ സന്നദ്ധ മെഡിക്കൽ കോർപ് രൂപീകരിച്ചു.[29] വനിതകളിൽ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിൽ ബീഗം റാണ ഒരു സുപ്രധാന പങ്ക് വഹിച്ചു. ദക്ഷിണേഷ്യയിലെ സ്ത്രീകളുടെ പ്രചോദനമായിരുന്നവരിൽ ഒരാളായിരുന്ന റാണ, നൂറുകണക്കിന് വനിതകളെ പുരുഷന്മാരോടൊപ്പം തോളോടുതോൾ ചേർന്ന് പാകിസ്താനുവേണ്ടി പോരാടാൻ പ്രോത്സാഹിപ്പിച്ചു.[30]
പാകിസ്ഥാനിലെ ആദ്യ പ്രഥമ വനിതയായിരുന്നു റാണ. പ്രഥമ വനിതയെന്ന നിലയിൽ, വനിതാ -ശിശു വികസനത്തിനും വനിതകളുടെ സാമൂഹ്യ പുരോഗതിക്കും വേണ്ടിയുള്ള പരിഷ്കാരങ്ങൾക്ക് തുടക്കമിട്ട അവർ കൂടാതെ പാകിസ്താൻ രാഷ്ട്രീയത്തിൽ വനിതകളുടെ ഇടപെടലിൽ വലിയ പങ്കുവഹിച്ചിരുന്നു. 1951 ൽ ഭർത്താവ് ലിയാഖത്ത് അലി ഖാന്റെ വധത്തിനു ശേഷം, 1990 -ൽ തന്റെ മരണംവരെ പാകിസ്ഥാനിലെ വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി ബീഗം റാണ തന്റെ സേവനങ്ങൾ തുടർന്നു. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയ വനിതകൾക്കും കുട്ടികൾക്കും ആരോഗ്യ സേവനങ്ങൾ സംഘടിപ്പിക്കുക എന്നതായിരുന്നു അവർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
ഭൂട്ടോയുടെ സഹയാത്രിക
1972-ൽ പാക്കിസ്താൻ രാഷ്ട്രീയം കലുഷിതമാവുകയും രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്തപ്പോൾ, റാണ അന്നത്തെ പാക്കിസ്താൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനവുമായി കൈകോർക്കുകയും സുൽഫിക്കർ അലി ഭൂട്ടോയുടെ സോഷ്യലിസ്റ്റ് സർക്കാരിന്റെ ഭാഗമാകുകയും ചെയ്തു. ഭൂട്ടോയുടെ ധനകാര്യ, സാമ്പത്തികശാസ്ത്ര മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന റാണ, മന്ത്രിസഭയുടെ സാമ്പത്തിക സംബന്ധപ്പെട്ട തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഭൂട്ടോ അവരിൽ പ്രേരണ ചെലുത്തുകയും 1973 ലെ തിരഞ്ഞെടുപ്പിൽ അവർ വിജയിക്കുകയും ചെയ്തു. സിന്ധ് പ്രവിശ്യയുടെ ഗവർണറായി റാണയെ നിയമിക്കാൻ ഭൂട്ടോ തെല്ലും മടി കാണിച്ചില്ല. സിന്ധ് പ്രവിശ്യയിലെ ആദ്യ വനിതാ ഗവർണറും സിന്ധ് സർവകലാശാലയുടെയും കറാച്ചി സർവകലാശാലയുടെയും ആദ്യ ചാൻസലറുംകൂടിയായിരുന്നു റാണ. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്ന 1976 വരെ അവർ ഈ സ്ഥാനത്ത് തുടർന്നു. 1977 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ റാണ വീണ്ടും മത്സരിച്ചുവെങ്കിലും പാകിസ്ഥാൻ കരസേനാ തലവൻ ജനറൽ സിയ ഉൾ ഹഖ് ഏർപ്പെടുത്തിയ പട്ടാള നിയമം കാരണം ഗവർണർ സ്ഥാനം ഏറ്റെടുത്തില്ല. സൈനിക നിയമത്തിനെതിരെയും ഭൂട്ടോയുടെ വധശിക്ഷയ്‌ക്കെതിരെയും വാദിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അവർ. ഭൂട്ടോയെ വധിച്ച ദിവസം, റാണ നിരാശയുടെ പടുകുഴിയിൽ വീഴുകയും വൈകാരികമായി പ്രതികരിച്ച അവർ ഭൂട്ടോയുടെ മരണത്തിൽ മൂന്ന് ദിവസത്തിലേറെയായി വിലപിക്കുകയും ചെയ്തു. ഒരു സിയ ഉൾഹഖ് വിരുദ്ധ പ്രചാരണം ആരംഭിച്ച റാണ ജനറൽ സിയ ഉൾ ഹഖിന്റെ സൈനിക സർക്കാരിനെതിരെ പോരാടി. ആ സമയത്ത് പാകിസ്താനിലെ ഏറ്റവും ശക്തനായ ജനറൽ സിയ ഉൾ ഹഖിനെതിരെ അവർ ഒറ്റയാൾ പോരാട്ടം നടത്തി. 1980 –കളിൽ, അസുഖവും വാർദ്ധക്യവും വകവയ്ക്കാതെ, ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധവും വ്യക്തമായി സ്ത്രീകൾക്കെതിരായതുമായ ഇസ്ലാമിക നിയമങ്ങൾ പാസാക്കിയതിന് അവർ പട്ടാള ജനറലിനെ പരസ്യമായി വിമർശിച്ചു. പട്ടാള ജനറൽ, സമൂഹത്തിലെ അവരുടെ സ്ഥാനമാനങ്ങളോടും നേട്ടങ്ങളേയും മാനിച്ച് അവർക്കെതിരെ നടപടികളെടുത്തില്ല.
1990 ജൂൺ 13-ന് അന്തരിച്ച ബീഗം ലിയാഖത്ത് അലി ഖാന്റെ മൃതശരീരം ഭർത്താവിന്റം ശവകുടീരത്തിനു സമീപം ഖ്വയിദ്-ഇ-ആസാം ശവകുടീരത്തിൽ അടക്കം ചെയ്തു.